പ്രസംഗമജരം പാശമാത്മനഃ കവയോ വിദുഃ
സ ഏവ സാധുഷു കൃതോ മോക്ഷദ്വാരമപാവൃതം
വിവർത്തനം
ഭൗതികതയോടുള്ള മമതയാണ് ആത്മാവിന്റെ ഏറ്റവും വലിയ ബന്ധനമെന്ന് ജ്ഞാനിയായ ഓരോ മനുഷ്യനുമറിയാം. പക്ഷേ, അതേ മമത ആത്മസാക്ഷാത്കാരം സിദ്ധിച്ച ഭക്തന്മാർ പ്രായോഗികമാക്കുമ്പോൾ മോക്ഷത്തിന്റെ വാതിൽ തുറക്കപ്പെടും.
ഭാവാർത്ഥം
ഒരു വസ്തുവിനോടുള്ള അമിതമായ മമതയാണ് ബദ്ധജീവിതത്തിലെ ബന്ധനത്തിന് നിദാനമെന്നും, അതേ മമത മറ്റുചില കാര്യങ്ങൾക്കുവേണ്ടി പ്രായോഗികമാക്കുമ്പോൾ മോക്ഷത്തിന്റെ കവാടം തുറക്കപ്പെടുമെന്നും ഇവിടെ വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. മമതയെ ഹനിക്കുക സാധ്യമല്ല, അതിനെ നിഷ്പ്രയാസം മാറ്റിയെടുക്കണം. ഭൗതികകാര്യങ്ങൾക്കുവേണ്ടിയുള്ള മമതയെ, അഥവാ ആസക്തിയെ ഭൗതികാവബോധമെന്നും, കൃഷ്ണനുവേണ്ടിയോ അദ്ദേഹത്തിന്റെ ഭക്തനുവേണ്ടിയോ ഉള്ള ആസക്തിയെ കൃഷ്ണാവബോധമെന്നും വിളിക്കുന്നു. അവബോധം, അതിനാൽ മമതയുടെ വിതാനത്തിലാണ്. നാം, നമ്മുടെ അവബോധത്തെ ഭൗതികാവബോധത്തിൽനിന്ന് കൃഷ്ണാവബോധത്തിലേക്ക് പരിശുദ്ധമാക്കിയാൽ മാത്രം മതി, നമ്മൾ സ്വതന്ത്രരാകും.
ഒരുവൻ അവന്റെ എല്ലാ പ്രിയങ്ങളും ഉപേക്ഷിക്കണമെന്ന് പ്രസ്താവിക്കാറുണ്ടെങ്കിലും, ആഗ്രഹരഹിതനായിരിക്കാൻ ഒരു ജീവസത്തയ്ക്കാവില്ല. ജീവസത്തയ്ക്ക് സ്വതവെ എന്തിനോടെങ്കിലും ആസക്തനാകാനുള്ള പ്രവണത ഉണ്ടായിരിക്കും. ഒരുവന് മമതയുണ്ടാക്കാൻ ഒരു വസ്തുവുമില്ലെങ്കിൽ, അവന് സന്താനങ്ങളില്ലെങ്കിൽ, അവൻ തന്റെ സ്നേഹം നായ്ക്കളിലേക്കും പൂച്ചകളിലേക്കും മാറ്റിവിടുന്നത് നാം കാണാറുണ്ട്. ആസക്തിയുണ്ടാക്കാനുള്ള പ്രവണത ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ആ മനോഭാവം ശ്രേഷ്ഠമായ ലക്ഷ്യം നേടാൻ വിനിയോഗിക്കേണ്ടതാണ്. ഭൗതികവസ്തുക്കളോടുള്ള ആസക്തി ബദ്ധജീവിതത്തെ സുസ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, അതേ ആസക്തി പരമദിവ്യോത്തമപുരുഷൻ ഭഗവാനിലേക്കോ അദ്ദേഹത്തിന്റെ ഭക്തനിലേക്കോ പരിണമിപ്പിക്കുമ്പോൾ അത് മോചനത്തിന്റെ ഉറവിടമാകും.
മമത, ആത്മസാക്ഷാത്കാരം സിദ്ധിച്ച ഭക്തരിലേക്ക്, സാധുക്കളിലേക്ക് മാറ്റിവരണമെന്ന് ഇവിടെ ശിപാർശ ചെയ്യുന്നു. ഒരു സാധു ആരാണ്? കാവിക്കുപ്പായവും നീണ്ട താടിയുമുള്ള ഒരു വെറും സാധാരണ മനുഷ്യനാണ് സാധുവെന്നു കരുതരുത്. ഭക്തിയുതസേവനത്തിൽ പതറാതെ മുന്നേറുന്നവൻ എന്നാണ്, “സാധു”വിന് ഭഗവദ്ഗീത കൊടുത്തിട്ടുള്ള നിർവചനം. ഒരുവൻ ഭക്തിയുതസേവനത്തിന്റെ കർശനനിയമങ്ങളും ചിട്ടകളും പൂർണമായി പിന്തുടരുന്നില്ലെന്ന് കണ്ടാൽപ്പോലും, അവന് പരമോന്നതനായ ഭഗവാനിൽ, കൃഷ്ണനിൽ പതറാത്ത വിശ്വാസമുണ്ടെങ്കിൽ അവനൊരു “സാധു”വാണെന്ന് മനസിലാക്കണം. സാധുർ ഏവ സമന്തവ്യഃ ഒരു സാധു ഭക്തിയുതസേവനം കർശനമായി പാലിക്കുന്ന അനുയായി ആയിരിക്കും. ഒരുവൻ ബ്രഹ്മസാക്ഷാത്കാരം, ആദ്ധ്യാത്മികപരിപൂർണത ആഗ്രഹിക്കുന്നപക്ഷം തന്റെ മമത ഒരു സാധുവിലേക്ക്, ഭക്തനിലേക്ക് തിരിച്ചുവിടണം. ഭഗവാൻ ചൈതന്യനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്: “ലവ-മാത്ര സാധു-സംഗേ സർവ-സിദ്ധി ഹയഃ” ഒരു സാധുവിനോടുള്ള ഒരു നിമിഷത്തെ സഹവാസംകൊണ്ടുമാത്രം ഒരുവന് പരിപൂർണതനേടാം.
“മഹാത്മാവ്”എന്ന വാക്ക് സാധുവിന്റെ ഒരു പര്യായപദമാണ്. ഒരു മഹാത്മാവിന്, ഭഗവാന്റെ ഉണർത്തപ്പെട്ട ഭക്തന് സേവനം ചെയ്യുന്നത്, ‘ദ്വാരം ആഹൂർ വിമുക്തേഃ’ – മോചനത്തിലേക്കുള്ള രാജപാത ഒരുക്കലാണെന്ന് പറയപ്പെടുന്നു. മഹത്-സേവാം ദ്വാരം ആഹുർ വിമുക്തേസ് തമോ-ദ്വാരം യോഷിതാം സംഗി-സംഗം (ഭാഗ. 5.5.2). ഭൗതികവാദികൾക്ക് സേവനം ചെയ്യുന്നത് വിപരീത ഫലം ഉളവാക്കും. ഒരുവൻ അത്യന്തം ഭൗതികവാദിയായ ഒരു വ്യക്തിക്ക്, അല്ലെങ്കിൽ ഇന്ദ്രിയാസ്വാദനത്തിൽ മാത്രം മുഴുകിയിട്ടുള്ള ഒരു വ്യക്തിക്ക് സേവനം ചെയ്താൽ അയാളുമായുള്ള സഹവാസം നിമിത്തം അവന് നരകത്തിന്റെ വാതിലായിരിക്കും തുറന്നുകിട്ടുക. അതേ തത്ത്വമാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ഭക്തനോടുള്ള മമത ഭഗവദ്സേവനങ്ങളോടുള്ള മമത ആകുന്നു. ഒരുവൻ ഒരു സാധുവോട് സഹവാസം പുലർത്തിയാൽ, സാധു അവനെ എങ്ങനെ ഭഗവാന്റെ ഭക്തനും, ആരാധകനും, ആത്മാർത്ഥസേവകനും ആയിത്തീരാമെന്ന് പഠിപ്പിക്കും. സാധുവിന്റെ സമ്മാനങ്ങളാണ് ഇവയൊക്കെ. ഒരു സാധുവിൽനിന്ന് നമ്മുടെ ഭൗതിക സാഹചര്യങ്ങളുടെ ഉയർച്ചയ്ക്കുള്ള ഉപദേശങ്ങൾ ഒരിക്കലും പ്രതീക്ഷിക്കരുത്. പക്ഷേ, അദ്ദേഹം നമുക്ക്, ലൗകികതയുടെ കളങ്കക്കെട്ടുകൾ പൊട്ടിക്കാനും, സ്വയം ഭക്തിയുതസേവനത്തിലേക്ക് ഉയരുവാനും ആവശ്യമായ ഉപദേശങ്ങൾ നൽകും. ഒരു സാധുവിനോട് സഹവസിച്ചാൽ ലഭിക്കുന്ന ഫലം അതാണ്. അത്തരം സഹവാസത്തിൽനിന്നാണ് മോചനത്തിന്റെ പാത തുറന്നുകിട്ടുന്നതെന്ന് കപിലമുനി ആദ്യംതന്നെ നിർദേശിച്ചു.
( ശ്രീമദ് ഭാഗവതം 3/25/20 ഭാവാർത്ഥം )

ബന്ധനത്തിന്റെയും മോക്ഷത്തിന്റെയും അടിസ്ഥാനം മമത:
ഒരു വസ്തുവിനോടുള്ള അമിതമായ മമതയാണ് (ആസക്തി) ബദ്ധജീവിതത്തിലെ ബന്ധനത്തിന് കാരണം.
എന്നാൽ, ഇതേ മമത മറ്റു ചില കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമ്പോൾ മോക്ഷത്തിന്റെ കവാടം തുറക്കപ്പെടുന്നു.
മമതയുടെ പരിവർത്തനം:
മമതയെ പൂർണ്ണമായി ഇല്ലാതാക്കുക എന്നത് അസാധ്യമാണ്; അതിനെ മാറ്റിയെടുക്കുകയാണ് വേണ്ടത്.
ഭൗതികകാര്യങ്ങളോടുള്ള മമത (ആസക്തി) ഭൗതികാവബോധം എന്നറിയപ്പെടുന്നു.
കൃഷ്ണനുവേണ്ടിയോ, അദ്ദേഹത്തിന്റെ ഭക്തനുവേണ്ടിയോ ഉള്ള ആസക്തി കൃഷ്ണാവബോധം എന്നറിയപ്പെടുന്നു.
ഭൗതികാവബോധത്തിൽ നിന്ന് കൃഷ്ണാവബോധത്തിലേക്ക് അവബോധത്തെ ശുദ്ധീകരിച്ചാൽ മാത്രം മതി, നാം സ്വതന്ത്രരാകും.
ആഗ്രഹിക്കാനുള്ള സ്വാഭാവിക പ്രവണത
ഒരു ജീവസത്തയ്ക്ക് ആഗ്രഹരഹിതനായിരിക്കാൻ കഴിയില്ല. എന്തിനോടെങ്കിലും ആസക്തനാകാനുള്ള പ്രവണത സ്വതവേ ഉണ്ടായിരിക്കും.
ഈ ആസക്തി ഇല്ലാതാക്കാൻ സാധിക്കാത്തതിനാൽ, ഈ മനോഭാവത്തെ ഒരു ശ്രേഷ്ഠമായ ലക്ഷ്യം നേടാൻ വിനിയോഗിക്കണം.
ഭൗതികവസ്തുക്കളോടുള്ള ആസക്തി ബന്ധനത്തെ ഉറപ്പിക്കുമ്പോൾ, അതേ ആസക്തി പരമദിവ്യോത്തമപുരുഷൻ ഭഗവാനിലേക്കോ അദ്ദേഹത്തിന്റെ ഭക്തനിലേക്കോ തിരിക്കുമ്പോൾ അത് മോചനത്തിന് കാരണമാകുന്നു.
സാധു സംഗം
മോക്ഷം ആഗ്രഹിക്കുന്നവർ, അവരുടെ മമത ആത്മസാക്ഷാത്കാരം സിദ്ധിച്ച ഭക്തരിലേക്ക് (സാധുക്കളിലേക്ക്) മാറ്റണമെന്ന് ഇവിടെ ശുപാർശ ചെയ്യുന്നു.
സാധുവിന്റെ നിർവചനം: കാവിക്കുപ്പായമുള്ള സാധാരണ മനുഷ്യനല്ല സാധു. ഭഗവദ്ഗീത അനുസരിച്ച്, ഭക്തിയുതസേവനത്തിൽ പതറാതെ മുന്നേറുന്നവനാണ് സാധു. ഭക്തിയുടെ നിയമങ്ങൾ പൂർണ്ണമായി പിന്തുടർന്നില്ലെങ്കിൽ പോലും, കൃഷ്ണനിൽ പതറാത്ത വിശ്വാസമുള്ളവൻ സാധുവാണ്. (“സാധുർ ഏവ സമന്തവ്യഃ”)
ഭഗവാൻ ചൈതന്യൻ ഇത് സ്ഥിരീകരിക്കുന്നു: “ലവ-മാത്ര സാധു-സംഗേ സർവ-സിദ്ധി ഹയഃ” – ഒരു സാധുവിനോടുള്ള ഒരു നിമിഷത്തെ സഹവാസം കൊണ്ട് പോലും പരിപൂർണ്ണത നേടാം.
മോചനത്തിലേക്കുള്ള രാജപാത
‘മഹാത്മാവ്’ എന്നത് സാധുവിന്റെ മറ്റൊരു പര്യായമാണ്.
ഒരു മഹാത്മാവിന് (ഭഗവാന്റെ ഭക്തന്) സേവനം ചെയ്യുന്നത് ‘ദ്വാരം ആഹൂർ വിമുക്തേഃ’ – മോചനത്തിലേക്കുള്ള രാജപാത ഒരുക്കലാണ്. (ഭാഗവതം 5.5.2)
എന്നാൽ, അത്യന്തം ഭൗതികവാദിയായ വ്യക്തിക്ക് സേവനം ചെയ്താൽ, അയാളുമായുള്ള സഹവാസം നിമിത്തം നരകത്തിന്റെ വാതിലായിരിക്കും തുറക്കപ്പെടുക (“തമോ-ദ്വാരം യോഷിതാം സംഗി-സംഗം”).
സാധുസംഗത്തിന്റെ ഫലം:
ഒരു ഭക്തനോടുള്ള മമത, ഭഗവദ്സേവനങ്ങളോടുള്ള മമതയായി മാറുന്നു.
ഒരു സാധുവുമായി സഹവസിക്കുമ്പോൾ, ഭഗവാന്റെ ഭക്തനും, ആരാധകനും, ആത്മാർത്ഥസേവകനും ആയിത്തീരാൻ സാധു പഠിപ്പിക്കും.
ഭൗതിക സാഹചര്യങ്ങളുടെ ഉയർച്ചയ്ക്കുള്ള ഉപദേശങ്ങളല്ല, മറിച്ച് ലൗകികതയുടെ ബന്ധനക്കെട്ടുകൾ പൊട്ടിക്കാനും, ഭക്തിയുതസേവനത്തിലേക്ക് ഉയരുവാനും ആവശ്യമായ ഉപദേശങ്ങളാണ് സാധു നൽകുന്നത്.
അത്തരം സഹവാസത്തിൽ നിന്നാണ് മോചനത്തിന്റെ പാത തുറക്കപ്പെടുന്നത് എന്ന് കപിലമുനി ആദ്യംതന്നെ നിർദ്ദേശിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
