അപീച്യദർശനം ശശ്വത്സർവ്വലോകനമസ്കൃതം
സന്തം വയസി കൈശോരേ ഭൃത്യാനുഗ്രഹകാതരം
അതിസുന്ദരമായ രൂപം: ഭഗവാൻ കാണാൻ വളരെ മനോഹരനും (അതിസുന്ദരനും) ശാശ്വതനുമാകുന്നു (അപീച്യദർശനം ശശ്വത്).
സർവ്വലോക പൂജിതൻ: സകല ഗ്രഹങ്ങളിലെയും സകല അധിവാസികളാലും എപ്പോഴും ആരാധിക്കപ്പെടുന്നവനാണ് ഭഗവാൻ (സർവ്വലോകനമസ്കൃതം).
നിത്യ യൗവനം: അദ്ദേഹം ബാല്യത്തിനും യൗവനത്തിനും മധ്യേയുള്ള നിത്യ യൗവന അവസ്ഥയിൽ സ്ഥിതി ചെയ്യുന്നവനാണ് (സന്തം വയസി കൈശോരേ).
ഭക്താനുഗ്രഹ കാതരം: ഭഗവാൻ സ്വന്തം ഭക്തന്മാരുടെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നതിനായി സദാ ആകാംക്ഷയുള്ളവനാകുന്നു (ഭൃത്യാനുഗ്രഹകാതരം).
വിവർത്തനം
ഭഗവാൻ ശാശ്വതമായി അതിസുന്ദരനും സകല ഗ്രഹങ്ങളിലെയും സകല അധിവാസികൾക്കും ആരാധ്യാർഹനുമാകുന്നു. അദ്ദേഹം നിത്യ യൗവനമുള്ളവനും സ്വന്തം ഭക്തന്മാരുടെ മേൽ അനുഗ്രഹം വർഷിക്കുവാൻ സദാ ആകാംക്ഷയുള്ളവനുമാകുന്നു.
ഭാവാർത്ഥം
സർവ-ലോക-നമസ്കൃതം എന്ന വാക്കിൻ്റെ അർത്ഥം, അദ്ദേഹം എല്ലാ ഗ്രഹങ്ങളിലുമുള്ള എല്ലാവർക്കും ആരാധ്യാർഹനാണെന്നാണ്. ഭൗതികലോകത്തിലും അതുപോലെ ആദ്ധ്യാത്മിക ലോകത്തിലും അസംഖ്യം ഗ്രഹങ്ങളുണ്ട്. നിർവ്യക്തികവാദികളൊഴിച്ച് സർവർക്കും സമാരാധ്യനാകയാൽ സർവ ഗ്രഹങ്ങളിലും അദ്ദേഹത്തെ ആരാധിക്കുന്ന അസംഖ്യം അധിവാസികളുണ്ട്. പരമോന്നതനായ ഭഗവാൻ വളരെ സുന്ദരനാണ്. ശശ്വത് എന്ന പദം സാരഗർഭവുമാണ്. അദ്ദേഹം ഭക്തന്മാർക്കു മുന്നിൽ സുന്ദരനായി പ്രത്യക്ഷപ്പെടുമെങ്കിലും നിർവ്യക്തികവാദികൾക്ക് നിശ്ചയമായും അങ്ങനെ പ്രത്യക്ഷനാകില്ല. ശശ്വത് എന്നാൽ “എന്നും നിലനിൽക്കുന്നത്” എന്നാണർത്ഥം. അദ്ദേഹത്തിൻ്റെ സൗന്ദര്യം താൽക്കാലികമല്ല. അത് നിത്യം നിലനിൽക്കുന്നതാണ്. അദ്ദേഹത്തിന് എന്നും യൗവനവുമാണ്. ബ്രഹ്മസംഹിത (5.33) യിൽ അത് പറഞ്ഞിട്ടുമുണ്ട്: അദ്വൈതം അച്യുതം അനാദിം അനന്ത-രൂപം ആദ്യം പുരാണ-പുരുഷം നവയൗവനം ച. മൂലപുരുഷൻ അദ്വിതീയനാണ്, എങ്കിലും അദ്ദേഹത്തിന് പ്രായം വർദ്ധിക്കുന്നതായി തോന്നിക്കില്ല; അദ്ദേഹം എപ്പോഴും നവയൗവനത്തിൽ കാണപ്പെടും.
ഭക്തന്മാർക്ക് ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും നൽകാൻ സദാ സന്നദ്ധത പ്രകടമാക്കുന്നതാണ് ഭഗവാൻ്റെ മുഖഭാവം. അഭക്തരുടെ കാര്യത്തിൽ പക്ഷേ അദ്ദേഹം നിശ്ശബ്ദനാകും. പരമദിവ്യോത്തമപുരുഷനായ ഭഗവാനായതിനാലും, എല്ലാ ജീവസത്തകളും അദ്ദേഹത്തിന്റെ പുത്രന്മാരായതിനാലും അദ്ദേഹം എല്ലാവർക്കുംവേണ്ടി തുല്യമായാണ് പ്രവർത്തിക്കാറുള്ളതെങ്കിലും ഭക്തിയുത സേവനത്തിൽ ഏർപ്പെടുന്നവരോട് അദ്ദേഹത്തിന് പ്രത്യേക താൽപര്യമുണ്ടായിരിക്കുമെന്ന് ഭഗവദ്ഗീതയിൽ പ്രസ്താവിച്ചിട്ടുണ്ട്. അതേ യാഥാർത്ഥ്യം ഇവിടെയും സ്ഥിരീകരിക്കുന്നു: അദ്ദേഹം ഭക്തന്മാരോട് സൗമനസ്യം പ്രകടിപ്പിക്കുന്നതിൽ ആകാംക്ഷയുള്ളവനായിരിക്കും. പരമദിവ്യോത്തമപുരുഷനായ ഭഗവാനുവേണ്ടി ഭക്തിയുത സേവനം നിർവഹിക്കാൻ ഭക്തന്മാർക്ക് ആകാംക്ഷയുണ്ടായിരിക്കുന്നതു പോലെ, തന്റെ പരിശുദ്ധ ഭക്തന്മാർക്ക് അനുഗ്രഹങ്ങൾ നൽകാൻ ഭഗവാനും ആകാംക്ഷയുണ്ട്.
(ശ്രീമദ് ഭാഗവതം 3.28.17)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆