ശിവഭഗവാന്റെ നാമഭജനം
ഭഗവാൻ ശ്രീകൃഷ്ണന്റെ തിരുനാമങ്ങൾ ശ്രവിക്കുന്നതിൽ പരമശിവന്നുള്ള അത്യധികമായ അനുരക്തിയെക്കുറിച്ച് താൻ രചിച്ച ‘ഭക്തിരസാമൃതസിന്ധു’ (Nectar of Devotion) എന്ന ഗ്രന്ഥത്തിന്റെ നാല്പത്തിമൂന്നാം അധ്യായത്തിൽ കൃഷ്ണകൃപാമൂർത്തി ശ്രീല എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ ഇപ്രകാരം വിവരിക്കുന്നു:
ഒരിക്കൽ ദേവർഷി നാരദൻ ഭഗവദ്ഗുണഗാനങ്ങൾ ആലപിച്ചുകൊണ്ട് സഞ്ചരിക്കവെ, ആ നാമകീർത്തനത്തിൽ മുഴുകിയ ഭഗവാൻ ശിവന്റെ കണ്ഠത്തിലെ നീലനിറം (കാളകൂട വിഷത്തിന്റെ അടയാളം) മാഞ്ഞുപോവുകയുണ്ടായി. ഇത് കണ്ട പാർവ്വതീദേവി ഭയചകിതയാവുകയും, തന്റെ പതിയുടെ വേഷത്തിൽ മറ്റാരോ വന്നിരിക്കുകയാണെന്ന് സംശയിച്ച് ഉടൻതന്നെ അവിടെനിന്ന് മാറിപ്പോവുകയും ചെയ്തു. ഭഗവദ്നാമത്തിന് ശിവഭഗവാന്റെ ബാഹ്യലക്ഷണങ്ങളെപ്പോലും മാറ്റിമറിക്കാൻ സാധിക്കുമെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ശിവനോടുള്ള കൃഷ്ണന്റെ നിർദ്ദേശം
പരമശിവൻ കൃഷ്ണനാമം ശ്രവിക്കുന്നതിൽ മാത്രമല്ല, അത് നിരന്തരം കീർത്തിക്കുന്നതിലും അതീവ താല്പര്യമുള്ളവനാണ്. വിവിധ വൈദിക സാഹിത്യങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്. ബ്രഹ്മവൈവർത്ത പുരാണത്തിൽ (1.6.4-16) ഭഗവാൻ ശ്രീകൃഷ്ണനും ശിവനും തമ്മിലുള്ള സംഭാഷണത്തിൽ ഇപ്രകാരം ഒരു സന്ദർഭമുണ്ട്:
യോഗീശ്വരനായ ശിവനെ ഒരിക്കൽ സന്നിധിയിലേക്ക് വിളിച്ചുവരുത്തിയ ശ്രീകൃഷ്ണൻ അരുളിച്ചെയ്തു: “ഹേ ശിവ, സിംഹവാഹിനിയായ ആ ദേവിയെ നീ പത്നിയായി സ്വീകരിക്കേണ്ടതാണ്.”
ഭഗവാന്റെ വാക്കുകൾ കേട്ട ശിവൻ മന്ദസ്മിതത്തോടെ വിനയാന്വിതനായി ഇപ്രകാരം മറുപടി നൽകി: “പരമാത്മാവേ, പ്രകൃതിസ്വരൂപിണിയായ ആ ദേവിയെ സ്വീകരിക്കാൻ എനിക്ക് സാധ്യമല്ല. കാരണം, അവൾ അങ്ങയിലുള്ള എന്റെ ഭക്തിയിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കുകയും അങ്ങയെ സേവിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. അവൾക്ക് യഥാർത്ഥ ജ്ഞാനത്തെ മറയ്ക്കാൻ കഴിയും. അവൾ രജോഗുണത്തെ വർദ്ധിപ്പിക്കുകയും തപസ്സിനെ നശിപ്പിക്കുകയും ചെയ്യുന്നു. സംസാരബന്ധനത്തിന്റെ ആധാരശിലയായ അവൾ മോക്ഷമാർഗ്ഗത്തിൽ നിന്ന് ഒരുവനെ അകറ്റുന്നു.”
“ഭഗവാനേ! എനിക്കൊരു പത്നിയെ ആവശ്യമില്ല. അങ്ങയുടെ പാദാരവിന്ദങ്ങളിൽ വർദ്ധിച്ചുവരുന്ന ഭക്തി മാത്രം എനിക്ക് വരമായി നൽകിയാലും. അവിടുത്തെ നാമജപത്തിലും ആ പത്മപാദസേവയിലും എനിക്ക് ഒരിക്കലും തൃപ്തി വരുന്നില്ല..”
തുടർന്ന് ശിവൻ ഇപ്രകാരം പ്രാർത്ഥിച്ചു:
ത്വന്നാമാ പഞ്ചവക്ത്രേണ ഗുണം ച മംഗലാലയാം
സ്വപ്നേ ജാഗരണേ ശശ്വദ് ഗായൻ ഗായൻ ഭ്രമാമ്യഹം
(ബ്രഹ്മവൈവർത്ത പുരാണം 1.6.12)
അർത്ഥം: “മംഗളസ്വരൂപനായ ഭഗവാനേ, ഉറക്കത്തിലും ഉണർവ്വിലും ഒരുപോലെ എന്റെ അഞ്ചു മുഖങ്ങൾ കൊണ്ടും അങ്ങയുടെ പവിത്രമായ നാമഗുണവിശേഷങ്ങൾ കീർത്തിച്ചുകൊണ്ട് എനിക്ക് എപ്പോഴും വിഹരിക്കാൻ സാധിക്കട്ടെ.”
ആകല്പകോടികോടിം ച ത്വദ്രൂപധ്യാനതത്പരം
ഭോഗേച്ഛാവിഷയേ നൈവ യോഗേ തപസി മന്മനഃ
(ബ്രഹ്മവൈവർത്ത പുരാണം 1.6.13)
അർത്ഥം: “കോടിക്കണക്കിന് കല്പകാലത്തോളം അങ്ങയുടെ മനോഹരരൂപത്തെ ധ്യാനിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലൗകിക സുഖങ്ങളിലോ യോഗാദികളിലോ തപസ്സിലോ എന്റെ മനസ്സ് താല്പര്യം കാണിക്കുന്നില്ല.”
ത്വത്സേവനേ പൂജനേ ച വന്ദനേ നാമകീർത്തനേ
സദോല്ലാസിതമേഷാം ച വിരതൗ വിരതിം ലഭേത്
(ബ്രഹ്മവൈവർത്ത പുരാണം 1.6.14)
അർത്ഥം: “അങ്ങയെ സേവിക്കുന്നതിലും ആരാധിക്കുന്നതിലും വന്ദിക്കുന്നതിലും നാമങ്ങൾ കീർത്തിക്കുന്നതിലും ഞാൻ അത്യധികമായ ആനന്ദം അനുഭവിക്കുന്നു. എന്നാൽ ഈ പുണ്യകർമ്മങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്ന നിമിഷം എന്റെ ആനന്ദവും അസ്തമിക്കുന്നു.”
സ്മരണം കീർത്തനം നാമഗുണയോഃ ശ്രവണം ജപഃ
ത്വച്ചാരുരൂപധ്യാനം ത്വത്പാദമേവാഭിവന്ദനം
സമർപ്പണം ചാത്മനശ്ച നിത്യം നൈവേദ്യഭോജനം
വരം വരേശ ദേഹീദം നവധാഭക്തിലക്ഷണം
(ബ്രഹ്മവൈവർത്ത പുരാണം 1.6.15-16)
അർത്ഥം: “ഹേ വരദായക! അങ്ങയുടെ ലീലകളെ നിരന്തരം സ്മരിക്കുവാനും, അങ്ങയുടെ മഹിമകളും ഗുണഗണങ്ങളും കീർത്തിക്കുവാനും ശ്രവിക്കുവാനും, അങ്ങയുടെ ആകർഷകമായ രൂപത്തെ ധ്യാനിക്കുവാനും, അങ്ങയുടെ താമരപ്പൂവടിയിൽ പ്രണമിക്കുവാനും, അങ്ങയിൽ പൂർണ്ണമായി ശരണാഗതി പ്രാപിക്കുവാനും, അങ്ങയുടെ പ്രസാദം ഭക്ഷിക്കുവാനും സാധിക്കത്തക്കവിധം ഒൻപത് വിധത്തിലുള്ള ഭക്തിസേവനം എനിക്ക് കനിഞ്ഞുനൽകിയാലും.”

