പരമശക്തിയുടെ പൂർണ്ണസ്വരൂപിണിയും ശ്രീകൃഷ്ണന്റെ സർവ്വോത്തമയായ ഭക്തയുമായ ശ്രീമതി രാധാറാണി, ഭഗവാന്റെ ശ്രീചരണാരവിന്ദങ്ങളിൽ അഭയം പ്രാപിക്കാൻ നമ്മെ സഹായിക്കുന്നു. രാധ, രാധിക എന്നീ നാമങ്ങളിലും അറിയപ്പെടുന്ന ശ്രീമതി രാധാറാണി ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയപ്പെട്ട നിത്യസഖിയാണ്. അയ്യായിരം വർഷങ്ങൾക്ക് മുൻപ്, ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ചപ്പോൾ, വൃഷഭാനു മഹാരാജാവിന്റെയും കീർത്തിദാദേവിയുടെയും പുത്രിയായി ശ്രീമതി രാധാറാണിയും ആവിർഭവിച്ചു.
ശ്രീമതി രാധാറാണിയുടെ ദിവ്യാവിർഭാവം
മഥുരയ്ക്ക് സമീപമുള്ള രാവൽ എന്ന സമൃദ്ധമായ രാജ്യത്തിലെ രാജാവായിരുന്നു വൃഷഭാനു. അദ്ദേഹം വൈശ്യസമുദായത്തിന്റെയും ഗോപാലന്മാരുടെയും അധിപനായിരുന്നു. ധാന്യങ്ങളുടെ വൻശേഖരവും ആയിരക്കണക്കിന് ഗോക്കളും സ്വന്തമായുണ്ടായിരുന്നതിനാൽ അദ്ദേഹം അത്യധികം ധനവാനായിരുന്നു. ഗോകുലത്തിന്റെയും നന്ദഗ്രാമത്തിന്റെയും അധിപനായ നന്ദമഹാരാജാവ് അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്നു.
ഒരു ദിവസം വൃഷഭാനു മഹാരാജാവ് ഉച്ചസ്നാനത്തിനായി യമുനാതീരത്തേക്ക് എഴുന്നള്ളി. അവിടെ, ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ചുയർന്നതുപോലെ പ്രകാശിക്കുന്ന സ്വർണ്ണക്കമലം കണ്ട് അദ്ദേഹം വിസ്മയഭരിതനായി. രാജാവ് വെള്ളത്തിലിറങ്ങി ആ ദിവ്യപദ്മം കരസ്ഥമാക്കി. പദ്മത്തിന് സമീപമെത്തിയപ്പോൾ അതിൽ അതിസുന്ദരിയായ ഒരു പെൺകുഞ്ഞ് ശയിക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതസ്തബ്ധനായി.
രാജാവ് കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചുനിൽക്കെ, ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷനായി ഗംഭീരമായ ശബ്ദത്തിൽ ഇപ്രകാരം അരുളിച്ചെയ്തു:
“ഹേ വൃഷഭാനു മഹാരാജാവേ, ഈ ദിവ്യബാലികയെ ദർശിക്കാൻ സാധിച്ച താങ്കൾ അത്യന്തം ഭാഗ്യവാനാണ്. ഇവൾ സർവ്വചരാചരങ്ങളുടെയും പരംപൊരുളായ ജഗന്മാതാവും പ്രപഞ്ചത്തിന്റെ ആദിജനനിയുമാണ്. പൂർവ്വജന്മത്തിൽ താങ്കളും പത്നിയും ഭാഗ്യലക്ഷ്മിയെ പുത്രിയായി ലഭിക്കുന്നതിനായി വർഷങ്ങളോളം കഠിനമായ തപസ്സും വ്രതാനുഷ്ഠാനങ്ങളും നോറ്റിരുന്നു. താങ്കളുടെ നിഷ്കപടമായ പ്രാർത്ഥനയ്ക്കും അഭീഷ്ടത്തിനും ഫലമായി, മഹാലക്ഷ്മിയുടെ മൂലസ്വരൂപിണിയായ ശ്രീമതി രാധികയെത്തന്നെ താങ്കളുടെ പ്രിയപുത്രിയായി ഭവിക്കാൻ ശ്രീകൃഷ്ണഭഗവാൻ നിശ്ചയിച്ചിരിക്കുകയാണ്.”
തുടർന്ന് ബ്രഹ്മദേവൻ ആ ദിവ്യശിശുവിനെയെടുത്ത് വൃഷഭാനു മഹാരാജാവിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയും, കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിപാലിക്കണമെന്ന് നിർദ്ദേശിച്ച് തന്റെ ധാമത്തിലേക്ക് മടങ്ങുകയും ചെയ്തു.
മഹാരാജാവ് പരമാനന്ദത്തോടെ കുഞ്ഞുമായി കൊട്ടാരത്തിലേക്ക് മടങ്ങിയെത്തി. കുഞ്ഞിനെ കണ്ടമാത്രയിൽ കീർത്തിദാദേവിയും അത്യധികം സന്തോഷഭരിതയായി. ഈ ശുഭവാർത്ത വൈകാതെ അയൽഗ്രാമങ്ങളിലെല്ലാം പരന്നു.
നാരദമുനിയുടെ ആഗമനവും പ്രതീക്ഷയും
ഏതാനും ദിവസങ്ങൾക്ക് ശേഷം, രാജാവും റാണിയും കുഞ്ഞിനെ തൊട്ടിലിൽ കിടത്തി . എന്നാൽ ആ കുഞ്ഞ് കണ്ണുകൾ തുറക്കുകയോ കരയുകയോ ചെയ്തില്ല. ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും സ്ഥിതി തുടർന്നപ്പോൾ, കുഞ്ഞ് ജനനാന്ധയും ബധിരയുമായിരിക്കുമെന്ന് കരുതി രാജാവും റാണിയും കടുത്ത ദുഃഖത്തിലും ആഘാതത്തിലും ആണ്ടുപോയി.
അവർ ദുഃഖിതരായിരിക്കെ, പരമഭാഗവതനായ ശ്രീ നാരദമഹർഷി കൊട്ടാരത്തിൽ എഴുന്നള്ളുകയും രാജാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ ജനനം ആഘോഷമാക്കുന്നതിനായി എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഒരു വലിയ മഹോത്സവം സംഘടിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
ശ്രീകൃഷ്ണന്റെയും ശ്രീമതി രാധാറാണിയുടെയും പ്രഥമ സമാഗമം
നാരദമഹർഷിയുടെ ഉപദേശപ്രകാരം വൃഷഭാനു മഹാരാജാവ് മംഗളകരമായ മഹോത്സവത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും, തന്റെ പ്രിയമിത്രമായ നന്ദമഹാരാജാവ് ഉൾപ്പെടെയുള്ള ഏവരെയും ക്ഷണിക്കുകയും ചെയ്തു.
നന്ദമഹാരാജാവ് പത്നിയായ യശോദാദേവിയോടും രോഹിണീദേവിയോടും പുത്രന്മാരായ കൃഷ്ണബലരാമന്മാരോടുമൊപ്പം വൃഷഭാനു മഹാരാജാവിന്റെ കൊട്ടാരത്തിലെത്തിച്ചേർന്നു. ആ സമയത്ത് ഭഗവാൻ ശ്രീകൃഷ്ണന് ഒരു വയസ്സായിരുന്നു പ്രായം.
വൃഷഭാനു മഹാരാജാവും നന്ദമഹാരാജാവും രാജ്ഞിമാരും പരസ്പരം കുശലാന്വേഷണങ്ങൾ പങ്കുവെച്ച് ആനന്ദത്തിൽ മുഴുകിയിരുന്നപ്പോൾ, ബാലകൃഷ്ണൻ സ്വതന്ത്രമായി അവിടെയെല്ലാം ഇഴഞ്ഞുനടന്നു. ഒടുവിൽ ഭഗവാൻ രാധാറാണിയുടെ തൊട്ടിലിന് സമീപമെത്തി.
തൊട്ടിലിൽ പിടിച്ച് എഴുന്നേറ്റുനിന്ന ഭഗവാൻ അതിലേക്ക് എത്തിനോക്കി. ബാലകൃഷ്ണന്റെ ദിവ്യമായ അംഗസൗരഭം അറിഞ്ഞ മാത്രയിൽ ബാലികയായ രാധ തന്റെ കണ്ണുകൾ തുറന്നു. അങ്ങനെ, കണ്ണുകൾ തുറന്നപ്പോൾ ശ്രീമതി രാധാറാണി തന്റെ പ്രാണനാഥനായ ശ്രീകൃഷ്ണഭഗവാന്റെ മനോഹരരൂപമാണ് ആദ്യമായി ദർശിച്ചത്. ആ നിമിഷത്തിൽത്തന്നെ രാധാറാണി കരയാനും തുടങ്ങി. ഈ മനോഹരരംഗം കണ്ട് എല്ലാവരും അത്യധികം ആനന്ദഭരിതരായി.
രാവലിൽ നിന്ന് ബർസാനയിലേക്കുള്ള മാറ്റം
“തന്റെ ആദ്യ അഞ്ചു വർഷത്തെ ബാല്യലീലകൾക്ക് ശേഷം, ശ്രീമതി രാധാറാണിയും കുടുംബവും രാവലിൽ നിന്ന് ബർസാനയെന്ന മനോഹരമായ പർവ്വതമേഖലയിലേക്ക് താമസസ്ഥലം മാറ്റി.”
ഇതേസമയത്തുതന്നെ കംസരാജാവിന്റെ ഉപദ്രവങ്ങൾ കാരണം നന്ദമഹാരാജാവും ഗോകുലത്തിൽ നിന്ന് നന്ദഗ്രാമത്തിലേക്ക് താമസം മാറിയിരുന്നു. കംസന്റെ ആജ്ഞപ്രകാരം അസുരന്മാർ പല വേഷങ്ങളിൽ കൃഷ്ണനെ വധിക്കാനായി ഗോകുലത്തിൽ പതിവായി വന്നിരുന്നെങ്കിലും, ഭഗവാൻ അവരെയെല്ലാം നിഗ്രഹിച്ചു. തുടർന്ന്, നന്ദമഹാരാജാവ് തന്റെ ജ്യേഷ്ഠനായ ഉപനന്ദനുമായും ഗോകുലത്തിലെ മുതിർന്നവരുമായും ആലോചിച്ചശേഷം ഗോകുലം വാസയോഗ്യമല്ലെന്ന നിഗമനത്തിലെത്തുകയും നന്ദഗ്രാമത്തിലേക്ക് താമസം മാറ്റുകയുമായിരുന്നു.
‘രാധ’ എന്ന നാമത്തിന്റെ ഉത്ഭവം
ശ്രീമദ് ഭാഗവതത്തിൽ ശ്രീ ശുകദേവ ഗോസ്വാമി ശ്രീമതി രാധാറാണിയെ ശ്രീകൃഷ്ണന്റെ പരമോന്നതയായ ഉപാസകയായി ‘അനയാരാധിതഃ’ എന്ന് പരോക്ഷമായി പരാമർശിക്കുന്നുണ്ട്. ഭജന അല്ലെങ്കിൽ ആരാധന എന്നർത്ഥം വരുന്ന “ആരാധ്യതേ” എന്ന പദത്തിൽ നിന്നാണ് ‘രാധ’ എന്ന നാമം ഉത്ഭവിച്ചത്.
മറ്റൊരു കാരണം, ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ അഷ്ടമി തിഥിയിലാണ് രാധാറാണി ആവിർഭവിച്ചത് എന്നതാണ്. അന്ന് അനുരാധ നക്ഷത്രമായിരുന്നതിനാലാണ് ‘രാധ’ എന്ന നാമം ലഭിച്ചത്.
ശ്രീകൃഷ്ണഭഗവാൻ ആനന്ദം അനുഭവിക്കുന്നത് എങ്ങനെ?
സുഖവും ആനന്ദവും അന്വേഷിക്കുക എന്നത് എല്ലാ ജീവജാലങ്ങളുടെയും സഹജസ്വഭാവമാണ്. നാമെല്ലാവരും ജന്മജന്മാന്തരങ്ങളായി വിവിധ രൂപങ്ങളിൽ ആനന്ദം തേടുന്നു. എന്നാൽ സന്തോഷം ലഭിക്കുന്നതിനായി നാം ബാഹ്യവസ്തുക്കളെയും മറ്റ് പല ഘടകങ്ങളെയും ആശ്രയിക്കുന്നു. എന്നാൽ പരമേശ്വരനായ ശ്രീകൃഷ്ണഭഗവാൻ സ്വയം പരിപൂർണ്ണനാണ്.
തന്റെ ആനന്ദത്തിനായി ഭഗവാൻ യാതൊരു ബാഹ്യവസ്തുവിനെയും ആശ്രയിക്കുന്നില്ല, ഭൗതികസുഖങ്ങളിൽ ആകർഷിതനാകുന്നുമില്ല. ഭഗവാൻ സർവ്വശക്തികളുടെയും അധിപനാണ്. ഭഗവാന് ആനന്ദം അനുഭവിക്കാൻ ആഗ്രഹമുണ്ടാകുമ്പോൾ, ഭഗവാന് ദിവ്യാനന്ദം നൽകുന്നതിനായി അവിടുത്തെ സ്വന്തം ഹ്ലാദിനീശക്തി (ആനന്ദശക്തി) ശ്രീമതി രാധാറാണിയുടെ രൂപത്തിൽ പ്രകടമാകുന്നു.

ശ്രീരാധാകൃഷ്ണബന്ധത്തിന്റെ ദിവ്യത്വം
ശ്രീരാധാകൃഷ്ണന്മാരുടെ ബന്ധം ഈ ഭൗതികലോകത്തിലെ സാധാരണക്കാരായ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള അനുരാഗമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ വാസ്തവത്തിൽ അത് അങ്ങനെയല്ല. അത് പൂർണ്ണമായും ആത്മീയതലത്തിലുള്ളതും പരിശുദ്ധവുമായ ഒരു ദിവ്യബന്ധമാണ്. ഈ ഭൗതികലോകത്തിൽ നാം കാണുന്ന പ്രണയം എന്നത് ആത്മീയലോകത്തിലെ നിഷ്കളങ്കമായ പ്രേമത്തിന്റെ വികൃതമായ പ്രതിഫലനം മാത്രമാണ്. യഥാർത്ഥ പ്രേമം സ്ഥിതിചെയ്യുന്നത് ശ്രീരാധാകൃഷ്ണന്മാരുടെ പരസ്പരബന്ധത്തിലാണ്.
ഓരോ ജീവാത്മാവിനും ഭഗവാൻ ശ്രീകൃഷ്ണനുമായി അഞ്ച് തരത്തിലുള്ള ബന്ധങ്ങൾ സാധ്യമാണ്:
1) ശാന്തരസം (Neutrality): ഭഗവാനെ പരമപുരുഷനായി കണ്ട് ശാന്തമായി ഉപാസിക്കുന്നത്.
2) ദാസ്യരസം (Servitorship): ഭഗവാനെ യജമാനനായി കണ്ട് നിഷ്കാമമായി സേവിക്കുന്നത്.
3) സഖ്യരസം (Friendship): ഭഗവാനെ തുല്യനായ പ്രിയമിത്രമായി കണ്ട് സ്നേഹിക്കുന്നത്.
4) വാത്സല്യരസം (Filial Love): ഭഗവാനെ സ്വന്തം അപത്യമായി (കുഞ്ഞായി) കണ്ട് വാത്സല്യം ചൊരിയുന്നത്.
5) മാധുര്യരസം (Conjugal Love): ഭഗവാനെ കാന്തനായി (പ്രണയിതാവായോ പതിയായോ) കണ്ട് പരമപ്രേമത്തോടെ ഉപാസിക്കുന്നത്.
ഭൗതികലോകത്തിൽ നാം കാണുന്ന ഈ അഞ്ച് ബന്ധങ്ങളും ഭഗവാനുമായുള്ള ആത്മീയബന്ധത്തിന്റെ വികൃതരൂപങ്ങൾ മാത്രമാണ്.
ഈ അഞ്ച് രസങ്ങളിൽ ഏറ്റവും ഉന്നതമായ സ്ഥാനമുള്ളത് മാധുര്യരസത്തിനാണ്. ശ്രീമതി രാധാറാണി ഭഗവാൻ ശ്രീകൃഷ്ണനെ ഈ പരമോന്നത മാധുര്യരസത്തിലാണ് സേവിക്കുന്നത്.
ശ്രീമതി രാധാറാണി: സർവ്വശ്രേഷ്ഠയായ കൃഷ്ണഭക്ത
ഭഗവാൻ ശ്രീകൃഷ്ണൻ സർവ്വാകർഷകനാണ്. അവിടുത്തെ മനോഹരരൂപം, ദിവ്യഗുണങ്ങൾ, അത്ഭുതകരമായ ലീലകൾ എന്നിവയാൽ അവിടുന്ന് പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളെയും ആകർഷിക്കുന്നു. എന്നാൽ ശ്രീമതി രാധാറാണിക്ക് ഭഗവാനോടുള്ള പരിശുദ്ധ പ്രേമവും ദേവിയുടെ ദിവ്യഗുണങ്ങളും എത്രയോ മഹത്തരമാണ്! അത് സർവ്വാകർഷകനായ ശ്രീകൃഷ്ണഭഗവാനെപ്പോലും ആകർഷിക്കുന്നു.
ശ്രീമതി രാധാറാണി സർവ്വ ഗോപികമാരുടെയും അധിപയാണ്. രാധാറാണിക്ക് ഭഗവാനോടുള്ള ഭക്തി അതുല്യമാണ്; ദേവി നിരന്തരം ഭഗവാനെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു.
രാധാറാണിയിലൂടെ വേണം നാം കൃഷ്ണനെ സമീപിക്കാൻ
ശ്രീകൃഷ്ണഭഗവാനോടുള്ള നിഷ്കളങ്കമായ ശുദ്ധഭക്തി നമുക്ക് പ്രദാനം ചെയ്യാൻ ശ്രീമതി രാധാറാണിക്ക് മാത്രമേ സാധിക്കൂ. രാധാറാണിയുടെ അനുഗ്രഹമില്ലാതെ ഭഗവാനുമായുള്ള നമ്മുടെ നിത്യമായ ആത്മീയബന്ധം പുനരുജ്ജീവിപ്പിക്കാൻ സാധിക്കില്ല. ദേവിയുടെ ശുപാർശയില്ലാതെ ഭഗവാന്റെ ദിവ്യധാമത്തിൽ പ്രവേശനം ലഭിക്കുകയുമില്ല.
അതിനാലാണ് ശ്രീരാധാകൃഷ്ണന്മാരുടെ ദിവ്യലീലകൾ നടന്ന പുണ്യഭൂമിയായ വൃന്ദാവനത്തിൽ, ഭക്തരെല്ലാം അത്യന്തം ഭക്തിബഹുമാനങ്ങളോടെ ശ്രീമതി രാധാറാണിയെ ആരാധിക്കുകയും മഹിമപ്പെടുത്തുകയും ചെയ്യുന്നത്. അവർ “ജയ രാധേ!” എന്ന് ദേവിയുടെ തിരുനാമം ജപിക്കുകയും, പരസ്പരം “രാധേ, രാധേ!” എന്ന് അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
ശ്രീമതി രാധാറാണി സർവ്വ ജീവജാലങ്ങളോടും അത്യധികം കരുണയും ദയയുമുള്ളവളാണ്. ഭഗവാൻ ശ്രീകൃഷ്ണനെ നേരിട്ട് സമീപിക്കുന്നതിനേക്കാൾ എളുപ്പം രാധാറാണിയുടെ ചരണാരവിന്ദങ്ങളിൽ അഭയം പ്രാപിക്കുന്നതാണ്. രാധാറാണിയെ പ്രീതിപ്പെടുത്തുന്നതിലൂടെ ഒരാൾക്ക് അനായാസമായി ശ്രീകൃഷ്ണസേവനം പ്രാപിക്കാൻ സാധിക്കും.
ശ്രീമതി രാധാറാണിയെ എങ്ങനെ പ്രീതിപ്പെടുത്താം?
ശ്രീമതി രാധാറാണിയെ പ്രീതിപ്പെടുത്തുന്നതിനും, ദേവിയിലൂടെ ശ്രീകൃഷ്ണഭഗവാനെ പ്രാപിക്കുന്നതിനുമുള്ള വഴി ഹരേ, കൃഷ്ണ, രാമ എന്നീ ദിവ്യനാമങ്ങൾ അടങ്ങിയ ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കുക എന്നതാണ്:
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ശ്രീമതി രാധാറാണിയുടെ മറ്റൊരു നാമമായ ‘ഹരാ’ എന്നതിന്റെ സംബോധനാ രൂപമാണ് ‘ഹരേ’ എന്നത്. ‘ഹരേ’ എന്ന് ജപിക്കുമ്പോൾ നാം രാധാറാണിയോട് പ്രാർത്ഥിക്കുകയാണ് — നമ്മെ ഭഗവാന്റെ ദിവ്യസേവനത്തിൽ ഏർപ്പെടുത്തേണമേ എന്ന്.
കൃഷ്ണ, രാമ നാമങ്ങൾക്ക് മുൻപിലാണ് ‘ഹരേ’ എന്ന് വരുന്നത്. അങ്ങനെ നാം ആദ്യം രാധാറാണിയെയും തുടർന്ന് ഭഗവാനെയും അഭിസംബോധന ചെയ്തുകൊണ്ട് ദേവിയിലൂടെ ഭഗവാനെ പ്രാപിക്കുന്നു.
ശ്രീമതി രാധാറാണിയുടെ ആവിർഭാവദിനമായ ഈ ശുഭകരമായ ശ്രീ രാധാഷ്ടമി വേളയിൽ, നമുക്ക് ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കാം; ഭഗവാൻ ശ്രീകൃഷ്ണന്റെ ചരണാരവിന്ദങ്ങളിൽ ശുദ്ധഭക്തി നൽകി അനുഗ്രഹിക്കണമേ എന്ന് ശ്രീമതി രാധാറാണിയോട് പ്രാർത്ഥിക്കുകയും ചെയ്യാം.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.