മന്മനാ ഭവ മദ്ഭക്തോ മദ്യാജി മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവമാത്മാനം മത്പരായണഃ
വിവർത്തനം
എന്നിൽ മനസ്സുറപ്പിക്കുക; ഭക്തനാവുക; എന്നെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുക. എന്നിൽത്തന്നെ പൂർണമായി മുഴുകിയിരിക്കുന്നതു കൊണ്ട് നീ തീർച്ചയായും എന്നെ പ്രാപിക്കും.
ഭാവാർഥം
മലിനമായ ഈ ഭൗതികലോകത്തിൻറെ കെട്ടുപാടുകളിൽനിന്ന് മുക്തനാവാൻ കൃഷ്ണാവബോധമല്ലാതെ മറ്റുപായങ്ങളില്ലെന്ന് ഈ ശ്ലോകം ഊന്നിപ്പറയുന്നു. ചില തത്ത്വദീക്ഷയില്ലാത്ത ഭാഷ്യകാരൻമാർ വ്യക്തമായ ഈ അർഥത്തെ വളച്ചൊടിക്കാൻ ശ്രമിച്ചിട്ടുണ്ട്. സർവസേവനങ്ങളും ഭക്തിപൂർവം ഭഗവാൻ കൃഷ്ണന്നർപ്പിക്കേണ്ടതാണെന്നാണ് ഈ പദ്യത്തിൻറെ സാരം. നിർഭാഗ്യവശാൽ മേൽപ്പറഞ്ഞ കൂട്ടർ തീരെ അപ്രായോഗികമായ വഴിക്കാണ് വായനക്കാരുടെ ശ്രദ്ധയെ തിരിച്ചുവിടുന്നത്. കൃഷ്ണനും കൃഷ്ണൻറെ മനസ്സിനും തമ്മിൽ വ്യത്യാസമില്ലെന്ന് ഇവർക്കറിഞ്ഞുകൂടാ. വെറുമൊരു മനുഷ്യനല്ല കൃഷ്ണൻ; പരമസത്യമാണ്. അദ്ദേഹത്തിൻറെ ശരീരവും മനസ്സും ആത്മാവും ഒന്നാണ്. നിരപേക്ഷനാണ് കൃഷ്ണൻ. ചൈതന്യചരിതാമൃതത്തിന് എഴുതിയ അനുഭാഷ്യം എന്ന ടിപ്പണിയിൽ (ആദ്യലീല 3-41.48) ശ്രീലഭക്തിസിദ്ധാന്തസരസ്വതി കൂർമപുരാണത്തിൽ നിന്ന് ഒരു വാക്യം ഉദ്ധരിച്ചിട്ടുണ്ട്. ദേഹദേഹി വിഭേദോയം നേശ്വരേ വിദ്യതേ ക്വചിത്. ഈശ്വരനായ കൃഷ്ണനിൽ ദേഹം, ദേഹി എന്നിങ്ങനെ ഭേദങ്ങളില്ല എന്നർഥം. എന്നാൽ കൃഷ്ണനെക്കുറിച്ചുള്ള ഈ ശാസ്ത്രം സാധാരണ ഭാഷ്യകാരൻമാർക്കറിയില്ല. അവർ കൃഷ്ണനെ ഒളിപ്പിക്കയാണ്; ഭഗവാന്റെ വ്യക്തിത്വത്തെ അദ്ദേഹത്തിൻറെ ശരീരത്തിൽ നിന്നോ മനസ്സിൽ നിന്നോ വിഭജിക്കുകയാണ്. കൃഷ്ണനെക്കുറിച്ചുള്ള പൂർണമായ അജ്ഞതയാണിതെങ്കിലും ജനങ്ങളെ ഇങ്ങനെ വഴിതെറ്റിക്കുന്നതിലൂടെ ചിലർ മുതലെടുക്കുന്നു.
ആസുരസ്വഭാവികളായ ചിലരുണ്ട്. അവരും കൃഷ്ണനെപ്പറ്റി ചിന്തിക്കുന്നു. കൃഷ്ണൻറെ മാതുലനായ കംസൻ ചെയ്തിരിക്കുന്നതുപോലെ ഈർഷ്യയോടെ, കംസൻ വൈരിയെന്ന നിലയിലാണെങ്കിലും കൃഷ്ണനെ സദാ ഓർമ്മിച്ചുപോന്നു. എപ്പോഴാണോ കൃഷ്ണൻ തന്നെ കൊല്ലാൻ വരുന്നതെന്ന് ഭയാക്രാന്തനായിരുന്നു ആ രാജാവ്. അങ്ങനെയുള്ള സ്മരണ നമ്മെ സഹായിക്കില്ല. പ്രേമഭക്തിപുരസ്സരമാവണം കൃഷ്ണനെ സ്മരിക്കുന്നത്. അതാണ് ഭക്തി. കൃഷ്ണാവബോധം വളർത്തിയെടുക്കേണ്ടതാണ്. എങ്ങനെയാണ് വളർത്തിയെടുക്കേണ്ടത്? അത് കൃഷ്ണനെക്കുറിച്ചുള്ള അറിവ് നിരന്തരം വിശ്വസ്തനായ ഗുരുവിൽനിന്ന് പഠിക്കണം. പരമപുരുഷനാണ് കൃഷ്ണൻ. അദ്ദേഹത്തിന്റെ ശരീരം ഭൗതികമല്ല, സച്ചിദാനന്ദമയമാണെന്ന് പല തവണ നാം പറഞ്ഞിട്ടുണ്ട്. കൃഷ്ണനെക്കുറിച്ചുള്ള ഇത്തരം സംഭാഷണങ്ങൾ ഒരാളിൽ ഭക്തിയുളവാക്കാൻ സഹായിക്കും. എന്നാൽ ശരിയായ സ്രോതസ്സിൽനിന്നല്ലാതെ കൃഷ്ണനെ മനസ്സിലാക്കുന്നത് നിഷ്ഫലമാണ്.
അതിനാൽ ഭക്തൻ കൃഷ്ണൻ്റെ ആദിമവും ശാശ്വതവുമായ രൂപത്തിൽ മനസ്സുറപ്പിക്കണം. കൃഷ്ണൻറെ പരമപ്രഭാവത്തിൽ ദൃഢവിശ്വാസത്തോടെ സേവനകർമങ്ങളിലേർപ്പെടണം. കൃഷ്ണാരാധനക്കുതകുന്ന ക്ഷേത്രങ്ങൾ ഇന്ത്യയിൽ നൂറായിരക്കണക്കിനുണ്ട്. അവിടെയെല്ലാം ഭക്തിസേവനവും നടക്കുന്നു. അത്തരം സന്ദർഭങ്ങളിൽ കൃഷ്ണന് പ്രണാമം അർപ്പിക്കണം. വിഗ്രഹത്തിനു മുന്നിൽ തലകുനിക്കുകയും തൻ്റെ ശരീരത്തേയും മനസ്സിനേയും കർമങ്ങളേയുമെല്ലാം കൃഷ്ണാർപ്പണമായിത്തീർക്കുകയും വേണം. അങ്ങനെ വ്യതിചലിക്കാത്തവിധം കൃഷ്ണനിൽ സ്വയം മുഴുകിയിരിക്കാൻ കഴിയും. ഇത് കൃഷ്ണലോകപ്രാപ്തിക്ക് സഹായിക്കും. തത്ത്വദീക്ഷയില്ലാത്ത ഭാഷ്യകാരൻമാരെ പിന്തുടർന്ന് വഴിതെറ്റിപ്പോകരുത്. കൃഷ്ണകഥകളുടെ ശ്രവണം, കീർത്തനം മുതലായ ഒൻപതു പ്രക്രിയകളിലേർപ്പെടണം. ഭക്തിഭരിതമായ ഭഗവത്സേവനമാണ് മനുഷ്യവർഗത്തിന്റെ അത്യുൽകൃഷ്ടമായ നേട്ടം.
ഗവേഷണപരമായ ജ്ഞാനം, അഷ്ടാംഗയോഗം, കാമ്യകർമങ്ങൾ എന്നിവയിൽനിന്ന് മുക്തമായ ശുദ്ധഭക്തിസേവനത്തേയാണ് ഏഴും എട്ടും അധ്യായങ്ങളിൽ വിവരിച്ചിട്ടുള്ളത്. തികച്ചും പരിശുദ്ധി നേടാത്തവർ നിരാകാരബ്രഹ്മജ്യോതിസ്സിലും സ്ഥാനീയപരമാത്മാവിലും ആകൃഷ്ടരായിപ്പോകുന്നു. എന്നാൽ ശുദ്ധഭക്തൻ നേരിട്ട് ഭഗവാനെ സേവിക്കുന്നു.
കൃഷ്ണനെപ്പറ്റി സുന്ദരമായൊരു കവിതയുണ്ട്. ദേവാരാധകരെല്ലാം മൂഢൻമാരാണെന്നും അവർക്കൊരിക്കലും കൃഷ്ണൻറതായ അത്യുൽകൃഷ്ടോപഹാരം നേടാനാവില്ലെന്നും അതിൽ വ്യക്തമാക്കുന്നു. ആരംഭത്തിൽ ചിലപ്പോൾ ഒരു ഭക്തൻ ഉന്നത നിലവാരത്തിൽ നിന്ന് താഴെ വീണേക്കാം. എങ്കിലും ആ നിലയിലും എല്ലാ തത്ത്വചിന്തകരേക്കാളും യോഗികളേക്കാളും ഉൽകൃഷ്ടനാണയാൾ. എപ്പോഴും കൃഷ്ണാവബോധത്തിൽ മുഴുകി ജീവിക്കുന്ന ഒരാളെ ശരിയായ സാധുവായിത്തന്നെ കരുതണം. ഭക്തനു ചേരാത്ത പ്രക്രിയകൾ യാദൃശ്ചികമായി അയാൾ ചെയ്യുന്നുണ്ടെങ്കിൽപ്പോലും ക്രമേണ അത്തരം പിഴകൾ ചുരുങ്ങിവരും; സംശയമെന്യേ ഭക്തൻ തികച്ചും പൂർണതനേടുകയും ചെയ്യും. വാസ്തവത്തിൽ തികവുറ്റ ഭക്തന് വീഴ്ച പറ്റുന്നതെളുപ്പമല്ല. ഭഗവാൻ സ്വയം തന്റെ ഭക്തൻമാരെ കാക്കുന്നുണ്ടല്ലോ. ബുദ്ധിമാനായ മനുഷ്യൻ നേരെ കൃഷ്ണാവബോധപ്രക്രിയയിലേർപ്പെടുകയാണു വേണ്ടത്. അങ്ങനെ ചെയ്താൽ ഈ ഭൗതികലോകത്തിലും അയാൾക്ക് സന്തുഷ്ടനായി ജീവിക്കാം. അവസാനം കൃഷ്ണൻറെ ഉൽകൃഷ്ടോപഹാരം നേടുകയുമാവാം.

സംഗ്രഹം
സംഗ്രഹം
കൃഷ്ണാവബോധത്തിന്റെ പ്രാധാന്യം: ഭൗതികലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മുക്തി നേടാൻ കൃഷ്ണാവബോധമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. മനസ്സ് ഭഗവാനിൽ ഉറപ്പിക്കുകയും, അവിടുത്തെ ഭക്തനാവുകയും, ആരാധനയും പ്രണാമവും അർപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരാൾക്ക് തീർച്ചയായും കൃഷ്ണനെ പ്രാപിക്കാം.
ഭഗവാനും ശരീരവും തമ്മിലുള്ള അഭേദം: കൃഷ്ണനും കൃഷ്ണന്റെ മനസ്സും ശരീരവും തമ്മിൽ വ്യത്യാസമില്ല. ‘ദേഹദേഹി വിഭേദോയം നേശ്വരേ വിദ്യതേ ക്വചിത്’ എന്ന പ്രമാണമനുസരിച്ച് ഈശ്വരനിൽ ദേഹമെന്നും ദേഹിയെന്നും വിഭജനമില്ല. അവിടുന്ന് നിരപേക്ഷനും സച്ചിദാനന്ദമയനുമായ പരമസത്യമാണ്.
വ്യാഖ്യാതാക്കളുടെ തെറ്റായ പ്രവണത: തത്ത്വദീക്ഷയില്ലാത്ത ഭാഷ്യകാരന്മാർ കൃഷ്ണനെയും അവിടുത്തെ മനസ്സിനെയും വിഭജിച്ചുകാട്ടി വായനക്കാരെ വഴിതെറ്റിക്കുന്നു. കൃഷ്ണനെ വെറുമൊരു മനുഷ്യനായി കാണുന്ന ഇത്തരം അജ്ഞതാനിറഞ്ഞ വ്യാഖ്യാനങ്ങൾ ഒഴിവാക്കേണ്ടതാണ്.
പ്രേമഭക്തിയും സ്മരണയും: ഭയം കൊണ്ടോ വിദ്വേഷം കൊണ്ടോ ഉള്ള സ്മരണ (ഉദാഹരണത്തിന് കംസൻ) ഭക്തിയല്ല. കൃഷ്ണനെക്കുറിച്ചുള്ള സ്മരണ പ്രേമഭക്തിപുരസ്സരമായിരിക്കണം. വിശ്വസ്തനായ ഒരു ഗുരുവിലൂടെ മാത്രമേ ഈ കൃഷ്ണാവബോധം വളർത്തിയെടുക്കാൻ സാധിക്കൂ.
ആരാധനാക്രമം: ഭക്തൻ കൃഷ്ണന്റെ ആദിമവും ശാശ്വതവുമായ രൂപത്തിൽ മനസ്സ് ഉറപ്പിക്കണം. ക്ഷേത്രങ്ങളിൽ വിഗ്രഹത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുകയും തന്റെ ശരീരം, മനസ്സ്, കർമ്മം എന്നിവ ഭഗവാന് സമർപ്പിക്കുകയും വേണം.
നവവിധ ഭക്തി: തത്ത്വജ്ഞാനമില്ലാത്തവരുടെ പിന്നാലെ പോകാതെ, ശ്രവണം, കീർത്തനം തുടങ്ങിയ ഒൻപത് ഭക്തി പ്രക്രിയകളിൽ ഏർപ്പെടണം. ഇതാണ് മനുഷ്യവർഗ്ഗത്തിന് നേടാവുന്ന ഏറ്റവും വലിയ നേട്ടം.
ശുദ്ധഭക്തിയുടെ ഔന്നത്യം: ഗവേഷണപരമായ ജ്ഞാനം, അഷ്ടാംഗയോഗം, കാമ്യകർമ്മങ്ങൾ എന്നിവയേക്കാൾ ഉപരിയാണ് ശുദ്ധഭക്തി. നിരാകാരബ്രഹ്മത്തിലും പരമാത്മാവിലും ആകൃഷ്ടരാകാതെ ശുദ്ധഭക്തൻ നേരിട്ട് ഭഗവാനെ സേവിക്കുന്നു.
ഭക്തന്റെ സുരക്ഷിതത്വം: ഭക്തിയുടെ ആരംഭത്തിൽ ചിലപ്പോൾ വീഴ്ചകൾ സംഭവിച്ചേക്കാമെങ്കിലും, കൃഷ്ണാവബോധമുള്ള ഒരാൾ മറ്റെല്ലാ യോഗികളേക്കാളും ഉൽകൃഷ്ടനാണ്. ഭഗവാൻ തന്റെ ഭക്തനെ കാത്തുരക്ഷിക്കുന്നതിനാൽ ക്രമേണ അയാൾ പൂർണ്ണത കൈവരിക്കുന്നു.
അന്തിമ ലക്ഷ്യം: ബുദ്ധിമാനായ മനുഷ്യൻ നേരിട്ട് കൃഷ്ണാവബോധത്തിൽ ഏർപ്പെടണം. ഇതുവഴി ഭൗതികലോകത്ത് സന്തുഷ്ടനായി ജീവിക്കാനും ഒടുവിൽ ഭഗവാന്റെ പരമപദം പ്രാപിക്കാനും സാധിക്കും.
( ഭഗവദ് ഗീതാ യഥാരൂപം / 9.34 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
