ചോദ്യം: ഞാൻ ഹരേ കൃഷ്ണ മന്ത്രം ജപിക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എത്രമാത്രം നിരന്തരമായി ഈ മന്ത്രം ശ്രവിക്കേണ്ടതുണ്ട്?
ഉത്തരം: നാം ഹരേ കൃഷ്ണ മന്ത്രം ജപിക്കുമ്പോൾ, മനസ്സിനെ അവഗണിച്ച് തികച്ചും പരിശുദ്ധമായ ദിവ്യനാമങ്ങളുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് അഭ്യസിക്കുന്നത്. മനസ്സ് എങ്ങനെയൊക്കെയുള്ള വിചിത്രമായ ആശയങ്ങൾ പുറപ്പെടുവിച്ചാലും അതിൽ കാര്യമില്ല. ഹരേ കൃഷ്ണ മഹാമന്ത്രത്തിലെ ഓരോ അക്ഷരത്തിന്റെയും ശബ്ദധ്വനി ശ്രദ്ധിക്കുക എന്നത് മാത്രമാണ് നമ്മുടെ ചിന്താവിഷയം. മനസ്സിന്റെ പിന്നാലെയാണ് നാം പോകുന്നതെന്നും മന്ത്രത്തിലല്ല ശ്രദ്ധയെന്നും മനസ്സിലാക്കുമ്പോൾ, മനസ്സിനെ വീണ്ടും തിരിച്ച് മന്ത്രത്തിലേക്ക് കൊണ്ടുവരിക.
അനവധി ജന്മങ്ങളായി മനസ്സിന്റെ ഇംഗിതങ്ങൾക്ക് അതീവ ശ്രദ്ധയോടെയും അനുസരണയോടെയും സേവ ചെയ്തവരാണ് നാം. അതിനാൽത്തന്നെ അതിനെ അവഗണിച്ച് മന്ത്രനാദത്തിൽ ഏകാഗ്രത പുലർത്തുക എന്നത് ദുഷ്കരമാണെന്നുള്ളതിൽ യാതൊരു അത്ഭുതവുമില്ല. എങ്കിലും, ഒരു മാതാവ് തന്റെ കുട്ടികൾ നിരന്തരം ഒരേ മണ്ടത്തരങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നിട്ടും അവരെ കുഴപ്പങ്ങളിൽ അകപ്പെടാതെ എന്തുമാത്രം ക്ഷമയോടെ സംരക്ഷിക്കുന്നുവോ, അതുപോലെ നാം അത്യന്തം ക്ഷമയോടെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കേണ്ടതുണ്ട്.
ഏകാഗ്രതയോടെ മന്ത്രശബ്ദം ശ്രവിച്ചുകൊണ്ട് എപ്പോഴും മനസ്സിനെ നിയന്ത്രിക്കുവാൻ ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാലക്രമേണ നാം ഇതിൽ കൂടുതൽ പ്രഗത്ഭരായിത്തീരും. നമ്മുടെ ഈ ആത്മാർത്ഥമായ ശ്രമങ്ങളെ ഭഗവാൻ കൃഷ്ണൻ ആദരിക്കുകയും തക്കസമയത്ത് തന്റെ അനുകമ്പ ചൊരിഞ്ഞുതരികയും ചെയ്യും.
നാം ജപം തുടരുന്നിടത്തോളം കാലം മന്ത്രം ശ്രവിക്കുകയും വേണം. ഓരോ മന്ത്രത്തിലും, പിന്നീട് ആ മന്ത്രത്തിന്റെ ഓരോ ഭാഗത്തിലും, അതിനുശേഷം അതിലും ചെറിയ ഭാഗത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. അപ്പോൾ മനസ്സിന്റെ വ്യതിചലിപ്പിക്കുന്ന ചിന്തകളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് സമയം ലഭിക്കുകയില്ല. മന്ത്രശ്രവണത്തിലൂടെ നിങ്ങൾ കൂടുതൽ പരിശുദ്ധരായിത്തീരുകയും ചെയ്യും.
ആദ്യം, ഒരു നിശ്ചിത സമയത്തേക്ക് മന്ത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൃഢനിശ്ചയം ചെയ്യുക. തുടർന്ന് ഓരോ മന്ത്രത്തിന്റെ ശബ്ദത്തിലും ഏകാഗ്രത പാലിക്കുക, എന്നിട്ട് അടുത്തതിലേക്ക് നീങ്ങുക. കഴിഞ്ഞകാലത്തെക്കുറിച്ചോർത്ത് വിലപിക്കുകയോ ഭാവിയെക്കുറിച്ച് സ്വപ്നം കാണുകയോ ചെയ്യാതെ, നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മന്ത്രത്തിന്റെ നാദം മാത്രം ശ്രദ്ധിക്കുക. കാരണം, ഈ കലികാലത്തിൽ ഭഗവാന്റെ ദിവ്യനാമം ജപിക്കണമെന്നുള്ളത് ഭഗവാൻ കൃഷ്ണന്റെ തിരുമനസ്സാണ്. ജപിക്കുന്ന മന്ത്രാവൃത്തികളുടെ എണ്ണം നിശ്ചയിക്കുകയും ക്രമേണ അത് വർദ്ധിപ്പിക്കുകയും ചെയ്യുക.
ഈ കലിയുഗത്തിൽ ഹരികീർത്തനം വളരെ വളരെ പ്രാധാന്യമുള്ളതാണ്. തിരുനാമജപത്തിന്റെ പ്രാധാന്യത്തെപ്പറ്റി ശ്രീമദ്ഭാഗവതത്തിൽ (12.3.51-52) നിന്നുള്ള ശ്ലോകങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നു:
കലേർ ദോഷനിധേ രാജൻ അസ്തി ഹി ഏകോ മഹാൻ ഗുണ
കീർത്തനാദ് ഏവ കൃഷ്ണസ്യ മുക്തസംഗഃ പരം വ്രജേത്
കൃതേ യദ് ധ്യായതോ വിഷ്ണും ത്രേതായാം യജതോ മഖൈഃ
ദ്വാപരേ പരിചര്യായാം കലൗ തദ് ഹരികീർത്തനാത്
“ദോഷസാഗരമായ കലിയുഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇതാണ്: ഹരേ കൃഷ്ണ മന്ത്രജപം കൊണ്ടുമാത്രം ഒരുവൻ എല്ലാ മാലിന്യങ്ങളിൽനിന്നും മുക്തനാകുകയും ഈശ്വരസാമ്രാജ്യത്തിൽ പ്രവേശിക്കാൻ അർഹനായിത്തീരുകയും ചെയ്യുന്നു. സത്യയുഗത്തിൽ ധ്യാനത്തിലൂടെയും, ത്രേതായുഗത്തിൽ യജ്ഞാനുഷ്ഠാനത്തിലൂടെയും, ദ്വാപരയുഗത്തിൽ വിഗ്രഹാരാധനയിലൂടെയും നേടിയിരുന്ന ആത്മസാക്ഷാത്കാരം കലിയുഗത്തിൽ ഹരേ കൃഷ്ണ ദിവ്യനാമങ്ങളുടെ കീർത്തനത്തിലൂടെമാത്രം നേടാൻ കഴിയും.”
ഹരേർ നാമ ഹരേർ നാമ ഹരേർ നാമൈവ കേവലം
കലൗ നാസ്തി ഏവ നാസ്തി ഏവ നാസ്തി ഏവ ഗതിർ അന്യാ
വിവർത്തനം: ‘കലഹകാപട്യങ്ങളുടെ ഈ യുഗത്തിൽ മോചനത്തിനുള്ള ഏക മാർഗം ഭഗവാൻ ഹരിയുടെ തിരുനാമജപമാണ്. മറ്റൊരു മാർഗ്ഗവുമില്ല, മറ്റൊരു മാർഗ്ഗവുമില്ല, മറ്റൊരു മാർഗ്ഗവുമില്ല.”
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.