മത്തദ്വിരേഫകലയാ പരീതം വനമാലയാ
പരാർദ്ധ്യഹാരവലയകിരീടാംഗദനൂപുരം
വനമാലയും തേനീച്ചകളും: ഭഗവാൻ ആകർഷകങ്ങളായ വനപുഷ്പങ്ങളാലൊരുക്കിയ മനോഹരമായൊരു ഹാരം (വനമാല) ധരിച്ചിരുന്നു. അതിന്റെ ഉന്മത്ത ഗന്ധത്താൽ ലഹരിപിടിച്ച തേനീച്ചകൾ അതിനു ചുറ്റും മൂളിപ്പാടി പറന്നുകൊണ്ടിരുന്നു (മത്തദ്വിരേഫകലയാ പരീതം വനമാലയാ).
അമൂല്യമായ ആഭരണങ്ങൾ: അദ്ദേഹം അമൂല്യമായ മുത്തുകൊണ്ടുള്ള കണ്ഠാഭരണവും (മുത്തുമാല), കിരീടവും, ജോടിക്കണക്കിന് കരവളകളും, കാപ്പുകളും, കാൽചിലങ്കകളും അണിഞ്ഞിരുന്നു (പരാർദ്ധ്യഹാരവലയകിരീടാംഗദനൂപുരം).
വിവർത്തനം
ആകർഷകങ്ങളായ വനപുഷ്പങ്ങളാലൊരുക്കിയ മനോഹരമായൊരു ഹാരവും അദ്ദേഹം ധരിച്ചിരുന്നു. അതിൻ്റെ ഉന്മത്ത ഗന്ധത്താൽ ലഹരിപിടിച്ച തേനീച്ചകൾ അതിനു ചുറ്റും മൂളിപ്പാടി പറന്നുകൊണ്ടിരുന്നു. അതുകൂടാതെ അദ്ദേഹം മുത്തുകൊണ്ടുള്ള ഒരു കണ്ഠാഭരണവും, കിരീടവും, ജോടിക്കണക്കിന് കരവളകളും, കാപ്പുകളും, ചിലങ്കകളും അണിഞ്ഞിരുന്നു.
ഭാവാർത്ഥം
ഇവിടത്തെ വർണനയിൽനിന്ന് പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ധരിച്ചിരുന്ന പുഷ്പഹാരം പുതിയതായിരുന്നെന്ന് വ്യക്തമാണ്. യഥാർത്ഥത്തിൽ വൈകുണ്ഠത്തിൽ, അഥവാ ആത്മീയാകാശത്തിൽ പുതിയതല്ലാത്ത ഒന്നുമേയില്ല. ആത്മീയാകാശത്തിലെ എല്ലാം എന്നും അവയുടെ യഥാർത്ഥ സ്ഥിതി നിലനിർത്തുമെന്നതിനാൽ, വൃക്ഷങ്ങളിൽ നിന്നും ചെടികളിൽ നിന്നും ഇറുത്തെടുക്കുന്ന പൂക്കൾപോലും വാടുകയില്ല. വൃക്ഷങ്ങളും പൂക്കളും ആത്മീയമാകയാൽ, വൃക്ഷങ്ങളിൽ നിന്ന് ഇറുത്തെടുക്കുന്ന പുഷ്പങ്ങളുടെയും അവ കൊണ്ടു തീർക്കുന്ന ഹാരങ്ങളുടെയും സൗരഭ്യം നഷ്ടപ്പെടുകയോ അവ വാടുകയോ ചെയ്യില്ല. പൂക്കൾ, വൃക്ഷങ്ങളിൽ നിന്നിറുത്തെടുത്താലും നിറവും മണവും നഷ്ടപ്പെടാതെ അവയുടെ തനിമയിലും പുതുമയിലും എത്ര കാലം വേണമെങ്കിലുമിരിക്കും. ആ പുഷ്പങ്ങൾ വൃക്ഷത്തിലായാലും ഹാരത്തിലായാലും ഒരേപോലെ തേനീച്ചകളാൽ ആകർഷിക്കപ്പെടും. സകലതും ശാശ്വതവും തേയ്മാനം സംഭവിപ്പിക്കാൻ സാധിക്കാത്തതുമായിരിക്കും എന്നതാണ് ആത്മീയതയുടെ ഫലം. ആത്മീയതയിൽ എന്തിൽ നിന്ന് എന്തെടുത്താലും എല്ലാം അതുപോലെ തന്നെ തുടരും. ആത്മീയ ലോകത്തിൽ ഒന്ന് ന്യൂനം ഒന്ന്-സമം ഒന്നാകുന്നു; ഒന്ന് അധികം ഒന്ന് – സമവും ഒന്നു തന്നെയാകുന്നു.
തേനീച്ചകൾ പൂക്കൾക്കു ചുറ്റും മൂളിപ്പറക്കുകയും അവയുടെ മധുര സ്വരം ഭഗവാൻ ആസ്വദിക്കുകയും ചെയ്തു. ഭഗവാൻ്റെ വളകളും, കണ്ഠാഭരണവും, കിരീടവും, പാദസരങ്ങളുമെല്ലാം അമൂല്യങ്ങളായ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടവയാണ്. ആ രത്നങ്ങളും മുത്തുകളും ആത്മീയമാകയാൽ ഭൗതികമായി അവയുടെ മൂല്യം നിർണയിക്കുക സാധ്യമല്ല.
(ശ്രീമദ് ഭാഗവതം 3.28.15)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆