ശ്ലോകം
പ്രസന്നവദനാംഭോജം പദ്മഗർഭാരുണേക്ഷണം
നീലോത്പലദളശ്യാമം ശംഖചക്രഗദാധരം
പ്രസന്നമായ മുഖം: പരമദിവ്യോത്തമപുരുഷനായ ഭഗവാന് താമരപ്പൂവിന് തുല്യമായ, പ്രസന്നവും ഉത്സാഹഭരിതവുമായ മുഖമാണുള്ളത് (പ്രസന്നവദനാംഭോജം).
അരുണാഭമായ നയനങ്ങൾ: ഭഗവാന്റെ കണ്ണുകൾ താമരയുടെ ഉൾഭാഗം പോലെ അരുണാഭമാണ് (പദ്മഗർഭാരുണേക്ഷണം).
ശരീരവർണ്ണം: നീലത്താമരയുടെ ഇതളുകൾക്ക് സമാനമായ ഇരുണ്ട ശരീരവർണ്ണത്തോടു കൂടിയവനാണ് ഭഗവാൻ (നീലോത്പലദളശ്യാമം).
ആയുധധാരി: ഭഗവാൻ തന്റെ മൂന്ന് കരങ്ങളിലായി ശംഖ്, ചക്രം, ഗദ എന്നിവ ധരിച്ചിരിക്കുന്നു (ശംഖചക്രഗദാധരം).
വിവർത്തനം
പരമദിവ്യോത്തമപുരുഷനായ ഭഗവാന്, നീലത്താമര ഇതളുകൾക്ക് സമാനമായ ഇരുണ്ട ശരീരവും, താമരയുടെ ഉൾഭാഗം പോലെ അരുണാഭമായ നയനങ്ങളോടു കൂടിയതും താമരയ്ക്കു തുല്യവുമായ പ്രസാദാത്മകമായ മുഖമുണ്ട്. അദ്ദേഹം തൻ്റെ മൂന്നു കരങ്ങളിലായി ശംഖ്, ചക്രം, ഗദ ഇവ ധരിച്ചിരിക്കും.
ഭാവാർത്ഥം
ഒരുവൻ നിർബന്ധമായും തൻ്റെ മനസ് വിഷ്ണുവിൽ ഏകാഗ്രമാക്കണമെന്ന് ഇവിടെ ശക്തമായി ശിപാർശ ചെയ്തിരിക്കുന്നു. ചൈതന്യ മഹാപ്രഭുവിൻ്റെ (ചൈതന്യ ഭഗവാൻ്റെ) അദ്ധ്യാപനങ്ങളിൽ വിഷ്ണുവിൻ്റെ പന്ത്രണ്ട് വിവിധ രൂപങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. അരൂപതയിലോ, ശൂന്യതയിലോ മനസിനെ കേന്ദ്രീകരിക്കാൻ ആരാലുമാവില്ല; ഈ ശ്ലോകത്തിൽ പറഞ്ഞിട്ടുള്ളതുപോലെ, സദാ പ്രസാദവാനായ ഭഗവാൻ്റെ വ്യക്തിഗത രൂപത്തിൽ മനസുറപ്പിക്കണം. അരൂപ, ശൂന്യ ഘടകങ്ങളിലുള്ള ധ്യാനം, ധ്യാനിക്കുന്ന വ്യക്തിക്ക് വളരെ കുഴപ്പകരമാകുമെന്ന് ഭഗവദ്ഗീത ചൂണ്ടിക്കാട്ടുന്നു. രൂപമില്ലാത്ത എന്തിനെയെങ്കിലും ധ്യാനിക്കുവാൻ നാം ശീലിച്ചിട്ടില്ലാത്തതിനാൽ, രൂപരാഹിത്യത്തിലും ശൂന്യതയിലുമുളള ധ്യാനത്തിൽ ആകൃഷ്ടരായിട്ടുള്ളവർക്ക് അങ്ങേയറ്റം പ്രയാസകരമായ പ്രക്രിയകൾക്ക് വിധേയരാകേണ്ടി വരും. അത്തരമൊരേകാഗ്രത വാസ്തവത്തിൽ അസാദ്ധ്യം തന്നെയാണ്. ഒരുവൻ അവന്റെ മനസിനെ ദിവ്യോത്തമ പുരുഷൻ ഭഗവാനിൽ ഏകാഗ്രമാക്കണമെന്ന് ഭഗവദ്ഗീതയും സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവ്യോത്തമപുരുഷനായ ഭഗവാൻ കൃഷ്ണൻ്റെ നിറം നീലോൽപല ദല തുല്യമാണെന്ന് വർണിച്ചിരിക്കുന്നു. നീലത്താമരയുടെ ഇരുണ്ട നീലിമയും വെളുപ്പും കലർന്ന വർണമെന്നാണർത്ഥം. കൃഷ്ണൻ്റെ വർണം എന്തുകൊണ്ടാണ് നീലയായതെന്ന് ആളുകൾ എപ്പോഴും സംശയിക്കുകയും അന്വേഷിക്കുകയും ചെയ്യും. ഒരു കലാകാരന് ഭാവന ചെയ്യാൻ കഴിയുന്നതല്ല ഭഗവാൻ്റെ വർണം. ആധികാരികങ്ങളായ ശാസ്ത്രത്തിൽ അത് വിവരിച്ചിട്ടുണ്ട്. ബ്രഹ്മസംഹിതയിലും കൃഷ്ണനെ നീലക്കാർവർണനെന്ന് ഉപമിച്ചിട്ടുണ്ട്. എന്തായാലും കേവലം കാവ്യാത്മക ഭാവനയല്ല ഭഗവാൻ്റെ വർണം. ബ്രഹ്മസംഹിത, ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, പുരാണങ്ങൾ ഇവയിലെല്ലാം ഭഗവാൻ്റെ നിറം, ആയുധങ്ങൾ, മറ്റ് അനുസാരികൾ തുടങ്ങിയവയുടെ ആധികാരിക വിവരണങ്ങളുണ്ട്. ഭഗവാൻ്റെ ദൃശ്യരൂപത്തെ ഇവിടെ പത്മ-ഗർഭാരുണേക്ഷണം എന്നു വിശേഷിപ്പിച്ചിരിക്കുന്നു. താമരയുടെ ഉൾഭാഗം പോലെ തിളങ്ങുന്ന കണ്ണുകളോടു കൂടിയ അദ്ദേഹം തന്റെ ചതുർഭുജങ്ങളിൽ ശംഖ്, ചക്രം, ഗദാ, പത്മം ഇവ ധരിച്ചിരിക്കുന്നു.
(ശ്രീമദ് ഭാഗവതം 3.28.13)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆