(1)
മലയ-സുവാസിത-ഭൂഷിത-ഗാത്രം
മൂർത്തി-മനോഹര-വിശ്വ-പവിത്രം
പാദ-നഖ-രാജിത-ലജ്ജിത-ചന്ദ്രേ
ശുദ്ധ-കനക ജയ ഗൗര നമസ്തേ
(2)
സ്വ-ഗാത്ര പുലക ലോചന പൂർണ്ണം
ജീവ ദയാ-മയ താപ-വിദീർണ്ണം
സംഖ്യാ ജല-പതി നാമ സഹസ്രേ
ശുദ്ധ കനക ജയ ഗൗര നമസ്തേ
(3)
ഹുങ്കൃത തർജ്ജന ഗർജ്ജന രംഗേ
ലോചന കലി-യുഗ പാപ സ ശങ്കേ
പാദ രജ താഡിത ദുഷ്ട സമസ്തേ
ശുദ്ധ കനക ജയ ഗൗര നമസ്തേ
(4)
സിംഹ ഗമന ജിതി താണ്ഡവ ലീലാ
ദീന ദയാ-മയ താരണ ശീലാ
അജ ഭവ പാദ-നഖ ചന്ദ്രേ
ശുദ്ധ കനക ജയ ഗൗര നമസ്തേ
(5)
ഗൗരാംഗാവൃത മാലതീ മാലേ
മേരു വിലംബിത ഗംഗാ ധാരേ
മന്ദ മധുര ഹാസ ഭാസ മുഖ ചന്ദ്രേ
ശുദ്ധ കനക ജയ ഗൗര നമസ്തേ
(6)
ഫൽഗു വിരാജിത ചന്ദന ഫാലാ
കുങ്കുമ രാജിത ദേഹ വിശാലാ
ഉമാപതി സേവിത പാദ നഖ ചന്ദ്രേ
ശുദ്ധ കനക ജയ ഗൗര നമസ്തേ
(7)
ഭക്തി പരാധീന സാന്തക വേഷ
ഗമന സുനർത്തക ഭോഗ വിശേഷ
മാല വിരാജിത ദേഹ സമസ്തേ
ശുദ്ധ കനക ജയ ഗൗര നമസ്തേ
(8)
ഭോഗ വിരക്തിക സന്ന്യാസി വേഷ
ശിഖാ മോചന ലോക പ്രവേശ
ഭക്തി വിരക്തിക പ്രവർത്തക ചിത്ത
ശുദ്ധ കനക ജയ ഗൗര നമസ്തേ
1) ചന്ദനലേപനത്താൽ സുശോഭിതമായ തിരുമേനിയും മനോഹരമായ വസ്ത്രധാരണവും കൊണ്ട് അവിടുത്തെ ഈ മോഹനരൂപം പ്രപഞ്ചത്തെ മുഴുവൻ പരിശുദ്ധമാക്കുന്നു. ചന്ദ്രനേക്കാൾ ശോഭയാർന്ന നഖകാന്തിയാൽ വിളങ്ങുന്ന ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
2) സംസാരസാഗരത്തിൽ കഷ്ടപ്പെടുന്ന ജീവാത്മാക്കളെ ഉദ്ധരിക്കാനായി കരുണയോടെ നാമജപം നടത്തുന്ന അവിടുത്തെ നേത്രങ്ങൾ ഭക്തിപാരവശ്യത്താൽ അശ്രുപുർണ്ണമാണ്. ആനന്ദാധിക്യത്താൽ അവിടുത്തെ രോമകൂപങ്ങൾ എഴുന്നുനിൽക്കുന്നു. കാരുണ്യത്തിന്റെ പ്രതീകമായ, കോടി നാമങ്ങൾ ജപിക്കുന്ന ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
3) അവിടുത്തെ ആനന്ദനൃത്തവും സിംഹഗർജ്ജനം പോലെയുള്ള നാമഘോഷവും കണ്ട് പ്രകൃതിപോലും സ്തംഭിച്ചുപോകുന്നു. കലിയുഗത്തിലെ പാപികൾക്ക് അവിടുന്ന് ഭയമേകുമ്പോൾ, അവിടുത്തെ ചരണാരവിന്ദങ്ങളിലെ ധൂളികൾ അപരാധികളെ ശുദ്ധീകരിക്കുന്നു. ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
4) വന്യമൃഗങ്ങളെപ്പോലും ഭക്തിയുടെ നൃത്തച്ചുവടുകളിൽ ലയിപ്പിക്കുന്ന അവിടുത്തെ ലീലകൾ ബ്രഹ്മദേവനെയും ഭഗവാൻ ശിവനെയും വിസ്മയിപ്പിക്കുന്നു. അവർ പോലും അവിടുത്തെ തിരുനഖകാന്തിയെ വണങ്ങുന്നു. പതിതപാവനനായ ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
5) ഗംഗാനദിയെ മേരുപർവ്വതം ആവരണം ചെയ്യുന്നതുപോലെ, ഗൗരഹരി മാലതിപുഷ്പത്തെ ആലിംഗനം ചെയ്യുന്നു. ശ്ലോകങ്ങൾക്കിടയിൽ പുഞ്ചിരി തൂകുന്ന അവിടുത്തെ പൂർണ്ണചന്ദ്രതുല്യമായ മുഖകമലം അതിമനോഹരമാണ്. ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
6) രക്തചന്ദനക്കുറിയാൽ തിളങ്ങുന്ന നെറ്റിത്തടവും കാവിവസ്ത്രത്താൽ പ്രഭാപൂരിതമായ തിരുമേനിയും അവിടുത്തേക്കുണ്ട്. ഭക്തനായ ഭഗവാൻ ശിവനാൽ സേവിക്കപ്പെടുന്ന അവിടുത്തെ പാദരത്നങ്ങൾ ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നു. ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
7) ഭക്തിപൂർവ്വം അവിടുത്തെ ശരണം പ്രാപിക്കുന്നവരിൽ ശാന്തി കുടികൊള്ളുന്നു. വനമാലകളാൽ അലംകൃതമായ അവിടുത്തെ രൂപം മനോഹരമായ നൃത്തചുവടുകളാൽ ഭക്തമനസ്സുകളെ കീഴടക്കുന്നു. ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
8) സന്യാസധർമ്മം സ്വീകരിച്ച് ഭൗതിക സുഖങ്ങളുപേക്ഷിച്ച അവിടുത്തെ മുണ്ഡനം ചെയ്ത ശിരസ്സ് ഭക്തിയുടെയും പരമപ്രേമത്തിന്റെയും പ്രതീകമാണ്. തീവ്രമായ ഹരിഭക്തിയാൽ പ്രേരിതനായ ഹേ ഗൗരപ്രഭു! അവിടുന്ന് ജയിച്ചരുളിയാലും. സുവർണ്ണശോഭയാർന്ന ആ പരമപുരുഷന് എന്റെ പ്രണാമങ്ങൾ.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆