ശ്രീ കൃഷ്ണ ഗുണാമൃതം
ശ്രീമദ് ഭാഗവതം പത്താം സ്കന്ധത്തിൽ നിന്നുള്ള പരാമർശങ്ങൾ
നമോ ഗുണപ്രദീപായ ഗുണാത്മച്ഛാദനായ ച
ഗുണവൃത്തപലക്ഷ്യായ ഗുണദ്രഷ്ട്രേ സ്വസംവിദേ
വിവർത്തനം
വിവിധങ്ങളായ ഭൗതിക, ആത്മീയ ഗുണങ്ങളെ പ്രകാശിപ്പിക്കുന്ന നിന്തിരുവടിക്ക് പ്രണാമം. ഭൗതികഗുണങ്ങളാൽ അങ്ങ് അങ്ങയെ മറയ്ക്കുന്നു. എന്നാലും അതേ ഭൗതികഗുണങ്ങളുടെ പ്രവർത്തനം മൂലം അവസാനം അങ്ങ് നിലനിൽക്കുന്നത് പ്രകടമാകുന്നു. ഗുണങ്ങളുടെ സാക്ഷിയായി പക്ഷെ വേറിട്ട് അങ്ങ് നിൽക്കുന്നു. അങ്ങയുടെ ഭക്തന്മാർക്കു മാത്രമേ അങ്ങയെ പൂർണ്ണമായി അറിയാൻ കഴിയുകയുള്ളൂ.
ഭാവാർത്ഥം
ഗുണമെന്ന വാക്ക് അനേകം അർത്ഥതലങ്ങളിലേയ്ക്കു നമ്മെ നയിക്കുന്ന ഒന്നാണ്. സത്വരജസ്തമസ്സുകളാകുന്ന ഭൗതികപ്രകൃതിയുടെ അടിസ്ഥാന ഗുണങ്ങൾ എന്ന് ഒരർത്ഥം. ഭക്തിയും ആത്മീയതയും കൊണ്ട് ഒരാൾ കാട്ടുന്ന നന്മയെയും അത് സൂചിപ്പിക്കും. അല്ലെങ്കിൽ മനസ്സും ബുദ്ധിയും പോലുള്ള ആന്തരിക ഇന്ദ്രിയങ്ങളെക്കുറിച്ചുമാകാം. പ്രദീപായ എന്ന വാക്കിനർത്ഥം പ്രകാശിപ്പിക്കുന്നവൻ അഥവാ പ്രകാശിതമാകുന്നവൻ എന്നാണ്. അങ്ങനെ വരുമ്പോൾ ഭഗവാനെ നാഗപത്നിമാർ, ജീവാത്മാക്കൾക്ക് ബോധം ലഭിക്കാനായി എല്ലാ ഭൗതികവും ആത്മീയവുമായ എല്ലാ ഗുണങ്ങളെയും പ്രകാശിപ്പിക്കുന്നവൻ എന്നു സംബോധന ചെയ്യുന്നുവെന്ന് മനസ്സിലാക്കാം.
ഭൗതികപ്രകൃതിയുടെ മറവിന് പിന്നിലേക്ക് പോകുന്നവന് ഭഗവാനെ കാണാനാവുമെന്നതിനാൽ അദ്ദേഹത്തെ ഗുണാത്മച്ഛാദനായ എന്നു വിളിക്കുന്നു. ഭൗതികഗുണങ്ങൾ പ്രവർത്തിക്കുന്ന വിധം ബുദ്ധിപൂർവ്വം ചിട്ടയോടെ നിരീക്ഷിച്ചു പഠിച്ചാൽ പരമപുരുഷനായ ഒരു ഭഗവാനുണ്ടെന്നും അദ്ദേഹത്തിൽ ശരണാഗതിയടയാത്തവരെ ഭ്രമിപ്പിക്കാൻ അദ്ദേഹം തന്റെ മായാശക്തി ഉപയോഗിക്കുന്നുവെന്നുമുള്ള അന്തിമ നിഗമനത്തിൽ തന്നെയാണ് നാമെത്തിച്ചേരുക.
ഭൗതികഗുണങ്ങളുടെ സാക്ഷിയാകയാൽ ഭഗവാനെ അവ ബാധിക്കുന്നില്ല. അതിനാലദ്ദേഹത്തെ ഗുണദ്രഷ്ടാ എന്നു വിളിക്കുന്നു. സ്വ എന്നാൽ സ്വന്തമെന്നർത്ഥം. ഭഗവാന്റെ സ്വന്തം ആൾക്കാരായ ഭക്തന്മാർക്കു മാത്രമേ അദ്ദേഹത്തെ അറിയാനാവൂ എന്നു വെളിവാക്കുന്നു സ്വസംവിദേ എന്ന പദം. അദ്ദേഹത്തെ പൂർണ്ണമായി അറിയാൻ അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്നും ആ വാക്ക് സൂചിപ്പിക്കുന്നു. അതിനാൽ നാം ഭഗവദ്ഗീതയിൽ കൂടി നമുക്കു ലഭിച്ചിരിക്കുന്ന ഭഗവാന്റെ നിർദ്ദേശങ്ങൾ കൈക്കൊള്ളുകയും ഭഗവാന്റെ തൃപ്പാദങ്ങളിൽ പൂർണ്ണശരണാഗതിയടയുകയെന്ന ശരിയായ തീരുമാനത്തിലെത്തുകയും വേണം. നാഗപത്നിമാരുടെ ഉദാഹരണം പിന്തുടർന്ന് വിനയപൂർവ്വം നാം ഭഗവാനെ വാഴ്ത്തണം.
( ശ്രീമദ് ഭാഗവതം 10-16-46 )

സംഗ്രഹം
ഗുണങ്ങളുടെ പ്രകാശം: സത്വരജസ്തമസ്സുകളാകുന്ന ഭൗതിക ഗുണങ്ങളെയും ആത്മീയ ഗുണങ്ങളെയും ഒരുപോലെ പ്രകാശിപ്പിക്കുന്നവനാണ് ഭഗവാൻ. ജീവാത്മാക്കൾക്ക് ബോധം ലഭിക്കുന്നത് ഭഗവാൻ ഈ ഗുണങ്ങളെ വെളിപ്പെടുത്തുന്നതിലൂടെയാണ്.
ഗുണങ്ങളാൽ മറയ്ക്കപ്പെട്ടവൻ: ഭൗതിക പ്രകൃതിയുടെ ഗുണങ്ങൾ കൊണ്ട് ഭഗവാൻ സ്വയം മറഞ്ഞുനിൽക്കുന്നു. എങ്കിലും ഈ ഭൗതിക ഗുണങ്ങളുടെ ചിട്ടയായ പ്രവർത്തനം നിരീക്ഷിക്കുന്ന ഒരാൾക്ക് ഇതിനു പിന്നിൽ ഒരു പരമപുരുഷൻ ഉണ്ടെന്ന നിഗമനത്തിൽ എത്താൻ സാധിക്കും.
മായാശക്തിയുടെ സ്വാധീനം: ഭഗവാനിൽ ശരണാഗതി പ്രാപിക്കാത്തവരെ ഭ്രമിപ്പിക്കാനായി അവിടുന്ന് തന്റെ മായാശക്തിയെ ഉപയോഗിക്കുന്നു.
ഗുണദ്രഷ്ടാവ് (സാക്ഷി): ഭൗതിക ഗുണങ്ങളുടെ സാക്ഷിയാണെങ്കിലും ഭഗവാൻ അവയിൽ നിന്നും വേറിട്ടുനിൽക്കുന്നു. ഭൗതിക ഗുണങ്ങൾ ഭഗവാനെ ഒട്ടും ബാധിക്കുന്നില്ല.
ഭക്തർക്ക് മാത്രമുള്ള അറിവ്: ‘സ്വസംവിദേ’ എന്ന പദം സൂചിപ്പിക്കുന്നത് ഭഗവാന്റെ സ്വന്തം ആൾക്കാരായ ഭക്തന്മാർക്ക് മാത്രമേ അവിടുത്തെ പൂർണ്ണമായി അറിയാൻ കഴിയൂ എന്നാണ്. ഭഗവാന് മാത്രമേ തന്നെക്കുറിച്ച് പൂർണ്ണമായ ബോധമുള്ളൂ എന്നും ഇത് അർത്ഥമാക്കുന്നു.
ശരണാഗതിയുടെ പ്രാധാന്യം: ഭഗവദ്ഗീതയിലൂടെ ലഭിച്ചിട്ടുള്ള ഭഗവാന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും അവിടുത്തെ തൃപ്പാദങ്ങളിൽ പൂർണ്ണമായി ശരണാഗതിയടയുകയുമാണ് വേണ്ടത്.
വിനയപൂർവ്വമായ സ്തുതി: നാഗപത്നിമാരുടെ ഉദാഹരണം പിന്തുടർന്ന് വിനയത്തോടെ ഭഗവാനെ വാഴ്ത്തുകയും അവിടുത്തെ മുൻപിൽ വിനീതരാവുകയും ചെയ്യേണ്ടതാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
