കഴിഞ്ഞ അധ്യായത്തിൽ വിവരിച്ചതുപോലെ പലവിധത്തിലുള്ള ലീലകളിലേർപ്പെട്ടിരുന്ന കൃഷ്ണനും ബലരാമനും ചങ്ങാതിമാരും പശുക്കളുടെ കാര്യം മറന്നുപോയി. അവ, തോന്നിയ പോലെ അലഞ്ഞുതിരിഞ്ഞ്, ഇളം പുല്ലുകളിൽ ആകൃഷ്ടരായി, വന ഗർഭത്തിലേക്കു കടന്നു. ആടുകളും, പശുക്കളും എരുമകളുമെല്ലാം വനങ്ങൾ ഒന്നൊന്നായി പിന്നിട്ട് ഇഷികാടവിയിലെത്തി. ഇവിടെ ധാരളം പുല്ലുണ്ടായിരുന്നു. അതാണവയെ അങ്ങോട്ടാകർഷിച്ചത്. എന്നാൽ അവിടെയെത്തിയപ്പോൾ മാത്രമേ ആ വനത്തിൽ കാട്ടുതീ പടർന്നിരിക്കുന്നുവെന്ന് അവർക്കു മനസ്സിലായുള്ളൂ. അവ ഉറക്കെ വിളിക്കാൻ തുടങ്ങി. മറുഭാഗത്തു കൃഷ്ണനും ബലരാമനും മററും പശുക്കളെ കാണാതെ വിഷമിക്കുകയായിരുന്നു. കാൽപ്പാടുകളും കടിച്ചിരുന്ന പുല്ലുകളും നോക്കി അവർ പശുക്കളെ അന്വേഷിച്ച് പുറപ്പെട്ടു. തങ്ങളുടെ ഉപജീവനമാർഗ്ഗമായ പശുക്കൾ നഷ്ടപ്പെട്ടിരിക്കുന്നതായി അവർക്ക് തോന്നി. അപ്പോഴാണ് അവർ പശുക്കളുടെ കരച്ചിൽ കേട്ടത്. ഉടനെ കൃഷ്ണൻ ആ പശുക്കളെ ഉച്ചത്തിൽ പേരുചൊല്ലി വിളിച്ചു . അപ്പോൾ അത്യന്തം സന്തോഷത്തോടെ പശുക്കൾ വിളികേട്ടു. എന്നാൽ ഇതിനകം കാട്ടുതീ അവരെ വളഞ്ഞു കഴിഞ്ഞിരുന്നു. ആകെ കൂടി ഭയാനകമായ ഒരവസ്ഥ. സഹായത്തിന് ശക്തിയായ കാറ്റുകൂടി എത്തിയതോടെ അഗ്നി ജ്വാലകൾ പടർന്നു പിടിച്ചു. ചരാചരങ്ങളെ മുഴുവനും അതു വിഴുങ്ങുമെന്ന മട്ടായി. പശുക്കളും ഗോപകുമാരന്മാരും പേടിച്ച് വിറച്ചു. ആസന്ന മരണനായ ഒരുവൻ പരം പൊരുളായ ഭഗവാൻ്റെ ചിത്രത്തിലേക്ക് ഉററു നോക്കുന്നതു പോലെ, അവരെല്ലാവരും ഇങ്ങനെ പറഞ്ഞു : “പ്രിയപ്പെട്ട കൃഷ്ണാ, പ്രിയപ്പെട്ട ബലരാമാ, തീജ്വാലയേറ്റു ഞങ്ങൾക്കു പൊള്ളുന്നു. ഞങ്ങൾ നിങ്ങളുടെ പാദാരവിന്ദങ്ങളിൽ അഭയം തേടുകയാണ്. ഈ ആപത്തിൽ നിന്നു ഞങ്ങളെരക്ഷിക്കാൻ നിങ്ങൾക്കു കഴിയും. ഞങ്ങൾ നിങ്ങളുടെ ഉറ്റ ചങ്ങാതിമാരല്ലേ? ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടാനിട വരുത്തുന്നതു ശരിയല്ല. നിങ്ങൾ മാത്രമാണ് ഞങ്ങൾക്കാശ്രയം. ധർമ്മ മാർഗ്ഗങ്ങളറിയുന്നവരാണ് നിങ്ങൾ. നിങ്ങളെയല്ലാതെ മററാരെയും ഞങ്ങൾക്കറിയുകയുമില്ല.” ചങ്ങാതിമാരുടെ പ്രാർത്ഥനാരൂപത്തിലുള്ള സ്വരം കേട്ടു ഭഗവാൻ ഹൃദ്യമായ ഒരു നോട്ടത്തോടെ മറുപടി പറയാൻ തുടങ്ങി. കണ്ണുകളിലൂടെ സംസാരിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്നു ഭഗവാൻ അവരെ ബോധ്യപ്പെടുത്തി. തുടർന്ന് പരം പൊരുളും യോഗേശ്വരനുമായ ഭഗവാൻ കൃഷ്ണൻ നിമിഷം കൊണ്ടു അഗ്നിജ്വാലകൾ മുഴുവൻ വിഴുങ്ങിക്കളഞ്ഞു! ഇങ്ങനെ ആസന്നമായ ആപത്തിൽ നിന്നു പശുക്കളെയും ഗോപബാലന്മാരെയും രക്ഷിച്ചു. ഭയം മൂലം കുട്ടികൾ മിക്കവാറും അബോധാവസ്ഥയിലെത്തിയിരുന്നു. വീണ്ടും ബോധം വീണപ്പോൾ അവർ കണ്ണു തുറന്നു. തങ്ങൾ അപ്പോഴും ബലരാമനും കൃഷ്ണനുമൊത്ത് വനത്തിൽ തന്നെയുണ്ടെന്നവർക്കു ബോധ്യമായി. ജ്വലിക്കുന്ന അഗ്നിയിൽനിന്ന് തങ്ങൾ തികച്ചും മുക്തരാണെന്നും പശുക്കൾക്ക് ആപത്തൊന്നുമില്ലെന്നും മനസ്സിലായപ്പോൾ അവർക്ക് അദ്ഭുതമായി. കൃഷ്ണൻ ഒരു സാധാരണ ബാലനല്ലെന്നും ഏതോ ദേവനാണെന്നും അവർ മനസ്സിൽ കരുതി.
സായാഹ്നമായപ്പോൾ കൂട്ടുകാരും ഗോക്കളുമൊത്ത് കൃഷ്ണനും ബലരാമനും കുഴൽ വിളിയുമായി വൃന്ദാവനത്തിലേക്കു മടങ്ങി. അവർ ഗ്രാമത്തിലെത്തിയതോടെ ഗോപിമാർക്ക് സന്തോഷമായി. കൃഷ്ണൻ വനത്തിലായിരുന്നപ്പോൾ പകൽ മുഴുവൻ ഗോപിമാർ കൃഷ്ണനെക്കുറിച്ചാണു ചിന്തിച്ചിരുന്നത്. അവൻ്റെ അഭാവത്തിൽ ഒരോനിമിഷവും പന്ത്രണ്ടു വർഷം പോലെയാണവർക്ക് അനുഭവപ്പെട്ടിരുന്നത്.
ശ്രീ കൃഷ്ണ പരമദിവ്യോത്തമപുരുഷൻ അധ്യായം 19 ദാവാഗ്നിപാനം