ഒരിക്കൽ ഗണപതിഭഗവാന്റെ പരമഭക്തനായ ഗണപതിഭട്ടൻ എന്ന് പേരുള്ള ഒരു സാധകൻ സ്നാനയാത്രാ മഹോത്സവത്തിൽ പങ്കുകൊള്ളുവാനായി ജഗന്നാഥപുരിയിൽ എത്തിച്ചേർന്നു. എന്നാൽ, ശ്രീ ജഗന്നാഥന് ഗജമുഖമില്ലെന്ന് കണ്ട മാത്രയിൽ അദ്ദേഹം അത്യധികം നിരാശനാവുകയും അവിടെനിന്നും മടങ്ങുകയും ചെയ്തു. സർവ്വഭൂതങ്ങളുടെയും ഹൃദയത്തിൽ പരമാത്മാവായി വിളങ്ങുന്ന ഭഗവാൻ ജഗന്നാഥൻ ഗണപതിഭട്ടന്റെ മനോരഥവും അദ്ദേഹത്തിന്റെ അസംതൃപ്തിക്കുള്ള കാരണവും ക്ഷണത്തിൽ ഗ്രഹിച്ചു. ഉടനെതന്നെ ഭഗവാൻ ജഗന്നാഥൻ ഒരു ബ്രാഹ്മണന്റെ വേഷം കൈക്കൊണ്ട്, ക്ഷേത്ര ദർശനം കഴിഞ്ഞ് പുരി വിട്ടുപോകാൻ ഒരുങ്ങുകയായിരുന്ന ഗണപതിഭട്ടന്റെ സമീപമെത്തി. ആ വിപ്രശ്രേഷ്ഠൻ ഗണപതിഭട്ടനെ അനുനയിപ്പിച്ച് വീണ്ടും ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അപ്രകാരം സായംസന്ധ്യയിൽ ഗണപതിഭട്ടൻ വീണ്ടും ഭഗവദ്ദർശനത്തിനായി ക്ഷേത്ര തിരുമുറ്റത്തെത്തി. അപ്പോൾ ശ്രീ ജഗന്നാഥനെ ദർശിച്ച അദ്ദേഹം അത്ഭുതപരതന്ത്രനും ആനന്ദഭരിതനുമായിത്തീർന്നു; കാരണം, ഭഗവാൻ അപ്പോൾ ഗജമുഖധാരിയായിട്ടായിരുന്നു വിരാജിച്ചിരുന്നത്! തനറെ ഭക്തനെ പ്രീതിപ്പെടുത്തുവാൻ വേണ്ടി മാത്രം ഭഗവാൻ ജഗന്നാഥൻ കൈക്കൊണ്ട ഈ സവിശേഷ രൂപമാണ് ‘ഹാഥീ വേഷം’ (ഗജാനന വേഷം) എന്ന് അറിയപ്പെടുന്നത്. പുരുഷോത്തമനായ പരമപുരുഷൻ ശ്രീകൃഷ്ണ ഭഗവാനെയോ ജഗന്നാഥദേവനെയോ ഭജിക്കുന്ന ഒരു ഭക്തന് മറ്റ് ദേവതാരാധനകളുടെ ആവശ്യമില്ലെന്ന് പ്രഭു ജഗന്നാഥന്റെ ഈ ലീല വ്യക്തമാക്കുന്നു. എന്തെന്നാൽ, ശ്രീകൃഷ്ണഭഗവാൻ തന്നെയാണ് സർവ്വശക്തികളുടെയും സ്രോതസ്സ്; പ്രപഞ്ചത്തിലെ സകല ദേവതമാരും ഭഗവാനിൽ നിന്നാണ് തങ്ങളുടെ ശക്തി ആർജ്ജിക്കുന്നത്. ഗോവർദ്ധന ലീലയിലൂടെയും ദേവതാരാധന അത്യന്താപേക്ഷിതമല്ലെന്ന് ശ്രീകൃഷ്ണഭഗവാൻ കാട്ടിത്തന്നിട്ടുള്ളതാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
