പണ്ട്, ഒറീസ്സ രാജ്യം ഭരിച്ചിരുന്ന ഗോംഗരാജവംശത്തിൽ പുരുഷോത്തമദേവൻ എന്നുപേരായ ഒരു മഹാരാജാവുണ്ടായിരുന്നു. അദ്ദേഹം ജഗന്നാഥഭഗവാന്റെ പരമഭക്തനായിരുന്നു. എല്ലാ വർഷവും രഥയാത്രാവേളയിൽ, ജഗന്നാഥഭഗവാന്റെ പ്രീതിക്കായി മഹാരാജാവ് സ്വന്തം കൈകളാൽ രഥത്തിനുമുന്നിലെ വീഥി തൂത്തുവാരുമായിരുന്നു. ഭഗവാനെ സർവ്വത്തിന്റെയും നാഥനായും രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായും ദർശിച്ച അദ്ദേഹം, താൻ ഭഗവാന്റെ ഒരു എളിയ ദാസൻ മാത്രമാണെന്ന് ഉറച്ചുവിശ്വസിച്ചു.
ഒരിക്കൽ മഹാരാജാവ് ദക്ഷിണേന്ത്യയിലേക്ക് ഒരു യാത്ര തിരിച്ചു. അദ്ദേഹം കാഞ്ചി എന്ന രാജ്യത്തെത്തുകയും അവിടുത്തെ തലസ്ഥാനനഗരിയിലെ ഒരു ഉദ്യാനത്തിൽ താവളമടിക്കുകയും ചെയ്തു. അവിടെവെച്ച് പുരുഷോത്തമദേവൻ മഹാരാജാവ് കാഞ്ചിയിലെ രാജകുമാരിയായ പത്മാവതിയെ കാണാനിടയാവുകയും, അവർ പരസ്പരം പരിചയപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് കൊട്ടാരത്തിലേക്ക് ക്ഷണം ലഭിച്ചെത്തിയ ഒറീസ്സ മഹാരാജാവിൽ കാഞ്ചിരാജാവും രാജ്ഞിയും അത്യന്തം പ്രീതരാവുകയും, തങ്ങളുടെ പുത്രിയെ അദ്ദേഹത്തിന് വിവാഹം ചെയ്തുനൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ വിവാഹാലോചനയിൽ അത്യധികം ആനന്ദിതനായ പുരുഷോത്തമദേവൻ അത് സന്തോഷപൂർവ്വം സ്വീകരിച്ച് ഒറീസ്സയിലേക്ക് മടങ്ങി.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ കാഞ്ചിരാജാവ് തന്റെ മന്ത്രിയെ ഔദ്യോഗിക വിവാഹാലോചനയുമായി ഒറീസ്സയിലേക്കയച്ചു. പുരുഷോത്തമദേവ മഹാരാജാവ് ആ മന്ത്രിയെ സമുചിതമായി സ്വീകരിച്ചു. രാജാവിന് ഏറ്റവും പ്രിയപ്പെട്ട രഥയാത്രയുടെ സമയമായിരുന്നു അത്. ഈ വിവാഹമംഗളവാർത്ത അദ്ദേഹത്തിന്റെ ആനന്ദത്തെ ഇരട്ടിയാക്കി.
രഥയാത്രാമഹോത്സവത്തിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾ കൂടി അവിടെത്തങ്ങാൻ പുരുഷോത്തമദേവൻ മന്ത്രിയോട് അഭ്യർത്ഥിച്ചു. മഹത്തായ ആ ഉത്സവം നേരിൽക്കണ്ടു തൊഴാൻ ഇതൊരു നല്ല അവസരമാണെന്ന് മനസ്സിലാക്കിയ മന്ത്രി പുരിയിൽ ഏതാനും ദിവസങ്ങൾ കൂടി തുടരാൻ സമ്മതിച്ചു.
രഥയാത്രാദിനത്തിൽ, ശുഭമുഹൂർത്തത്തിൽ, ജഗന്നാഥഭഗവാൻ, ബലഭദ്രസ്വാമി, സുഭദ്രാദേവി എന്നിവരുടെ വിഗ്രഹങ്ങൾ സുദർശനചക്രത്തോടൊപ്പം ക്ഷേത്രത്തിൽനിന്നും രഥങ്ങളിലേക്ക് എഴുന്നള്ളിച്ചു.
ആ ഘോഷയാത്ര ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ തടിച്ചുകൂടിയിരുന്നു. കീർത്തനങ്ങളാലും മൃദംഗത്തിന്റെയും ശംഖിന്റെയും നാദങ്ങളാലും ആ പ്രദേശം മുഖരിതമായി. അപ്പോൾ പുരിയിലെ മഹാരാജാവ് കൈയിൽ ചൂലുമായി രഥത്തിനുമുന്നിൽ നിൽക്കുന്നത് കാഞ്ചിയിലെ മന്ത്രി കണ്ടു. രാജാവ് വീഥി തൂത്തുവാരാൻ തുടങ്ങിയപ്പോൾ മന്ത്രി അന്തംവിട്ടുപോയി. ഇത്രയും വലിയൊരു ചക്രവർത്തി ഒരു സാധാരണക്കാരനെപ്പോലെ തെരുവ് തൂത്തുവാരുന്നു! ഭഗവദ്സേവയ്ക്കായി രാജാവ് ചെയ്യുന്നതാണെങ്കിലും, ആ ഭക്തിസേവനത്തിന്റെ മാഹാത്മ്യം മനസ്സിലാക്കാൻ മന്ത്രിക്ക് സാധിച്ചില്ല. വീഥി തൂത്തുവാരുന്നത് ചണ്ഡാലന്മാരുടെ കർത്തവ്യമാണെന്നിരിക്കെ, രാജാവിന്റെ ഈ പ്രവൃത്തി ഒരു അപമാനമായാണ് അദ്ദേഹം കരുതിയത്.
മന്ത്രി ഉടൻതന്നെ പുരി വിട്ട് കാഞ്ചിയിലേക്ക് മടങ്ങുകയും, താൻ കണ്ട കാര്യങ്ങളെല്ലാം, പ്രത്യേകിച്ച് പുരുഷോത്തമദേവൻ ഒരു ചണ്ഡാലനെപ്പോലെ പെരുമാറിയ വിവരം കാഞ്ചിരാജാവിനെ ധരിപ്പിക്കുകയും ചെയ്തു. മന്ത്രി രാജാവിനോട് ചോദിച്ചു, “ഒരു ചണ്ഡാലനെപ്പോലെ നീചമായ തൊഴിൽ ചെയ്യുന്ന ഒരാൾക്ക് രാജകുമാരി പത്മാവതിയെ എങ്ങനെ വിവാഹം ചെയ്തുനൽകും?” പുരുഷോത്തമദേവന്റെ ആ പ്രവൃത്തിയുടെ പൊരുളറിയാതെ കാഞ്ചിരാജാവും മന്ത്രിയുടെ വാക്കിനോട് യോജിച്ചു. തുടർന്ന്, ചണ്ഡാലനെപ്പോലെ തെരുവ് തൂത്തുവാരുന്ന ഒരാൾക്ക് തന്റെ മകളെ വിവാഹം ചെയ്തുതരാൻ താല്പര്യമില്ലെന്ന സന്ദേശം അദ്ദേഹം പുരിയിലേക്ക് അയച്ചു.

ഈ വാർത്ത പുരുഷോത്തമദേവനെയും പത്മാവതി രാജകുമാരിയെയും ഒരുപോലെ ദുഃഖിതരാക്കി. ഇതിലും ഏറെ അവരെ സങ്കടപ്പെടുത്തിയത്, ഇതിനിടയിൽ കാഞ്ചിരാജാവ് പത്മാവതി രാജകുമാരിക്കായി ഒരു സ്വയംവരച്ചടങ്ങ് നിശ്ചയിക്കുകയും, പുരിയിലെ മഹാരാജാവിനെ ഒഴികെയുള്ള യോഗ്യരായ എല്ലാ പുരുഷന്മാരെയും അതിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നതായിരുന്നു. ഇതിനാൽ അത്യധികം അപമാനിതനായ പുരുഷോത്തമദേവൻ കാഞ്ചിരാജാവിനോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. അദ്ദേഹം കാഞ്ചിരാജാവിനെ യുദ്ധത്തിന് വെല്ലുവിളിച്ചു. കാഞ്ചിരാജാവ് ഗണേശഭഗവാന്റെ പരമഉപാസകനായിരുന്നു. യുദ്ധക്കളത്തിലിറങ്ങുന്നതിനുമുമ്പ് അദ്ദേഹം ഒരു നിബന്ധന മുന്നോട്ടുവെച്ചു: പുരിരാജാവ് പരാജയപ്പെടുകയാണെങ്കിൽ, ജഗന്നാഥൻ, ബലദേവൻ, സുഭദ്രാദേവി എന്നിവരുടെ വിഗ്രഹങ്ങൾ വിട്ടുനൽകണം; അവ കാഞ്ചിരാജാവിന്റെ ആരാധനാപീഠത്തിൽ ഗണേശവിഗ്രഹത്തിന് പിന്നിലായി പ്രതിഷ്ഠിക്കപ്പെടും. അതുപോലെ കാഞ്ചിരാജാവാണ് തോൽക്കുന്നതെങ്കിൽ, അദ്ദേഹം തന്റെ ഗണേശവിഗ്രഹം വിട്ടുനൽകും; അത് ജഗന്നാഥൻ, ബലദേവൻ, സുഭദ്രാദേവി എന്നിവർക്ക് പിന്നിലായി പ്രതിഷ്ഠിക്കപ്പെടും.
യുദ്ധത്തിനിടയിൽ തന്റെ താവളത്തിന് തീപിടിച്ചതിനാൽ പുരുഷോത്തമദേവന് യുദ്ധക്കളം വിട്ടുപോകേണ്ടി വന്നപ്പോൾ, അതൊരു വലിയ അപമാനമായി അദ്ദേഹത്തിന് തോന്നി. ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തനിക്ക് നഷ്ടപ്പെടുമെന്നും അവ കാഞ്ചിയിൽ ഗണേശഭഗവാന് പിന്നിൽ പ്രതിഷ്ഠിക്കപ്പെടുമെന്നും ഉള്ള ചിന്ത അദ്ദേഹത്തെ പെട്ടെന്ന് തന്നെ വ്യാകുലനാക്കി.
രാജാവ് ജഗന്നാഥഭഗവാനോട് പ്രാർത്ഥിക്കാൻ തുടങ്ങി: “ഹേ ജഗന്നാഥപ്രഭോ! ദയവായി എന്നെ സഹായിച്ചാലും. അവിടുത്തെ സേവനമായ വീഥി തൂത്തുവാരലിൽ ഏർപ്പെട്ടതിനാലാണ് കാഞ്ചിരാജാവ് എന്നെ അപമാനിച്ചതും എന്റെ വിവാഹം മുടക്കിയതും. ഈ യുദ്ധത്തിൽ ഞാൻ പരാജയപ്പെട്ടാൽ അത് അവിടുത്തെയും പരാജയമല്ലേ? അത് അങ്ങേയ്ക്ക് ഏൽക്കുന്ന വലിയൊരു അപമാനമാണ്! അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ അവിടുന്ന് എങ്ങനെയാണ് ഗണേശവിഗ്രഹത്തിന് പിന്നിൽ ഇരിക്കുക?”

അന്ന് രാത്രി, ജഗന്നാഥ ഭഗാവാൻ രാജാവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: “നീ ഒട്ടും ആകുലപ്പെടേണ്ട. കാഞ്ചിരാജാവിനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ വീണ്ടും പുറപ്പെടുക. ഇത്തവണ യുദ്ധത്തിൽ ഞാൻ നിന്നെ നേരിട്ട് സഹായിക്കുന്നതാണ്.” ഭഗവാൻ തന്നെ നേരിട്ടെത്തി സ്ഥിതിഗതികൾ അനുകൂലമാക്കുമെന്ന ഈ ദിവ്യസൂചന ലഭിച്ചതോടെ രാജാവ് അതീവ സന്തോഷത്തോടെ ഉണർന്നു. കാഞ്ചിരാജാവുമായി വീണ്ടും യുദ്ധം ചെയ്യാൻ അദ്ദേഹം ആവേശഭരിതനായി.
പുരുഷോത്തമദേവ മഹാരാജാവ് രണ്ടാംതവണയും യുദ്ധം ചെയ്യാനായി കാഞ്ചിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇത്തവണ ജഗന്നാഥഭഗവാനും ബലരാമദേവനും അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യാൻ നേരിട്ട് കൂടെപ്പുറപ്പെട്ടു. പടയാളികളുടെ വേഷം ധരിച്ച ഭഗവാൻ ജഗന്നാഥൻ ഒരു വെളുത്ത കുതിരപ്പുറത്തും, ബലദേവൻ ഒരു കറുത്ത കുതിരപ്പുറത്തുമാണ് യാത്ര ചെയ്തത്. വൈശാഖമാസത്തിലെ വേനൽക്കാലമായിരുന്നതിനാൽ കാലാവസ്ഥ കടുത്ത ചൂടുള്ളതായിരുന്നു. ചിലികാ തടാകത്തിനരികിലൂടെ കടന്നുപോയപ്പോൾ അവർക്ക് കഠിനമായ ദാഹം അനുഭവപ്പെട്ടു. അപ്പോൾ മോരുകുടവും തലയിലേന്തി പോകുന്ന പ്രായമായ ഒരു ഗോപസ്ത്രീ അവരുടെ ശ്രദ്ധയിൽപ്പെട്ടു. മാണിക എന്നായിരുന്നു അവളുടെ പേര്. മോരുവിറ്റ് ജീവിക്കുന്ന അവൾ അത് വിൽക്കാനായി ചന്തയിലേക്ക് പോവുകയായിരുന്നു. രണ്ടു ഭഗവാന്മാർക്കും മോരുകുടിക്കാൻ ആഗ്രഹമുണ്ടായി. അവർ ആ വൃദ്ധയെ തടഞ്ഞുനിർത്തി തൃപ്തിയാവോളം മോരുകുടിച്ചു. കുടിച്ചുതീർത്തതിന് ശേഷം അവർ യാത്ര തുടരാൻ ഒരുങ്ങി. ജഗന്നാഥനും ബലരാമനും മോരിന് പണം തരാതെയാണ് പോകുന്നതെന്ന് കണ്ട് പരിഭ്രാന്തയായ വൃദ്ധയായ മാണിക അവരെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. “ഞങ്ങൾ യുദ്ധത്തിന് പോകുന്ന പടയാളികളാണ്, ഞങ്ങളുടെ കൈവശം പണമില്ല” എന്ന് അവർ പറഞ്ഞു. വൃദ്ധ കരയാൻ തുടങ്ങി. ആ മോരിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു അവളുടെ ഏക ജീവനമാർഗ്ഗം, ചന്തയിൽ നിന്ന് കിട്ടുന്ന പണം കൊണ്ടായിരുന്നു അവൾ കുടുംബം പുലർത്തിയിരുന്നത്. അവൾ ഈ സങ്കടം ജഗന്നാഥനോടും ബലരാമനോടും വിവരിച്ചപ്പോൾ, ജഗന്നാഥഭഗവാൻ കുതിരപ്പുറത്തുനിന്ന് താഴേക്ക് കുനിഞ്ഞ് തന്റെ വിരലിൽ കിടന്ന ഒരു സ്വർണ്ണമോതിരം മാണികയ്ക്ക് നൽകിക്കൊണ്ട് അരുളിച്ചെയ്തു: “ഇത് നിന്റെ കൈവശം വെക്കുക. കുറച്ചു സമയം കഴിയുമ്പോൾ ഞങ്ങളുടെ രാജാവ് ഈ വഴി കടന്നുപോകും. അദ്ദേഹം വരുമ്പോൾ ഈ മോതിരം കാണിച്ച് മോരിന്റെ പണം ചോദിക്കുക, അദ്ദേഹം നിനക്ക് പണം നൽകിക്കൊള്ളും.” മനസ്സില്ലാമനസ്സോടെ ആ വൃദ്ധ മോതിരം വാങ്ങി, ആ സഹോദരന്മാർ യുദ്ധഭൂമി ലക്ഷ്യമാക്കി തങ്ങളുടെ യാത്ര തുടർന്നു.


വൃദ്ധയായ മാണിക മഹാരാജാവിന്റെ വരവും കാത്ത് വഴിവക്കിൽത്തന്നെ നിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വലിയൊരു സൈന്യവുമായി രാജാവ് അടുത്തു വരുന്നതു അവൾ കണ്ടു. മാണിക രാജാവിനെ തടഞ്ഞുനിർത്തിക്കൊണ്ട് പറഞ്ഞു, “അങ്ങയുടെ പടയാളികളായ രണ്ടുപേർ ഒരു കറുത്ത കുതിരപ്പുറത്തും വെളുത്ത കുതിരപ്പുറത്തുമായി ഈ വഴി കടന്നുപോവുകയുണ്ടായി. കണ്ടിട്ട് സഹോദരന്മാരെപ്പോലെ തോന്നിച്ചിരുന്നു. അവർ എന്റെ മോരു മുഴുവൻ കുടിച്ചെങ്കിലും പണം തരാൻ അവരുടെ കൈവശമില്ലായിരുന്നു.” അവൾ തന്റെ ഉള്ളംകൈ നിവർത്തിപ്പിടിച്ച് ആ സ്വർണ്ണമോതിരം രാജാവിന് കാണിച്ചുകൊടുത്തു. “അങ്ങേയ്ക്ക് നൽകാനായി അവർ ഈ മോതിരം എന്റെ കൈയിൽ തന്നതാണ്. ഈ മോതിരം തിരികെ വാങ്ങി എനിക്ക് മോരിന്റെ പണം തരാൻ അവർ അങ്ങയോട് ആവശ്യപ്പെടാൻ പറഞ്ഞു. ദയവായി ഈ മോതിരം സ്വീകരിച്ച് എന്റെ മോരിന്റെ വില നൽകിയാലും, എങ്കിൽ മാത്രമേ എനിക്ക് എന്റെ കുടുംബം പുലർത്താൻ സാധിക്കുകയുള്ളൂ!”
ആ മോതിരം കണ്ടമാത്രയിൽ മഹാരാജാവ് അത്യന്തം അത്ഭുതസ്തബ്ധനായി. അതൊരു സാധാരണ സ്വർണ്ണമോതിരമായിരുന്നില്ല, സാക്ഷാൽ ജഗന്നാഥഭഗവാന്റെ രത്നമോതിരമായിരുന്നു അത്! ഭഗവാന്റെ ദിവ്യമായ വാക്കുപാലിക്കാൻ ജഗന്നാഥനും ബലരാമനും പടയാളികളുടെ വേഷത്തിൽ കാഞ്ചിയിലേക്ക് പുറപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. ഈ യുദ്ധത്തിൽ വിജയം തനിക്കൊപ്പമായിരിക്കുമെന്നുള്ള ഭഗവാന്റെ ദൃഢമായ ഉറപ്പായാണ് രാജാവ് ഇതിനെ ദർശിച്ചത്. അദ്ദേഹം അത്യധികം ആനന്ദിതനായി. അദ്ദേഹം മാണികയോട് പറഞ്ഞു, “ജഗന്നാഥഭഗവാനെയും ബലരാമദേവനെയും നേരിൽക്കാണാനും അവർക്ക് മോരു നൽകി സേവിക്കാനും ഭാഗ്യം സിദ്ധിച്ച നീ മഹാഭാഗ്യവതിയാണ്. ഭഗവാൻ അരുളിച്ചെയ്തതുപോലെ ഞാൻ നിനക്കുള്ള പ്രതിഫലം തീർച്ചയായും നൽകുന്നതാണ്.” ഭഗവാന്മാർ തന്റെ സൈന്യത്തിൽ ചേർന്ന് യുദ്ധം ചെയ്യാൻ പോകുന്നതിലുള്ള കൃതജ്ഞതയാൽ നിറഞ്ഞ രാജാവ് ആ വൃദ്ധയ്ക്ക് അളവറ്റ സമ്മാനങ്ങൾ നൽകി ആദരിച്ചു. ഗ്രാമീണരിൽ നിന്നുള്ള നികുതിപ്പണം കൊണ്ട് അവൾക്ക് സുഖമായി ജീവിക്കാൻ തക്കവണ്ണം നിരവധി ഗ്രാമങ്ങളുടെ ഉടമസ്ഥാവകാശം അദ്ദേഹം അവൾക്ക് എഴുതിക്കൊടുത്തു. ഭഗവാന്മാർ ഇരുവരും ഇരുന്ന് മോരുകുടിച്ച അതേ സ്ഥലത്തുതന്നെ രാജാവ് ഉടൻതന്നെ ഒരു ഗ്രാമം സ്ഥാപിക്കുകയും, അതിന് ‘മാണിക പാടനാ’ എന്ന് പേരിടുകയും ചെയ്തു. ഈ ഗ്രാമം ഇന്നും ഒറീസ്സയിൽ നിലനിൽക്കുന്നുണ്ട്.

രാജാവ് കാഞ്ചി ലക്ഷ്യമാക്കി മുന്നേറി. ഇരുസൈന്യങ്ങളും തമ്മിൽ ഘോരമായ യുദ്ധം നടന്നു. കാഞ്ചിരാജാവിന്റെ പടയാളികൾ പുരുഷോത്തമദേവന്റെ സൈന്യത്തിൽ പുതുതായി വന്ന രണ്ട് പടയാളികളെ കണ്ടു. ഒരാൾ കറുത്ത കുതിരപ്പുറത്തും മറ്റേയാൾ വെളുത്ത കുതിരപ്പുറത്തുമായിരുന്നു. ആ രണ്ടു പടയാളികളും അത്രമേൽ പരാക്രമത്തോടെയാണ് യുദ്ധം ചെയ്തത്, അവരെ തോൽപ്പിക്കാൻ ആർക്കും സാധിച്ചില്ല. കാഞ്ചിരാജാവിന്റെ സൈന്യത്തിലെ അസംഖ്യം പടയാളികൾ വധിക്കപ്പെട്ടു. ഒടുവിൽ കാഞ്ചിരാജാവ് പരാജയം സമ്മതിച്ചു.
പുരുഷോത്തമദേവൻ കാഞ്ചിരാജാവിന് പകരം പത്മാവതി രാജകുമാരിയെ തടവിലാക്കി. രാജകുമാരിയുമായുള്ള തന്റെ വിവാഹം മുടക്കിയതിന് പ്രതികാരമായി, അവളെ തെരുവ് തൂത്തുവാരുന്ന ഒരു ചണ്ഡാലന് വിവാഹം കഴിച്ചുനൽകാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം തന്റെ മന്ത്രിയെ വിളിച്ച്, പത്മാവതി രാജകുമാരിക്ക് വിവാഹം കഴിക്കാൻ അനുയോജ്യനായ ഒരു ചണ്ഡാല യുവാവിനെ കണ്ടെത്താൻ ഉത്തരവിട്ടു. രാജാവിന്റെ ഈ തീരുമാനം കേട്ട് എല്ലാവരും അത്യധികം ദുഃഖിതരായി. പത്മാവതി രാജകുമാരി ആകട്ടെ അങ്ങേയറ്റം സങ്കടപ്പെട്ടു; കാരണം അവൾക്ക് പുരുഷോത്തമദേവനോട് സത്യസന്ധമായ അനുരാഗമുണ്ടായിരുന്നു. തന്റെ പിതാവ് ചെയ്ത തെറ്റിനോടുള്ള പ്രതികാരബുദ്ധിയാലാണ് രാജാവ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. എന്നാൽ പുരുഷോത്തമദേവന്റെ മന്ത്രി അത്യന്തം വിവേകശാലിയായിരുന്നു. രാജകുമാരിക്ക് യോജിച്ചൊരു ചണ്ഡാല യുവാവിനെ കണ്ടെത്താൻ കുറച്ചു സമയം വേണ്ടിിവരുമെന്ന് പറഞ്ഞ് അദ്ദേഹം രാജാവിനെ ശാന്തനാക്കി. അതിനിടയിൽ മന്ത്രി പത്മാവതിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അവൾക്ക് അഭയം നൽകി. ഒറീസ്സയുടെ മഹാരാജ്ഞിയാകാൻ തനിക്ക് ഭാഗ്യമില്ലല്ലോ എന്നോർത്ത് പത്മാവതി രാജകുമാരി സ്വയം നിന്ദിച്ചു. രാജാവിന്റെ ഒരു ദാസിയാകാൻ പോലും തനിക്ക് സാധിച്ചില്ലല്ലോ എന്നവൾ ഖേദിച്ചു. തന്റെ ദുരിതങ്ങൾക്ക് ഒരവസാനവുമില്ലെന്ന് അവൾക്ക് തോന്നി.
അങ്ങനെയിരിക്കെ രഥയാത്രാദിനം അടുത്തുവന്നു. മഹോത്സവത്തിൽ പങ്കെടുക്കാനായി ആയിരക്കണക്കിന് ജനങ്ങൾ പുരിയിലേക്ക് ഒഴുകിയെത്തി, ആ പ്രദേശം മുഴുവൻ ആനന്ദത്തിൽ ആറാടി. എന്നാൽ പത്മാവതി മാത്രം വരാനിരിക്കുന്ന ചണ്ഡാലനുമായുള്ള വിവാഹത്തെക്കുറിച്ചോർത്ത് എപ്പോഴും കണ്ണീർ വാർത്തുകൊണ്ടിരുന്നു. ഒരു ദിവസം മന്ത്രി പത്മാവതിയുടെ അടുക്കൽ വന്ന്, ഇന്ന് അവളുടെ വിവാഹദിനമാണെന്നും അതിനാൽ ഏറ്റവും മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട ഉടൻ പത്മാവതി, ഇനി ശേഷിക്കുന്ന ജീവിതം ഒരു ചണ്ഡാലന്റെ ഭവനത്തിൽ കഴിച്ചുകൂട്ടേണ്ടി വരുമല്ലോ എന്നോർത്ത് ഉറക്കെക്കരയാൻ തുടങ്ങി. മന്ത്രി അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, “രാജകുമാരി, ദയവായി അവിടുന്ന് വ്യാകുലപ്പെടാതിരിക്കൂ. ജഗന്നാഥഭഗവാനിൽ പൂർണ്ണമായി സമർപ്പിക്കുക. അവിടുന്ന് അങ്ങയെ തീർച്ചയായും തുണയ്ക്കും.”
സ്ത്രീകളെല്ലാം ചേർന്ന് പത്മാവതിയെ അതിമനോഹരമായി അലങ്കരിച്ചൊരുക്കി. മന്ത്രിയോടൊപ്പം അവൾ ഒരു പല്ലക്കിൽ യാത്രതിരിച്ചു. അന്ന് രഥയാത്രാദിനമായിരുന്നതിനാൽ വീഥികളെല്ലാം ജനനിബിഡമായിരുന്നു; ജഗന്നാഥഭഗവാനും ബലദേവനും സുഭദ്രാദേവിയും തങ്ങളുടെ രഥങ്ങളിൽ ഉപവിഷ്ടരായിക്കഴിഞ്ഞിരുന്നു. ആയിരക്കണക്കിന് ജനങ്ങൾ വഴിയരുകിൽ നിരന്നുനിന്നിരുന്നു, നാമസങ്കീർത്തനധ്വനികളാൽ അന്തരീക്ഷം മുഖരിതമായിരുന്നു. ഭക്തജനങ്ങൾ മൃദംഗവും ഇലത്താളവും വായിക്കുകയും ശംഖനാദം മുഴക്കുകയും ചെയ്തു. രഥയാത്ര ആരംഭിക്കാനുള്ള എല്ലാം സജ്ജമായിരുന്നു. പുരിയിലെ മഹാരാജാവ് കൈയിൽ ഒരു സ്വർണ്ണച്ചൂലുമേന്തി, ഭഗവാന്റെ പ്രീതിക്കായി വീഥി തൂത്തുവാരാൻ ജഗന്നാഥന്റെ രഥത്തിനുമുന്നിലേക്ക് നടന്നു. ജഗന്നാഥഭഗവാനോടുള്ള ഭക്തിയാൽ ഹൃദയം നിറഞ്ഞ് അദ്ദേഹം അത്യന്തം സന്തോഷത്തോടെ വഴി തൂത്തുവാരി. പുരുഷോത്തമദേവൻ തൂത്തുവാരൽ പൂർത്തിയാക്കിയപ്പോൾ, മന്ത്രി പത്മാവതി രാജകുമാരിയെ രാജാവിന്റെ മുന്നിലേക്ക് കൊണ്ടുവരികയും അത്യന്തം ചതുരതയോടെ അദ്ദേഹത്തോട് ഇപ്രകാരം പറയുകയും ചെയ്തു, “എന്റെ പ്രിയ മഹാരാജാവേ, രാജകുമാരിക്ക് അനുയോജ്യനായ ഒരു ചണ്ഡാലനെ കണ്ടെത്തുന്നതുവരെ അല്പം ക്ഷമിക്കാൻ ഞാൻ അങ്ങയോട് അഭ്യർത്ഥിച്ചിരുന്നല്ലോ. അവൾക്ക് ഭർത്താവായിരിക്കാൻ തികച്ചും യോഗ്യനായ ഒരു തെരുവ് തൂപ്പുകാരനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്ന വിവരം അറിയിക്കാനാണ് ഇന്ന് ഞാൻ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നത്.” രാജാവ് മന്ത്രിയോട് പറഞ്ഞു, “വളരെ നല്ലത്, എന്നാൽ എനിക്കിപ്പോൾ ഇതിന് സമയമില്ല. ഇന്ന് രഥയാത്രയാണ്. അങ്ങയുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളുക.” മന്ത്രി രാജാവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി, “എന്നാൽ എന്റെ പ്രിയ പ്രഭോ, ഞാൻ തിരഞ്ഞെടുത്ത ആ തെരുവ് തൂപ്പുകാരൻ മറ്റാരുമല്ല, അത് അങ്ങ് തന്നെയാണ്, തിരുമനസ്സേ.” രാജാവ് പെട്ടെന്ന് നിൽക്കുകയും ആശ്ചര്യത്തോടെ മന്ത്രിയെ നോക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. മന്ത്രി തുടർന്നു, “തിരുമനസ്സേ, ഇന്ന് അങ്ങ് ഒരു തെരുവ് തൂപ്പുകാരനാണ്. പത്മാവതി രാജകുമാരിയുടെ വിവാഹം ഒരു തെരുവ് തൂപ്പുകാരനുമായി നടത്താനാണല്ലോ അങ്ങ് എനിക്ക് നിർദ്ദേശം നൽകിയത്, അതിനാൽ ഞാൻ അങ്ങയെത്തന്നെ തിരഞ്ഞെടുത്തു.”

അതോടെ, പുരുഷോത്തമദേവ മഹാരാജാവിന്റെ കഴുത്തിൽ ഒരു പുഷ്പഹാരം അണിയിക്കാൻ മന്ത്രി പത്മാവതി രാജകുമാരിയോട് ആവശ്യപ്പെട്ടു. രാജാവ് പത്മാവതി രാജകുമാരിയെ സന്തോഷത്തോടെ തന്റെ മഹാരാജ്ഞിയായി സ്വീകരിക്കുകയും, മന്ത്രിയുടെ ഈ യുക്തിപൂർവ്വമായ ബുദ്ധിസാമർത്ഥ്യത്തെ അത്യധികം പ്രശംസിക്കുകയും ചെയ്തു. പത്മാവതി രാജകുമാരി ആശ്വാസത്തോടെ തളർന്നിരുന്നു, താൻ അത്രമേൽ അനുരാഗം പുലർത്തിയ, ഒരു രാജകുമാരി എന്ന തന്റെ പദവിക്ക് അനുയോജ്യമായ രീതിയിൽ തന്നെ സംരക്ഷിക്കാൻ സാധിക്കുന്ന ആളെത്തന്നെ ഭർത്താവായി ലഭിച്ചതിൽ അവൾ അത്യന്തം ആനന്ദിതയായി.
കാഞ്ചിരാജാവ് മുന്നോട്ടുവെച്ച നിബന്ധനയനുസരിച്ച്, ഗണേശവിഗ്രഹം പുരിയിലേക്ക് കൊണ്ടുവരികയും ജഗന്നാഥക്ഷേത്രത്തിന് പിന്നിലുള്ള ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്ന് ആ ഗണേശവിഗ്രഹം അവിടെത്തന്നെയുണ്ട്. ഇന്നും, രഥയാത്രാമഹോത്സവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പുരിയിലെ മഹാരാജാവ് ജഗന്നാഥന്റെ രഥത്തിനുമുന്നിലെ വീഥി തൂത്തുവാരാറുണ്ട്.
ഗംഭീരയിൽ ആരാധിച്ചുവരുന്ന ശ്രീ ശ്രീ രാധാ-രാധാകാന്ത വിഗ്രഹങ്ങളും കാഞ്ചീപുരത്തുനിന്നാണ് കൊണ്ടുവന്നത്. അവ ജഗന്നാഥക്ഷേത്രത്തിലാണ് ആരാധിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ജഗന്നാഥഭഗവാന്റെ ആരാധനാപീഠത്തിനും ഭോഗം (നിവേദ്യം) തയ്യാറാക്കുന്ന മുറിക്കും മധ്യേയുള്ള ഒരു പീഠത്തിലാണ് ഈ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്നത്. ജഗന്നാഥക്ഷേത്രത്തിലെ പാചകക്കാർ ഭഗവാന് സമർപ്പിക്കാനായി അത്യന്തം സ്വാദിഷ്ടമായ വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കുന്നതിൽ അതീവ നൈപുണ്യമുള്ളവരാണ്. ശ്രീ ശ്രീ രാധാ-രാധാകാന്ത വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതിനുശേഷം, അത്രയും നല്ല വിഭവങ്ങളൊന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് ജഗന്നാഥഭഗവാൻ മനസ്സിലാക്കി. ഭോഗം തയ്യാറാക്കുന്ന മുറിയിൽ നിന്ന് മാറ്റിയതിനുശേഷവും, തന്റെ ആരാധനാപീഠത്തിൽ എത്തുന്നതിനുമുമ്പും ആരോ അവ എടുത്തുമാറ്റുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ഭോഗമുറിയിൽ തയ്യാറാക്കുന്നതുമായ എല്ലാ ഉത്തമ വിഭവങ്ങളും ശ്രീ ശ്രീ രാധാ-രാധാകാന്ത വിഗ്രഹങ്ങളാണ് കഴിക്കുന്നതെന്ന് ജഗന്നാഥഭഗവാൻ കണ്ടെത്തി! ഈ സമയത്ത് ജഗന്നാഥഭഗവാൻ പൂജാരിമാർക്ക് ആ വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ നിന്ന് മാറ്റാൻ നിർദ്ദേശം നൽകി. ഭഗവാന്റെ ഉത്തരവനുസരിച്ച് ആ വിഗ്രഹങ്ങൾ അവിടെനിന്ന് മാറ്റുകയും കാശിമിശ്രന്റെ ഭവനത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ശ്രീ ചൈതന്യ മഹാപ്രഭു പതിനെട്ടു വർഷക്കാലം താമസിച്ച ഈ ഭവനം ഇന്ന് ‘ഗംഭീര’ എന്നറിയപ്പെടുന്നു. അവിടുന്ന് ഈ ശ്രീ ശ്രീ രാധാ-രാധാകാന്ത വിഗ്രഹങ്ങളെയാണ് ആരാധിച്ചിരുന്നത്.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
