ശ്രീ കൃഷ്ണ ഗുണാമൃതം
ശ്രീമദ് ഭാഗവതം പത്താം സ്കന്ധത്തിൽ നിന്നുള്ള പരാമർശങ്ങൾ
ത്വമകരണഃ സ്വരാഡഖിലകാരകശക്തിധര-
സ്തവ ബലിമുദ്വഹന്തി സമദന്ത്യജയാനിമിഷാഃ
വർഷഭുജോf ഖിലക്ഷിതിപതേരിവ വിശ്വസ്യജോ
വിദധതി യത്ര യേ താധികൃതാ ഭവതശ്ചകിതാഃ
വിവർത്തനം
ഭൗതികമായ ഇന്ദ്രിയങ്ങളുള്ളവനല്ലെങ്കിലും അങ്ങ് ഏവരുടെയും ഇന്ദ്രിയശക്തികളുടെ സ്വയം പ്രകാശിക്കുന്ന അധിപനാണ്. ദേവന്മാരും ഭൗതിക പ്രകൃതിയും അങ്ങേക്ക് ഭോഗോപഹാരങ്ങൾ അർപ്പിക്കുകയും അതേ സമയം തങ്ങളുടെ ആരാധകർ അർപ്പിക്കുന്നവ ആസ്വദിക്കുകയും ചെയ്യുന്നു. സാർവഭൗമനായ ചക്രവർത്തിക്ക് കപ്പം കൊടുക്കുകയും അതേ സമയം തങ്ങളുടെ പ്രജകളുടെ പക്കൽ നിന്ന് ലഭിക്കുന്ന കാഴ്ചദ്രവ്യങ്ങൾ ഭുജിക്കുകയും ചെയ്യുന്ന സാമന്തരാജാക്കന്മാരെപ്പോലെയാണിവർ. ഇങ്ങിനെ പ്രപഞ്ചസൃഷ്ടികർത്താക്കൾ അങ്ങയെ ഭയന്ന്, അവരെയേൽപ്പിച്ചതായ സേവനങ്ങൾ വിശ്വസ്തതയോടെ നിർവഹിക്കുന്നു.
ഭാവാർത്ഥം
ബുദ്ധിയുള്ള എല്ലാ ജീവജാലങ്ങളും ഭഗവാൻ്റെ സർവാധികാരത്തെ തിരിച്ചറിഞ്ഞ് സ്വീകരിക്കുകയും സ്വമനസാ അദ്ദേഹത്തിന്റെ ഭക്തിയുതസേവനത്തിലേർപ്പെടുകയും വേണം. വേദമൂർത്തികളുടെയെല്ലാം സർവസമ്മതമായ തീരുമാനമാണിത്. പക്ഷേ ഈ പ്രാർത്ഥനകൾ ശ്രവിച്ച ഭഗവാൻ നാരായണൻ സ്വാഭാവികമായും ഇങ്ങനെ ചോദിച്ചിട്ടുണ്ടാവണം. “ഇന്ദ്രിയങ്ങളും അവയവങ്ങളുമുള്ള ഒരു ശാരീരികരൂപം എനിക്കുമുള്ളതിനാൽ ഞാനും മറ്റൊരു കർത്താവും ഭോക്താവുമല്ലേ? പ്രത്യേകിച്ചും ഏവരുടെയും ഹൃദയത്തിൽ കുടികൊള്ളുന്ന പരമാത്മാവെന്ന നിലയിൽ ഞാൻ എണ്ണമറ്റ ഇന്ദ്രിയങ്ങളുടെയും അവയവങ്ങളുടെയും മേൽനോട്ടം വഹിക്കുന്നു. അപ്പോൾപിന്നെ ഏവരുടെയും ഇന്ദ്രിയതൃപ്തിയുടെ ആകെ തുകയിൽ എനിക്കെന്തുകൊണ്ട് പങ്കില്ല?” സമ്മേളിച്ചിരിക്കുന്ന ശ്രുതികൾ ഒന്നിച്ചെതിർക്കുന്നു. “ഇല്ല അങ്ങേക്ക് ഭൗതികേന്ദ്രിയങ്ങളില്ല. എന്നിട്ടും അങ്ങ് എല്ലാറ്റിന്റെയും പരമനിയന്താവാണ്. ശ്വേതാശ്വതരോപനിഷത്ത് (3.18) അവതരിപ്പിക്കുന്നു.
അപാണിപാദോ ജവനോ ഗ്രഹീതാ
പശ്യത്യച്ഛക്ഷുഃ സശ്യണോത്യകർണ്ണ
സ വേത്തിവേദ്യം ന ചതസ്യാ വേത്താ
തം ആഹുരഗ്ര്യം പുരുഷം പുരാണം
“കൈകാലുകളില്ലെങ്കിലും അദ്ദേഹം അതിവേഗത്തിൽ ഓടുന്നവനും എന്തും ഗ്രഹിക്കുന്നവനുമാണ്. കണ്ണും ചെവിയുമില്ലെങ്കിലും എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു. ആർക്കുമദ്ദേഹത്തെ അറിയില്ലെങ്കിലും അദ്ദേഹം സർവ്വവും അറിയുന്നു. അറിയപ്പെടേണ്ട വസ്തുവും അദ്ദേഹമാണ്. മുനികൾ അദ്ദേഹത്തെ ആദിമനായ പരിവോത്തമപുരുഷനെന്നു വർണിക്കുന്നു.”
ഭൗതികവസ്തുവായ മിഥ്യാഹങ്കാരത്തിൽ നിന്നുണ്ടായവയാണ് സാധാരണ ബദ്ധാത്മാവിൻ്റെ ഇന്ദ്രിയങ്ങളും കൈകാലുകളും. എന്നാൽ പരമദിവ്യോത്തമപുരുഷൻ്റെ കൈകാലുകളും കണ്ണുകളും ചെവികളും ഒന്നും അങ്ങനെയല്ല. അദ്ദേഹത്തിന്റെ തന്നെ അന്തരംഗ പ്രകൃതിയുടെ പ്രത്യക്ഷാവിഷ്കാരങ്ങളാണ് ഭഗവാൻ്റെ അതീന്ദ്രിയമനോഹരങ്ങളായ അവയവങ്ങളും ഇന്ദ്രിയങ്ങളും എല്ലാം. ബദ്ധരായ ജീവാത്മാക്കളുടെ ആത്മാവും ശരീരവും ഭിന്നമായിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി, ഭഗവാന്റെ രൂപവും ഭഗവാനും എല്ലാ അർഥത്തിലും ഒന്നാണ്. മാത്രമല്ല ഭഗവാന്റെ കരാരവിന്ദങ്ങളും പാദാരവിന്ദങ്ങളും പങ്കജനേത്രങ്ങളും മറ്റവയവങ്ങളും കൊണ്ട് ചെയ്യുന്ന പ്രവൃത്തികൾക്ക് പരിമിതികളില്ല. ഭഗവാൻ്റെ ആദിമസൃഷ്ടിയായ ബ്രഹ്മാവ് ഇക്കാര്യത്തിൽ ഭഗവാനെ വാഴ്ത്തുന്നു.
അംഗാനി യസ്യ സകലേന്ദ്രിയവൃത്തിമന്തി
പശ്യന്തി പാന്തി കലയന്തി ചിരം ജഗന്തി
ആനന്ദചിന്മയ സദുജ്ജ്വലവിഗ്രഹസ്യ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
“അത്യുജ്ജ്വലമായി ശോഭിക്കുന്ന സച്ചിദാനന്ദപൂർണമായ അതീന്ദ്രിയ രൂപത്തോടുകൂടിയ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ഭജിക്കുന്നു. ആ അതീന്ദ്രിയ രൂപത്തിൻ്റെ ഓരോ അംഗങ്ങൾക്കും, എല്ലാ അവയവങ്ങളുടെയും പ്രവർത്തനങ്ങൾ പൂർണമായി നിർവഹിക്കാനാകും. അദ്ദേഹം ആത്മീയവും, ഭൗതികവുമായ എണ്ണമറ്റ പ്രപഞ്ചങ്ങളെ ശാശ്വതമായി വീക്ഷിക്കുകയും പരിപാലിക്കുകയും, ആവിഷ്കരിക്കുകയും ചെയ്യുന്നു.”
(ബ്രഹ്മസംഹിത 5.32)
അഖില ശക്തിധര എന്ന പ്രയോഗത്തിന് ശ്രീല വിശ്വനാഥ ചക്രവർത്തി മറ്റൊരു വിശദീകരണം നൽകുന്നു. പരമപുരുഷൻ തന്നിൽ തന്നെ നിലനിർത്തുന്ന ശക്തി അഖിലമാണ്. താണതും നിസ്സാരവുമായ ഖിലമായ എല്ലാറ്റിന്റെയും പരിമിതികളിൽ നിന്നും മുക്തമാണ്. കേനോപനിഷത്തിൽ പറയുന്നതു പോലെ അദ്ദേഹം ജീവാത്മാക്കളുടെ ഇന്ദ്രിയങ്ങൾക്ക് ഊർജ്ജം പകരുന്നു. ശ്രോത്രസ്യ ശ്രോത്രം മനസോ മനോ യദ് വാചോ ഹ വാചം (1.2) അർത്ഥം ഇങ്ങനെയാണ്. “കാതിൻ്റെ കാതും മനസ്സിൻ്റെ മനസ്സും ശബ്ദത്തിന്റെ സംസാരശേഷിയും അദ്ദേഹമാണ്.”
ശ്വേതാശ്വതരോപനിഷത്ത് (6.8) പ്രഖ്യാപിക്കുന്നു.
ന തസ്യ കാര്യം കരണം ച വിദ്യതേ
ന തത് സമശ്ചാഭ്യധികശ്ച ദൃശ്യതേ
പരാസ്യ ശക്തിർ വിവിധൈവ ശ്രൂയതേ
സ്വാഭാവികീ ജ്ഞാനബലക്രിയാ ച
“അദ്ദേഹത്തിന് ഭൗതിക കർമ്മങ്ങളൊന്നും ചെയ്യാനില്ല. അവ ചെയ്യാനുള്ള ഭൗതിക ഇന്ദ്രിയങ്ങളുമില്ല. അദ്ദേഹത്തിനോട് തുല്യനായോ അദ്ദേഹത്തേക്കാൾ ഉന്നതനായോ ആരുമില്ല. ആ ഭഗവാന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിവിധങ്ങളായ – അറിവിൻ്റെയും ബലത്തിന്റെയും ക്രിയയുടെയും – ശക്തികൾ ഉണ്ടെന്ന് വേദങ്ങളിൽ നിന്ന് നാമറിയുന്നു.”
മർത്ത്യരെ ഭരിക്കുന്നവരായ ഇന്ദ്രനും മറ്റു ദേവന്മാരും അവരുടെ ഉന്നത അധികാരികളായ ബ്രഹ്മാവും ബ്രഹ്മപുത്രന്മാരായ പ്രജാപതികളുമെല്ലാം ഭഗവാന്റെ ദാസന്മാരാണ്. ഈ ശ്രേഷ്ഠദേവന്മാരും മഹർഷിമാരും എല്ലാം പ്രപഞ്ചകാര്യങ്ങൾ നിർവഹിക്കുക, മനുഷ്യരാശിക്ക് ധർമികമായി വഴികാട്ടുക തുടങ്ങിയ അവരവരുടെ സേവനങ്ങൾ നിർവഹിച്ചുകൊണ്ട് ഭഗവാനെ ആരാധിക്കുന്നു.
പ്രപഞ്ചത്തിന്റെ ശക്തരായ നിയന്താക്കൾ പരമനിയന്താവായ ശ്രീവിഷ്ണുവിന്റെ പക്കൽ ഭയാദരങ്ങളോടെ സമർപ്പിതരാകുന്നു. തൈത്തിരീയ ഉപനിഷത്ത് (2.8.1) പ്രസ്താവിക്കുന്നു.
ഭീഷാസ്മാദ് വാതഃ പവതേ
ഭീഷാദേതി സൂര്യഃ
ഭീഷാസ്മാദ് അഗ്നിശ്ചന്ദ്രശ്ച
മൃത്യുർ ധാവതി പഞ്ചമഃ
“അദ്ദേഹത്തെ ഭയന്ന് കാറ്റു വീശുന്നു. സൂര്യൻ അദ്ദേഹത്തെ ഭയന്ന് സഞ്ചരിക്കുന്നു; അഗ്നിയും ഇന്ദ്രനും താന്താങ്ങളുടെ കർമങ്ങൾ നിർവഹിക്കുന്നു. അവരിൽ അഞ്ചാമനായ മൃത്യുവും അദ്ദേഹത്തെ ഭയന്ന് ഒപ്പം ഓടുന്നു.”
ശ്രീല ശ്രീധര സ്വാമി പ്രാർത്ഥിക്കുന്നു;
അനിന്ദ്രിയോfപി ദേവഃ
സർവകാരകശക്തിധ്യക്
സർവജ്ഞഃ സർവകർത്താ ച
സർവസേവ്യം നമാമി തം
“ഭഗവാന് ഭൗതികേന്ദ്രിയങ്ങളില്ല. എന്നിട്ടും എല്ലാ ജീവജാലങ്ങളുടെയും എല്ലാ ഇന്ദ്രിയാധിഷ്ഠിത കർമങ്ങളെയും അദ്ദേഹം നിയന്ത്രിക്കുന്നു. എല്ലാമറിയുന്നവനും എല്ലാ പ്രവൃത്തികളുടെയും ആത്യന്തിക കർത്താവും എല്ലാവരുടെയും ഭക്തിയുത സേവനത്തിൻ്റെ ഉചിതമായ പാത്രവും അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തെ വണങ്ങുന്നു.”
( ശ്രീമദ് ഭാഗവതം 10-87-28 )

ഭഗവാൻ ശ്രീകൃഷ്ണൻ ഭൗതികമായ ഇന്ദ്രിയങ്ങളില്ലാത്തവനാണെങ്കിലും സർവ്വ ചരാചരങ്ങളുടെയും ഇന്ദ്രിയശക്തികളുടെ പ്രഭുവും സ്വയം പ്രകാശിക്കുന്നവനുമാണെന്ന് വേദമൂർത്തികൾ (ശ്രുതികൾ) സ്തുതിക്കുന്നു. സമസ്ത ലോകപാലകരും പ്രപഞ്ചസൃഷ്ടികർത്താക്കളും ആദിപുരുഷനായ ഭഗവാൻ ഹരിയെ ഭയഭക്തിബഹുമാനങ്ങളോടെ ആരാധിക്കുകയും, അദ്ദേഹത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് തങ്ങളുടെ കടമകൾ വിശ്വസ്തതയോടെ നിർവ്വഹിക്കുകയും ചെയ്യുന്നു എന്ന പരമ സത്യമാണ് ഈ ഭാഗം വ്യക്തമാക്കുന്നത്.
ശ്ലോക സന്ദർഭം
ഈ ഭാഗത്ത് വേദമൂർത്തികൾ ഒത്തുചേർന്ന് ഭഗവാൻ ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്നു. ഏവരുടെയും ഹൃദയത്തിൽ കുടികൊള്ളുന്ന പരമാത്മാവെന്ന നിലയിൽ, ഭൗതികമായ അവയവങ്ങൾ തനിക്കുണ്ടോ എന്നും മറ്റുള്ളവരുടെ ഇന്ദ്രിയഭോഗങ്ങളിൽ തനിക്ക് പങ്കുണ്ടോ എന്നും ഭഗവാൻ നാരായണൻ ചോദിച്ചേക്കാം എന്ന മുൻധാരണയോടെ ശ്രുതികൾ ഇതിന് മറുപടി നൽകുന്നു. ഭഗവാന്റെ രൂപം അതീന്ദ്രിയമാണെന്നും, ഭൗതിക പ്രകൃതിയുടെ നിയന്താവായ അദ്ദേഹം സർവ്വാരാധ്യനാണെന്നും വിവരിച്ചുകൊണ്ട് ശ്രുതികൾ ഭഗവാന്റെ അപ്രമേയമായ വൈഭവങ്ങളെ വാഴ്ത്തുന്നു.
വിഷയം
അതീന്ദ്രിയ സ്വരൂപം: ഭഗവാൻ ശ്രീകൃഷ്ണന് ബദ്ധാത്മാക്കളെപ്പോലെ മിഥ്യാഹങ്കാരത്തിൽ നിന്നുണ്ടായ ഭൗതികേന്ദ്രിയങ്ങളില്ല. എന്നാൽ അവിടുത്തെ സച്ചിദാനന്ദ വിഗ്രഹത്തിലെ ഓരോ അംഗത്തിനും എല്ലാ ഇന്ദ്രിയങ്ങളുടെയും ധർമ്മം നിർവ്വഹിക്കാൻ ശേഷിയുണ്ട്.
സർവ്വകാരകശക്തിധരൻ: ഭഗവാൻ കൈകാലുകളില്ലാതെ തന്നെ എല്ലാം ഗ്രഹിക്കുന്നവനും അതിവേഗത്തിൽ സഞ്ചരിക്കുന്നവനുമാണ്. കണ്ണും ചെവിയുമില്ലാതെ തന്നെ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന അവിടുന്ന് സർവ്വജ്ഞനാണ്.
ദേവന്മാരുടെ സേവനം: ബ്രഹ്മദേവൻ, ഇന്ദ്രൻ തുടങ്ങിയ ദേവന്മാരും പ്രജാപതികളും ഭഗവാൻ വിഷ്ണുവിന്റെ ദാസന്മാരാണ്. സാമന്തരാജാക്കന്മാർ ചക്രവർത്തിക്ക് കപ്പം കൊടുക്കുന്നതുപോലെ, ഇവർ തങ്ങൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ ഭഗവാന് സമർപ്പിക്കുന്നു.
ഭഗവദ് ഭയം: കാറ്റ് വീശുന്നതും, സൂര്യൻ ഉദിക്കുന്നതും, അഗ്നിയും മൃത്യുവും തങ്ങളുടെ ധർമ്മങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നതും പരമപുരുഷനായ ഭഗവാനോടുള്ള ഭയഭക്തി കാരണമാണ്.
ശക്തികളുടെ ഉറവിടം: ഭഗവാന്റെ ശക്തികൾ സ്വാഭാവികവും വൈവിധ്യവുമാണ്. അവിടുന്ന് ജീവാത്മാക്കളുടെ മനസ്സിനും ഇന്ദ്രിയങ്ങൾക്കും പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്ന ‘കാതിന്റെ കാതും മനസ്സിന്റെ മനസ്സു’മാണ്.
അനന്തമായ കഴിവുകൾ: ബ്രഹ്മസംഹിതയിൽ വിവരിക്കുന്നതുപോലെ, ഭഗവാൻ ഗോവിന്ദന്റെ ദിവ്യശരീരത്തിലെ ഓരോ അവയവവും പ്രപഞ്ചങ്ങളെ വീക്ഷിക്കാനും പരിപാലിക്കാനും ആവിഷ്കരിക്കാനും ഒരേപോലെ പ്രാപ്തമാണ്.
ഉപസംഹാരം
ഭഗവാൻ ശ്രീകൃഷ്ണൻ ഭൗതിക ഗുണങ്ങൾക്കും അവയവങ്ങൾക്കും അതീതനായ പരമദിവ്യോത്തമപുരുഷനാണെന്ന് ഈ വിവരണം അടിവരയിടുന്നു. പ്രപഞ്ചത്തിലെ എല്ലാ അധികാരസ്ഥാനങ്ങളും അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തികളാണ്. അതിനാൽ ബുദ്ധിയുള്ള ഏതൊരു ജീവിയും ഭഗവാന്റെ സർവ്വാധിപത്യം തിരിച്ചറിഞ്ഞ്, അവിടുത്തെ അതീന്ദ്രിയ രൂപത്തെ ഭജിക്കുകയും ഭക്തിയുത സേവനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
