ഹിരണ്യകശിപു, അസുരന്മാരുടെ രാജാവ്
ഭഗവാൻ വരാഹരൂപത്തിൽ അവതരിച്ച് ഹിരണ്യകശിപുവിന്റെ സഹോദരൻ ഹിരണ്യാക്ഷനെ വധിച്ചപ്പോൾ അയാളുടെ പുത്രന്മാരും സഹോദരൻ ഹിരണ്യകശിപുവും അത്യന്തം ദുഃഖിതരായി. ഹിരണ്യകശിപു ജനങ്ങളുടെ ധാർമിക കർമങ്ങൾ ക്ഷയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അങ്ങേയറ്റം പാപകരമായി പ്രതികരിച്ചു. കുപിതനായ അദ്ദേഹം ഭഗവാൻ പക്ഷപാതിയാണെന്ന് ആരോപിക്കുകയും, തന്റെ സഹോദരനെ വധിക്കാൻ അദ്ദേഹമെടുത്ത വരാഹാവതാരത്തെ അവഹേളിക്കുകയും ചെയ്തു. അവൻ എല്ലാ അസുരന്മാരെയും രാക്ഷസന്മാരെയും ഇളക്കിവിട്ട് മുനിമാരുടെയും മറ്റു ഭൂനിവാസികളുടെയും ധാർമികാചാരചടങ്ങുകൾക്കെല്ലാം വിഘ്നം വരുത്തിച്ച് അവരെ ഉപദ്രവിക്കാൻ ആരംഭിച്ചു. ദേവന്മാർ യജ്ഞങ്ങളനുഷ്ഠിക്കാൻ നിർവാഹമില്ലാതെ ഭൂമിയിൽ അദൃശ്യരായി അലഞ്ഞുനടന്നു.

വൈദികാചാരങ്ങളനുസരിച്ച് സഹോദരന്റെ മരണാനന്തരചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷം ഹിരണ്യകശിപു, സഹോദരപുത്രന്മാരെ സാന്ത്വനിപ്പിക്കുന്നതിന് ജീവിതത്തിന്റെ സത്യത്തെക്കുറിച്ചുള്ള ശാസ്ത്ര വചനങ്ങൾ ഉദ്ധരിച്ച് അവരോടിപ്രകാരം പറഞ്ഞു: “എന്റെ പ്രിയപ്പെട്ട അനന്തരവന്മാരേ, ധീരന്മാർക്ക് ശത്രുവിനു മുന്നിലെ മൃത്യു മഹനീയമാണ്. ജീവസത്തകൾ അവരുടെ ഫലോദ്ദിഷ്ഠ കർമങ്ങൾക്കനുസരിച്ച് ഈ ഭൗതികലോകത്തിൽ ഒന്നിച്ചുചേരുകയും വീണ്ടും പ്രകൃതിയുടെ നിയമങ്ങളാൽ വേർപിരിയുകയും ചെയ്യുന്നു. എന്നാൽ, ശരീരത്തിൽ നിന്നു വിഭിന്നമായ ജീവാത്മാവ് ശാശ്വതനും, മാറ്റമില്ലാത്തവനും, പരിശുദ്ധനും, സർവവ്യാപിയും, എല്ലാത്തിനെക്കുറിച്ചും അറിവുള്ളവനുമാണെന്ന് നാം മനസ്സിലാക്കണം. ഭൗതിക ശക്തിയാൽ ബന്ധിതനാകുമ്പോൾ ആത്മാവിന് അതിന്റെ മാറിമാറിയുള്ള സഹവാസമനുസരിച്ച് ജീവിതത്തിന്റെ ഉയർന്ന വർഗങ്ങളിലോ താഴ്ന്ന വർഗങ്ങളിലോ ജന്മം ലഭിക്കുന്നു. ഈ രീതിയിൽ, സന്തോഷിക്കുന്നതിനോ ക്ലേശിക്കുന്നതിനോ ഉതകുന്ന നാനാതരം ശരീരങ്ങൾ മാറി മാറി ലഭിക്കുന്നു. ഒരുവൻ ഭൗതികാസ്തിത്വത്താൽ ബാധിക്കപ്പെടുന്നതാണ് അവന്റെ സന്തോഷത്തിനും സന്താപത്തിനുമുള്ള കാരണം; മറ്റു കാരണങ്ങളൊന്നുമില്ല, അതിനാൽ കർമത്തിന്റെ ഉപരിപ്ലവമായ പ്രവർത്തനങ്ങൾ കണ്ട് ഒരുവൻ ദുഃഖിക്കരുത്.

പിന്നീട് ഹിരണ്യകശിപു ഉശീനരം എന്ന രാജ്യത്ത് വസിച്ചിരുന്ന സുയജ്ഞൻ എന്ന രാജാവുമായി ബന്ധപ്പെട്ട ഒരു ചരിത്ര സംഭവം വിവരിച്ചു. രാജാവ് വധിക്കപ്പെട്ടപ്പോൾ ദുഃഖത്താൽ മതിഭ്രമം പൂണ്ട രാജ്ഞിമാരെ സാന്ത്വനിപ്പിക്കുന്നതിന് നൽകപ്പെട്ട ഉപദേശങ്ങൾ ഹിരണ്യകശിപു തന്റെ സഹോദരപുത്രന്മാർക്ക് ഉദ്ധരിച്ചു. വേട്ടക്കാരന്റെ അസ്ത്രമേറ്റു ഭാര്യ മരിച്ച ദുഃഖത്താൽ ഉറക്കെ വിലപിച്ചുകൊണ്ടിരുന്ന ഒരു കുലിംഗപ്പക്ഷി അതേ വേട്ടക്കാരന്റെ അസ്ത്രത്താൽ തുളയ്ക്കപ്പെട്ട കഥയാണദ്ദേഹം ഉദ്ധരിച്ചത്. ഈ കഥകളാൽ ഹിരണ്യകശിപു തന്റെ സഹോദരപുത്രന്മാരെയും മറ്റു ബന്ധുക്കളെയും ദുഃഖത്തിൽ നിന്നു മോചിപ്പിച്ചു. അപ്രകാരം തന്റെ മാതാവ് ദിതിയെയും സഹോദരപത്നി രുഷാഭാനുവിനെയും സാന്ത്വനിപ്പിച്ച ഹിരണ്യകശിപു അവരുടെ മനസ്സുകളെ ആദ്ധ്യാത്മിക ചിന്തകളിൽ വ്യാപരിപ്പിച്ചു.
അമരത്വം നേടാനുള്ള ഹിരണ്യകശിപുവിന്റെ പദ്ധതി
ഹിരണ്യകശിപു മരണമില്ലാത്തവനാകാൻ ആഗ്രഹിച്ചു. ആരാലും തോൽപ്പിക്കപ്പെടരുതെന്നും, രോഗത്താലും വാർദ്ധക്യത്താലും ആക്രമിക്കപ്പെടരുതെന്നും, ഒരു ശത്രുവിനാലും ഉപദ്രവിക്കപ്പെടരുതെന്നും ആഗ്രഹിച്ചു. അപ്രകാരം പ്രപഞ്ചത്തിന്റെ പരമമായ ഭരണാധികാരിയാകണമെന്നായിരുന്നു അഭിലാഷം. ഈ അഭിലാഷത്തോടെ അയാൾ മന്ദരപർവതത്തിന്റെ താഴ്വരയിൽ പ്രവേശിച്ച് തീവ്രതപസ്സും ധ്യാനവും ആരംഭിച്ചു. ഹിരണ്യകശിപു ഈ തപസ്സിൽ വ്യാപൃതനായിരിക്കുന്നതു കണ്ട ദേവന്മാർ അവരവരുടെ ഭവനങ്ങളിലേക്ക് മടങ്ങി. എന്നാൽ തപസ്സിൽ മുഴുകിയിരുന്ന ഹിരണ്യകശിപുവിന്റെ ശിരസ്സിൽ നിന്ന് ഒരു പ്രത്യേകതരം അഗ്നി ജ്വലിക്കുകയും അത് പക്ഷിമൃഗാദികളും ദേവന്മാരും ഉൾപ്പെടെയുള്ള പ്രപഞ്ചവാസികൾക്കു മുഴുവൻ ഉപദ്രവമുണ്ടാക്കുവാനും തുടങ്ങി. തീക്ഷ്ണമായ താപം മൂലം ഊർധ്വഅധോലോകവാസികൾക്കെല്ലാം ജീവിതം ദുസ്സഹമായപ്പോൾ ദേവന്മാർ ബ്രഹ്മദേവനെ സമീപിച്ച് ഈ അനാവശ്യ താപം ഇല്ലാതാക്കണമെന്ന് പ്രാർത്ഥിച്ചു. ഹ്രസ്വമായ ജീവിത കാലയളവിനെ അതിജീവിച്ച് അമരത്വം നേടാനും, ധ്രുവലോകം ഉൾപ്പെടെ സർവ ഗ്രഹങ്ങളുടെയും സർവാധിപതിയാകാനുമുള്ള ഹിരണ്യകശിപുവിന്റെ ആഗ്രഹം ദേവന്മാർ ബ്രഹ്മദേവനെ അറിയിച്ചു.

ഹിരണ്യകശിപുവിന്റെ തപസ്സിന്റെയും ധ്യാനത്തിന്റെയും ലക്ഷ്യം ദേവന്മാരിൽ നിന്ന് കേട്ടറിഞ്ഞ ബ്രഹ്മദേവൻ, ഭൃഗു മഹർഷി, ദക്ഷൻ തുടങ്ങിയ മഹത് വ്യക്തികളുടെ അകമ്പടിയോടെ ഹിരണ്യകശിപുവിനെ കാണാൻ പോയി. ധ്യാനത്തിലായിരുന്ന ഹിരണ്യകശിപുവിന്റെ ശിരസ്സിൽ ബ്രഹ്മാവ് കമണ്ഡലുവിൽ നിന്ന് ജലം തളിച്ചു.
അസുരന്മാരുടെ രാജാവായ ഹിരണ്യകശിപു പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മദേവന്റെ മുന്നിൽ ശിരസ്സ് നമിച്ച് അദ്ദേഹത്തിന് ആവർത്തിച്ചാവർത്തിച്ച് സാദരപ്രണാമങ്ങളും പ്രാർത്ഥനകളും അർപ്പിച്ചു. ബ്രഹ്മദേവൻ വരം നൽകാമെന്ന് സമ്മതിച്ചപ്പോൾ ഹിരണ്യകശിപു, താൻ ഏതെങ്കിലും ജീവിയാൽ തുറസ്സായ സ്ഥലത്തു വച്ചോ മറവിൽ വച്ചോ, പകലിലോ രാത്രിയിലോ, ഏതെങ്കിലും ആയുധത്താലോ, ഭൂമിയിൽ വച്ചോ ആകാശത്തിൽ വച്ചോ, മനുഷ്യനാലോ മൃഗത്താലോ ദേവനാലോ, അല്ലെങ്കിൽ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ മറ്റേതെങ്കിലും ജീവിയാലോ വധിക്കപ്പെടരുതെന്ന വരം ആവശ്യപ്പെട്ടു. കൂടാതെ സർവഗ്രഹങ്ങളുടെയും സർവേശ്വരത്വവും, അണിമ, ലഘിമ ആദിയായ എട്ടു യോഗസിദ്ധികളും അയാൾ ആവശ്യപ്പെട്ടു.

