ഗുരു – എന്താണതിൻ്റെ അർത്ഥം?
1973-ൽ ഇംഗ്ലണ്ടിലെ ഭക്തിവേദാന്ത മാനറിൽ വച്ച് ദിവ്യപൂജ്യ ശ്രീ ശ്രീമദ് ഏ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ തൻ്റെ വ്യാസപൂജയോടനുബന്ധിച്ചു നൽകിയ പ്രഭാഷണം.
ഓം അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയ
ചക്ഷുർ ഉന്മിലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
“അജ്ഞാനമാകുന്ന കൊടും തിമിരത്തിലാണ് ഞാൻ ജനിച്ചത്. വിജ്ഞാനമാകുന്ന ദീപശിഖ കൊണ്ട് എൻ്റെ ആദ്ധ്യാത്മിക ഗുരുനാഥൻ എൻ്റെ കണ്ണുകൾ തുറന്നു. എൻ്റെ വിനയ നമസ്കാരങ്ങൾ ഞാൻ അദ്ദേഹത്തിൻ്റെ പാദത്തിങ്കൽ സമർപ്പിക്കുന്നു”.
അജ്ഞാനം എന്ന വാക്കിൻ്റെ അർത്ഥം അജ്ഞത അഥവാ അന്ധകാരം എന്നാണ്. ഈ മുറിയിലുള്ള എല്ലാ വിളക്കുകളും പെട്ടെന്നണയുകയാണെങ്കിൽ നാം എവിടെയാണിരിക്കുന്നതെന്നോ മറ്റുള്ളവർ എവിടെയാണിരിക്കുന്നതെന്നോ നമുക്ക് പറയാൻ കഴിയില്ല. എല്ലാവരും ആശയക്കുഴപ്പത്തിലാകും. അതുപോലെ തന്നെ തമസ്സിൻ്റെ ലോകമായ ഈ ഭൗതികപ്രപഞ്ചത്തിൽ നാമെല്ലാവരും അന്ധകാരത്തിലാണ്. തമസ്സ് അഥവാ തിമിരം അന്ധകാരത്തെ സൂചിപ്പിക്കുന്നു. ഈ ഭൗതികലോകം അന്ധകാരത്തിലായതിനാൽ ഇവിടെ പ്രകാശത്തിന് ചന്ദ്രപ്രഭയും സൂര്യപ്രഭയും ആവശ്യമാണ്. പക്ഷേ, ഇതിനപ്പുറം മറ്റൊരു ലോകമുണ്ട്, ആദ്ധ്യാത്മിക ലോകം, അത് ഈ അന്ധകാരത്തിനപ്പുറമാണ്. ആ ലോകത്തെക്കുറിച്ച് ശ്രീ കൃഷ്ണൻ ഭഗവദ്ഗീതയിൽ വിശദീകരിച്ചിട്ടുണ്ട്:
ന തദ് ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ യദ് ഗത്വാ ന നിവർത്തന്തേ തദ് ധാമ പരമം മമ
“എൻ്റെ ആ ലോകം ചന്ദ്രനാലോ സൂര്യനാലോ വൈദ്യുതീയാലോ പ്രകാശമാനമാക്കപ്പെടുന്നില്ല. അവിടെയെത്തുന്ന ഒരുവൻ ഒരിക്കലും ഈ ഭൗതികലോകത്തിൽ തിരിച്ചു വരില്ല”. (ഭഗവദ് ഗീത 15.6)
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
ഗുരുവിൻ്റെ ദൗത്യം തൻ്റെ ശിഷ്യന്മാരെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. അജ്ഞത മൂലം ഏതെങ്കിലും രോഗം പിടിപെടുന്നതുപോലെ ഇന്നത്തെ അവസ്ഥയിൽ എല്ലാവരും അജ്ഞത കാരണം ബുദ്ധിമുട്ടുകയാണ്. ശുചിത്വത്തിൻ്റെ തത്ത്വങ്ങൾ അറിയാത്ത ഒരുവന് എന്താണ് അവനെ രോഗഗ്രസ്ഥനാക്കുക എന്നറിയില്ല. അതുകൊണ്ട് അജ്ഞതയാൽ നമുക്ക് അസുഖങ്ങൾ ഉണ്ടാവുകയും അതിനാൽ നാം ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഒരു കുറ്റവാളി പറഞ്ഞേക്കാം,”എനിക്ക് നിയമം അറിയില്ല” എന്ന്, പക്ഷേ അയാൾ തെറ്റു ചെയ്താൽ നിയമം അയാളെ വെറുതേ വിടില്ല. അജ്ഞത ഒരിക്കലും ഒരു ഒഴിവുകഴിവല്ല. അതുപോലെ തന്നെ തീ പൊള്ളലേൽപ്പിക്കും എന്നറിയാത്ത ഒരു കുട്ടി തീയിൽ തൊടുന്നു എന്നിരിക്കട്ടെ. തീ ചിന്തിക്കുകയില്ല, “ഇതൊരു കുഞ്ഞാണ്, അവന് പൊള്ളും എന്നറിയില്ല”. ഇല്ല, യാതൊരു ഒഴിവുകഴിവുമില്ല. രാജ്യത്തിൻ്റെ നിയമങ്ങളുള്ളതുപോലെ തന്നെ പ്രകൃതിയുടെയും കർശനമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ നാമറിയില്ലെങ്കിലും അവ പ്രവർത്തിക്കും. അജ്ഞത മൂലം നാമെന്തെങ്കിലും ചെയ്താൽ നാം അതിൻ്റെ ഫലം അനുഭവിക്കുക തന്നെ വേണം. അതാണ് നിയമം. നമ്മൾ നിയമം പാലിച്ചില്ലെങ്കിൽ, അത് രാജ്യത്തിൻ്റെ നിയമമായാലും പ്രകൃതിയുടെ നിയമമായാലും, നാം ബുദ്ധിമുട്ടിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്.
ഒരൊറ്റ മനുഷ്യൻ പോലും ഈ ഭൗതിക ലോകത്തിൽ ദുരിതപ്പെടരുത് എന്നുറപ്പു വരുത്തലാണ് ഗുരുവിൻ്റെ ദൗത്യം. താൻ ദുരിതത്തിലല്ല എന്ന് ഒരാൾക്കും പറയാൻ കഴിയില്ല. അതു സാധ്യമല്ല. ഈ ഭൗതിക ലോകത്തിൽ മൂന്നു വിധമായ ക്ലേശങ്ങളുണ്ട്; ആദ്ധ്യാത്മികം, ആദിഭൗതികം, ആദിദൈവികം. ഇവ ഭൗതികശരീരത്തിൽ നിന്നും മനസ്സിൽ നിന്നും, മറ്റു ജീവസത്തകളിൽ നിന്നും, പ്രകൃതിശക്തികളിൽ നിന്നും അനുഭവപ്പെടുന്ന ക്ലേശങ്ങളാണ്. നമുക്ക് മാനസികമായ വ്യഥയുണ്ടാവാം, മറ്റു ജീവസത്തകളാൽ വേദനയുണ്ടാവാം – കൊതുകുകളിൽ നിന്നോ, ഉറുമ്പുകളിൽ നിന്നോ, പ്രാണികളിൽ നിന്നോ – അല്ലെങ്കിൽ ഏതെങ്കിലും ഉന്നത ശക്തി കാരണം വ്യഥയുണ്ടാവാം. ചിലപ്പോൾ മഴയില്ലാതെയിരിക്കാം, ചിലപ്പോൾ വെള്ളപ്പൊക്കമുണ്ടാവാം. അത്യധികം ചൂടോ, തണുപ്പോ ഉണ്ടാവാം. പ്രകൃതി നമ്മിൽ അടിച്ചേല്പിക്കുന്ന എത്രയോ വിധത്തിലുള്ള ക്ലേശങ്ങളുണ്ട്. അങ്ങനെ ഈ ലോകത്തിൽ മൂന്നു വിധത്തിലുള്ള ക്ലേശങ്ങളുണ്ട്, എല്ലാവരും ഇവയിൽ ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നും അനുഭവിക്കുന്നു. താൻ പൂർണമായും ക്ലേശങ്ങളിൽ നിന്ന് മുക്തനാണെന്ന് ഒരാൾക്കും പറയാൻ കഴിയില്ല.
എന്തുകൊണ്ടാണ് ജീവസത്ത ക്ലേശങ്ങൾ അനുഭവിക്കുന്നത് എന്ന് നമ്മൾ ചോദിച്ചേക്കാം. അതിൻ്റെ ഉത്തരം ഇതാണ്: അജ്ഞത കൊണ്ട്. അയാൾ ചിന്തിക്കുന്നില്ല, “ഞാൻ തെറ്റുകൾ ചെയ്യുന്നു, ഞാൻ പാപപൂർണമായ ജീവിതം നയിക്കുന്നു, അതുകൊണ്ടാണ് ഞാൻ ക്ലേശങ്ങൾ അനുഭവിക്കുന്നത്”. അതുകൊണ്ട് ഗുരുവിൻ്റെ പ്രാഥമിക ദൗത്യം തൻ്റെ ശിഷ്യനെ അജ്ഞതയിൽ നിന്ന് രക്ഷിക്കുക എന്നതാണ്. നമ്മൾ നമ്മുടെ കുട്ടികളെ സ്കൂളിലയക്കുന്നത് അവരെ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാനാണ്. നമ്മുടെ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ അവർ ഭാവിയിൽ ബുദ്ധിമുട്ടുമെന്ന് നാം ഭയക്കുന്നു. ക്ലേശങ്ങളുടെ കാരണം അജ്ഞതയാണെന്ന് ഗുരുവിന് കാണാം, അതിനെ അന്ധകാരത്തോടാണ് ഉപമിച്ചിരിക്കുന്നത്. അന്ധകാരത്തിലുള്ള ഒരുവനെ ഏതു വിധത്തിൽ രക്ഷിക്കാം? വെളിച്ചം കൊണ്ട്. ആദ്ധ്യാത്മികഗുരു വിജ്ഞാനമാകുന്ന ദീപശിഖ എടുത്ത് അന്ധകാരത്താൽ ആവൃതനായിരിക്കുന്ന ജീവസത്തയുടെ നേർക്ക് കാണിക്കുന്നു. ആ ജ്ഞാനം അവനെ അജ്ഞതയുടെ അന്ധകാരത്താലുണ്ടാകുന്ന ദുരിതങ്ങളിൽ നിന്ന് മുക്തനാക്കുന്നു.
ഗുരു ഒന്നാണ്
ഗുരു അത്യന്താപേക്ഷിതമാണോ എന്ന് ഒരാൾ ചോദിച്ചേക്കാം. അതെ എന്ന് വേദങ്ങൾ നമ്മെ അറിയിക്കുന്നു:
തദ് വിജ്ഞാനാർത്ഥം സ ഗുരും ഏവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ടം
(മുണ്ഡക ഉപനിഷത്ത് 1.2.12)
വേദങ്ങൾ ഗുരുവിനെ കണ്ടെത്താനാണ് നമ്മോട് നിർദ്ദേശിക്കുന്നത്. വാസ്തവത്തിൽ അത് ഏതെങ്കിലും ഒരു ഗുരുവിനെ കണ്ടെത്താനല്ല, മറിച്ച് ശരിയായ ഗുരുവിനെ കണ്ടെത്താനാണ്. യഥാർത്ഥഗുരു ഒന്നാണ്, കാരണം അദ്ദേഹം ഗുരുശിഷ്യപരമ്പരയിൽ വരുന്ന വ്യക്തിയാണ്. വ്യാസദേവനും ശ്രീകൃഷ്ണനും 5000 വർഷങ്ങൾ മുൻപ് പഠിപ്പിച്ചതു തന്നെയാണ് ഇന്നും പഠിപ്പിക്കപ്പെടുന്നത്. അതിൽ യാതൊരു വ്യത്യാസവുമില്ല. നൂറുകണക്കിന്, ആയിരക്കണക്കിന് ആചാര്യന്മാർ വന്നുപോയിട്ടും സന്ദേശം ഒന്നു തന്നെയാണ്. യഥാർത്ഥ ഗുരു രണ്ടാവാൻ വഴിയില്ല, കാരണം യഥാർത്ഥഗുരു തൻ്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്ഥമായി സംസാരിക്കുന്നില്ല. ചില ആദ്ധ്യാത്മിക ശിക്ഷകന്മാർ പറയാറുണ്ട്: “നിങ്ങൾ ഇങ്ങനെ ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം”. ഇതു പറയുന്നയാൾ ഗുരുവല്ല. ഇങ്ങനെ ഗുരു എന്നു പറയപ്പെടുന്നവർ വെറും ദുഷ്കൃതികളാണ്. ആധികാരികനായ ഗുരുവിന് ഒരഭിപ്രായമേയുള്ളൂ. അത് കൃഷ്ണൻ, വ്യാസദേവൻ, നാരദൻ, അർജ്ജുനൻ, ശ്രീ ചൈതന്യ മഹാപ്രഭു, ഗോസ്വാമികൾ എന്നിവരുടെ അഭിപ്രായമാണ്.
അയ്യായിരം വർഷങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണഭഗവാൻ ഭഗവദ് ഗീത ഓതി, അത് വ്യാസദേവൻ എഴുതിവെച്ചു. “ഇത് എൻ്റെ അഭിപ്രായമാണ്” എന്ന് ശ്രീല വ്യാസദേവൻ പറഞ്ഞില്ല. മറിച്ച് അദ്ദേഹം എഴുതി, “ശ്രീഭഗവാൻ ഉവാച“, അതായത് പരമപുരുഷഭഗവാൻ പറയുന്നു എന്ന്. വ്യാസദേവൻ എഴുതിയതെല്ലാം യഥാർത്ഥത്തിൽ പരമപുരുഷ ഭഗവാൻ പറഞ്ഞതാണ്. ശ്രീല വ്യാസദേവൻ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയതേയില്ല.
തദ്ഫലമായി ശ്രീല വ്യാസദേവൻ ഗുരുവാണ്. അദ്ദേഹം കൃഷ്ണൻ്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നില്ല, അവയെ പറഞ്ഞപടി പ്രക്ഷേപണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. നമ്മൾ ഒരു ടെലിഗ്രാം അയയ്ക്കുകയാണെങ്കിൽ അതു കൊണ്ടെത്തിക്കുന്നയാൾ അതു തിരുത്തുകയോ, ചിട്ടപ്പെടുത്തുകയോ, അതിൽ എന്തെങ്കിലും ചേർക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അയാൾ അത് അതേപടി കൊണ്ടു കൊടുക്കുന്നു. അതാണ് ഗുരുവിൻ്റെ ദൗത്യം. ഗുരു ഈ വ്യക്തിയോ ആ വ്യക്തിയോ ആവാം, പക്ഷേ സന്ദേശം ഒന്നാണ്, അതുകൊണ്ടാണ് ഗുരു ഒന്നാണ് എന്നു പറയുന്നത്.
ഗുരുശിഷ്യപരമ്പരയിൽ ഒരേ വിഷയത്തിൻ്റെ ആവർത്തനമാണ് നാം കാണുന്നത്. ഭഗവദ് ഗീതയിൽ കൃഷ്ണൻ പറയുന്നു:
മൻ മനാ ഭവ മദ് ഭക്തോ മദ് യാജീ മാം നമസ്കുരു
മാം ഏവൈഷ്യസി യുക്തവം ആത്മാനം മത് പരായണഃ
“എന്നെക്കുറിച്ചു ചിന്തിക്കുന്നതിൽ നിങ്ങളുടെ മനസ്സിനെ വ്യാപൃതമാക്കുക, എൻ്റെ ഭക്തനാവുക, എനിക്ക് നമസ്കാരങ്ങൾ അർപ്പിച്ച് എന്നെ ആരാധിക്കുക. എന്നിൽ പൂർണ മഗ്നനായി നിങ്ങൾ തീർച്ചയായും എൻ്റെയടുക്കൽ വന്നു ചേരും.” (ഭഗവദ് ഗീത 9.34) ഇതേ നിർദ്ദേശം തന്നെയാണ് എല്ലാ ആചാര്യന്മാരും – രാമാനുജാചാര്യർ, മാധ്വാചാര്യർ, ചൈതന്യ മഹാപ്രഭു – ആവർത്തിച്ചു പറഞ്ഞത്. യാതൊരു വ്യത്യാസവുമില്ല. കൃഷ്ണൻ്റെ വാക്കുകളെ നാം വ്യാഖ്യാനിക്കുന്നില്ല, “എൻ്റെ അഭിപ്രായത്തിൽ കുരുക്ഷേത്രയുദ്ധക്കളം മനുഷ്യശരീരത്തെ പ്രതിനിധീകരിക്കുന്നു”. ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾ ഉന്നയിക്കുന്നവർ ദുഷ്കൃതികളാണ്. സ്വന്തം അഭിപ്രായം പറയുന്ന ധാരാളം ദുഷ്കൃതിഗുരുക്കന്മാർ ലോകത്തിലുണ്ട്, പക്ഷേ നമുക്കേതു ദുഷ്കൃതിയേയും വെല്ലുവിളിക്കാം. ദുഷ്കൃതിയായ ഗുരു പറയും, “ഞാൻ ദൈവമാണ്” അല്ലെങ്കിൽ, “നാം എല്ലാവരും ദൈവമാണ്”. അതൊക്കെ ശരി, പക്ഷേ നിഘണ്ഡുവിൽ ദൈവത്തിൻ്റെ നിർവചനമെന്താണെന്ന് പരിശോധിക്കണം. പൊതുവേ നിഘണ്ഡുവിൽ ദൈവം എന്നാൽ പരമമായ സത്തയെ സൂചിപ്പിക്കുന്നു എന്നാണ് അർത്ഥം നൽകിയിരിക്കുക. അപ്രകാരം അങ്ങനെ പറയുന്ന ഗുരുവിനോടു നമുക്ക് ചോദിക്കാം,”നിങ്ങൾ പരമമായ സത്തയാണോ?” ഇതയാൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ നാം അയാൾക്ക് പരമം എന്നതിൻ്റെ അർത്ഥം പറഞ്ഞുകൊടുക്കണം. പരമം എന്നാൽ ഏറ്റവും ഉന്നതമായ അധികാരി എന്ന് നിഘണ്ഡു പറയുന്നു. അപ്പോൾ നമുക്ക് ചോദിക്കാം, “നിങ്ങൾ ഏറ്റവും ഉന്നതനായ അധികാരിയാണോ?” സ്വയം ദൈവമാണെന്ന് വരെ പ്രഖ്യാപിക്കുന്ന ഇത്തരം ദുഷ്കൃതികളായ ഗുരുവിന് ഇങ്ങനെയൊരു ചോദ്യത്തിനുത്തരം നൽകാൻ കഴിയില്ല. ദൈവമാണ് പരമമായ സത്തയും ഏറ്റവും ഉന്നതനായ അധികാരിയും. അവിടുന്നിന് തുല്യനായോ ഉപരിയായോ ആരുമില്ല. എന്നിട്ടും ഇവിടെ ധാരാളം ഗുരുദൈവങ്ങളുണ്ട്, പരമസത്തയാണെന്നവകാശപ്പെടുന്ന ദുഷ്കൃതികൾ. ഈ ദുർബുദ്ധികൾക്ക് നമ്മെ ഭൗതികാസ്തിത്വത്തിൻ്റെ അന്ധകാരത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. ഇവർക്ക് ആധ്യാത്മികജ്ഞാനത്തിൻ്റെ ദീപശിഖ കൊണ്ടു നമ്മുടെ അന്ധകാരത്തെ പ്രകാശമാനമാക്കാൻ കഴിയില്ല.
ശാസ്ത്രഗ്രന്ഥത്തിൽ പരമഗുരുവായ ആധികാരികമായ ദൈവം പറയുന്നതു മാത്രമേ ആധികാരികനായ ഗുരു അവതരിപ്പിക്കുകയുള്ളൂ. ഗുരുശിഷ്യപരമ്പരയുടെ സന്ദേശം ആദ്ധ്യാത്മികഗുരുവിന് മാറ്റാൻ കഴിയില്ല. വല്ലഭാചാര്യർ എന്ന വ്യക്തി ചൈതന്യമഹാപ്രഭുവിൻ്റെ ഭക്തനായിരുന്നു. വല്ലഭാചാര്യർ ശ്രീമദ് ഭാഗവതത്തിനൊരു ഭാഷ്യം രചിച്ച് അതു ചൈതന്യമഹാപ്രഭുവിൻ്റെ സമക്ഷത്തിൽ സമർപ്പിച്ചിട്ടു പറഞ്ഞു, “ചൈതന്യമഹാപ്രഭു, ദയവായി എൻ്റെ ശ്രീമദ്ഭാഗവത ഭാഷ്യം കേട്ടാലും. ഇതു ശ്രീധരസ്വാമിയുടെ ഭാഷ്യത്തേക്കാൾ ഉദാത്തമാണെന്ന് അങ്ങേയ്ക്ക് മനസ്സിലാകും”. ശ്രീധരസ്വാമി അതിപുരാതനനായ വ്യാഖ്യാതാവാണ്. ഉടൻ തന്നെ ചൈതന്യ മഹാപ്രഭു വല്ലഭാചാര്യനെ തിരസ്കരിച്ചുകൊണ്ടു പറഞ്ഞു, “ശ്രീധരസ്വാമിയേക്കാൾ നന്നായി താങ്കൾ ഭാഷ്യം രചിച്ചുവെന്നാണോ അവകാശപ്പെടുന്നത്?” എന്നിട്ട് ചൈതന്യ മഹാപ്രഭു വല്ലഭാചാര്യരെ ശകാരിച്ചു, സ്വാമികേ യിനി നമാ നേനതിനി വേശ്യ. ചൈതന്യ മഹാപ്രഭു സ്വാമി എന്ന വാക്ക് ആക്ഷേപരൂപത്തിലാണ് പ്രയോഗിച്ചത്, അതിന് ഭർത്താവ് എന്നും അർത്ഥമുണ്ടല്ലോ. അദ്ദേഹം പറഞ്ഞു, “സ്വാമിയെ (ഭർത്താവിനെ) തിരിച്ചറിയാത്തയാൾ വേശ്യയാണ്”. മറ്റൊ രു വിധത്തിൽ പറഞ്ഞാൽ, “ശ്രീധരസ്വാമിയെ അംഗീകരിക്കാത്തതിനാൽ നിങ്ങൾ ഒരു വേശ്യയാണ്. എങ്ങനെയാണ് ഒരു വേശ്യയിൽ നിന്ന് ശ്രവിക്കുക?”
ഗവേഷണം ആവശ്യമില്ല
നിരപേക്ഷതത്ത്വത്തെ കണ്ടെത്താൻ ഗവേഷണം നടത്തുക സാധ്യമല്ലെന്ന് നാം മനസ്സിലാക്കണം. ചൈതന്യ മഹാപ്രഭു സ്വയം പറഞ്ഞിട്ടുണ്ട്, “എൻ്റെ ഗുരുനാഥൻ എന്നെ ഒരു വലിയ വിഡ്ഡിയായി കണക്കാക്കിയിരുന്നു” എന്ന്. തൻ്റെ ഗുരുവിൻ്റെ മുന്നിൽ വലിയ വിഡ്ഢിയായി നിൽക്കുന്നവൻ സ്വയം ഗുരുവാണ്. പക്ഷേ, “എൻ്റെ ആദ്ധ്യാത്മികപുരോഗതി കൊണ്ട് എനിക്ക് എൻ്റെ ഗുരുവിനേക്കാൾ നന്നായി സംസാരിക്കാൻ കഴിയും” എന്നൊരുവൻ പറയുകയാണെന്നിരിക്കട്ടെ, അവൻ വെറും ദുഷ്കൃതിയാണ്. ഭഗവദ്ഗീതയിൽ കൃഷ്ണൻ പറയുന്നു:
ഏവം പരമ്പരാപ്രാപ്തം ഇമം രാജർഷയോ വിദുഃ
സ കാലനേഹ മഹതാ യോഗോ നഷ്ടഃ പരന്തപഃ
ഈ പരമോന്നതശാസ്ത്രം ഗുരുശിഷ്യപരമ്പരയുടെ ശൃംഖലയിലൂടെ ലഭ്യമായിരുന്നു, ദേവതുല്യരായ രാജാക്കന്മാർ അവ്വിധത്തിൽ ഇതിനെ മനസ്സിലാക്കിയിരുന്നു. പക്ഷേ, കാലക്രമേണ പരമ്പര മുറിയുകയും തൽഫലമായി ശാസ്ത്രം നഷ്ടപ്പെടുന്നതായി കാണപ്പെടുന്നു. (ഭഗവദ്ഗീത 4.2)
ഉറവിടം – ഭഗവദ് ദർശനം, ഒക്ടോബർ 2015
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
Radheshyaam🤍🪷