തൃപ്തോ ഹൃഷ്ടഃ സുദൃപ്തശ്ച കന്ദർപ്പാകൃഷ്ടമാനസഃ
ന വ്യചഷ്ട വരാരോഹാം ഗൃഹിണീം ഗൃഹമേധിനീം
വിവർത്തനം
വിശപ്പും ദാഹവും ശമിപ്പിച്ച് സംതൃപ്തനായ പുരഞ്ജന രാജാവിന് അവന്റെ ഹൃദയത്തിൽ ചില സന്തോഷങ്ങൾ അനുഭവപ്പെട്ടു. ഉന്നതമായ അവബോധത്തിലേക്ക് ഉയർത്തപ്പെടുന്നതിനുപകരം കാമദേവനാൽ വശീകരിക്കപ്പെട്ട അവൻ ഗൃഹസ്ഥ ജീവിതത്തിൽ തന്നെ സംതൃപ്തയാക്കിയ പത്നിയെ കണ്ടെത്താനുള്ള അഭിലാഷത്തോടെ നീങ്ങി.
ഭാവാർത്ഥം
കൃഷ്ണാവബോധത്തിന്റെ ഉന്നത തലങ്ങളിലേക്ക് സ്വയം ഉയർത്താൻ കാംക്ഷിക്കുന്നവർക്ക് ഈ ശ്ലോകം വളരെ അർത്ഥപൂർണ്ണമാണ്. ഒരു വ്യക്തി ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ അവൻ പിന്നീട്, അഭികാമ്യമല്ലാത്ത ഭക്ഷണം, അഥവാ മാംസാഹാരം കഴിക്കുന്നതിൽ വ്യാപൃതനാവുകയോ, മദ്യപാനത്തിലും അവിഹിത ലൈംഗികതയിലും ചൂതാട്ടത്തിലും മുഴുകുകയോ ചെയ്യില്ല. ഗോതമ്പ്, അരി, പച്ചക്കറികൾ, പഴങ്ങൾ, പാൽ, പഞ്ചസാര, പാലുല്പന്നങ്ങൾ എന്നിവകൾ സാത്വികാഹാരങ്ങളാണെന്ന് ശാസ്ത്രങ്ങളിൽ വിവരിച്ചിട്ടുണ്ട്. ചോറ്, പരിപ്പ്, ചപ്പാത്തി, പച്ചക്കറികൾ, പാൽ, പഞ്ചസാര എന്നിവ സമീകൃതാഹാരങ്ങളാണ്. പക്ഷേ, ദീക്ഷ സ്വീകരിച്ച ഒരു വ്യക്തി പ്രസാദമെന്ന പേരിൽ വളരെ ആഢംബര രീതിയിലുള്ള ആഹാരങ്ങൾ ഭക്ഷിക്കുന്നത് കാണപ്പെടാറുണ്ട്. പാപ പങ്കിലമായിരുന്ന കഴിഞ്ഞ ജീവിതം നിമിത്തം കാമദേവനാൽ ആകർഷിക്കപ്പെടുന്ന അവൻ നല്ല ആഹാരം ആർത്തിയോടെ ആവശ്യത്തിലധികം ഭക്ഷിക്കുന്നു. കൃഷ്ണാവബോധത്തിൽ നവാഗതനായ ഭക്തൻ അമിതമായി ഭക്ഷിച്ചാൽ അവൻ നിപതിച്ചു പോകുന്നത് ദർശിക്കാൻ കഴിയും. അവൻ പരിശുദ്ധമായ കൃഷ്ണാവബോധത്തിലേക്ക് ഉയർത്തപ്പെടുന്നതിനു പകരം കാമദേവനാൽ ആകൃഷ്ടനാകുന്നു. ബ്രഹ്മചാരിയെന്നു പറയപ്പെടുന്നവൻ സ്ത്രീയാൽ വികാരവാനായെന്നുവരാം, അതുപോലെ, വാനപ്രസ്ഥൻ വീണ്ടും പത്നിയുമായുള്ള ലൈംഗിക ബന്ധത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നുവരാം, അല്ലെങ്കിൽ അവൻ മറ്റൊരു ഭാര്യയെ തേടിയെന്നുവരാം. വൈകാരികങ്ങളായ കാരണങ്ങളാൽ സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും, ഭക്തന്മാരോടും ആത്മീയഗുരുവിനോടും സഹവാസത്തിലേക്ക് വരുകയും ചെയ്യാം, അവൻ. പക്ഷേ പാപപങ്കിലമായിരുന്ന പഴയ ജീവിതം മൂലം അവന് അവബോധത്തിൽ തുടരാൻ കഴിയാതാകുന്നു. കൃഷ്ണാവബോധത്തിന്റെ ഔന്നത്യങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിനുപകരം കാമദേവനാൽ വശീകരിക്കപ്പെട്ടുപോകുന്ന അവൻ ലൈംഗികാസ്വാദനത്തിന് മറ്റൊരു ഭാര്യയെ തിരഞ്ഞു പിടിക്കുന്നു. കൃഷ്ണാവബോധത്തിൽ നിന്ന് ഭൗതിക ജീവിതത്തിലേക്കുള്ള നവഭക്തന്റെ വീഴ്ച ശ്രീമദ്ഭാഗവത(1.5.17)ത്തിൽ നാരദമുനിയാൽ വിവരിക്കപ്പെട്ടിട്ടുണ്ട്.
ത്യക്ത്വാ സ്വ-ധർമം ചരണാംബുജം ഹരേർ
ഭജൻ അപക്വോfഥ പതേത് തതോ യദി
യത്ര ക്വ വാഭദ്രം അഭൂത് അമുഷ്യ കിം
കോ വാർത ആപ്റ്റോfഭജതാം സ്വ-ധർമതഃ
ഒരു നവഭക്തന് അപക്വത മൂലം കൃഷ്ണാവബോധ പാതയിൽ നിന്ന് പതനം സംഭവിച്ചാൽപോലും കൃഷ്ണനുവേണ്ടി അവൻ അനുഷ്ഠിച്ച സേവനം വൃഥാവിലാകുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. എങ്ങനെതന്നെയായാലും ഒരു വ്യക്തി അവന്റെ കുടുംബ കർത്തവ്യങ്ങളിൽ, അല്ലെങ്കിൽ സാമൂഹികവും കുടുംബപരവുമായ കടപ്പാടുകളിൽ ഉറച്ചു നിൽക്കുകയും, കൃഷ്ണാവബോധം സ്വീകരിക്കാതിരിക്കുകയും ചെയ്താൽ അവന് യാതൊരു പ്രയോജനവുമുണ്ടാകില്ല. കൃഷ്ണാവബോധത്തിലേക്ക് വരുന്ന ഒരുവൻ വളരെ ജാഗ്രതയുള്ളവനും, നിരോധിത കർമ്മങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നവനുമായിരിക്കണം, രൂപഗോസ്വാമി അദ്ദേഹത്തിന്റെ ഉപദേശാമൃതത്തിൽ നിർവചിച്ചിട്ടുള്ളതുപോലെ.
അത്യാഹാരഃ പ്രയാസശ്ച
പ്രജല്പോ നിയമാഗ്രഹഃ
ജന-സംഗശ്ച ലൗല്യം ച
ഷഡ്ഭിർ ഭക്തിർ വിനശ്യതി
നവഭക്തൻ അമിതമായി ഭക്ഷിക്കുകയോ, ആവശ്യത്തിലേറെ ധനം സമ്പാദിക്കുകയോ ചെയ്യരുത്. അമിതമായി ഭക്ഷിക്കുന്നതിനെയും, സമ്പാദിക്കുന്നതിനെയും അത്യാഹാര എന്നു വിളിക്കുന്നു. അത്തരം അത്യാഹാരത്തിനു വേണ്ടി അമിതമായി അധ്വാനിക്കേണ്ടിവരുന്നു. ഇതിനെ പ്രയാസ എന്നു വിളിക്കുന്നു. ഉപരിപ്ലവമായി ഒരുവൻ നിയമങ്ങളും ക്രമങ്ങളും വളരെ വിശ്വാസപൂർവ്വം പാലിക്കുന്നതായി കാണപ്പെട്ടേക്കാമെങ്കിലും, അവന് ക്രമീകൃത തത്വങ്ങളിൽ ഉറപ്പുണ്ടാവില്ല. ഇത് നിയമാഗ്രഹ എന്നു വിളിക്കപ്പെടുന്നു. അനഭികാമ്യരായ വ്യക്തികളോട്, ജനസംഗങ്ങളോട് സമ്മിശ്രപ്പെടുന്നതുമൂലം ഒരുവൻ കാമാന്ധതയാലും ദുരാഗ്രഹത്താലും കളങ്കപ്പെടുകയും ഭക്തിയുതസേവന പാതയിൽ നിന്ന് വീണു പോവുകയും ചെയ്യുന്നു.
ശ്രീമദ് ഭാഗവതം 4-26-13

ശാരീരികമായ സംതൃപ്തി ലഭിച്ച പുരഞ്ജന രാജാവിന് ആത്മീയമായ ഉന്നതിക്ക് പകരം കാമവികാരത്താൽ പത്നിയോടുള്ള (ഭൗതിക സുഖത്തോടുള്ള) ആസക്തിയാണ് വർദ്ധിച്ചത്.
കൃഷ്ണാവബോധത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവർക്ക് ഈ ശ്ലോകം ഗൗരവമേറിയ മുന്നറിയിപ്പ് നൽകുന്നു.
ഭക്തിയും ആഹാരക്രമവും
ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിക്കുന്ന ഒരു വ്യക്തി മാംസാഹാരം, മദ്യം, അവിഹിത ലൈംഗികത, ചൂതാട്ടം എന്നീ പാപകർമ്മങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കേണ്ടതുണ്ട്.
അരി, ഗോതമ്പ്, പച്ചക്കറികൾ, പാൽ തുടങ്ങിയ സാത്വികാഹാരങ്ങൾ ശാസ്ത്രം നിർദ്ദേശിക്കുന്നുണ്ടെങ്കിലും, ദീക്ഷ ലഭിച്ചവർ ‘പ്രസാദം’ എന്ന പേരിൽ ആഢംബരപൂർണ്ണമായ ഭക്ഷണം അമിതമായി കഴിക്കുന്നത് അപകടകരമാണ്.
അമിതാഹാരം ഭക്തനെ പരിശുദ്ധമായ അവബോധത്തിലേക്ക് ഉയർത്തുന്നതിന് പകരം കാമദേവനാൽ വശീകരിക്കപ്പെടാൻ ഇടയാക്കുന്നു.
ഭക്തിപാതയിലെ പതനം
അമിതാഹാരം മൂലം വികാരങ്ങൾ ഉത്തേജിക്കപ്പെടുകയും ബ്രഹ്മചാരികളും വാനപ്രസ്ഥരും വരെ തങ്ങളുടെ വ്രതങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്ത്രീസംഗത്തിലേക്കും ലൈംഗികാസ്വാദനത്തിലേക്കും തിരിച്ചുപോകാൻ സാധ്യതയുണ്ട്.
പാപപങ്കിലമായ പഴയ ശീലങ്ങൾ മൂലം പലർക്കും കൃഷ്ണാവബോധത്തിൽ സ്ഥിരമായി തുടരാൻ കഴിയാതെ വരുന്നു.
എന്നാൽ, ഭാഗവതത്തിൽ (1.5.17) നാരദമുനി വ്യക്തമാക്കുന്നത് പോലെ, അപക്വത മൂലം ഭക്തിയിൽ നിന്ന് പതനം സംഭവിച്ചാൽ പോലും ഭക്തൻ അതുവരെ ചെയ്ത സേവനം ഒരിക്കലും വൃഥാവിലാകുന്നില്ല. നേരെമറിച്ച്, കൃഷ്ണാവബോധമില്ലാത്ത ഭൗതികമായ കടമകൾക്കൊന്നും യഥാർത്ഥ പ്രയോജനവുമില്ല.
ഭക്തിയെ നശിപ്പിക്കുന്ന ഘടകങ്ങൾ (ഉപദേശാമൃതം)
ഭക്തിയുത സേവനത്തിൽ പുരോഗതി പ്രാപിക്കാൻ രൂപഗോസ്വാമി നിർദ്ദേശിച്ച ആറ് നിരോധിത കാര്യങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്:
1) അത്യാഹാരഃ: അമിതമായ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിലധികം ധനം സമ്പാദിക്കുന്നതും.
2) പ്രയാസഃ: ഭൗതികമായ കാര്യങ്ങൾക്കായി അമിതമായി അധ്വാനിക്കുന്നത്.
3)പ്രജല്പഃ: അനാവശ്യമായ ലൗകിക വർത്തമാനങ്ങൾ.
4) നിയമാഗ്രഹഃ: ആത്മീയ നിയമങ്ങൾ ബാഹ്യമായി പാലിക്കുകയും എന്നാൽ അവയുടെ തത്വത്തിൽ ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്നത്.
5) ജനസംഗശ്ച: ഭക്തിയില്ലാത്തവരുമായുള്ള സമ്പർക്കം.
6) ലൗല്യം: ഭൗതികമായ ചപലതകളും ആർത്തിയും.
ഉപസംഹാരം
ഭക്തൻ എല്ലായ്പ്പോഴും ജാഗ്രതയുള്ളവനായിരിക്കണം. ഭക്തിയില്ലാത്തവരുമായുള്ള സമ്പർക്കവും കാമാന്ധതയും ഒരുവനെ ഭക്തിമാർഗ്ഗത്തിൽ നിന്ന് വീഴ്ത്തുന്നു.
ഭക്തിയിൽ മുന്നേറാൻ അനാവശ്യമായ ഭൗതിക ആഗ്രഹങ്ങളെയും അമിതാഹാരത്തെയും ഉപേക്ഷിച്ച് സംയമനത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
