ശ്രീ മായാപൂരിലെ ഭഗവാൻ നരസിംഹദേവന്റെ ആവിർഭാവം
(ശ്രീ മായാപൂർ ചന്ദ്രോദയ മന്ദിരത്തിൽ ഭഗവാൻ നരസിംഹദേവൻ എഴുന്നള്ളിയതിന്റെ ഐതിഹ്യം – ശ്രീലപ്രപാരുടെ ശിഷ്യനായ ആത്മതത്ത്വ പ്രഭു നടത്തിയ ചർച്ചയെ ആസ്പദമാക്കി ‘മായാപൂർ ജേർണലിൽ’ പ്രസിദ്ധീകരിച്ചത്.)
1984 മാർച്ച് 24-ന് അർദ്ധരാത്രി പിന്നിട്ട് ഏകദേശം പന്ത്രണ്ടേ ഇരുപതിന്, മാരകായുധങ്ങളും ബോംബുകളുമായി മുപ്പത്തഞ്ചോളം വരുന്ന ഒരു കൊള്ളസംഘം ശ്രീ മായാപൂർ ചന്ദ്രോദയ മന്ദിരത്തെ ആക്രമിച്ചു. ഭക്തജനങ്ങളെ അവർ ക്രൂരമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാൽ, ശ്രീല പ്രഭുപാദരുടെയും ശ്രീമതി രാധാറാണിയുടെയും വിഗ്രഹങ്ങൾ അപഹരിക്കാൻ ആ അക്രമികൾ മുതിർന്നതാണ് ഭക്തരെ ഏറെ ഞെട്ടിച്ചത്. തങ്ങളുടെ പ്രാണപ്രിയരായ പ്രഭുപാദരെയും രാധാറാണിയെയും കവർന്നു കൊണ്ടുപോകുന്നത് നോക്കിനിൽക്കാൻ ആ ഭക്തശ്രേഷ്ഠർക്കായില്ല. അവർ അതിസാഹസികമായി ആ കൊള്ളക്കാരെ നേരിട്ടു. വെടിയൊച്ചകൾ മുഴങ്ങി; ചില അക്രമികൾ നിലംപതിച്ചു. ഒടുവിൽ അവരുടെ ദുഷ്ടലാക്കുകൾ പരാജയപ്പെട്ടു. പ്രഭുപാദരുടെ വിഗ്രഹം ഭക്തർ വീണ്ടെടുത്തുവെങ്കിലും, രാധാറാണിയുടെ മനോഹരമായ വിഗ്രഹം അന്ന് പ്രധാന പീഠത്തിൽ നിന്ന് അപ്രത്യക്ഷമായി.
ഈ ദൗർഭാഗ്യകരമായ സംഭവം ഭക്തമനസ്സുകളെ വല്ലാതെ അസ്വസ്ഥമാക്കി. ക്ഷേത്രഭരണാധികാരികൾ ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിനെക്കുറിച്ച് ആകുലപ്പെട്ടു. മായാപൂരിൽ ഭക്തർക്ക് നേരിടേണ്ടി വരുന്ന ആദ്യത്തെ അക്രമസംഭവമായിരുന്നില്ല ഇത്. അതിനാൽ ഭഗവാൻ നരസിംഹദേവനെ അവിടെ പ്രതിഷ്ഠിക്കണമെന്ന് ക്ഷേത്ര സഹ-സംഘാടകൻ നിർദ്ദേശിച്ചു. മുൻപ് യോഗപീഠത്തിൽ ഭക്തർക്ക് സമാനമായ ഭീഷണികൾ ഉണ്ടായപ്പോൾ, ശ്രീല ഭക്തിവിനോദ ഠാക്കൂറും അദ്ദേഹത്തിന്റെ പുത്രനായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാക്കൂറും അവിടെ ശ്രീ ലക്ഷ്മി-നരസിംഹമൂർത്തിയെ സത്വരമായി പ്രതിഷ്ഠിച്ചതും, തുടർന്ന് വിഘ്നങ്ങളെല്ലാം ഒഴിഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ മറ്റ് ഭക്തർക്ക് ഈ നിർദ്ദേശത്തോട് പൂർണ്ണമായ യോജിപ്പുണ്ടായിരുന്നില്ല. നൈഷ്ഠിക ബ്രഹ്മചാരികൾ മാത്രമേ ഭഗവാനെ പൂജിക്കാവൂ എന്നും, നരസിംഹ സേവ അത്യന്തം കർക്കശമായ വിധിനിയമങ്ങളോടെ ആയിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. ഇത്രയും നിഷ്ഠയോടെ ഭഗവാനെ ആരാധിക്കാൻ ആരുണ്ടാകും എന്നതായിരുന്നു അവരുടെ ആശങ്ക.
എങ്കിലും, നരസിംഹദേവനെ മായാപൂരിലേക്ക് ആനയിക്കാൻ സഹ-സംഘാടകൻ ദൃഢനിശ്ചയം ചെയ്തിരുന്നു. ഭഗവാന്റെ രൂപരേഖ തയ്യാറാക്കാൻ അദ്ദേഹം ഭക്തിസിദ്ധാന്ത ദാസനോടും എന്നോടും ആവശ്യപ്പെട്ടു. ഒരു ദിവസം അദ്ദേഹം വളരെ സ്വാഭാവികമായി ഭഗവാന്റെ രൂപം ഇപ്രകാരം വർണ്ണിച്ചു: “ഭഗവാൻ ചാടാൻ തയ്യാറായി നിൽക്കുന്നതുപോലെ കാലുകൾ മടക്കി നിൽക്കണം. ക്രോധത്തോടെ ചുറ്റും നോക്കുന്ന ഭാവമായിരിക്കണം. വിരലുകൾ വക്രമായിരിക്കണം, ശിരസ്സിൽ നിന്ന് അഗ്നിജ്വാലകൾ ഉയരണം.” ആ ദിവ്യസങ്കല്പത്തിനനുസരിച്ച് ഞാൻ ഭഗവാന്റെ ഉഗ്രരൂപം വരച്ചു.
ഭക്തർക്ക് ആ രൂപം ഏറെ ബോധിച്ചു. ഭഗവാനെ പൂജിക്കാനുള്ള സേവ പങ്കജാങ്ഘ്രി ദാസൻ ഏറ്റെടുത്തു. വിഗ്രഹനിർമ്മാണത്തിനും പ്രതിഷ്ഠാകർമ്മങ്ങൾക്കും ആവശ്യമായ സാമ്പത്തിക സഹായം കൽക്കട്ടയിലെ ഭക്തശ്രേഷ്ഠനായ രാധാപദ ദാസൻ വാഗ്ദാനം ചെയ്തു. ഇതോടെ ഭഗവാന്റെ മായാപൂരിലെ ആവിർഭാവം ലളിതവും വേഗത്തിലുള്ളതുമാകുമെന്ന് എല്ലാവരും കരുതി. രാധാപദ ദാസൻ 1,30,000 രൂപ അപ്പോൾത്തന്നെ നൽകുകയും മൂന്ന് മാസത്തിനുള്ളിൽ വിഗ്രഹം പൂർത്തിയാകുമെന്ന് ഉറപ്പിക്കുകയും ചെയ്തു.
തുടർന്ന് വിഗ്രഹനിർമ്മാണത്തിനുള്ള ക്രമീകരണങ്ങൾക്കായി ഞാൻ ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു. കൃഷ്ണകൃപയാൽ പ്രശസ്തനായ ഒരു സ്ഥപതിയെ കണ്ടെത്താൻ എനിക്ക് സാധിച്ചു. ശില്പകലയിൽ മാത്രമല്ല, ക്ഷേത്രനിർമ്മാണത്തിലും വാസ്തുവിദ്യയിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളിലും സഹകരിക്കാൻ തയ്യാറായ അദ്ദേഹം, നിർമ്മിക്കേണ്ടത് ‘ഉഗ്ര-നരസിംഹ’ മൂർത്തിയെയാണെന്ന് അറിഞ്ഞതോടെ സ്തംഭിച്ചുപോയി. അത്തരമൊരു ഉഗ്രരൂപം കൊത്താൻ അദ്ദേഹം തീർത്തും വിസമ്മതിച്ചു. ഞാൻ മറ്റ് പല ശില്പികളെയും സമീപിച്ചെങ്കിലും എല്ലാവരുടെയും മറുപടി ഒന്നുതന്നെയായിരുന്നു: “ഇല്ല.” മാസങ്ങളോളം മായാപൂരും ദക്ഷിണേന്ത്യയും തമ്മിൽ നിരന്തരം യാത്രകൾ ചെയ്തിട്ടും, ആറുമാസം കഴിഞ്ഞിട്ടും ഭഗവാൻ നരസിംഹദേവൻ വിഗ്രഹരൂപത്തിൽ പ്രകടമാകാൻ കനിഞ്ഞില്ല.
ഭഗവാൻ നരസിംഹദേവൻ മായാപൂരിൽ എഴുന്നള്ളിക്കാണാൻ രാധാപദ ദാസൻ അത്യന്തം ആഗ്രഹിച്ചിരുന്നു. താൻ മുൻപ് കണ്ടുമുട്ടിയ അതേ സ്ഥപതിയെത്തന്നെ പോയി കണ്ട് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇത്തവണ ആ ശില്പി കുറച്ചുകൂടി സൗമ്യനായാണ് പെരുമാറിയത്. വിഗ്രഹങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ശില്പശാസ്ത്ര’ത്തിലെ (ശില്പകലയെയും ക്ഷേത്രനിർമ്മാണത്തെയും കുറിച്ചുള്ള വൈദിക ശാസ്ത്രം) ഒരു അധ്യായം അദ്ദേഹം എനിക്ക് വായിച്ചു കേൾപ്പിച്ചു. നരസിംഹമൂർത്തിയെ വർണ്ണിക്കുന്ന ഏതാനും ശ്ലോകങ്ങൾ അദ്ദേഹം ഉച്ചത്തിൽ ചൊല്ലി. അഗ്നിജ്വാലകൾ പോലുള്ള സടകളും, എന്തിനെയും കീഴ്പ്പെടുത്തുന്ന തീഷ്ണമായ ദൃഷ്ടിയും, തൂണിൽ നിന്ന് പുറത്തേക്ക് ചാടാനായി ഒരു കാൽ മുന്നോട്ടുവെച്ച് മടക്കിയ മുട്ടുകളോടും കൂടിയ ഭഗവാന്റെ രൂപത്തെ ആ ശ്ലോകങ്ങൾ വിവരിച്ചു. അത് കേട്ട് ഞാൻ അത്ഭുതസ്തബ്ധനായിപ്പോയി! ഞങ്ങൾ ആഗ്രഹിച്ചതും ഇത്തരമൊരു രൂപം തന്നെയായിരുന്നു. ഞാൻ വരച്ച രൂപരേഖ അദ്ദേഹത്തെ കാണിച്ചു. അതിൽ ആകൃഷ്ടനായ അദ്ദേഹം, ശാസ്ത്രീയ വിവരണങ്ങൾക്കനുസൃതമായി വിഗ്രഹം കൊത്തുന്നതിന് മാർഗ്ഗനിർദ്ദേശകമാകുന്ന ഒരു പുതിയ ചിത്രം വരച്ചുതരാമെന്ന് സമ്മതിച്ചു. എങ്കിലും വിഗ്രഹം താൻ നേരിട്ട് കൊത്തില്ലെന്ന് അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചു. ഒരു ആഴ്ച കൊണ്ട് അദ്ദേഹം ആ ചിത്രം പൂർത്തിയാക്കി; അത് അതിമനോഹരമായിരുന്നു. ഞാൻ മായാപൂരിൽ തിരിച്ചെത്തി ആ രൂപരേഖ അധികാരികളെ കാണിച്ചു. ആ ശില്പി തന്നെ വിഗ്രഹം കൊത്തണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. അതിനാൽ അദ്ദേഹത്തെ നിർബന്ധിച്ചു സമ്മതിപ്പിക്കാനായി ഒരിക്കൽക്കൂടി ഞാൻ ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു.
ഞാൻ നേരെ സ്ഥപതിയുടെ വീട്ടിലെത്തി. എന്റെ ഉള്ളിൽ വലിയ പരിഭ്രമമായിരുന്നു. ഭഗവാൻ നരസിംഹദേവൻ കാരുണ്യം കാണിക്കാനും ശ്രീ മായാപൂർ ധാമിലെ നമ്മുടെ ക്ഷേത്രത്തിൽ ആവിർഭവിക്കാൻ സമ്മതിക്കാനും പ്രാർത്ഥിക്കുകയല്ലാതെ എനിക്ക് മറ്റ് വഴികളൊന്നുമില്ലായിരുന്നു. ഞാൻ സംസാരിച്ചു തുടങ്ങുന്നതിന് മുൻപേ, താൻ വിഗ്രഹം കൊത്തിക്കൊള്ളാമെന്ന് വളരെ ലാഘവത്തോടെ അദ്ദേഹം പറഞ്ഞു! അദ്ദേഹത്തിന്റെ ഈ മനംമാറ്റത്തിന് പിന്നിലെ കഥ രസകരമാണ്.
ഞങ്ങളുടെ അഭ്യർത്ഥനയെക്കുറിച്ച് സ്ഥപതി തന്റെ ഗുരുവര്യനായ കാഞ്ചീപുരം ശങ്കരാചാര്യ സ്വാമികളോട് ചർച്ച ചെയ്തിരുന്നു. “ഇത് ചെയ്യരുത്, നിന്റെ വംശം തന്നെ നശിച്ചുപോകും” എന്നായിരുന്നു ഗുരുവിന്റെ പെട്ടെന്നുള്ള മറുപടി. എന്നാൽ അല്പനേരത്തെ ചിന്തയ്ക്ക് ശേഷം അദ്ദേഹം ചോദിച്ചു, “ആരാണ് ഈ വിഗ്രഹം കൊത്താൻ നിന്നോട് ആവശ്യപ്പെട്ടത്?”. നവദ്വീപിലെ ഹരേ കൃഷ്ണ ഭക്തരാണെന്ന് കേട്ടപ്പോൾ അദ്ദേഹം വളരെ ഗൗരവത്തിലായി. “അവർക്ക് ഉഗ്ര-നരസിംഹമൂർത്തിയെ വേണമെന്നോ? ഉഗ്ര-നരസിംഹ വിഗ്രഹം കൊത്തുന്നതിന്റെയും പ്രതിഷ്ഠിക്കുന്നതിന്റെയും പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്ക് അറിവുണ്ടോ? മൂവായിരം വർഷങ്ങൾക്ക് മുൻപ് ഉന്നതരായ സ്ഥപതിമാരാണ് ഇത്തരം വിഗ്രഹങ്ങൾ കൊത്തിയിരുന്നത്. മൈസൂരിലേക്കുള്ള വഴിയിൽ അതിഭയാനകമായ ഒരു ഉഗ്ര-നരസിംഹ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഹിരണ്യകശിപുവിനെ മടിയിൽ കിടത്തി വയർ കീറി കുടൽമാലകൾ അൾത്താരയിലാകെ ചിതറിക്കിടക്കുന്ന രൂപമാണത്. ഒരുകാലത്ത് അവിടെ അതിഗംഭീരമായ ആരാധനകൾ നടന്നിരുന്നു. നിത്യേന ആനപ്പുറത്തുള്ള എഴുന്നള്ളത്തും ഉത്സവങ്ങളും ഉണ്ടായിരുന്നു. എന്നാൽ ക്രമേണ ആരാധനാനിഷ്ഠകൾ കുറഞ്ഞു വന്നു. ഇന്ന് ആ പ്രദേശം ഒരു പ്രേതനഗരം പോലെയാണ്; ഗ്രാമം മുഴുവൻ വിജനമായിരിക്കുന്നു. അവിടെ ആർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. അതാണോ അവർ തങ്ങളുടെ പദ്ധതിക്ക് വേണ്ടി ആഗ്രഹിക്കുന്നത്?”
സ്ഥപതി മറുപടി നൽകി, “അവർ വിടാതെ നിർബന്ധിക്കുകയാണ്. വിഗ്രഹത്തെക്കുറിച്ച് സംസാരിക്കാൻ അവർ നിരന്തരം എന്നെ വന്നു കാണുന്നു. കൊള്ളക്കാരുടെ ശല്യം കാരണം അവർ വലിയ ബുദ്ധിമുട്ടിലാണെന്ന് തോന്നുന്നു.” തുടർന്ന് ഭഗവാന്റെ രൂപരേഖ അദ്ദേഹം ഗുരുവിനെ കാണിച്ചു. ഗുരു ആ ചിത്രം സസൂക്ഷ്മം നിരീക്ഷിച്ചു.
“ആ, ഇതൊരു ഉഗ്രരൂപം തന്നെയാണ്,” അദ്ദേഹം പറഞ്ഞു, “പക്ഷേ ഈ ഭാവത്തിലുള്ള മൂർത്തിയെ ‘സ്ഥാണു-നരസിംഹം’ എന്നാണ് വിളിക്കുന്നത്. ഈ ഗ്രഹത്തിൽ അങ്ങനെയൊന്ന് നിലവിലില്ല. സ്വർഗ്ഗലോകത്തെ ദേവന്മാർ പോലും ഈ രൂപത്തെ ആരാധിക്കുന്നില്ല. ശരിയാണ്, ഈ വിഗ്രഹം ‘ഉഗ്ര’ വിഭാഗത്തിൽ പെടുന്നു. ഉഗ്രം എന്നാൽ അതിഭയാനകം, അതിരൂക്ഷമായ ക്രോധം എന്നൊക്കെയാണ് അർത്ഥം. ഈ വിഭാഗത്തിൽ ഒമ്പത് രൂപങ്ങളുണ്ട്; അവയെല്ലാം അതീവ ഭയാനകമാണ്. ഇവർ ആവശ്യപ്പെടുന്നത് തൂണിൽ നിന്ന് പുറത്തേക്ക് വരുന്ന ‘സ്ഥാണു-നരസിംഹ’നെയാണ്. വേണ്ട, ഈ വിഗ്രഹം കൊത്തരുത്. അത് നിനക്ക് മംഗളകരമാവില്ല. ഇതിനെക്കുറിച്ച് പിന്നീട് നമുക്ക് സംസാരിക്കാം.”
ഏതാനും രാത്രികൾക്ക് ശേഷം ആ സ്ഥപതി ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ തന്റെ ഗുരു പ്രത്യക്ഷപ്പെട്ട് ഇപ്രകാരം കൽപ്പിച്ചു: “അവർക്കായി നിനക്ക് ‘സ്ഥാണു-നരസിംഹ’ വിഗ്രഹം നിർമ്മിക്കാവുന്നതാണ്.” പിറ്റേന്ന് രാവിലെ കാഞ്ചീപുരത്തുനിന്ന് ഒരാൾ നേരിട്ടെത്തി അദ്ദേഹത്തിന് ഒരു കത്ത് നൽകി. ക്ഷേത്രപുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ശങ്കരാചാര്യ സ്വാമികൾ അയച്ചതായിരുന്നു ആ കത്ത്. എന്നാൽ അതിന്റെ അടിക്കുറിപ്പായി ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: “ഇസ്കോണിന് (ISKCON) വേണ്ടി നിനക്ക് സ്ഥാണു-നരസിംഹ വിഗ്രഹം കൊത്താം.”
സ്ഥപതി ആ കത്ത് എന്നെ കാണിച്ചിട്ട് പറഞ്ഞു: “എനിക്ക് എന്റെ ഗുരുവിന്റെ അനുഗ്രഹം ലഭിച്ചിരിക്കുന്നു. ഞാൻ വിഗ്രഹം നിർമ്മിക്കാം.” അതീവ സന്തോഷത്താൽ എന്റെ മനസ്സ് നിറഞ്ഞു. ഞാൻ അദ്ദേഹത്തിന് മുൻകൂർ തുക നൽകുകയും വിഗ്രഹം പൂർത്തിയാക്കാൻ എത്ര കാലമെടുക്കുമെന്ന് ആരായുകയും ചെയ്തു. ആറുമാസത്തിനുള്ളിൽ പ്രതിഷ്ഠയ്ക്കായി വിഗ്രഹം തയ്യാറാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഞാൻ സന്തോഷത്തോടെ മായാപൂരിലേക്ക് മടങ്ങി.
വിശുദ്ധ ധാമിലെ നാല് മാസത്തെ ശാന്തമായ ജീവിതത്തിന് ശേഷം, നരസിംഹ പൂജയ്ക്ക് ആവശ്യമായ പിച്ചള പാത്രങ്ങളും മറ്റും വാങ്ങുന്നതിനും വിഗ്രഹം ഏറ്റുവാങ്ങുന്നതിനുമായി ഞാൻ വീണ്ടും ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു. യാത്രകളെല്ലാം വിഘ്നമില്ലാതെ പൂർത്തിയായി. എന്നാൽ സ്ഥപതിയെ ചെന്ന് കണ്ടപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ആരാധനയ്ക്കുള്ള സകല ദ്രവ്യങ്ങളും വാങ്ങിക്കഴിഞ്ഞുവെന്നും വിഗ്രഹം കൊണ്ടുപോകാനാണ് ഞാൻ വന്നതെന്നും അദ്ദേഹത്തോട് പറഞ്ഞു. ബോധമില്ലാത്തവനെ നോക്കുന്നതുപോലെ അദ്ദേഹം എന്നെ നോക്കിയിട്ട് ഇപ്രകാരം ചോദിച്ചു: “ഏത് വിഗ്രഹം? ഞാൻ ഇതുവരെ അനുയോജ്യമായ ഒരു ശില പോലും കണ്ടെത്തിയിട്ടില്ല!” എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല.
“ആറുമാസത്തിനുള്ളിൽ വിഗ്രഹം തയ്യാറാകുമെന്ന് നിങ്ങൾ പറഞ്ഞിരുന്നല്ലോ!” ഞാൻ പരിഭ്രമത്തോടെ ഓർമ്മിപ്പിച്ചു.
“ഞാൻ എന്റെ വാക്ക് പാലിക്കും,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “പക്ഷേ, ശില കണ്ടെത്തി ആറുമാസത്തിനുള്ളിൽ മാത്രമേ വിഗ്രഹം പൂർത്തിയാകൂ.” അദ്ദേഹത്തിന്റെ മറുപടി വ്യക്തമായിരുന്നുവെങ്കിലും ഈ താമസം എനിക്ക് ഉൾക്കൊള്ളാനായില്ല. നിരാശയോടെ ഞാൻ ചോദിച്ചു: “ദക്ഷിണേന്ത്യയിലുടനീളം വലിയ ശിലാപാളികൾ ഉണ്ടല്ലോ, പിന്നെന്താണ് പ്രശ്നം?” മന്ദബുദ്ധിയായ ഒരു ശിഷ്യനെ നോക്കുന്ന അധ്യാപകനെപ്പോലെ അദ്ദേഹം എന്നെ നോക്കിയിട്ട് അർത്ഥശങ്കയില്ലാതെ പറഞ്ഞു: “ഞാൻ ഉണ്ടാക്കുന്നത് ഒരു അരകല്ലല്ല, മറിച്ച് ഭഗവാന്റെ വിഗ്രഹമാണ്. ‘ജീവനുള്ള’ ശിലകൾ മാത്രമേ വിഷ്ണുവിഗ്രഹ നിർമ്മാണത്തിന് ഉപയോഗിക്കാവൂ എന്ന് ശാസ്ത്രങ്ങൾ അനുശാസിക്കുന്നു. ഒരു ശിലാപാളിയുടെ ഏഴ് പ്രത്യേക ബിന്ദുക്കളിൽ തട്ടുമ്പോൾ ശാസ്ത്രത്തിൽ പറയുന്ന നാദം പുറപ്പെടുവിക്കണം; എങ്കിൽ മാത്രമേ ആ ശില അനുയോജ്യമാകൂ. കൂടാതെ, ശിലയ്ക്ക് ജീവനുണ്ടോ എന്നറിയാൻ രണ്ടാമതൊരു പരീക്ഷണം കൂടിയുണ്ട്. ഗ്രാനൈറ്റ് കാർന്നുതിന്നുന്ന ഒരു പ്രത്യേകതരം വണ്ടുണ്ട്. അത് ശിലയുടെ ഒരു വശത്തുനിന്ന് മറുപുറം വരെ തുരന്നുപോവുകയും അതിന്റെ അടയാളം വ്യക്തമായി അവശേഷിപ്പിക്കുകയും ചെയ്താൽ ആ ശിലയ്ക്ക് ജീവനുണ്ടെന്ന് ഉറപ്പിക്കാം. അത്തരം ശിലകളിൽ നിന്നേ ഭാവങ്ങൾ വിടരുകയുള്ളൂ. അങ്ങനെയുള്ള ശിലാപാളിയിൽ മാത്രമേ എനിക്ക് അങ്ങയുടെ നരസിംഹദേവനെ കൊത്താനാകൂ. അത്തരം ശിലകൾ കവിത പാടും. അതിൽ നിർമ്മിക്കപ്പെടുന്ന വിഗ്രഹത്തിന്റെ ഓരോ ഭാവവും അതിമനോഹരവും ചൈതന്യവത്തുമായിരിക്കും. ദയവായി ക്ഷമിക്കൂ, ആറടി ഉയരമുള്ള അത്തരമൊരു ശിലയ്ക്കായി ഞാൻ ആത്മാർത്ഥമായി തിരഞ്ഞുകൊണ്ടിരിക്കുകയാണ്.”
ഭഗവാൻ നരസിംഹദേവന്റെ ആവിർഭാവം
അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ വിസ്മയിപ്പിച്ചു, ഒപ്പം അല്പം ആശങ്കയിലുമാക്കി. മായാപൂരിലെ ഭക്തർ വിഗ്രഹം ഉടൻ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ “ജീവനുള്ള ശില”യെക്കുറിച്ച് ഞാൻ എങ്ങനെ അവരെ ബോധ്യപ്പെടുത്തും? ഒരുപക്ഷേ അവർ മാർബിളിൽ വിഗ്രഹം നിർമ്മിക്കാൻ തീരുമാനിച്ചേക്കാം. അന്തരീക്ഷത്തിലെ ഗൗരവം കുറയ്ക്കാനായി ഞാൻ പ്രഹ്ലാദ മഹാരാജാവിന്റെ വിഗ്രഹത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ തീരുമാനിച്ചു. “ദയവായി ക്ഷമിക്കണം, കഴിഞ്ഞ തവണ വന്നപ്പോൾ പറയാൻ മറന്നുപോയതാണ്, ഞങ്ങൾക്ക് പ്രഹ്ലാദന്റെ വിഗ്രഹം കൂടി വേണം. ‘പ്രഹ്ലാദ-നരസിംഹ’ മൂർത്തിയെ ആരാധിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. താങ്കൾക്ക് എന്തുതോന്നുന്നു?”
“അതൊരിക്കലും സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല,” സ്ഥപതി വളരെ ഗൗരവത്തോടെ മറുപടി നൽകി. എന്തുപറയണമെന്നറിയാതെ ഞാൻ അദ്ദേഹത്തെ അവിശ്വാസത്തോടെ നോക്കി. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തുടർന്നു, “എല്ലാം ശാസ്ത്രവിധിപ്രകാരം തന്നെ വേണമെന്നാണ് അങ്ങയുടെ ആഗ്രഹം. അങ്ങയുടെ നരസിംഹമൂർത്തിക്ക് നാലടി ഉയരമാണുള്ളത്. ശാസ്ത്രീയമായ അളവുകോൽ അനുസരിച്ച് നോക്കിയാൽ, ആ അനുപാതത്തിൽ പ്രഹ്ലാദ മഹാരാജാവിന്റെ രൂപം ഒരു അമീബയോളമേ വരൂ.”
“പക്ഷേ, ഞങ്ങൾക്ക് പ്രഹ്ലാദ മഹാരാജാവിന്റെ വിഗ്രഹത്തിന് ഒരടി ഉയരം വേണമല്ലോ,” ഞാൻ ഇടയ്ക്കുകയറി പറഞ്ഞു.
“ശരി,” സ്ഥപതി പറഞ്ഞു, “പക്ഷേ പ്രഹ്ലാദന് ഒരടി ഉയരം നൽകണമെങ്കിൽ, ഭഗവാൻ നരസിംഹദേവന്റെ വിഗ്രഹത്തിന് ഏകദേശം നൂറ്റിയിരുപത് അടി ഉയരം വേണ്ടിവരും.” പ്രഹ്ലാദന്റെ വിഗ്രഹരൂപത്തെക്കുറിച്ച് ഞങ്ങൾ തമ്മിൽ അല്പനേരം തർക്കിച്ചു. ഒടുവിൽ, മറ്റ് വഴികളില്ലാതെ അദ്ദേഹം ഒരടി ഉയരമുള്ള പ്രഹ്ലാദ വിഗ്രഹം നിർമ്മിക്കാമെന്ന് സമ്മതിച്ചു. മായാപൂരിൽ തിരിച്ചെത്തുമ്പോൾ ശുഭകരമായ എന്തെങ്കിലും അറിയിക്കാനുണ്ടല്ലോ എന്നോർത്ത് ഞാൻ ആശ്വസിച്ചു.
രണ്ട് മാസത്തിന് ശേഷം ഞാൻ വീണ്ടും ദക്ഷിണേന്ത്യയിലെത്തി. എന്നാൽ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഓരോ മുപ്പതോ നാൽപ്പതോ ദിവസം കൂടുമ്പോൾ ഞാൻ മായാപൂരിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ, ഞങ്ങൾക്ക് വേണ്ടിയുള്ള ആ ദിവ്യശില കണ്ടെത്തുക തന്നെ ചെയ്തു. ശില കണ്ടെത്തിയതോടെ സ്ഥപതിയുടെ ഭാവമാകെ മാറി. ഒരാഴ്ചയോളം അദ്ദേഹം വീട്ടിൽ ചെലവഴിച്ചതേയില്ല. മണിക്കൂറുകളോളം, ദിവസങ്ങളോളം അദ്ദേഹം ആ ശിലാപാളിയെത്തന്നെ നോക്കി ഇരുന്നു. കയ്യിൽ ചോക്കുണ്ടായിരുന്നെങ്കിലും അദ്ദേഹം ഒന്നും വരച്ചില്ല. ആ വലിയ ശിലയെ വെട്ടി ഒരു ചതുരക്കഷണമാക്കാൻ മാത്രമാണ് അദ്ദേഹം തൊഴിലാളികളെ അനുവദിച്ചത്. അടുത്ത തവണ ഞാൻ സന്ദർശിച്ചപ്പോൾ അദ്ദേഹം ശിലയിൽ ഒരു രൂപരേഖ വരച്ചിരുന്നു. അത്രമാത്രം. എനിക്ക് ആശങ്ക വർദ്ധിച്ചു; മായാപൂരിലെ അധികാരികൾ ക്ഷമ നശിച്ച അവസ്ഥയിലായിരുന്നു.
“ആറുമാസത്തിനുള്ളിൽ ഈ വിഗ്രഹം പൂർത്തിയാകുമെന്ന് നിശ്ചയമാണോ?” നിരാശയോടെ ഞാൻ ചോദിച്ചു.
“വിഷമിക്കേണ്ട, ജോലി കൃത്യസമയത്ത് തീരും,” അദ്ദേഹം മറുപടി നൽകി.
ഞാൻ മായാപൂരിലേക്ക് മടങ്ങി. എന്നാൽ വിഗ്രഹത്തിന്റെ ചില സൂക്ഷ്മമായ കാര്യങ്ങൾ പരിശോധിക്കാനായി എന്നെ വീണ്ടും ദക്ഷിണേന്ത്യയിലേക്ക് അയച്ചു. അവിടെ എത്തിയപ്പോൾ, അതീവ ശ്രദ്ധയോടും ഭക്തിയോടും കൂടി സ്ഥപതി സ്വയം വിഗ്രഹം കൊത്തുന്നതാണ് ഞാൻ കണ്ടത്. ആ ഘട്ടത്തിൽ ശിലയുടെ രൂപം മാറി വിഗ്രഹം തെളിഞ്ഞു തുടങ്ങിയിരുന്നു. അദ്ദേഹം ഭഗവാന്റെ തോൾവളകൾ (armlets) കൊത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് പൂർത്തിയാക്കാൻ രണ്ടാഴ്ചയോളം എടുത്തു. വിഗ്രഹത്തിന്റെ ഓരോ ഭാഗവും അത്രമേൽ സൂക്ഷ്മവും സുന്ദരവുമായിരുന്നു. ഇത് കണ്ട് ഞാൻ ആനന്ദഭരിതനായി.
വിഗ്രഹനിർമ്മാണം പൂർത്തിയാക്കാൻ സ്ഥപതിക്ക് ഒരു വർഷത്തിലധികം കാലമെടുത്തു. പണി പൂർത്തിയായ വിവരം അദ്ദേഹം ഉടൻ എന്നെ അറിയിച്ചില്ല. ഏതാനും ദിവസങ്ങൾ സുഹൃത്തുക്കളെ സന്ദർശിക്കാൻ അദ്ദേഹം തീരുമാനിച്ചു. അത് കാലവർഷ സമയമായതിനാൽ സന്ദർശകർ കുറവായിരുന്നു. ഭഗവാൻ നരസിംഹദേവനെ തന്റെ ഓലമേഞ്ഞ പുരയ്ക്കുള്ളിൽ സുരക്ഷിതമായി പൂട്ടിവെച്ച് അദ്ദേഹം പുറത്തേക്ക് പോയി. എന്നാൽ രണ്ടു ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ പണിപ്പുരയ്ക്ക് തീപിടിച്ച വിവരം അയൽവാസികൾ ഓടിവന്ന് അറിയിച്ചു. കനത്ത മഴ പെയ്തിരുന്നതിനാലും പരിസരമെല്ലാം നനഞ്ഞു കുതിർന്നിരുന്നതിനാലും തീ പടരാൻ സാധ്യത കുറവായിരുന്നു. എന്നിട്ടും ആ തെങ്ങോല മേഞ്ഞ പുര കത്തിയമർന്നു. അദ്ദേഹം ഉടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അത്ഭുതമെന്നു പറയട്ടെ, പണിപ്പുര മുഴുവൻ ചാരമായിട്ടും ഭഗവാൻ നരസിംഹദേവന്റെ വിഗ്രഹത്തിന് ഒരു പോറൽ പോലും ഏറ്റില്ല! അദ്ദേഹം ഉടൻ എന്നെ ഫോണിൽ വിളിച്ചു: “ദയവായി വന്ന് അങ്ങയുടെ വിഗ്രഹം കൊണ്ടുപോകൂ. അവിടുന്ന് സകലതും ചുട്ടുചാമ്പലാക്കുകയാണ്. ഇപ്പൊൾത്തന്നെ അവിടേക്ക് എഴുന്നള്ളണമെന്ന് ഭഗവാൻ ഉറപ്പിച്ചു കഴിഞ്ഞു!”
അത്യുത്സാഹത്തോടെ ഞാൻ ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു. വിഗ്രഹം കൊണ്ടുപോകാനായി ഒരു ലോറി വാടകയ്ക്കെടുത്ത് അതിന്റെ പകുതിയോളം മണൽ നിറച്ചു. അവസാന ഘട്ടം വളരെ ലളിതമായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. എന്നാൽ ഭഗവാൻ നരസിംഹദേവൻ അതീവ ഭാരമുള്ള വ്യക്തിത്വമാണെന്ന കാര്യം (ഏകദേശം ആയിരം കിലോയോളം!) ഞാൻ വിസ്മരിച്ചുപോയിരുന്നു. രണ്ടു മൂന്നു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ വിഗ്രഹം സുരക്ഷിതമായി ലോറിയിലേക്ക് മാറ്റി. സംസ്ഥാന അതിർത്തി കടക്കുന്നതിനായി പോലീസ് അനുമതിക്ക് പുറമെ, കേന്ദ്ര വില്പനനികുതി വകുപ്പ്, പുരാവസ്തു വകുപ്പ്, തമിഴ്നാട്ടിലെ കലാവസ്തു വിപണന വകുപ്പ് എന്നിവരുടെ സാക്ഷ്യപത്രങ്ങളും ആവശ്യമായിരുന്നു.
ആവശ്യമായ രേഖകളിൽ ഒപ്പിടുന്നതിന് മുൻപ് എല്ലാ ഉദ്യോഗസ്ഥർക്കും വിഗ്രഹം നേരിട്ട് കാണണമെന്ന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഭഗവാൻ നരസിംഹദേവന്റെ ദർശനം ലഭിച്ചതോടെ, ആ ഉദ്യോഗസ്ഥരെല്ലാം അത്യന്തം വിനയാന്വിതരും സഹായമനസ്കരുമായി മാറി. ഭാരതത്തിലെ സർക്കാർ ഓഫീസുകളിലെ സാധാരണമായ ചുവപ്പുനാടകളിൽ കുടുങ്ങാതെ, വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എല്ലാ രേഖകളും ഞങ്ങൾക്ക് ലഭിച്ചു – ഇതൊരു അത്ഭുതം തന്നെയായിരുന്നു. മായാപൂരിലേക്കുള്ള മടക്കയാത്രയും അവിശ്വസനീയമാംവിധം ശാന്തവും വിഘ്നരഹിതവുമായിരുന്നു. ഞങ്ങളുടെ സംരക്ഷകൻ തീർച്ചയായും കൂടെയുണ്ടായിരുന്നു.
സാധാരണഗതിയിൽ, വിഗ്രഹപ്രതിഷ്ഠാ ദിനത്തിലാണ് സ്ഥപതി എത്താറുള്ളത്. അദ്ദേഹം ഗർഭഗൃഹത്തിൽ പ്രവേശിച്ച് ഭഗവാന്റെ കണ്ണുകൾ കൊത്തുന്നു; ഇതിനെയാണ് ‘നേത്രോന്മീലനം’ (കണ്ണുകൾ തുറക്കൽ) എന്ന് വിളിക്കുന്നത്. എന്നാൽ ഞങ്ങളുടെ നരസിംഹദേവന്റെ കാര്യത്തിൽ, സ്ഥപതി മുൻപേതന്നെ കണ്ണുകൾ കൊത്തിയിരുന്നു എന്നത് ഒരു സവിശേഷതയായിരുന്നു. കണ്ണുകൾ കൊത്തുക മാത്രമല്ല, അദ്ദേഹം ‘പ്രാണപ്രതിഷ്ഠ’യും ലഘുവായ പൂജകളും ആരതിയും നിർവ്വഹിച്ചിരുന്നു. അതുകൊണ്ടായിരിക്കണം സകല സർക്കാർ രേഖകളും അത്ര എളുപ്പത്തിൽ ലഭിച്ചതും, പരമപുരുഷഭഗവാനെ കൊണ്ടുവരുന്നത് ഇത്ര സുഗമമായതും എന്ന് ഞാൻ വിശ്വസിക്കുന്നു. ഭഗവാൻ നേരത്തെതന്നെ അവിടെ സന്നിഹിതനായിരുന്നു. ഭഗവാൻ നരസിംഹദേവനോട് ‘ഇല്ല’ എന്ന് പറയാൻ ആർക്കാണ് ധൈര്യമുണ്ടാവുക?
1986 ജൂലൈ 28 മുതൽ 30 വരെ നീണ്ടുനിന്ന ലളിതമായ ചടങ്ങുകളോടെ ഭഗവാൻ നരസിംഹദേവന്റെ പ്രതിഷ്ഠാ കർമ്മങ്ങൾ പൂർത്തിയായി. പ്രതിഷ്ഠാ ചടങ്ങുകൾ ഇത്ര ലളിതമായിപ്പോയോ എന്നൊരു ആശങ്ക എന്റെ ഉള്ളിലുണ്ടായിരുന്നു. കാഞ്ചീപുരം ശങ്കരാചാര്യ സ്വാമികളുടെ കർക്കശമായ മുന്നറിയിപ്പുകൾ എന്റെ മനസ്സിൽ അപ്പോഴും ഭീതി ജനിപ്പിച്ചിരുന്നു. എന്നാൽ ആ ഭയമെല്ലാം വൈകാതെ തന്നെ ശമിച്ചു. കലിയുഗത്തിലെ ഏക ഐശ്വര്യമായ ഉച്ചത്തിലുള്ള ഹരിനാമ സങ്കീർത്തനവും സങ്കീർത്തന യജ്ഞവും അവിടെ അലതല്ലുകയായിരുന്നു. എന്റെ മനസ്സിൽ പുതിയൊരു ഉന്മേഷവും സംതൃപ്തിയും നിറഞ്ഞു. സങ്കീർത്തന പ്രസ്ഥാനത്തിന്റെ സംരക്ഷകനായ ഭഗവാൻ നരസിംഹദേവൻ ഒടുവിൽ ശ്രീ മായാപൂർ ചന്ദ്രോദയ മന്ദിരത്തിൽ ആവിർഭവിക്കാൻ തിരുമനസ്സായിരിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆







