ഗംഗാദർശനം തേടിയ രണ്ട് മണ്ഡൂകങ്ങൾ
(പത്മപുരാണം ഉത്തരഖണ്ഡത്തിലെ ഒൻപതാം അധ്യായത്തെ ആസ്പദമാക്കി തയാറാക്കിയത്.)
ത്രേതായുഗത്തിന്റെയും ദ്വാപരയുഗത്തിന്റെയും സന്ധിസമയത്താണ് ഭൂമിയിൽ സത്യധർമൻ എന്ന് പേരുള്ള ധർമിഷ്ഠനും മധുരഭാഷിയുമായ ഒരു രാജാവ് ജീവിച്ചിരുന്നത്. വിജയ എന്നായിരുന്നു അദ്ദേഹത്തിന്റെ പത്നിയുടെ നാമം. രൂപവതിയും സദ്ഗുണസമ്പന്നയുമായ ആ രാജ്ഞി ഭർതൃസേവനത്തിൽ അത്യന്തം തത്പരയായിരുന്നു. ഏഴായിരം സംവത്സരക്കാലം ഭൂമിയിൽ സുഖഭോഗങ്ങൾ അനുഭവിച്ചതിനു ശേഷം രാജാവും രാജ്ഞിയും കാലഗതി പൂകി. യമദൂതന്മാർ ആ ദമ്പതികളെ കയറുകളാൽ ബന്ധിച്ച് ദുർഘടം പിടിച്ച പാതയിലൂടെ യമപുരിയിലേക്ക് കൊണ്ടുപോയി. അവരെ കണ്ട മാത്രയിൽ, പരമധർമജ്ഞനായ യമധർമരാജാവ് തന്റെ മന്ത്രിയായ ചിത്രഗുപ്തനോട് ആജ്ഞാപിച്ചു: “ഇവരുടെ ഭൂമിയിലെ കർമങ്ങളെക്കുറിച്ച് നമുക്ക് വിവരം നൽകിയാലും.” യമദേവന്റെ നിർദേശപ്രകാരം ചിത്രഗുപ്തൻ ആ ദമ്പതികളുടെ ജനനം മുതലുള്ള സകല പ്രവൃത്തികളും സൂക്ഷ്മമായി പരിശോധിച്ച് ഇപ്രകാരം ബോധിപ്പിച്ചു: “ഹേ പ്രഭോ, ശ്രവിച്ചാലും, ഞാൻ ഇവരുടെ കർമഫലങ്ങൾ ചുരുക്കിപ്പറയാം. ഒരിക്കൽ വ്യാഘ്രങ്ങളുടെ ആക്രമണത്തിൽ ഭയചകിതനായ ഒരു മാൻ ജീവരക്ഷാർത്ഥം വനം വെടിഞ്ഞ് ഈ രാജാവിന്റെ രാജസഭയിൽ അഭയം തേടിയെത്തി. ആ മാനിനെ കണ്ടപ്പോൾ രാജാവിന് കൗതുകം ജനിച്ചു. അദ്ദേഹം സിംഹാസനത്തിൽ നിന്നെഴുന്നേറ്റ്, അഭയം യാചിച്ചു വന്ന ആ ജീവിയുടെ ഇടുപ്പിൽ തന്റെ വാളുകൊണ്ട് ശക്തമായി പ്രഹരിച്ചു. ശരണാഗതനായ ആ മൃഗത്തെ ദ്രോഹിച്ചതിനാൽ, ഹേ പ്രഭോ, ഈ രാജാവും പത്നിയും അങ്ങയാൽ ദണ്ഡിക്കപ്പെടാൻ യോഗ്യരാണ്.”

യമധർമരാജാവിന്റെ കൽപനയാൽ ദൂതന്മാർ ആ ദമ്പതികളെ വിവിധ നരകയാതനകൾക്ക് ഇരയാക്കി. നരകവാസത്തിന് ശേഷം അവർ ഭൂമിയിൽ ആൺതവളയും പെൺതവളയുമായി പുനർജനിച്ചു. ഒരു നദീതീരത്ത് വസിച്ച്, പ്രാണികളെ ഭക്ഷിച്ച് ജീവിച്ച ആ തവളകൾക്ക് തങ്ങളുടെ പൂർവജന്മസ്മരണ നിലനിന്നിരുന്നതിനാൽ അവർ അത്യധികം ദുഃഖിതരായിരുന്നു.
ഒരിക്കൽ, ശുഭകരമായ ഒരു പുണ്യദിനത്തിൽ, ഒരു കൂട്ടം മനുഷ്യർ ഗംഗാതീര ലക്ഷ്യമായി നടന്നുപോകുന്നത് ഈ മണ്ഡൂകങ്ങൾ കാണാനിടയായി. അപ്പോൾ ആൺതവള തന്റെ പത്നിയോട് പറഞ്ഞു: “പൂർവജന്മത്തിൽ മനുഷ്യരായിരുന്നപ്പോൾ ചെയ്ത പാപകർമങ്ങൾ കാരണമാണ് നാം ഇപ്പോൾ ഈ കഠിനവേദന അനുഭവിക്കുന്നത്. എത്ര വലിയ പാപിയാണെങ്കിലും ഗംഗാതടത്തിൽ ശരീരം വെടിയുന്നതിലൂടെ സകല പാപകർമഫലങ്ങളിൽ നിന്നും മുക്തനാകുമെന്നാണ് പ്രമാണം. ആകയാൽ, ഈ ദുഃഖസമുദ്രം കടക്കുന്നതിനായി നമുക്കും ഗംഗാതീരത്തേക്ക് ഒരു തീർത്ഥയാത്ര നടത്താം. അവിടെവെച്ച് ശരീരം ത്യജിക്കാം.” പത്നിയായ മണ്ഡൂകം ഈ നിർദേശത്തിൽ അതീവ സന്തുഷ്ടയാവുകയും അവർ ഒട്ടും വൈകാതെ പുണ്യനദിയായ ഗംഗയുടെ തീരം ലക്ഷ്യമാക്കി യാത്ര തിരിക്കുകയും ചെയ്തു.
യാത്രാമധ്യേ, ദീർഘകാലമായി വിശന്നു വലഞ്ഞിരുന്ന ഭയങ്കരനും വിഷധരനുമായ ഒരു സർപ്പത്തിന്റെ മുന്നിൽ അവർ ചെന്നുപെട്ടു. ക്രൂരനായ ആ സർപ്പം അവരോട് പറഞ്ഞു: “ഹേ പാപികളായ തവളകളേ, നിങ്ങളുടെ അന്ത്യം അടുത്തെത്തിയിരിക്കുന്നു. ഞാൻ അത്യധികം വിശന്നു വലയുകയാണ്, അതിനാൽ നിങ്ങൾ എനിക്ക് ഇരയാകേണ്ടതുണ്ട്.”
എന്നാൽ ആ തവളദമ്പതികൾ ഭയലേശമന്യേ ഭക്തിപൂർവ്വം ഇപ്രകാരം മറുപടി നൽകി: “ഹേ സർപ്പശ്രേഷ്ഠാ, ഞങ്ങളുടെ ഹൃദയത്തിൽ മരണഭയമെന്നത് ലേശവുമില്ല. പൂർവജന്മത്തിൽ ഞാൻ സത്യധർമൻ എന്ന രാജാവായിരുന്നു, ഇവൾ എന്റെ രാജ്ഞിയായ വിജയയും. ഞങ്ങളുടെ പാപകർമങ്ങൾ ഹേതുവായി യമപുരിയിൽ ദീർഘകാലം ഞങ്ങൾ ശിക്ഷ അനുഭവിച്ചു. ശേഷിച്ച കർമഫലങ്ങൾ അനുഭവിച്ചു തീർക്കാനാണ് ഞങ്ങൾ ഇപ്പോൾ മണ്ഡൂകങ്ങളായി ജനിച്ചിരിക്കുന്നത്. പരമപദം പ്രാപിക്കുക മാത്രമാണ് ഞങ്ങളുടെ ഏക അഭിലാഷം. അതിനായി ഞങ്ങളുടെ ഭൗതികശരീരം സമർപ്പിക്കാൻ ഞങ്ങൾ ഗംഗാതീരത്തേക്ക് പോവുകയാണ്. അല്ലയോ സർപ്പശ്രേഷ്ഠാ, ഞങ്ങളെ വിഴുങ്ങുന്നതിലൂടെ നിനക്ക് എന്ത് ആനന്ദമാണ് ലഭിക്കുക? പരമപുരുഷനായ ശ്രീവിഷ്ണു ഭഗവാൻ ഞങ്ങളുടെ ഹൃദയത്തിൽ അന്തര്യാമിയായി വാഴുന്നുണ്ട്. അതേപോലെ അങ്ങയുടെ ഹൃദയത്തിലും ആ പരമാത്മാവ് തന്നെയാണ് നിലകൊള്ളുന്നത്. അങ്ങനെയെങ്കിൽ നമുക്കിടയിൽ എന്ത് ശത്രുതയാണുള്ളത് ? ജ്ഞാനികളായവർ ഒരിക്കലും മറ്റ് ജീവജാലങ്ങളെ ദ്രോഹിക്കുകയില്ല.”

ആ സർപ്പം പറഞ്ഞു: “മറ്റുള്ളവരെ ഹനിക്കുന്നത് മഹാപാപമാണെങ്കിൽ, സൃഷ്ടികർത്താവ് എന്തിനാണ് ചില ജീവജാലങ്ങളെ ഇരയായും, മറ്റു ചിലതിനെ അവയെ ഭക്ഷിക്കുന്ന വേട്ടക്കാരായും സൃഷ്ടിച്ചിരിക്കുന്നത്? നിങ്ങളെ സൃഷ്ടിക്കുകയും ഇതുവരെ പരിപാലിക്കുകയും ചെയ്ത ആ ഈശ്വരൻ തന്നെയാണ് ഇന്ന് നിങ്ങളെ നിഗ്രഹിക്കാനുള്ള നിമിത്തമായി എന്നെ നിയോഗിച്ചിരിക്കുന്നത്.”
തുടർന്ന്, ആ മാർഗ്ഗമധ്യേ വെച്ച് “ഗംഗേ, ഗംഗേ” എന്ന് ഏകാഗ്രതയോടെ ഉരുവിട്ടുകൊണ്ടിരുന്ന ആ മണ്ഡൂകങ്ങളെ സർപ്പം വിഴുങ്ങി. ഗംഗയിലേക്കുള്ള തങ്ങളുടെ തീർത്ഥയാത്രയുടെ ഓരോ ചുവടിലും അശ്വമേധയാഗം ചെയ്തതിന്റെ പുണ്യഫലമാണ് ആ ദമ്പതികൾക്ക് സിദ്ധിച്ചത്.
ഗംഗാതീരത്തേക്ക് യാത്ര തിരിക്കുകയും എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ മൃതിയടയുകയും ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്ന അത്ഭുതകരമായ സൽഫലങ്ങളെക്കുറിച്ച് പത്മപുരാണത്തിലെ ഈ അധ്യായത്തിൽ ഇപ്രകാരം വിവരിക്കുന്നു:
ജാഹ്നവീതീരയാത്രായാം ദൈവാദ് യസ്യ ഭവേത് പഥി
പഞ്ചതാ സോ ‘പി പരമം ധാമ ഗച്ഛേൻ ന സംശയഃ
(ആരെങ്കിലും ഗംഗാതീർത്ഥയാത്രയ്ക്കായി പുറപ്പെട്ട്, വഴിമധ്യേ വെച്ച് ദൈവവിധിയാൽ മൃതിയടയുകയാണെങ്കിൽ, അവർ പരമപദം പ്രാപിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. – ശ്ലോകം 77-78)
ഗംഗായാത്രയ്ക്ക് കാലനിയമങ്ങളോ സമയബന്ധിതമായ വിലക്കുകളോ ഇല്ലെന്ന് നാരദമഹർഷിയെപ്പോലെയുള്ള പരമർഷിമാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മനുഷ്യൻ എപ്പോഴൊക്കെ ഗംഗയിൽ സ്നാനം ചെയ്യുന്നുവോ, അപ്പോഴൊക്കെ അവർ നിശ്ചയമായും അക്ഷയമായ പുണ്യഫലം കൈവരിക്കുന്നു.
ഗംഗാദേവി സകല പാപങ്ങളെയും ഹനിക്കുന്നവളാണ്. എങ്കിലും, ഒരാൾ ആവർത്തിച്ച് പാപകർമങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ, ഗംഗ അവരെ ശുദ്ധീകരിക്കുകയില്ല. അതുകൊണ്ട്, ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെയാണ് ആഗ്രഹിക്കുന്നതെങ്കിൽ, ദുഷ്ടചിന്തകളെ വെടിഞ്ഞ് ജഗദ്ജനനിയായ ഗംഗാദേവിയിൽ സ്നാനം ചെയ്യുക. ഭൂമിയിലെ മഴത്തുള്ളികളുടെയും മണൽത്തരികളുടെയും എണ്ണം തിട്ടപ്പെടുത്താൻ സാധിച്ചേക്കാം, എന്നാൽ ഗംഗാമാഹാത്മ്യം പൂർണ്ണമായി വർണ്ണിക്കുക എന്നത് ആർക്കും സാധ്യവുമല്ല.
1. ഗംഗാ വന്ദനം
ശ്ലോകം
നവദീപാരാമ-പ്രകര-കുസുമോദ-ബലിതാം
സ്ഫുരദ്-രത്ന-ശ്രേണി-ചിത-തട-സുതീർഥാവലി-യുതാം
ഹരേർ ഗൗരാംഗസ്യാതുല-ചരണ-രേണൂക്ഷിത-തനും
സമുദ്യത്-പ്രേമോർമി-തുമുല-ഹരിസങ്കീർത്തന-രസൈഃ
പ്രഭു-ക്രീഡാപാത്രീം അമൃത-രസ-ഗാത്രീം ഋഷി-ഘടാ-
ശിവ-ബ്രഹ്മേന്ദ്രാദീഡിത-മഹിത-മാഹാത്മ്യ-മുഖരാം
ലസത്-കിഞ്ജൽകാഭോജനി-മധുപ-ഗർഭോരു-കരുണാം
അഹം വന്ദേ ഗംഗാം അഘ-നികര-ഭംഗ-ജല-കണാം
അർത്ഥം
നവദ്വീപിന്റെ നന്ദനവനങ്ങളിലെ പുഷ്പസൗരഭ്യത്താൽ അലങ്കരിക്കപ്പെട്ടവളായ ഗംഗാദേവിയെ ഞാൻ വന്ദിക്കുന്നു. അനേകം തിളങ്ങുന്ന രത്നങ്ങൾ പതിച്ച മനോഹരമായ ഘാട്ടുകളുടെ (സ്നാനഘട്ടങ്ങളുടെ) നിരകളാൽ അവൾ ശോഭിതയാണ്. ഗൗരാംഗമഹാപ്രഭുവിന്റെ അമൂല്യമായ ചരണരേണുക്കളാൽ അവളുടെ ശരീരം പവിത്രമാക്കപ്പെട്ടിരിക്കുന്നു, കൂടാതെ തുമുലമായ ഹരിനാമസങ്കീർത്തന രസത്താൽ അവളുടെ ഹൃദയത്തിൽ ശുദ്ധപ്രേമത്തിന്റെ തിരമാലകൾ ഉണർന്നിരിക്കുന്നു. മഹാപ്രഭുവിന്റെ ദിവ്യവിനോദങ്ങൾക്ക് അനുയോജ്യമായ വിഹാരരംഗമാണ് അവൾ. അവളുടെ ശരീരത്തിലൂടെ അമൃതവാഹിനിയായ ജലം ഒഴുകുന്നു. ശിവൻ, ബ്രഹ്മാവ്, ഇന്ദ്രൻ തുടങ്ങിയ ദേവന്മാരും എണ്ണമറ്റ ഋഷിവര്യന്മാരും അവളുടെ ഉദാത്തമായ മഹിമകളെ വാഴ്ത്തിസ്തുതിക്കുന്നു. തിളങ്ങുന്ന കേസരങ്ങളുള്ള താമരപ്പൂക്കളും തേനിച്ചകളും നിറഞ്ഞവളും അത്യന്തം കരുണാമയിയുമായ അവൾക്ക് ഞാൻ പ്രണാമം അർപ്പിക്കുന്നു; അവളുടെ ഒരു തുള്ളി ജലം പോലും പാപക്കൂട്ടങ്ങളെ മുഴുവൻ നശിപ്പിക്കാൻ പോന്നതാണ്.
അവലംബംഗംഗാ വന്ദനം
2. ഗംഗാസ്നാന മന്ത്രം
ശ്ലോകം
വിഷ്ണു-പാദ-പ്രസൂതാസി വൈഷ്ണവീ വിഷ്ണു-ദേവതാ
പാഹി നസ് ത്വേനസസ് തസ്മാദ് ആ-ജന്മ-മരണാന്തികാം
അർത്ഥം
അങ്ങ് ശ്രീവിഷ്ണുഭഗവാന്റെ ചരണങ്ങളിൽ നിന്നും ജനിച്ചവളാണ്. അങ്ങ് ഒരു വൈഷ്ണവിയാണ്, ഭഗവാൻ വിഷ്ണുവാണ് അങ്ങയുടെ ആരാധ്യദേവൻ. അതിനാൽ, ജനനം മുതൽ മരണം വരെ ഞങ്ങൾ ചെയ്തുപോകുന്ന സർവ്വ പാപങ്ങളിൽ നിന്നും ദയവായി ഞങ്ങളെ സംരക്ഷിച്ചാലും.
അവലംബം ഗംഗാസ്നാന മന്ത്രം
(-548 – കൃഷ്ണ കഥാമൃത ബിന്ദു മാഗസിൻ / ഇസ്കോൺ ഭുവനേശ്വർ)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆

About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
