ഭഗവത് സേവനം ചെയ്യൽ.
വിഷ്ണു രഹസ്യത്തിൽ ഇങ്ങനെ പറയുന്നു: “മഹാരാജാവിന് പരിചാരകർ എന്നപോലെ, ഭഗവാന് പരിചരണവും, സേവനവും നടത്തുന്നവൻ, മരണാനന്തരം കൃഷ്ണധാമത്തിലേക്കുയർത്തപ്പെടും.” ഭാരതത്തിൽ ക്ഷേത്രങ്ങൾ, രാജകൊട്ടാരങ്ങൾപോലെതന്നെയാണ്. അവ സാധാരണ കെട്ടിടങ്ങൾപോലെയല്ല. കാരണം, വിഗ്രഹാരാധന നടത്തേണ്ടത് മഹാരാജാവിന് പരിചാരകർ ചെയ്യുന്ന പരിചരണം പോലെയായിരിക്കണം. “ഏതാനും നിമിഷമെങ്കിലും ഭഗവാൻ്റെ ക്ഷേത്രത്തിൽ കഴിഞ്ഞുകൂടിയാൽ, അയാൾക്ക് ഈശ്വരൻ്റെ സർവ്വാതിശായിയായ രാജ്യം കൈവരും.” എന്ന് നാരദീയ പുരാണവും പറയുന്നുണ്ട്.
ചുരുക്കത്തിൽ, സമ്പന്നന്മാർ ക്ഷേത്രങ്ങൾ നിർമ്മിച്ച്, വിഷ്ണു പൂജയ്ക്ക് സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. ആളുകളെ ക്ഷേത്ര സന്ദർശനത്തിനു പ്രേരിപ്പിക്കുകയും, അതുവഴി തിരുനാമങ്ങൾ ജപിച്ചും, നൃത്തം ചെയ്തും ദിവ്യാനന്ദം അനുഭവിക്കാൻ അവസരം നൽകുകയും, അതുമല്ലെങ്കിൽ, ഭഗവദ്നാമങ്ങൾ കേൾക്കുകയോ ചെയ്യാൻ ഇത് സഹായകമാകും. ഇങ്ങനെ എല്ലാവർക്കും ദൈവരാജ്യത്തിലേക്ക് സ്വയം ഉയരാൻ അവസരം ലഭിക്കും. മറ്റുതരത്തിൽ പറഞ്ഞാൽ, സാധാരണ മനുഷ്യനുപോലും ക്ഷേത്ര ദർശനംകൊണ്ടുതന്നെ ഏറ്റവും വലിയ അനുഗ്രഹങ്ങൾ നേടാൻ കഴിയും; പൂർണ്ണമായ കൃഷ്ണാവബോധത്തോടെ, നിരന്തരം ഭഗവദ് സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭക്തന്മാരുടെ കാര്യം പറയുകയേ വേണ്ട.
ശ്രീമദ് ഭാഗവതത്തിൽ (4.21.31), മഹാരാജാവായ പൃഥു, പ്രജകളോട് പറയുന്നു: “പതിതരായ ബദ്ധാത്മാക്കൾക്ക് മുക്തി കൊടുക്കുന്നത് യഥാർത്ഥത്തിൽ ഭഗവാൻ ശ്രീഹരിയാണ്. ദേവന്മാർക്ക് ഈ സിദ്ധിയില്ല. കാരണം, അവരും ബദ്ധാത്മാക്കളാണ്. ഒരു ബദ്ധാത്മാവിന് മറ്റൊരു ബദ്ധാത്മാവിനെ മോചിപ്പിക്കാനാവില്ല. കൃഷ്ണനോ, കൃഷ്ണൻ്റെ യഥാർത്ഥ പ്രതിനിധിക്കോ മാത്രമേ മുക്തി നൽകാനാകൂ. വിഷ്ണുപാദത്തിൽനിന്നൊഴുകുന്ന ഗംഗയിലെ ജലം ഭൂലോകത്തും, മറ്റു ലോകങ്ങളിലും പതിച്ച്, ബദ്ധമായ എല്ലാ ജീവാത്മാക്കൾക്കും മോചനം നൽകുന്നു. അപ്പോൾപ്പിന്നെ, സദാ ഭഗവദ് സേവാനിരതരായവരുടെ മുക്തിയെക്കുറിച്ച് പറയേണ്ടതുണ്ടോ? അനവധി ജന്മങ്ങളിലൂടെ കുമിച്ചുകൂട്ടിയ പാപസഞ്ചയം എത്രതന്നെയായാലും, അവരുടെ മുക്തിയെക്കുറിച്ചു സംശയിക്കുകയേ വേണ്ട.” മറ്റുതരത്തിൽ പറഞ്ഞാൽ, പ്രതിഷ്ഠാമൂർത്തിയുടെ ആരാധനാപൂജകളിൽ സദാ നിരതരായിരിക്കുന്നവർക്ക്, തങ്ങൾ ജന്മജന്മാന്തരങ്ങളായി സഞ്ചയിച്ചുവച്ച പാപത്തിൻ്റെ ശക്തി കുറയ്ക്കാൻ കഴിയും. ഈ ആരാധനാ പ്രക്രിയയെക്കുറിച്ചു നേരത്തേ വിശദീകരിച്ചു കഴിഞ്ഞു. ആ നിയാമക തത്ത്വങ്ങൾ പൂർണ്ണമായും ഗൗരവബുദ്ധ്യാ അംഗീകരിച്ച് അനുസരിക്കേണ്ടതാണ്.
(ഭക്തിരസാമൃത സിന്ധു / അദ്ധ്യായം 9)