വൈഷ്ണവ ദാസ ബാബാജി ഇപ്രകാരം അരുളിച്ചെയ്തു:
“ധ്യാനം എന്നത് മനസ്സിന്റെ ഒരു വ്യാപാരമാണ്. മനസ്സ് പൂർണ്ണമായും ആത്മീയമായിത്തീരുന്നത് വരെ ആ ധ്യാനവും ആത്മീയമാവുകയില്ല. ഭക്തിയാൽ പരിപോഷിപ്പിക്കപ്പെട്ട മനസ്സ് ക്രമേണ ശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെയുള്ള നിർമ്മലമായ മനസ്സിലൂടെ അനുഷ്ഠിക്കുന്ന ധ്യാനം നിശ്ചയമായും ആത്മീയമായിരിക്കും.
ഭജനാനന്ദികളായ വൈഷ്ണവർ ശ്രീകൃഷ്ണ ഭഗവാന്റെ തിരുനാമം ജപിക്കുമ്പോൾ, ഭൗതിക ലോകത്തിന് അവരെ സ്പർശിക്കാനാവില്ല. അവർ ആത്മീയ പദവി കൈവരിച്ചവരാണ്. ആത്മീയ ലോകത്തിൽ വസിച്ചുകൊണ്ട് അവർ നിത്യവും ഭഗവാന്റെ ലീലകളെ ധ്യാനിക്കുന്നു. അപ്രകാരം അവർ ആത്മീയ സേവനത്തിൽ പരമാനന്ദം അനുഭവിക്കുന്നു.”
ലഹിരി പ്രാർത്ഥിച്ചു: “ദയവായി എന്നോട് കരുണ കാട്ടി, ആ ആത്മീയ അനുഭവം എനിക്കും പകർന്നു നൽകിയാലും.”
ബാബാജി മറുപടി നൽകി: “നീ ഭൗതികമായ എല്ലാ സംശയങ്ങളെയും മനോധർമ്മങ്ങളെയും പൂർണ്ണമായും ഉപേക്ഷിച്ച്, സദാസമയവും തിരുനാമത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ ആ ആത്മീയ അനുഭവം അതിവേഗം നിന്നിൽ ഉദയം ചെയ്യും. നീ എത്രത്തോളം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നുവോ, അത്രത്തോളം നിന്റെ മനസ്സ് ഭൗതിക ബന്ധനങ്ങളാൽ തളയ്ക്കപ്പെടും.
എന്നാൽ, നീ തിരുനാമ സങ്കീർത്തനത്തിൽ എത്രത്തോളം രുചി വളർത്തിയെടുക്കുന്നുവോ, അത്രത്തോളം ഭൗതിക ബന്ധനങ്ങൾ അയയുകയും ആത്മീയ ലോകം നിന്റെ ഹൃദയത്തിൽ തെളിഞ്ഞു വരികയും ചെയ്യും.”
-ഭക്തിവിനോദ ഠാക്കൂറിന്റെ ജൈവ ധർമ്മ എന്ന ഗ്രന്ഥത്തിൽ നിന്നും
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆