ശ്രീമദ് ഭാഗവതം ആറാം സ്കന്ധം ആറാം അധ്യായത്തിൽ പ്രജാപതി ദക്ഷൻ തന്റെ ഇരുപത്തിയേഴ് പുത്രിമാരെ ചന്ദ്രന് വിവാഹം ചെയ്തു നൽകിയതായും, പിന്നീട് ചന്ദ്രനെ ശപിച്ചതായും പരാമർശമുണ്ട്. ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബ്രഹ്മവൈവർത്ത പുരാണം ഇപ്രകാരം വിവരിക്കുന്നു:
ചന്ദ്രദേവന്റെ ഇരുപത്തിയേഴ് പത്നിമാരിൽ സുന്ദരിയും അനുരാഗവതിയുമായ രോഹിണിയോട് അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. രോഹിണിയോടുള്ള അമിതമായ അനുരക്തിയാൽ ചന്ദ്രൻ മറ്റ് പത്നിമാരെ അവഗണിച്ചു. ദക്ഷപുത്രിമാരായ അവർ തങ്ങളുടെ സങ്കടം പിതാവിനെ അറിയിച്ചു. ഇതുകേട്ട് കോപാകുലനായ ദക്ഷൻ ചന്ദ്രനെ ശപിച്ചു. ദക്ഷശാപത്താൽ ചന്ദ്രൻ ക്ഷയരോഗബാധിതനായി. നാൾക്കുനാൾ ചന്ദ്രന്റെ തേജസ്സും ശക്തിയും ക്ഷയിച്ചു വന്നു. ഒടുവിൽ ഗതിയില്ലാതെ ചന്ദ്രൻ ശിവഭഗവാനെ ശരണം പ്രാപിച്ചു.

കാരുണ്യമൂർത്തിയായ ശിവൻ ചന്ദ്രന്റെ രോഗം ശമിപ്പിക്കുകയും അവനെ തന്റെ ശിരസ്സിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. മഹാദേവന്റെ ജടാമകുടത്തിൽ സ്ഥാനം ലഭിച്ചതോടെ ചന്ദ്രൻ മരണഭയത്തിൽ നിന്ന് മുക്തനാവുകയും നിത്യത പ്രാപിക്കുകയും ചെയ്തു.
തം ശിവഃ ശേഖരേ കൃത്വാ ചാഭവച്ചന്ദ്രശേഖരഃ
നാസ്തി ദേവേഷു ലോകേഷു ശിവാച്ചരണപഞ്ജരഃ
(ബ്രഹ്മവൈവർത്ത പുരാണം 9.59)
അർത്ഥം: “ചന്ദ്രനെ തന്റെ ശിരസ്സിൽ ധരിച്ചതിനാൽ ശിവൻ ‘ചന്ദ്രശേഖരൻ’ എന്നറിയപ്പെട്ടു. ലോകത്തിലോ ദേവന്മാർക്കിടയിലോ ശിവനേക്കാൾ വലിയൊരു അഭയസ്ഥാനം വേറെയില്ല.”

തങ്ങളെ ഉപേക്ഷിച്ച് പതി പോയതറിഞ്ഞ ദക്ഷപുത്രിമാർ വിലപിച്ചുകൊണ്ട് പിതാവിനെ വീണ്ടും സമീപിച്ചു. അവർ പറഞ്ഞു: “പിതാവേ, അങ്ങയോട് ഞങ്ങൾ പരാതി പറഞ്ഞത് പതിയുടെ സ്നേഹം ലഭിക്കാനായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ നാഥനെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീക്ക് അവളുടെ ഭർത്താവാണ് ഏക നേത്രം. ഭർത്താവില്ലാത്ത ലോകം ഞങ്ങൾക്ക് അന്ധകാരമാണ്.”
“സ്ത്രീകൾക്ക് ഭർത്താവാണ് നാരായണനും വ്രതവും സനാതന ധർമ്മവും. സദ്ഗുണസമ്പന്നനായ ഭർത്താവിനെ നിന്ദിക്കുന്നവളും ഉപേക്ഷിക്കുന്നവളും ചന്ദ്രസൂര്യന്മാരുള്ള കാലത്തോളം ഘോരമായ നരകത്തിൽ കഴിയേണ്ടി വരും. പിന്നീട് അവൾ അനേകം ജന്മങ്ങൾ തിര്യക്കുകളായി ജനിക്കുകയും ഒടുവിൽ മനുഷ്യജന്മം ലഭിക്കുമ്പോൾ ദരിദ്രയും രോഗിയുമായ വിധവയായി തീരുകയും ചെയ്യും. അതിനാൽ പ്രജാപതിയായ അവിടുന്ന് ഞങ്ങളുടെ ഭർത്താവിനെ തിരികെ നൽകിയാലും.”
പുത്രിമാരുടെ അപേക്ഷ കേട്ട ദക്ഷൻ ശിവസന്നിധിയിലെത്തി. ശിവൻ എഴുന്നേറ്റു നിന്ന് ദക്ഷനെ വണങ്ങി. ശിവന്റെ വിനയത്തിൽ സംപ്രീതനായെങ്കിലും ദക്ഷൻ പറഞ്ഞു: “ഹേ ശിവ, എന്റെ പുത്രിമാർക്ക് പ്രാണപ്രിയനായ എന്റെ മരുമകനെ തിരികെ നൽകുക. നീയും എന്റെ മരുമകനാണ്. ചന്ദ്രനെ വിട്ടുതരുന്നില്ലെങ്കിൽ ഞാൻ നിന്നെ കഠിനമായി ശപിക്കും.”
അമൃതിനേക്കാൾ മധുരമായ വാക്കുകളാൽ ശിവൻ മറുപടി നൽകി: “അങ്ങേയ്ക്ക് എന്നെ ഭസ്മമാക്കുകയോ ശപിക്കുകയോ ചെയ്യാം. പക്ഷേ എന്നെ ശരണം പ്രാപിച്ച ചന്ദ്രനെ കൈവിടാൻ എനിക്ക് സാധ്യമല്ല.” ദക്ഷൻ ശപിക്കാനൊരുങ്ങവേ ശിവൻ ഗോവിന്ദനെ സ്മരിച്ചു.
ഉടൻതന്നെ ഭഗവാൻ ശ്രീകൃഷ്ണൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ അവിടെ പ്രത്യക്ഷപ്പെട്ടു. ശിവനും ദക്ഷനും അവിടുത്തെ വണങ്ങി. ഭഗവാൻ ശിവനോട് പറഞ്ഞു: “ഹേ ശിവ, സകല ജീവജാലങ്ങൾക്കും പ്രിയപ്പെട്ടത് സ്വന്തം ആത്മാവാണ്. അതിനാൽ ചന്ദ്രനെ വിട്ടുകൊടുത്ത് അങ്ങ് സ്വയം രക്ഷിക്കണം. അങ്ങ് വൈഷ്ണവരിൽ അഗ്രഗണ്യനും ശാന്തനുമാണല്ലോ. ദക്ഷൻ കോപാകുലനാണ്, അങ്ങനെയുള്ളവർക്ക് മുൻപിൽ ഉത്തമന്മാർ വഴിമാറിക്കൊടുക്കണം.”

ശിവൻ മന്ദസ്മിതത്തോടെ പറഞ്ഞു: “ഭഗവാനേ, എന്റെ തപസ്സും ഐശ്വര്യവും കീർത്തിയും ജീവൻ പോലും എനിക്ക് ത്യജിക്കാം. പക്ഷേ ശരണം പ്രാപിച്ചവനെ കൈവിടാൻ എനിക്ക് കഴിയില്ല. അത് ധർമ്മച്യൂതിയാണ്. അങ്ങേയ്ക്ക് എല്ലാം അറിയാമല്ലോ.”
ശിവന്റെ ശരണാഗതവത്സലതയിൽ പ്രീതനായ ഭഗവാൻ ഒരു പോംവഴി കണ്ടെത്തി. ചന്ദ്രന്റെ രോഗബാധിതമായ പകുതി ഭാഗം ദക്ഷന് നൽകുകയും, ആരോഗ്യവാനായ പകുതി ഭാഗം ശിവന്റെ ശിരസ്സിൽ നിലനിർത്തുകയും ചെയ്തു. ക്ഷയരോഗം ബാധിച്ച ചന്ദ്രനെ കണ്ട ദക്ഷൻ ഭഗവാനോട് പ്രാർത്ഥിച്ചു. അപ്പോൾ ഒരു പക്ഷത്തിൽ ചന്ദ്രൻ പൂർണ്ണനാവുകയും (വെളുത്തപക്ഷം) അടുത്ത പക്ഷത്തിൽ ക്ഷയിക്കുകയും (കറുത്തപക്ഷം) ചെയ്യുന്ന രീതിയിൽ ഭഗവാൻ ക്രമീകരിച്ചു. ഇപ്രകാരം രണ്ടുപേരെയും അനുഗ്രഹിച്ച് ഭഗവാൻ തന്റെ ധാമത്തിലേക്ക് മടങ്ങി.
– കടപ്പാട്: ശ്രീ കൃഷ്ണ കഥാമൃത ബിന്ദു മാസിക / ഗോപാൽ ജിയു പബ്ലിക്കേഷൻസ് / ഇസ്കോൺ ഭുവനേശ്വർ.
🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
