നാരദമഹർഷി ബഹുലാശ്വമഹാരാജാവിനോട് അരുളിച്ചെയ്തു: “ഹേ രാജൻ! ഇനി അങ്ങ് ഗോപീഭൂമിയുടെ മഹിമകളെക്കുറിച്ച് ശ്രവിച്ചാലും. ഇത് സകല പാപങ്ങളെയും ഹരിക്കുന്ന ഉത്തമമായൊരു പുണ്യതീർത്ഥമാകുന്നു. ഇതിനെക്കുറിച്ച് കാതുകൊണ്ട് കേൾക്കുന്ന മാത്രയിൽത്തന്നെ ഒരുവൻ കർമ്മബന്ധനങ്ങളിൽ നിന്ന് മുക്തി നേടുന്നു. ഗോപികമാർ അവിടെ വസിച്ചതിനാലാണ് ആ സ്ഥലത്തിന് ‘ഗോപീഭൂമി’ എന്ന പേര് സിദ്ധിച്ചത്. അവിടെ ഗോപികമാരുടെ അംഗരാഗത്തിൽ നിന്ന് ഉത്ഭവിച്ച ഉത്തമമായ ഗോപീചന്ദനം ലഭ്യമാണ്. തന്റെ ശരീരത്തിൽ ഗോപീചന്ദനം ചാർത്തുന്നവന് ഭാഗീരഥിയിൽ (ഗംഗയിൽ) സ്നാനം ചെയ്ത ഫലം സിദ്ധിക്കുന്നു. എപ്പോഴും ഗോപീചന്ദനം കൊണ്ട് തിലകക്കുറി അണിയുന്നവൻ, അതായത് ഗോപീചന്ദനമുദ്ര ധരിക്കുന്നവൻ, ദിനംപ്രതി മഹാനദിയിൽ സ്നാനം ചെയ്യുന്ന പുണ്യഫലം പ്രാപിക്കുന്നു.
അവൻ ആയിരം അശ്വമേധയാഗങ്ങളും നൂറ് രാജസൂയയാഗങ്ങളും അനുഷ്ഠിച്ചവനായി ഭവിക്കുന്നു. സകല തീർത്ഥങ്ങളെ സേവിച്ചതിന്റേയും, ദാന-വ്രതാദികൾ അനുഷ്ഠിച്ചതിന്റേയും ഫലം അവന് ലഭിക്കുന്നു. ഗോപീചന്ദനധാരണം കൊണ്ടുമാത്രം അവൻ കൃതാർത്ഥനായിത്തീരുന്നു എന്നത് നിസ്തർക്കമാണ്. ഗംഗാതീരത്തെ മണ്ണിനേക്കാൾ ഇരട്ടി പുണ്യം ചിത്രകൂടത്തിലെ മണ്ണിനുണ്ടെന്ന് കരുതപ്പെടുന്നു. അതിനേക്കാൾ പത്തിരട്ടി പുണ്യം പഞ്ചവടിയിലെ മണ്ണിനും, അതിനേക്കാൾ നൂറിരട്ടി പുണ്യം ഗോപീചന്ദനമണ്ണിനുമുണ്ട്. ഗോപീചന്ദനം വൃന്ദാവനത്തിന് തുല്യമാണെന്ന് അങ്ങ് അറിഞ്ഞാലും. ഗോപീചന്ദനക്കുറി അണിഞ്ഞ ശരീരം നൂറുകണക്കിന് പാപങ്ങൾ ചെയ്തതാണെങ്കിൽപ്പോലും, ആ ജീവനെ സ്വന്തം സന്നിധിയിലേക്ക് കൊണ്ടുപോകാൻ യമരാജന് സാധ്യമല്ല; അങ്ങനെയെങ്കിൽ യമദൂതന്മാരുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ? എത്ര വലിയ പാപിയാണെങ്കിലും ദിനംപ്രതി ഗോപീചന്ദനം ശരീരത്തിൽ ധരിക്കുന്നവൻ, പ്രാകൃതഗുണങ്ങൾക്ക് പ്രവേശിക്കുവാൻ സാധ്യമല്ലാത്ത ശ്രീഹരിയുടെ പരമപദമായ ഗോലോകധാമത്തെ പ്രാപിക്കുന്നു.”
ദീർഘബാഹു മഹാരാജാവ്
സിന്ധുദേശത്തിൽ ദീർഘബാഹു എന്ന് പേരുള്ളൊരു രാജാവുണ്ടായിരുന്നു. അധർമ്മ വഴിയിലൂടെ ജീവിച്ചിരുന്ന അവൻ അത്യന്തം ദുഷ്ടനും, എപ്പോഴും വേശ്യാസംഗത്തിൽ മാത്രം മുഴുകിയിരുന്നവനുമായിരുന്നു. ഭാരതഭൂമിയിൽ വെച്ച് നൂറുകണക്കിന് ബ്രാഹ്മണരെ കൊലപ്പെടുത്തിയവനാണ് അവൻ. ആ ദുർമാർഗ്ഗി പത്ത് ഗർഭിണികളെയും വധിച്ചിട്ടുണ്ട്. അവൻ നായാട്ടിൽ ഏർപ്പെട്ടിരുന്നപ്പോൾ തന്റെ അമ്പുകളാൽ കപിലയിനത്തിൽപ്പെട്ട പശുക്കളെയും കൊന്നൊടുക്കി. ഒരു ദിവസം അവൻ കുതിരപ്പുറത്തേറി മൃഗയാവിനോദത്തിനായി വനത്തിലേക്ക് പോയി. അവിടെവെച്ച്, രാജാവിനോട് വിദ്വേഷമുണ്ടായിരുന്ന ഒരു മന്ത്രി, രാജ്യാധികാരത്തോടുള്ള അത്യാഗ്രഹത്താൽ ആ ദുഷ്ടനായ രാജാവിനെ മൂർച്ചയേറിയ വാളുകൊണ്ട് ആ വനത്തിൽവെച്ച് തന്നെ വധിച്ചു. അവൻ മരണപ്പെട്ട് ഭൂമിയിൽ കിടക്കുന്നത് കണ്ട് യമദൂതന്മാർ അവനെ ബന്ധിച്ച്, അന്യോന്യം സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് യമപുരിയിലേക്ക് കൊണ്ടുപോയി. ആ പാപി തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട യമരാജൻ ചിത്രഗുപ്തനോട് ചോദിച്ചു: “ഇവന് നൽകേണ്ടതായ തത്തുല്യമായ ശിക്ഷ എന്താണ്?”
ചിത്രഗുപ്തൻ ബോധിപ്പിച്ചു: “മഹാരാജാവേ! ഇവനെ എൺപത്തിനാല് ലക്ഷം നരകങ്ങളിൽ മാറി മാറി വീഴ്ത്തിയാലും സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം ഇവൻ നരകയാതനകൾ അനുഭവിച്ചുകൊണ്ടേയിരിക്കണം. ഇവൻ ഭാരതഭൂമിയിൽ ജന്മമെടുത്ത് ഒരു ക്ഷണംപോലും യാതൊരുവിധ പുണ്യപ്രവൃത്തിയും ചെയ്തിട്ടില്ല. ഇവൻ പത്ത് ഗർഭിണികളെയും എണ്ണമറ്റ കപിലപ്പശുക്കളെയും വധിച്ചിട്ടുണ്ട്. ഇതുകൂടാതെ വന്യമൃഗങ്ങളെ ആയിരക്കണക്കിനാണ് കൊന്നൊടുക്കിയത്. അതുകൊണ്ട് ദൈവ-ബ്രാഹ്മണ നിന്ദ ചെയ്ത ഇവൻ മഹാപാപിയാകുന്നു.”
നാരദമഹർഷി തുടർന്നു: “ഹേ രാജൻ! അപ്പോൾ യമരാജന്റെ ആജ്ഞാനുസരണം യമദൂതന്മാർ ആ പാപാത്മാവിനെ കുംഭീപാകം എന്ന് പേരുള്ള നരകത്തിലേക്ക് നയിച്ചു. അത് ആയിരം യോജന വിസ്തീർണ്ണമുള്ളതായിരുന്നു. അവിടെ വലിയ വാർപ്പിൽ തിളച്ച മറിഞ്ഞ എണ്ണ നിറഞ്ഞിരുന്നു. തിളച്ചുമറിയുന്ന ആ എണ്ണയിൽ നുരകൾ പൊന്തിക്കൊണ്ടിരുന്നു. യമദൂതന്മാർ ആ പാപിയെ കുംഭീപാകത്തിലേക്ക് തള്ളിയിട്ടു. അവൻ അതിൽ വീണ മാത്രയിൽത്തന്നെ, പ്രളയാഗ്നി പോലെ ജ്വലിച്ചുകൊണ്ടിരുന്ന ആ അഗ്നി അപ്പോൾത്തന്നെ തണുത്തു ശാന്തമായി. ഹേ വിദേഹരാജൻ! പ്രഹ്ലാദനെ തിളയ്ക്കുന്ന എണ്ണയിൽ എറിഞ്ഞപ്പോൾ അത് തണുത്തുപോയതുപോലെ, ആ പാപിയെ നരകത്തിൽ തള്ളിയ ഉടനെ അവിടെയുണ്ടായിരുന്ന അഗ്നിജ്വാലകൾ ശാന്തമായിത്തീർന്നു. യമദൂതന്മാർ ആ ക്ഷണത്തിൽത്തന്നെ യമരാജന്റെ സന്നിധിയിലെത്തി ഈ വിവരം അറിയിച്ചു. ചിത്രഗുപ്തനും യമരാജനും അത്യന്തം ഉൽക്കണ്ണാകുലരാവുകയും, ഇവൻ ഭൂമിയിൽ ഒരിയ്ക്കലും ഒരു പുണ്യവും ചെയ്തിട്ടില്ലല്ലോ എന്ന് ചിന്തിച്ച് വ്യാകുലപ്പെടാനും തുടങ്ങി. രാജാവേ! ഈ സമയത്താണ് ധർമ്മരാജന്റെ സഭയിലേക്ക് വ്യാസമഹർഷി എഴുന്നള്ളിയത്. അദ്ദേഹത്തെ സ്വീകരിച്ച് പൂജിച്ച ധർമ്മരാജൻ വണങ്ങിനിന്ന് ചോദിക്കാൻ തുടങ്ങി.
യമരാജൻ ചോദിച്ചു: ‘ഭഗവാനേ! ഈ പാപി ഒരിക്കൽപ്പോലും ഒരു പുണ്യകർമ്മവും അനുഷ്ഠിച്ചിട്ടില്ല. അതിനാൽ നുരഞ്ഞു തിളയ്ക്കുന്ന എണ്ണ നിറഞ്ഞ കുംഭീപാകത്തിലെ വലിയ വാർപ്പിലേക്ക് ഇവൻ എറിയപ്പെട്ടു. എന്നാൽ ഇവനെ അതിലിട്ട ഉടൻ തന്നെ അവിടുത്തെ തീയത്രയും തണുത്തുപോയി. ഇത് എന്റെ മനസ്സിനെ അത്യന്തം വ്യാകുലപ്പെടുത്തുന്നു.’
ശ്രീവ്യാസദേവൻ അരുളിച്ചെയ്തു: ‘ശാസ്ത്രവിശാരദന്മാരായ ജ്ഞാനികൾ ബ്രഹ്മത്തിന്റെ ഗതി അത്യന്തം സൂക്ഷ്മമാണെന്ന് പറയുന്നതുപോലെ, പാപപുണ്യങ്ങളുടെ ഗതിയും അത്യന്തം സൂക്ഷ്മമാകുന്നു. ദൈവാധീനത്താൽ ഇവന് തനിയെത്തന്നെ പ്രത്യക്ഷഫലം നൽകുന്ന ഒരു പുണ്യം സിദ്ധിച്ചിരിക്കുന്നു. വിവേകശാലികളിൽ ശ്രേഷ്ഠനായവനേ, അവൻ പവിത്രനായിത്തീർന്ന ആ പുണ്യത്തിന്റെ ഹേതു ഞാൻ പറയാം, കേട്ടാലും. ആരുടെയോ കൈകളാൽ വൃന്ദാവനത്തിലെ ഗോപി ചന്ദനം ഉണ്ടായിരുന്ന ഒരിടത്തുവെച്ചാണ് ഈ പാപിയുടെ മരണം സംഭവിച്ചത്. ആ മണ്ണിന്റെ പ്രഭാവം കൊണ്ടുമാത്രമാണ് ഈ പാപി പവിത്രനായിത്തീർന്നത്. ശരീരത്തിൽ ഗോപീചന്ദന ലേപനമുള്ള മനുഷ്യൻ സാക്ഷാൽ നാരായണനായിത്തീരുന്നു. അവന്റെ ദർശനം കൊണ്ടുമാത്രം ബ്രഹ്മഹത്യാപാപം പോലും ഇല്ലാതായിത്തീരുന്നു.’
നാരദമഹർഷി പറഞ്ഞു: “ഹേ രാജൻ! ഇതുകേട്ട ധർമ്മരാജൻ അവനെ ആദരവോടെ കൂട്ടിക്കൊണ്ടുവന്നു. വിചാരിക്കുന്നയിടത്തേക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒരു ദിവ്യവിമാനത്തിൽ അവനെ ഇരുത്തി, പ്രകൃതിയുടെ ഗുണങ്ങൾക്കതീതമായ വൈകുണ്ഠധാമത്തിലേക്ക് അയച്ചു. ഗോപീചന്ദനത്തിന്റെ മഹിമ യമരാജന് അപ്രതീക്ഷിതമായി അപ്പോഴാണ് ബോധ്യപ്പെട്ടത്. ഹേ രാജൻ! ഞാൻ അങ്ങേക്ക് ഗോപീചന്ദനത്തിന്റെ മാഹാത്മ്യം വിവരിച്ചുതന്നു കഴിഞ്ഞു. ഗോപീചന്ദനത്തിന്റെ ഉത്തമമായ ഈ മാഹാത്മ്യം ശ്രവിക്കുന്നവൻ ഭഗവാൻ ശ്രീകൃഷ്ണന്റെ പരമപദത്തെ പ്രാപിക്കുന്നു.”
അവലംബം – ശ്രീ ഗർഗ്ഗ സംഹിത / ആറാം കാണ്ഡം / അധ്യായം 15

ഗോപീചന്ദനത്താൽ തിലകധാരണം ചെയ്യേണ്ടത് എങ്ങനെ?
അരുളിച്ചെയ്തത്: ഭക്തിവികാസ സ്വാമി
തിലകധാരണത്തിനായി വിവിധ തരത്തിലുള്ള ദ്രവ്യങ്ങൾ ശാസ്ത്രങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം വരുന്ന ഗൗഡീയ വൈഷ്ണവരും ഗോപീചന്ദനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ദ്വാരകയിൽ നിന്ന് ലഭ്യമാകുന്ന ഈ മഞ്ഞനിറത്തിലുള്ള മൃത്തിക (മണ്ണ്) എല്ലാ ഇസ്കോൺ (ISKCON) ക്ഷേത്രങ്ങളിലും ലഭ്യമാണ്. വിവിധ വസ്തുക്കൾ ഉപയോഗിച്ച് നെറ്റിയുൾപ്പെടെയുള്ള ശരീ രത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ലംബമായ അടയാളങ്ങൾ ഇടുന്ന താണ് തിലകം, അഥവാ ഊർധ്വപുണ്ഡം. ഇത് ഭഗവാൻ വിഷ്ണു വിനോടുള്ള ശരണാഗതിയെ സൂചിപ്പിക്കുന്നു. ഇത് വിഷ്ണുവിൻ് പാദാരവിന്ദങ്ങളുടെ പ്രതീകമാണെന്ന് പദ്മപുരാണവും, യജുർവേ ദവും പ്രസ്താവിക്കുന്നു. തിലക ധാരണത്തിനായുള്ള ശരീരത്തി ലെ പന്ത്രണ്ട് ഭാഗങ്ങൾ സ്വേച്ഛാനുസാരമുള്ളവയല്ല. മാനസികമായി ഭഗവാനെ സ്ഥാപിക്കുവാനായി, വിവിധ നാമങ്ങൾ ഉരുവിടുമ്പോൾ ഉളവാകുന്ന ആത്മീയ ശക്തിയെ അനായാസം ആഗിരണം ചെയ്യാ ൻ കഴിയുന്ന സൂക്ഷ്മവേദിയായ സ്ഥാനങ്ങളാണവ.
ഭക്തന്മാർ വിഷ്ണുവിൻ്റെ വിവിധ നാമങ്ങൾ ജപിച്ച് തിലകം ധരിക്കുമ്പോൾ സംപ്രീതനായ ഭഗവാൻ നമ്മോടൊപ്പം കുടികൊള്ളുന്നു. ഇപ്രകാരം ഭൗതിക ശരീരം പരിപാവനമായ ഭഗവദ്ക്ഷേത്ര മാകുന്നു. അത്യന്തം ശ്രദ്ധയോടെ കണ്ണാടിയിൽ തൻ്റെ പ്രതിബിംബത്തെ നോക്കി തിലകം ധരിക്കുന്ന ഭക്തൻ ഭഗവദ്ധാമത്തിലെത്തുന്നുവെന്ന് ബ്രഹ്മാണ്ഡപുരാണം പ്രസ്താവിക്കുന്നു.
നെറ്റി, ഉദരം, നെഞ്ച്, കഴുത്ത്, ഉദരത്തിൻ്റെ ഇരുവശങ്ങൾ, കൈ, തോളുകൾ, മുതുകിൻ്റെ മുകൾ ഭാഗം, കീഴ്ഭാഗം എന്നീ 12 ഭാഗങ്ങളിലാണ് തിലകം ധരിക്കുന്നത്. തിലകം ചാർത്തുന്നതിനായി അല്പം ജലം ഇടതു കൈവെള്ളയിൽ എടുക്കുക. ഗോപീചന്ദനക്കട്ടി വലതുകൈയിലെടുത്ത് ഈ ജലവുമായി നന്നായി ഉരസി പാകത്തിലുള്ളൊരു ലേപനം (കുഴമ്പ്) തയ്യാറാക്കുക.
വലതുകൈയിലെ മോതിരവിരൽ തുമ്പുകൊണ്ട് ഇടതു കൈവെള്ളയിലുള്ള ഗോപീചന്ദന ലേപനത്തിൽ നിന്ന് അല്പം എടുക്കുക. അതിനുശേഷം നെറ്റിയിൽ തിലകം ചാർത്തേണ്ടതാണ്. നേരായ രണ്ട് വരകൾ വരുന്ന രീതിയിൽ നടുവിലൂടെ ഒരേ അളവിൽ വേണം ചാർത്തുവാൻ. മൂക്കിന്റെ മുകൾഭാഗത്തുനിന്ന് മുകളിലോട്ട് വേണം വരയ്ക്കേണ്ടത്; മുകളിൽ നിന്ന് താഴോട്ടല്ല. ഒടുവിൽ മനോഹരമായ രണ്ട് വരകൾ തെളിയുന്നതുവരെ പലതവണ ഇപ്രകാരം ആവർത്തിക്കാവുന്നതാണ്. പിന്നീട് ഗോപീചന്ദനം മുകളിൽ നിന്ന് താഴോട്ട് മൂക്കിന്മേൽ ചാർത്തണം. മൂക്കിന്റെ നാലിൽ മൂന്ന് ഭാഗത്തോളം തിലകം ഉണ്ടായിരിക്കണം (അതായത്, തീരെ ചെറുതാകാനും പാടില്ല, എന്നാൽ മൂക്ക് മുഴുവനായും മറയ്ക്കാനും പാടില്ല). നെറ്റിയിൽ ചാർത്തിയ തിലകവും മൂക്കിൽ ചാർത്തിയതും തമ്മിൽ യാതൊരുവിധ വിടവുമില്ലാതെ പരസ്പരം യോജിപ്പിച്ചിരിക്കണം.
ശരീരത്തിന്റെ നിശ്ചിത സ്ഥാനങ്ങളിൽ തിലകം ധരിക്കുമ്പോൾ, താഴെ പറയുന്ന മന്ത്രങ്ങൾ ഇവിടെ നൽകിയിരിക്കുന്ന ക്രമത്തിൽ ഉച്ചരിച്ചുകൊണ്ട് വേണം ചാർത്തുവാൻ:
(1) ഓം കേശവായ നമഃ – നെറ്റിയിൽ
(2) ഓം നാരായണായ നമഃ – ഉദരമധ്യത്തിൽ (വയറിന്റെ മധ്യഭാഗത്ത്)
(3) ഓം മാധവായ നമഃ – വക്ഷഃസ്ഥലത്ത് (നെഞ്ചിൽ)
(4) ഓം ഗോവിന്ദായ നമഃ – കണ്ഠകൂടത്തിൽ (തൊണ്ടക്കുഴിയിൽ)
(5) ഓം വിഷ്ണവേ നമഃ – ഉദരത്തിന്റെ വലതുഭാഗത്ത്
(6) ഓം മധുസൂദനായ നമഃ – വലതു കൈയുടെ താഴെപ്പകുതിയിൽ
(7) ഓം ത്രിവിക്രമായ നമഃ – വലതു കൈയുടെ മുകൾപ്പകുതിയിൽ
(8) ഓം വാമനായ നമഃ – ഉദരത്തിന്റെ ഇടതുഭാഗത്ത്
(9) ഓം ശ്രീധരായ നമഃ – ഇടതു കൈയുടെ താഴെപ്പകുതിയിൽ
(10) ഓം ഹൃഷീകേശായ നമഃ – ഇടതു കൈയുടെ മുകൾപ്പകുതിയിൽ
(11) ഓം പത്മനാഭായ നമഃ – മുതുകിന്റെ മുകൾഭാഗത്ത് (കഴുത്തിൻ്റെ പിൻഭാഗം)
(12) ഓം ദാമോദരായ നമഃ – മുതുകിന്റെ കീഴ്ഭാഗത്ത്
വലതുകൈയിലെ മോതിര വിരൽകൊണ്ടു വേണം തിലകം ചാർത്തുവാൻ. എന്നാൽ വലതു ബാഹുവിലുള്ള രണ്ട് തിലകങ്ങൾ ചാർത്തുന്നതിനായി ഇടതു കൈയിലെ മോതിര വിരൽ ഉപയോഗിക്കേണ്ടതാണ്. തിലകധാരണത്തിന് ശേഷം ഇടതു കൈവെള്ളയിൽ ശേഷിക്കുന്ന അല്പം ഗോപീചന്ദനം “ഓം വാസുദേവായ നമഃ” എന്ന് മന്ത്രിച്ചുകൊണ്ട് ശിരസ്സിൽ ചാർത്തേണ്ടതാകുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
