ശ്രീ ശ്രീ രാധാകൃഷ്ണൻമാരുടെ ആനന്ദത്തിനായി ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് സലിലവിഹാരം. വേനൽക്കാലത്തിന്റെ അത്യുഷ്ണത്തിൽ നിന്നും കുളിർമപകരാനായി രാധാകൃഷ്ണ വിഗ്രഹങ്ങളെ ശീതളമായ ജലത്താൽ അഥവാ സലിലത്താൽ നിറഞ്ഞ ഒരു പൊയ്കയിൽ ഉപവിഷ്ടരാക്കുന്നു. അവിടെ അവർ ജലക്രീഡകളിൽ അഥവാ വിഹാരങ്ങളിൽ ഏർപ്പെടുന്നതാണ് ഈ ഉത്സവത്തിൻറെ ഉള്ളടക്കം.
കുളിർമയേറിയ ‘സലില’ത്തിന്റെ മധ്യത്തിൽ ഒരുക്കിയിരിക്കുന്ന പുഷ്പങ്ങളാൽ അലങ്കൃതമായ മനോഹരമായ സിംഹാസനത്തിൽ സുഗന്ധ്യ പൂരിതമായ മലരുകളാൽ നിർമ്മിച്ച മേലാപ്പിന് കീഴിൽ ശ്രീ ശ്രീരാധാകൃഷ്ണൻമാർ ശോഭയോടെ പരിലസിക്കുന്നു. ചിതറി വീഴുന്ന ജലധാരയുടെ മധുരധ്വനിയുടേയും കർണ്ണ മധുരമായ കീർത്തനങ്ങളുടെയും അകമ്പടിയോടെ ശ്രീശ്രീ രാധാ-മാധവൻമാർ തങ്ങളുടെ നിത്യമായ ജലവിഹാരങ്ങൾ ആസ്വദിക്കുന്നു. ശ്രീമതി രാധാറാണിയുടെയും ശ്രീകൃഷ്ണന്റെയും 108 അതീന്ദ്രിയനാമങ്ങൾ ഉച്ചരിച്ചുകൊണ്ട് ഭക്തർ താമരപുഷ്പങ്ങൾ അർപ്പിക്കുന്നു. ഈ പുഷ്പാർച്ചന ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്നുതാണ്. പലതരത്തിലുള്ള നിവേദ്യവസ്തുക്കൾ മലർമാല്യങ്ങൾ മുതലായവയും അർപ്പിക്കപ്പെടുന്നു. ഈ പുഷ്പാർച്ചനയുടെ അവസാനത്തിൽ വിഗ്രഹങ്ങൾക്ക് അർപ്പിച്ച താമരപുഷ്പങ്ങൾ പ്രസാദമായി ഭക്തരുടെ ശിരസ്സുകളിൽ വയ്ക്കപ്പെടുന്നു.

ശ്രീമദ് രഘുനാഥ ദാസ ഗോസ്വാമി വിരചിത ‘ശ്രീ വ്രജവിലാസ സ്തവ’ത്തിലെ 64-ാം ശ്ലോകം:
ഗാന്ധർവികാ മുരവിമർദന നൗ വിഹാര-
ലീലാ വിനോദ രസനിർഭര ഭോഗിനീയമ്
ഗോവർദ്ധനോജ്ജ്വല ശിലാകുലമുന്നയന്തീ
വീചീഭരൈരവതു മാനസ ജാഹ്നവീ മാമ്
“ശ്രീരാധാകൃഷ്ണന്മാരുടെ നൗകാവിഹാരലീലകളിലെ അത്യന്തം മധുരമായ രസാനുഭൂതികളിൽ ആമഗ്നയായിരിക്കുന്നവളും, തൻ്റെ തിരമാലകളാൽ ഗോവർദ്ധന ശൈലത്തിലെ ഉജ്ജ്വലമായ ശിലാസമൂഹങ്ങളെ തഴുകുന്നവളുമായ മാനസീ ഗംഗ എന്നെ സംരക്ഷിക്കുമാറാകട്ടെ.”
അനന്ത ദാസ പണ്ഡിതരുടെ ‘സ്തവാമൃത കണാ’ വ്യാഖ്യാനം
ഈ ശ്ലോകത്തിൽ ശ്രീപാദ രഘുനാഥൻ ഗോവർദ്ധന പർവ്വതത്തിലെ പവിത്രമായ തീർത്ഥങ്ങളിൽ ഒന്നായ മാനസീ ഗംഗയെ സ്തുതിക്കുന്നു. “യത്ര വൈ മാനസീ ഗംഗാ മഹാപാപൗഘനാശിനീ” (ഗർഗ്ഗ സംഹിത) – ഗോവർദ്ധനത്തിൽ സർവ്വ പാപങ്ങളെയും നശിപ്പിക്കുന്ന മാനസീ ഗംഗ കുടികൊള്ളുന്നു. ഈ മാനസീ ഗംഗ ശ്രീ ഗിരിരാജൻ്റെ നേത്രമാണെന്ന് പറയപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ തൻ്റെ സഖാക്കളോടൊപ്പവും, ശ്രീ രാധാമാധവന്മാർ തങ്ങളുടെ സഖിമാരോടൊപ്പവും ജലക്രീഡകളിൽ ഏർപ്പെടുന്ന പുണ്യസ്ഥാനമാണിത്. ശ്രീ രഘുനാഥൻ ശ്രീരാധയുടെ കിങ്കരിയായതിനാൽ, മാനസീ ഗംഗയെ സ്തുതിക്കുമ്പോൾ രാധാമാധവന്മാരുടെ അതിമനോഹരമായ നൗകാവിഹാരലീലകളെയാണ് അദ്ദേഹം സ്മരിക്കുന്നത്.
ഈ ശ്ലോകം ഒരു ദിവ്യലീലയുടെ വെളിപ്പെടുത്തലിനോട് അനുബന്ധിച്ചുള്ളതാണ്. ഒരിക്കൽ ശ്രീരാധാകുണ്ഡത്തിൻ്റെ തീരത്ത് ഭജനത്തിൽ മുഴുകിയിരുന്ന ശ്രീ രഘുനാഥന് ഒരു ദിവ്യദർശനമുണ്ടായി. ശ്രീമതി രാധാറാണിയും ലളിതയും വിശാഖയും മറ്റ് സഖിമാരും ചേർന്ന് നെയ്യും തൈരും നിറഞ്ഞ പാത്രങ്ങളുമായി ഗോവർദ്ധന പർവ്വതത്തിൻ്റെ താഴെയുള്ള ഗോവിന്ദകുണ്ഡത്തിലേക്ക് പോകുന്നത് അദ്ദേഹം കണ്ടു. പൗർണ്ണമാസീ ദേവിയുടെ നിർദ്ദേശപ്രകാരം, അവിടെ നടക്കുന്ന ഒരു യജ്ഞത്തിലേക്ക് നെയ്യ് ദാനം ചെയ്യാനെന്ന വ്യാജേനയാണ് അവർ പുറപ്പെട്ടതെങ്കിലും, തങ്ങളുടെ പ്രാണനാഥനായ ശ്യാമസുന്ദരനെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുക എന്നതായിരുന്നു അവരുടെ യഥാർത്ഥ അഭിലാഷം. തൻ്റെ ഈശ്വരിയെ ഒരു കിങ്കരിയെപ്പോലെ ശ്രീ രഘുനാഥനും പിന്തുടരുന്നു. ശ്രീമതി രാധയുടെയും സഖിമാരുടെയും സ്വർണ്ണവർണ്ണമാർന്ന ശോഭയാൽ ആ വനം പ്രകാശിച്ചു. “എൻ്റെ പ്രാണനാഥൻ എവിടെ?” എന്ന് തിരഞ്ഞുകൊണ്ട് രാധാറാണി അസ്വസ്ഥമായ കണ്ണുകളാൽ ചുറ്റും നോക്കി. മഹാഭാവത്തിൻ്റെ തിരമാലകൾ അവിടുത്തെ ഹൃദയത്തിൽ അലതല്ലിക്കൊണ്ടിരുന്നു.
രാധാറാണിയും സഖിമാരും ഗോവർദ്ധനത്തിനടുത്തെത്തുന്നു എന്ന വാർത്തയറിഞ്ഞ ശ്യാമസുന്ദരൻ, അതിസുന്ദരനായ ഒരു വഞ്ചിക്കാരൻ്റെ വേഷം ധരിച്ച് മാനസീ ഗംഗയിൽ ഒരു തോണിയിൽ ഇരിപ്പുറപ്പിച്ചു. ത്രിലോകങ്ങളെയും മയക്കുന്ന ആ തോണിക്കാരൻ്റെ കരിനീല ശോഭയാൽ മാനസീ ഗംഗയുടെ വക്ഷസ്സ് ശോഭിച്ചു. ഈ യുവ തോണിക്കാരനെ കണ്ടതും ശ്രീമതിയും സഖിമാരും തൈരുപാത്രങ്ങൾ താഴെ വെച്ച് തീരത്ത് നിന്നു. അപ്പോൾ ശ്രീമതി രാധാറാണി തൻ്റെ ഗുരുവായ പൗർണ്ണമാസിയോട് ഇപ്രകാരം പറഞ്ഞു:
“അല്ലയോ മാതാവേ! ഈ ഘാട്ടിൽ നിൽക്കുന്ന തോണിക്കാരൻ ആരാണ്? സ്വർണ്ണവും വെള്ളിയും പതിപ്പിച്ച ഈ മനോഹരമായ വഞ്ചിയുമായി അവൻ എവിടെ നിന്ന് വന്നു? അവൻ്റെ അരമണി കിലുങ്ങുന്നു, ചുവന്ന കൈകളിൽ മനോഹരമായ വളകൾ ശോഭിക്കുന്നു! മന്ദഹസിച്ചുകൊണ്ട് അവൻ പാട്ടുപാടുന്നു, അവൻ്റെ ചുവന്ന നയനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വഞ്ചിയിൽ കയറണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. ആ വികൃതിക്കണ്ണുകൾ കണ്ടാൽ അവൻ എന്താണ് ആഗ്രഹിക്കുന്നതെന്ന് ആർക്കറിയാം? ശിരസ്സിൽ രത്നമാല തിളങ്ങുന്നു, കാതുകളിൽ കടമ്പപ്പൂക്കൾ അണിഞ്ഞിരിക്കുന്നു. അരയിൽ ചുറ്റിയ വസ്ത്രത്തിൽ മുരളി തിരുകിയിരിക്കുന്നു. കംസൻ്റെ ആജ്ഞാനുവർത്തിയാണെന്ന് നാം അവനെപ്പറ്റി പറയുമ്പോഴും, എൻ്റെ ഹൃദയം അവനിലേക്ക് ആകർഷിക്കപ്പെടുന്നു!” – ജഗന്നാഥ ദാസൻ പറയുന്നു: “പൂർണ്ണചന്ദ്രനെ കിട്ടിയാൽ രാഹു കൈവിടുമോ?”
സഖിമാർ “വഞ്ചിക്കാരാ! വഞ്ചിക്കാരാ!” എന്ന് വിളിച്ചു. ആ വിളി കേട്ടതും സുന്ദരനായ വഞ്ചിക്കാരൻ സാവധാനം തോണി തീരത്തടുപ്പിച്ചു. അനുരാഗപൂർവ്വം ചുറ്റും നോക്കിക്കൊണ്ട് ശ്രീമതിയും തോഴികളും വഞ്ചിയിൽ കയറി. പെട്ടെന്ന് ആ തോണിക്കാരൻ ശ്രീമതിയെ തടഞ്ഞുകൊണ്ട് പറഞ്ഞു:
“അല്ലയോ കിശോരീ! ഈ നീലവസ്ത്രം മാറ്റി വഞ്ചിയിൽ ഇരിക്കൂ. എങ്കിൽ മാത്രമേ എനിക്ക് നിങ്ങളെ അക്കരെ എത്തിക്കാൻ കഴിയൂ. കാറ്റ് വീശുമ്പോൾ ഈ നീലപ്പുടവ കണ്ട് അതൊരു കാർമേഘമാണെന്ന് കരുതി പവനദേവൻ വഞ്ചി മുക്കിക്കളഞ്ഞേക്കാം!” കണ്ണൻ്റെ വാക്കുകൾ കേട്ട് രാധാറാണി പരിഹാസപൂർവ്വം പറഞ്ഞു: “നിൻ്റെ ഈ കരിനീല വർണ്ണം നീ എങ്ങനെ ഒളിപ്പിക്കും?” ഇത് കേട്ടപ്പോൾ ലളിത പറഞ്ഞു: “ആരും പരിഭ്രമിക്കണ്ട, ഈ കറുത്ത വർണ്ണത്തിന് മേൽ കട്ടിയുള്ള തൈരൊഴിച്ച് ഞാൻ അത് മറയ്ക്കാം!” ഇത് കേട്ട കാമുകനായ കൃഷ്ണൻ പരിഭ്രമിച്ച് മധുരമായി മന്ദഹസിച്ചു. ഗുരുദാസൻ പറയുന്നു: “എൻ്റെ ഹൃദയം ആനന്ദക്കടലിൽ നീന്തി തുടിക്കുന്നു!”
ഇത്തരത്തിൽ പരിഹാസവാക്കുകൾ കൈമാറി അവർ വഞ്ചിയിൽ യാത്ര തുടർന്നു. യുവ തോണിക്കാരൻ വഞ്ചി മാനസീ ഗംഗയുടെ മധ്യഭാഗത്തെത്തിച്ചു. തൻ്റെ മാറിലിരിക്കുന്ന ദിവ്യദമ്പതികളുടെ സാമീപ്യത്താൽ പുളകം കൊണ്ട മാനസീ ഗംഗ, ഗോവർദ്ധനത്തിലെ ഉജ്ജ്വലമായ ശിലകളിൽ അലതല്ലുന്ന കൂറ്റൻ തിരമാലകളാൽ ഇളകിമറിഞ്ഞു. തിരമാലകൾ വഞ്ചിക്കുള്ളിലേക്ക് അടിച്ചുകയറാൻ തുടങ്ങിയപ്പോൾ ശ്രീമതി ഭയചകിതയായി. “അല്ലയോ അറിവില്ലാത്ത വഞ്ചിക്കാരാ! നീ ഞങ്ങളെ മുക്കിക്കൊല്ലാൻ ഭാവമാണോ?” എന്ന് സഖിമാർ പരിഭവിച്ചു. എന്നാൽ തോണിക്കാരനായ കൃഷ്ണൻ ഇതൊന്നും ശ്രദ്ധിക്കാതെ രാധാറാണിയുടെ ഭയവിഹ്വലമായ കണ്ണുകളിലെ ഭാവം നുകരുകയായിരുന്നു. വഞ്ചി മുങ്ങാൻ തുടങ്ങുന്നു എന്ന് കണ്ടപ്പോൾ ഭയത്താൽ ശ്രീമതി ശ്യാമസുന്ദരനെ ഗാഢമായി ആലിംഗനം ചെയ്തു. ഇത്തരത്തിൽ ദിവ്യദമ്പതികളുടെ മധുരമായ സമാഗമം കണ്ട് സഖിമാരും മഞ്ജരിമാരും ആനന്ദിച്ചു. മാനസീ ഗംഗയുടെ അഭിലാഷം സഫലമായി. സാവധാനം തിരമാലകൾ ശാന്തമായി, വഞ്ചി തീരത്തണഞ്ഞു. കൃഷ്ണന് തൈരും വെണ്ണയും നൽകിയ ശേഷം എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങി.
ഈ സ്മരണ ഹൃദയത്തിലേറ്റിക്കൊണ്ട് ശ്രീ രഘുനാഥൻ പ്രാർത്ഥിക്കുന്നു: “രാധാകൃഷ്ണന്മാരുടെ മധുരമായ നൗകാവിഹാരങ്ങൾ ആസ്വദിക്കുന്നവളും ഗോവർദ്ധന ശിലകളെ തഴുകുന്ന തിരമാലകളോടു കൂടിയവളുമായ മാനസീ ഗംഗ എന്നെ സംരക്ഷിക്കട്ടെ.” ശ്രീ രൂപ ഗോസ്വാമി , ശ്രീ ഗോവർദ്ധനത്തെപറ്റി ഇപ്രകാരം സ്തുതിച്ചിട്ടുണ്ട്:
“കംസാരാതേസ്തരി വിലസിതൈരതരണംഗ രംഗൈർ…” (സ്തവമാല)
“എവിടെയാണോ ശ്രീകൃഷ്ണൻ തോണിക്കാരനായി ഗോപികമാരിൽ നിന്ന് യാത്രാക്കൂലി വാങ്ങി നൗകാവിഹാരങ്ങൾ നടത്തുന്നത്, എവിടെയാണോ ഭഗവാനെ വശീകരിക്കുന്ന ഗോപികമാരുടെ പ്രേമം വർദ്ധിക്കുന്നത്, അവിടുത്തെ മാനസീ ഗംഗയുടെ തിരമാലകൾ ഗോവർദ്ധന ശിലകളെ കഴുകി നിർമ്മലമാക്കുന്നു. അങ്ങനെയുള്ള ഗോവർദ്ധന ഗിരി നമുക്ക് സർവ്വ മംഗളങ്ങളും പ്രദാനം ചെയ്യട്ടെ.”
രാധാകൃഷ്ണന്മാരുടെ നൗകാവിഹാരമെന്ന ഉജ്ജ്വല രസത്തിൻ്റെ സാരത്തെ നിത്യവും ആസ്വദിക്കുന്നവളും, ഗോവർദ്ധനത്തിലെ തിളങ്ങുന്ന ശിലകളെ തൻ്റെ തിരമാലകളാൽ തലോടുന്നവളുമായ ആ പുണ്യവതിയായ മാനസീ ഗംഗ എന്നെ എല്ലാ വിപത്തുകളിൽ നിന്നും സംരക്ഷിക്കട്ടെ. ദിവ്യദമ്പതികളുടെ ലീലാരസം എൻ്റെ സർവ്വസ്വവുമായി മാറട്ടെ – ഇതാണ് എൻ്റെ ഹൃദയത്തിലെ ഏക അഭിലാഷം.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
