ഭഗവാന്റെ ലീലാവിലാസങ്ങൾ അചിന്ത്യവും ദുരൂഹവുമാണ്. ബാഹ്യമായ യോഗ്യതകളേക്കാൾ ഭക്തിയുടെ ശ്രേഷ്ഠത ലോകത്തിന് കാട്ടിക്കൊടുക്കുവാനായി ഭഗവാൻ തന്റെ പരമഭക്തന്മാരെ അധഃസ്ഥിതമെന്ന് കരുതപ്പെടുന്ന കുലങ്ങളിൽ ജനിപ്പിക്കാറുണ്ട്. ശ്രീ ചൈതന്യഭാഗവതത്തിൽ (മധ്യലീല, 10.100) ശ്രീല വൃന്ദാവൻ ദാസ് ഠാക്കൂർ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യേ തേ കുലേ വൈഷ്ണവേര ജന്മ കേനേ നാഹി
തഥാപി സർവോത്തമ സർവ ശാസ്ത്രേ കഹേ”
വൈഷ്ണവൻ ഏത് കുലത്തിൽ ജനിച്ചാലുമെന്താ? അവൻ തന്നെയാണ് മനുഷ്യരിൽ ഉത്തമനെന്ന് സകല ശാസ്ത്രങ്ങളും പ്രഖ്യാപിക്കുന്നു.
പുരിയിൽ നിന്നും ഏതാണ്ട് 48 കിലോമീറ്റർ അകലെയുള്ള ബാലിഗ്രാം എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന ദാസിയാ ബൗരി അങ്ങനെയൊരു മഹാഭക്തനായിരുന്നു. 1790-കളിൽ കറുത്ത ശരീരത്തോടെ ജനിച്ച ദാസിയയും കുടുംബവും അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ അസ്പൃശ്യരായിട്ടാണ് കരുതപ്പെട്ടിരുന്നത്. തന്മൂലം ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും അവർ വിലക്കപ്പെട്ടു. എന്നാൽ കുട്ടിക്കാലം മുതൽക്കേ ദാസിയയിൽ ഭക്തിഭാവം പ്രകടമായിരുന്നു. സങ്കീർത്തനങ്ങളുടെ പാവനമായ അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം ശ്രീമദ് ഭാഗവതം, രാമായണം തുടങ്ങിയ ഭക്തിഗ്രന്ഥങ്ങളുടെ പാരായണങ്ങൾ അതീവ താല്പര്യത്തോടെ ശ്രവിച്ചുപോന്നു. എഴുത്തും വായനയും വശമില്ലായിരുന്നിട്ടും, ഹൃദയത്തിന്റെ അന്തരാളങ്ങളിൽ നിന്ന് ഭഗവത് കീർത്തനങ്ങൾ ആലപിക്കാൻ ദാസിയാ ബൗരി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഭജനുകളിൽ മുഴുകിയിരിക്കുമ്പോൾ ആരോ തന്നെ ആലിംഗനം ചെയ്യുന്നതായി അദ്ദേഹത്തിന് അനുഭവപ്പെടുമായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു അശരീരി ശ്രവിച്ചു: “നീ എന്റെ പ്രിയപ്പെട്ട ഭക്തനാണ്. സർവ ജീവജാലങ്ങളെയും ഞാനാണ് സൃഷ്ടിച്ചത്, അവരെല്ലാം എന്റെ മക്കളാണ്. എനിക്കും അവർക്കുമിടയിൽ അസ്പൃശ്യതയോ അകൽച്ചയോ ഇല്ല.”
കാലക്രമത്തിൽ മാതാപിതാക്കൾ അദ്ദേഹത്തെ വിവാഹം കഴിപ്പിച്ചു. ദാസിയയ്ക്കും ഭാര്യയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. വസ്ത്രം നെയ്താണ് അവർ ജീവിച്ചുപോന്നത്. ദരിദ്രരും നിസ്സാഹയരുമായിരുന്നിട്ടും, ഭഗവദ്കാരുണ്യത്താൽ ലഭിക്കുന്നതുകൊണ്ട് അവർ സംതൃപ്തരായി സമാധാനത്തോടെ കഴിഞ്ഞുകൂടി. ലൗകികമായ ചിന്തകൾ അലട്ടിയില്ലെങ്കിലും, ബാല്യം മുതൽക്കേ ഒരു തീവ്രമായ ആകുലത ദാസിയയെ അലട്ടിയിരുന്നു. അദ്ദേഹം എപ്പോഴും വിലപിക്കുമായിരുന്നു: “ഹാ കഷ്ടം! ഞാൻ ഇത്രയും താണ കുലത്തിൽ ജനിച്ചുവല്ലോ. എനിക്കെങ്ങനെ ഭഗവാനെ സേവിക്കാൻ കഴിയും? എന്റെ മനുഷ്യജന്മം വൃഥാവിലായല്ലോ!”
ഒരു വർഷം രഥയാത്രാ മഹോത്സവത്തിനായി ആയിരക്കണക്കിന് ആളുകൾ ജഗന്നാഥ പുരിയിലേക്ക് പോകുന്നത് കണ്ട് ദാസിയയ്ക്കും ജഗന്നാഥ ഭഗവാനെ ദർശിക്കാൻ തീവ്രമായ ആഗ്രഹമുണ്ടായി. അങ്ങനെ അദ്ദേഹം പുരിയിലേക്ക് കാൽനടയായി യാത്ര തിരിച്ചു. അവിടെയെത്തിയപ്പോൾ ഭക്തജനങ്ങൾ ഹരേ കൃഷ്ണ മഹാമന്ത്രവും ഭക്തിഗീതങ്ങളും ആലപിച്ച് രഥം വലിക്കുന്ന ആനന്ദദായകമായ ദൃശ്യം കണ്ട് അദ്ദേഹം വിസ്മയഭരിതനായി. ആ പുണ്യദൃശ്യം അദ്ദേഹത്തിന്റെ ഹൃദയത്തെ അവാച്യമായ ആനന്ദത്താൽ നിറച്ചു.
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ജഗന്നാഥ ഭഗവാൻ തന്റെ നന്ദിഘോഷ് എന്ന രഥത്തിൽ എഴുന്നള്ളിയിരിക്കുന്നത് കണ്ട് ദാസിയ ഭാവവിവശനായി കൈകളുയർത്തി ഉറക്കെ വിളിച്ചപേക്ഷിച്ചു: “ഹേ പതിതപാവനാ, അവിടുന്ന് അഗതികളായ ജീവാത്മാക്കളെ ഉദ്ധരിക്കാനാണല്ലോ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിയിരിക്കുന്നത്. അടിയന്റെ പ്രാർത്ഥന കേൾക്കണമേ! ഈ പ്രപഞ്ചത്തിൽ എന്നെപ്പോലെ പതിതനും പാപിയുമായ മറ്റാരുമില്ല. അതുകൊണ്ടുതന്നെ അവിടുത്തെ ഹേതുരഹിതമായ കാരുണ്യത്തിന് ഏറ്റവും അർഹൻ ഞാൻ തന്നെയാണ്. എന്നോട് കനിവുണ്ടാകേണമേ.”
ഇപ്രകാരം അതീവ വിനയത്തോടെ പ്രാർത്ഥിക്കുകയും വീണ്ടും വീണ്ടും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തുകൊണ്ട് ദാസിയാ വേഗം തന്നെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി.
ജഗന്നാഥ പുരിയിൽ നിന്നും മടങ്ങിവരുന്നവർ തങ്ങളുടെ കുലദൈവത്തിന് നിവേദിക്കുന്നതിനായി ഹവിഷ്യാന്നം (ഒരു തരം ഉണക്കലരി) കൊണ്ടുവരുന്നത് അന്നത്തെ കാലത്ത് പതിവായിരുന്നു. വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പത്നി പുത്തൻ മൺകലത്തിൽ ആ അരി വേവിച്ചെടുത്തു. വെന്ത ആ ചോറിന്റെ നടുവിലായി അല്പം ചീരക്കറിയും വെച്ച് അവൾ ഭർത്താവിന് വിളമ്പി. ചുവപ്പുനിറമുള്ള മൺപാത്രത്തിനുള്ളിൽ വെളുത്ത ചോറിനാൽ ചുറ്റപ്പെട്ട കടുംവർണ്ണത്തിലുള്ള ചീരക്കറിയുടെ ആ വൃത്തം ജഗന്നാഥ ഭഗവാന്റെ ദിവ്യമായ നയനപങ്കജം പോലെയാണ് ദാസിയയ്ക്ക് ദൃശ്യമായത്. ആ അത്ഭുത ദർശനത്തിൽ പുളകിതനായ അദ്ദേഹത്തിന്റെ രോമകൂപങ്ങൾ എഴുന്നു നിന്നു; അദ്ദേഹം ഭക്തിപരവശനായിത്തീർന്നു. നിലത്തുവീണ് ഭക്തിയോടെ പലവട്ടം പ്രണമിച്ചുകൊണ്ട് അദ്ദേഹം ആനന്ദനൃത്തം ചവിട്ടാൻ തുടങ്ങി.
തന്റെ ഭർത്താവിന്റെ ഈ അവസ്ഥ കണ്ട് ആ പാവം സ്ത്രീ ഭയന്നുപോയി. അദ്ദേഹത്തെ ഏതെങ്കിലും ഭൂതം ബാധിച്ചതാണെന്നോ അല്ലെങ്കിൽ മന്ത്രവാദത്തിന്റെ ഫലമാണെന്നോ കരുതി അവൾ ഉറക്കെ കരയാൻ തുടങ്ങി.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഗ്രാമവാസികൾ അവിടെ തടിച്ചുകൂടി. അവരോട് ചോദിച്ചപ്പോൾ, “ശ്രീക്ഷേത്രത്തിൽ നിന്നും മടങ്ങിവന്നതിനുശേഷം അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല” എന്ന് മാത്രമാണ് ആ സ്ത്രീക്ക് പറയാൻ കഴിഞ്ഞത്.
ഭക്ഷണം കഴിക്കാതെ എന്തുകൊണ്ടാണ് നൃത്തം ചെയ്യുന്നതെന്ന് അയൽക്കാരിൽ ഒരാൾ ദാസിയയോട് ചോദിച്ചു. അതിനദ്ദേഹം മറുപടി നൽകി: “മനോഹരമായ ചുവന്ന അതിരും, അതിനുള്ളിലെ വെളുത്ത ഭാഗവും, നടുവിലായി കറുത്ത വൃത്തവുമുള്ള ആ ദിവ്യനയനത്തെ എനിക്കെങ്ങനെയാണ് ഭക്ഷിക്കാൻ കഴിയുക?” ഭഗവദ്ഭക്തിയാലുള്ള ഉന്മാദത്തിന്റെ ലക്ഷണങ്ങളാണിതെന്ന് ഗ്രാമവാസികളിൽ ഒരാൾക്ക് മനസ്സിലായി. ചോറിന്റെ നടുവിലിരുന്ന ചീരക്കറി മാറ്റി വിളമ്പാൻ അദ്ദേഹം ദാസിയയുടെ പത്നിയോട് നിർദ്ദേശിച്ചു. അങ്ങനെ ചെയ്തപ്പോൾ ദാസിയ ശാന്തനാവുകയും ഒടുവിൽ ആഹാരം കഴിക്കുകയും ചെയ്തു.

അന്നുതൊട്ട് ആ പാവം നെയ്ത്തുകാരന്റെ പെരുമാറ്റത്തിൽ വലിയൊരു മാറ്റം ദൃശ്യമായി. അദ്ദേഹം എപ്പോഴും ഭഗവാന്റെ ലീലകളിൽ മാത്രം മുഴുകിയിരുന്നു. പലപ്പോഴും അദ്ദേഹം സ്വന്തം അവസ്ഥയെ ഓർത്ത് ഇപ്രകാരം വിലപിക്കുമായിരുന്നു: “അല്ലയോ ഭഗവാനെ ! ഞാൻ എത്രയോ താണ കുലത്തിലാണ് ജനിച്ചത്. ഞങ്ങൾ അസ്പൃശ്യരാണ്. എനിക്കെങ്ങനെ ഭഗവാന്റെ കാരുണ്യം സിദ്ധിക്കും?”
തന്റെ ഭക്തന്റെ ഹൃദയം തകർന്നുള്ള ആ വിലാപം കണ്ട്, പതിതപാവനനും കരുണാമയനുമായ ജഗന്നാഥ ഭഗവാൻ ഒരു ദിവസം ദാസിയയ്ക്ക് ദർശനം നൽകി. ഭഗവാനെ തന്റെ മുന്നിൽ ദർശിച്ച ദാസിയ പരമാനന്ദത്തിൽ ആണ്ടുപോയി. ഒരേസമയം അദ്ദേഹം വിസ്മയഭരിതനും ഭാവവിവശനുമായിത്തീർന്നു. അതീവ സന്തോഷത്തോടെ ഭഗവാന്റെ ചരണാരവിന്ദങ്ങളിൽ വീണമസ്കരിച്ചുകൊണ്ട് അദ്ദേഹം സ്തുതികൾ ആലപിക്കാൻ തുടങ്ങി: “ഹേ നാഥാ, എന്നെപ്പോലൊരു അധഃസ്ഥിതനോട് അങ്ങേയ്ക്ക് എങ്ങനെയാണ് ഇത്രയും കാരുണ്യം കാണിക്കാൻ തോന്നിയത്? വലിയ ദേവന്മാർക്കും, അസുരന്മാർക്കും, ഗന്ധർവ്വന്മാർക്കും, കിന്നരന്മാർക്കും പോലും അങ്ങ് ദുർല്ലഭനാണ്. ഞാൻ തീർത്തും വിസ്മയഭരിതനാണ്, അങ്ങയെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് എനിക്കറിയില്ല. അങ്ങേയ്ക്ക് സമർപ്പിക്കാൻ എന്റെ പക്കൽ യാതൊന്നുമില്ല താനും.”
പരമപുരുഷനായ ഭഗവാൻ അരുളിച്ചെയതു: “ഹേ ദാസിയ! നിന്റെ വിനയത്തിലും ഭക്തിയിലും ഞാൻ അത്യധികം പ്രീതനായിരിക്കുന്നു. നിനക്ക് ആവശ്യമുള്ള ഏത് വരവും ചോദിച്ചുകൊള്ളുക.”
ഇതുകേട്ട ദാസിയ മനസ്സിൽ വിചാരിച്ചു: “അമൂല്യമായൊരു ചിന്താമണി ലഭിച്ചവന് തുച്ഛവും നിസ്സാരവുമായ വസ്തുക്കൾ കൊണ്ട് എന്തുകാര്യം?” ഭഗവാന്റെ താമരപ്പൂ പോലുള്ള പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹം ഇപ്രകാരം മറുപടി നൽകി: “ഹേ പ്രഭോ, എനിക്ക് യാതൊരുവിധ ഭൗതിക വരങ്ങളും ആവശ്യമില്ല. എങ്കിലും അങ്ങേയ്ക്ക് എനിക്ക് എന്തെങ്കിലും നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, എന്റെ മനസ്സ് അങ്ങയുടെ പ്രിയപ്പെട്ട ഭക്തന്മാരുടെ ചരണാരവിന്ദങ്ങളിൽ സദാ വ്യതിചലനമില്ലാതെ മുഴുകിയിരിക്കാൻ അനുഗ്രഹിച്ചാലും. കൂടാതെ, ഞാൻ അങ്ങയെ സ്മരിക്കുന്ന വേളകളിലെല്ലാം എനിക്ക് അങ്ങയുടെ ദിവ്യദർശനം സാധ്യമാകേണമേ.”
ജഗന്നാഥ ഭഗവാൻ മന്ദസ്മിതം തൂകിക്കൊണ്ട് അരുളിച്ചെയ്തു: “അപ്രകാരം തന്നെ ഭവിക്കട്ടെ. നീ നീലാചലത്തിൽ വരുമ്പോഴെല്ലാം നിനക്ക് എന്നെ ദർശിക്കാൻ സാധിക്കും. നീ സമർപ്പിക്കുന്നതെന്തും ഞാൻ സസന്തോഷം സ്വീകരിക്കുകയും ചെയ്യും.” ഇപ്രകാരം ദാസിയയെ അനുഗ്രഹിച്ച് ഭഗവാൻ അന്തർദ്ധാനം ചെയ്തു.
ഭക്തൻ പരിഭ്രമത്തോടെ ഉണർന്നു, “എന്റെ നാഥന് ഞാൻ എന്താണ് നിവേദിക്കുക?” എന്ന് അദ്ദേഹം ആകുലതയോടെ ചിന്തിച്ചു. താൻ നെയ്തുതീർത്ത ഒരു വസ്ത്രവുമെടുത്ത് അത് വിൽക്കാനായി അദ്ദേഹം ഗ്രാമങ്ങൾ തോറും നടന്നു. ഒരു ബ്രാഹ്മണന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ, അവിടെയൊരു തെങ്ങിൽ കായ്ച്ചുനിൽക്കുന്ന തേങ്ങ കണ്ട് അത് ഭഗവാന് സമർപ്പിക്കാൻ ദാസിയ ബൗരി ആഗ്രഹിച്ചു.
ദാസിയാ ആ ബ്രാഹ്മണനോട് ആ തേങ്ങ ഭിക്ഷയായി നൽകണമെന്ന് അതീവ വിനയത്തോടെ അഭ്യർത്ഥിച്ചു.
എന്നാൽ അതിന് പകരം ദാസിയായുടെ പക്കലുള്ള വസ്ത്രം വേണമെന്ന് ബ്രാഹ്മണൻ ആവശ്യപ്പെട്ടു. പരുത്തിയും ധാന്യങ്ങളും വാങ്ങാനായി കൊണ്ടുവന്ന വസ്ത്രമായിരുന്നിട്ടും, ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ ദാസിയ ആ വ്യവസ്ഥയ്ക്ക് സമ്മതിക്കുകയും തേങ്ങ ലഭിച്ചതിൽ അത്യധികം ആനന്ദിക്കുകയും ചെയ്തു. മടക്കയാത്രയിൽ, തേങ്ങയും പഴവും നിറച്ച വണ്ടിയുമായി പുരിയിലേക്ക് പോകുന്ന മറ്റൊരു ബ്രാഹ്മണനെ അദ്ദേഹം കണ്ടുമുട്ടി. തന്റെ പക്കലുള്ള തേങ്ങ ജഗന്നാഥ ഭഗവാന് സമർപ്പിക്കാനായി കൊണ്ടുപോകണമെന്ന് ദാസിയ അദ്ദേഹത്തോട് അപേക്ഷിച്ചു; എങ്കിലും അതിന് അദ്ദേഹം ചില പ്രത്യേക വ്യവസ്ഥകൾ മുന്നോട്ടുവെച്ചു: തേങ്ങയ്ക്കായി സാധാരണ ചെയ്യുന്ന ശുദ്ധീകരണ കർമ്മങ്ങളോ മന്ത്രോച്ചാരണങ്ങളോ ചെയ്യരുതെന്ന് അദ്ദേഹം ബ്രാഹ്മണനോട് പറഞ്ഞു.
പകരം, അദ്ദേഹം ഗരുഡസ്തംഭത്തിന് പുറകിൽ നിന്നു കൊണ്ട് തേങ്ങ വായുവിൽ ഉയർത്തിപ്പിടിച്ച് ഉറക്കെ ഇപ്രകാരം പറയണമായിരുന്നു: “ഹേ ജഗന്നാഥ പ്രഭോ! ബാലിഗ്രാമിലെ ദാസിയ ബൗരി അങ്ങേയ്ക്കായി കൊടുത്തുവിട്ടതാണിത്. ദയവായി ഇത് സ്വീകരിച്ചാലും.” ദാസിയ അദ്ദേഹത്തെ ഇപ്രകാരം ചട്ടംകെട്ടി: “ജഗന്നാഥ ഭഗവാൻ നേരിട്ട് ആ തേങ്ങ സ്വീകരിക്കുന്നില്ലെങ്കിൽ, അങ്ങ് അത് എനിക്ക് തന്നെ തിരികെ കൊണ്ടുവരേണം.”
പുരിയിലെത്തിയ ബ്രാഹ്മണൻ ജഗന്നാഥ ക്ഷേത്രത്തിലേക്ക് തിരിച്ചു. ദാസിയ ബൗരിയുടെ വിചിത്രമായ അഭ്യർത്ഥന ഓർമ്മിച്ചുകൊണ്ട് അദ്ദേഹം ഗരുഡസ്തംഭത്തിന് പുറകിൽ നിൽക്കുകയും, പറഞ്ഞതുപോലെ തേങ്ങ ഉയർത്തിപ്പിടിച്ച് ഇപ്രകാരം പറയുകയും ചെയ്തു: “ഹേ ജഗന്നാഥാ! ബാലിഗ്രാമിലെ ദാസിയ അങ്ങേയ്ക്കായി കൊടുത്തുവിട്ട തേങ്ങയാണിത്. ദയവായി ഇത് സ്വീകരിച്ചാലും.” അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പെട്ടെന്ന് ആ തേങ്ങ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും അപ്രത്യക്ഷമായി. തൊട്ടടുത്ത നിമിഷം, ജഗന്നാഥന്റെ ശ്രീകോവിലിന് സമീപം പൂജാരിമാർ (പാണ്ഡന്മാർ) ഉറക്കെ ബഹളം വെയ്ക്കുന്നത് അദ്ദേഹം കേട്ടു. എന്താണ് സംഭവമെന്നറിയാൻ അങ്ങോട്ട് ചെന്ന അദ്ദേഹം വിസ്മയസ്തബ്ധനായിപ്പോയി; ജഗന്നാഥ ഭഗവാൻറെ തിരുമുഖത്തും ചുണ്ടുകളിലും തേങ്ങാപ്പാലും തേങ്ങയുടെ ചെറിയ കഷ്ണങ്ങളും ഒട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നത് അദ്ദേഹം ദർശിച്ചു. ബ്രാഹ്മണൻ മടങ്ങിയെത്തി ഈ അത്ഭുത സംഭവം വിവരിച്ചപ്പോൾ, ആ ഭക്തന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പരമപുരുഷനായ ഭഗവാൻ തന്റെ വാക്ക് പാലിക്കുകയും താൻ നൽകിയ ഉപഹാരം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

മറ്റൊരു സന്ദർഭത്തിൽ, തന്റെ പ്രാണനാഥന് സമർപ്പിക്കാനായി പാകമായ കുറച്ചു മാമ്പഴങ്ങളുമായി ദാസിയ പുരിയിലേക്ക് തിരിച്ചു. അദ്ദേഹം ക്ഷേത്രഗോപുരത്തിന് മുന്നിലെത്തിയപ്പോൾ, ചില പൂജാരിമാർ അദ്ദേഹം ജഗന്നാഥന് നിവേദിക്കാനുള്ള കാഴ്ചദ്രവ്യങ്ങളുമായാണ് വന്നിരിക്കുന്നതെന്ന് മനസ്സിലാക്കി. “നീ താഴ്ന്ന കുലത്തിൽ ജനിച്ചവനാണ്, നിനക്ക് അകത്തേക്ക് പ്രവേശനമില്ല” അവരിൽ ഒരാൾ അദ്ദേഹത്തോട് പറഞ്ഞു, “ആ മാമ്പഴങ്ങൾ എന്റെ പക്കൽ തരിക.”
ദാസിയാ അത് ദൃഢതയോടെ വിസമ്മതിച്ചു: “ഇല്ല. ഈ മാമ്പഴങ്ങൾ നിങ്ങളിൽ ആർക്കും ഞാൻ തരില്ല. ഇത് ഞാൻ തന്നെ ഭഗവാന് സമർപ്പിക്കും.” ക്ഷേത്രത്തിന് വെളിയിലെ രാജവീഥിയിൽ നിന്നുകൊണ്ട് ദാസിയാ ക്ഷേത്രത്തിന് മുകളിലെ സുദർശനചക്രത്തിലേക്ക് കണ്ണുകളുറപ്പിച്ചു, മാമ്പഴങ്ങൾ തന്റെ കയ്യിലുയർത്തിപ്പിടിച്ചു. പെട്ടെന്ന് ആ മാമ്പഴങ്ങൾ അപ്രത്യക്ഷമായി. ഇത് കണ്ട് അത്ഭുതസ്തബ്ധരായ പൂജാരിമാർ അദ്ദേഹം ഏതെങ്കിലും വലിയ യോഗിയായിരിക്കുമെന്നും സിദ്ധികളുള്ളവനാണോ എന്നും ചോദിച്ചു. ദാസിയ അവരുടെ ചോദ്യത്തിന് മറുപടി നൽകിയില്ല, പകരം ക്ഷേത്രത്തിനുള്ളിൽ പോയി മാമ്പഴങ്ങൾ നോക്കുവാൻ അവരോട് അഭ്യർത്ഥിച്ചു. പൂജാരിമാർ ശ്രീകോവിലിനുള്ളിലേക്ക് ചെന്നപ്പോൾ ജഗന്നാഥ ഭഗവാന്റെ സിംഹാസനത്തിന് സമീപം മാമ്പഴത്തിന്റെ തൊലികളും അണ്ടികളും കൂട്ടിയിട്ടിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. ദാസിയ ബൗരി ഒരു പരമഭക്തനാണെന്ന് മനസ്സിലാക്കിയ അവർ ജഗന്നാഥന്റെ പ്രസാദ മാല അദ്ദേഹത്തിനായി കൊണ്ടുവന്നു നൽകി. കണ്ണീരോടെ ദാസിയ അതീവ വിനയത്തോടെ പറഞ്ഞു: “ഞാൻ ഒരു അസ്പൃശ്യനാണ്, ഇത്രയും ആദരവിന് ഞാൻ അർഹനല്ല.” തുടർന്ന് അദ്ദേഹം ആ പൂജാരിമാരുടെ പാദധൂളി സ്വീകരിച്ച് തന്റെ ശിരസ്സിലണിഞ്ഞു.
പുരിയിൽ നിന്നും മടങ്ങുന്ന വേളയിൽ ഭഗവാന്റെ ദശാവതാരങ്ങളെ ദർശിക്കാൻ ദാസിയ ആഗ്രഹിച്ചു. പ്രേമാശ്രുക്കളോടെ തന്റെ ആഗ്രഹം സാധിച്ചു തരണമെന്ന് അദ്ദേഹം ജഗന്നാഥ ഭഗവാനോട് പ്രാർത്ഥിച്ചു. തന്റെ ശുദ്ധഭക്തന്റെ അഭീഷ്ടത്തിന് വഴങ്ങുന്ന ജഗന്നാഥ ഭഗവാൻ ക്ഷേത്രത്തിലെ സുദർശനചക്രത്തിൽ മത്സ്യം, കൂർമ്മം, വരാഹം തുടങ്ങിയ തന്റെ അവതാരരൂപങ്ങളെ പ്രകടമാക്കി.

അദ്ദേഹത്തിന്റെ ഗ്രാമത്തിലെ പ്രാദേശിക ചരിത്രമനുസരിച്ച്, ഒരിക്കൽ ദാസിയ ബൗരി യുടെ പത്നി രഥയാത്രയിലെ രഥത്തിൽ എഴുന്നള്ളിയിരിക്കുന്ന ജഗന്നാഥ ഭഗവാനെ ദർശിക്കാൻ പുരിയിലേക്ക് പോകാൻ അനുവാദം ചോദിച്ചു. ദാസിയ ഒന്നും മിണ്ടാതെ പ്രഭാതസ്നാനത്തിനായി വീടിന് പുറത്തേക്ക് പോയി.
കുറച്ചു മിനിറ്റുകൾക്ക് ശേഷം അദ്ദേഹം അതീവ ആവേശത്തോടെ പത്നിയെ ആ ചെറിയ കുളത്തിനടുത്തേക്ക് വിളിച്ചു. പരമാനന്ദത്താൽ തുള്ളിച്ചാടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “നോക്കൂ! നോക്കൂ! ആ വെള്ളത്തിലേക്ക് നോക്കൂ! നിനക്ക് ഭഗവാനെ കാണാൻ കഴിയുന്നുണ്ടോ!!” ദാസിയായുടെ പത്നിയുടെ കണ്ണുകൾ അപ്പോൾ അശ്രുക്കളാൽ നിറഞ്ഞു; രഥത്തിലേറിയ ജഗന്നാഥ ഭഗവാന്റെ ദിവ്യദർശനം ആ ജലാശയത്തിൽ അവൾക്ക് ദൃശ്യമായി.
ദാസിയ ബൗരിയുടെ ജീവിതത്തിലെ ഈ സംഭവങ്ങൾ കൃഷ്ണഭക്തരെ അവരുടെ ജനനം കൊണ്ട് വിലയിരുത്തരുതെന്ന് കാട്ടിത്തരുന്നു.
ശ്രീ ചൈതന്യഭാഗവതത്തിൽ (മധ്യലീല, 10.102,&111) ഇപ്രകാരം വിവരിക്കുന്നു:
യേ പാപിഷ്ഠാ വൈഷ്ണവേര ജാതി-ബുദ്ധി കരേ
ജന്മ ജന്മ അധമ യോനിതേ ദുബി മരേ”
ഒരു വൈഷ്ണവൻ ഏതെങ്കിലും പ്രത്യേക ജാതിയിൽ പെട്ടവനാണെന്ന് ചിന്തിക്കുന്നവൻ പാപിയാണ്. അവൻ ജന്മ ജന്മാന്തരങ്ങളായി അധമമായ യോനികളിൽ ജനിച്ച് ദുരിതമനുഭവിക്കുന്നു.
“പ്രഹ്ലാദ യേ-ഹേന ദൈത്യ, കപി ഹനുമാൻ
ഏയി മത ഹരിദാസ ‘നീച-ജാതി’ നാമ”
പ്രഹ്ലാദൻ ഒരു ‘അസുരൻ’ ആയിരുന്നതുപോലെയും, ഹനുമാൻ ഒരു ‘വാനരൻ’ ആയിരുന്നതുപോലെയും, ഹരിദാസ് ഠാക്കൂർ ‘താഴ്ന്ന കുലത്തിൽ ജനിച്ചവനായി’ അറിയപ്പെട്ടു.
പത്മപുരാണത്തിലും ഇപ്രകാരം പ്രസ്താവിക്കുന്നു:
“ശ്വപാകം ഇവ നേക്ഷേത ലോകേ വിപ്രം അവൈഷ്ണവം
വൈഷ്ണവോ വർണ്ണബാഹ്യോഽപി പുനാതി ഭുവനത്രയമ്”
വൈഷ്ണവനല്ലാത്ത ഒരു ബ്രാഹ്മണനെ ദർശിക്കുക പോലും ചെയ്യരുത്. അങ്ങനെയുള്ളവൻ ചണ്ഡാലന് (നായ് ഇറച്ചി തിന്നുന്നവന്) തുല്യനാണ്. അതേസമയം, വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് വെളിയിൽ ജനിച്ചവനാണെങ്കിൽ പോലും ഒരു വൈഷ്ണവൻ മൂന്നുലോകങ്ങളെയും പവിത്രമാക്കുന്നു.
തന്റെ ഭൗതികലീലകൾ അവസാനിപ്പിച്ചതിനുശേഷം, ആ വിനീതനായ നെയ്ത്തുകാരൻ ദാസിയ ബൗരിയെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് സമാധി ഇരുത്തി. കുറച്ചുകാലത്തിനുശേഷം, പുരിയിലെ മഹാരാജാവ് അദ്ദേഹത്തിന്റെ കുടുംബപരമ്പരയിലുള്ളവർക്ക് രഥയാത്രാ വേളയിൽ മൺകുതിരകളെയും മൂന്ന് സാരഥിമാരെയും രഥങ്ങളിലേക്ക് എഴുന്നള്ളിക്കുന്നതിനുള്ള നിത്യസേവനം കൽപ്പിച്ചു നൽകി. ഇന്നും ആ പുണ്യസേവ ദാസിയ ബൗരിയുടെ വംശപരമ്പരയിലുള്ളവർ ഭക്തിപൂർവ്വം നിർവ്വഹിച്ചുപോരുന്നു.
തന്റെ ജീവിതകാലത്ത് ശരീരവർണ്ണത്തിന്റെയോ താഴ്ന്ന ജാതിയുടെയോ പേരിൽ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്നെങ്കിലും, ഇന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. ഒഡീഷയിലെ ജഗന്നാഥ ഭക്തന്മാരിൽ ഏറ്റവും പ്രശസ്തനായി ദാസിയ ബൗരി മാറിവരികയും ചെയ്തു. അദ്ദേഹത്തിന്റെ ഗ്രാമമായ ബാലിഗ്രാം ഇന്ന് ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ്; ജഗന്നാഥ ഭഗവാന്റെ പ്രിയപ്പെട്ട ആ ഭക്തന്റെ അനുഗ്രഹത്തിനായി നൂറുകണക്കിന് തീർത്ഥാടകരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഈ മഹാവൈഷ്ണവനോടുള്ള ആദരസൂചകമായി ഒഡീഷ സർക്കാർ അടുത്തിടെ അവിടെയൊരു ജഗന്നാഥ ക്ഷേത്രം നിർമ്മിക്കുകയും ദാസിയ ബൗരിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
കൃഷ്ണകഥാമൃത ബിന്ദു മാസിക (ഇസ്കോൺ ഭുവനേശ്വർ)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
