കാഞ്ചീഗുണോല്ലസശ്രോണീം ഹൃദയാംഭോജവിഷ്ടരം
ദർശനീയതമം ശാന്തം മനോനയനവർദ്ധനം
അരപ്പട്ടയാൽ ശോഭിക്കുന്ന കടിപ്രദേശം: ഭഗവാന്റെ ജഘനവും കടിപ്രദേശവും മേന്മയേറിയ അരപ്പട്ടയാൽ ആച്ഛാദനം ചെയ്യപ്പെട്ട് ശോഭിക്കുന്നതാണ് (കാഞ്ചീഗുണോല്ലസശ്രോണീം).
ഹൃദയമാകുന്ന ഇരിപ്പിടം: അദ്ദേഹം തന്റെ ഭക്തന്റെ ഹൃദയമാകുന്ന താമരയെ ഇരിപ്പിടമാക്കി അതിൽ നിലകൊള്ളുന്നു (ഹൃദയാംഭോജവിഷ്ടരം).
അതിമനോഹരവും പ്രശാന്തവുമായ രൂപം: കാണാൻ അതിമനോഹരനായ ഭഗവാന്റെ രൂപം അത്യന്തം പ്രശാന്തമാണ് (ദർശനീയതമം ശാന്തം).
കണ്ണുകൾക്കും മനസ്സിനും ആനന്ദം: ഭഗവാന്റെ ഈ രൂപം അദ്ദേഹത്തെ നോക്കിക്കാണുന്ന ഭക്തന്മാരുടെ കണ്ണുകളെയും മനസ്സുകളെയും (ആത്മാവുകളെയും) ഒരുപോലെ ആഹ്ലാദിപ്പിക്കുന്നതാണ് (മനോനയനവർദ്ധനം).
വിവർത്തനം
ജഘനവും കടിപ്രദേശവും അരപ്പട്ടയാൽ ആച്ഛാദനം ചെയ്യപ്പെട്ട അദ്ദേഹം തന്റെ ഭക്തൻ്റെ ഹൃദയമാകുന്ന താമരയിൽ നിലകൊളളുന്നു. കാണാൻ അതിമനോഹരനായ അദ്ദേഹത്തിൻ്റെ പ്രശാന്ത ഭാവം അദ്ദേഹത്തെ നോക്കിക്കാണുന്ന ഭക്തന്മാരുടെ കണ്ണുകളെയും ആത്മാവുകളെയും ആഹ്ലാദിപ്പിക്കും.
ഭാവാർത്ഥം
ഭക്തന്, യോഗിക്ക് മറ്റൊന്നിലും ദർശിക്കാൻ കഴിയാത്തവിധം അങ്ങേയറ്റം മനോഹരനാണ് ഭഗവാനെന്നാണ് ഈ ശ്ലോകത്തിൽ കൊടുത്തിട്ടുള്ള ദർശനീയതമ എന്ന വാക്കിൻ്റെ പൊരുൾ. സുന്ദര വസ്തുക്കളെ ദർശിക്കുവാനുള്ള അവന്റെ അഭിലാഷം ഭഗവാനെ കാണുന്നതിലൂടെ പൂർണമായും സഫലമാകും. ഭൗതികലോകത്തിൽ സുന്ദര വസ്തുക്കൾ കാണാൻ നമ്മൾ ആഗ്രഹിക്കും. പക്ഷേ നമ്മുടെ ആഗ്രഹം ഒരിക്കലും സമ്പൂർണമായി സംതൃപ്തമാകാറില്ല. ഭൗതികമായ മാലിന്യം നിമിത്തം ഭൗതിക ലോകത്തിൽ കാണുന്ന വസ്തുക്കളെല്ലാം എപ്പോഴും അസംതൃപ്തമായേ നമുക്ക് അനുഭവവേദ്യമാവുകയുള്ളൂ. പക്ഷേ കാണുവാനും കേൾക്കുവാനും സ്പർശിക്കുവാനും മറ്റുമുള്ള നമ്മുടെ ആഗ്രഹങ്ങളെ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ സംതൃപ്തിക്കു വേണ്ടിയെന്ന് കൂട്ടിച്ചേർക്കുമ്പോൾ അവ അത്യുന്നത പരിപൂർണതയുടെ തലത്തിലെത്തും.
പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ ശാശ്വത രൂപത്തിൽ ഭക്തന്റെ ഹൃദയത്തിന് വളരെ സുന്ദരനും പ്രസാദാത്മകനുമാണെങ്കിലും, അദ്ദേഹത്തിൻ്റെ നിർവ്യക്തിക ഘടകത്തെ ധ്യാനിക്കാൻ ആഗ്രഹിക്കുന്ന നിർവ്യക്തികവാദികൾക്ക് അദ്ദേഹം ആകർഷണീയനായിരിക്കില്ല. അത്തരം നിർവ്യക്തിക ധ്യാനം വൃഥാ നിഷ്ഫല പ്രവൃത്തിയാകുന്നു. യഥാർത്ഥ യോഗികൾ ശൂന്യതയെയോ നിർവ്യക്തികതയെയോ ധ്യാനിക്കാതെ പാതിയടഞ്ഞ മിഴികൾ പരമദിവ്യോത്തമപുരുഷൻ ഭഗവാനിൽ ഉറപ്പിക്കും.
(ശ്രീമദ് ഭാഗവതം 3.28.16)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆