ഏഴാം വയസ്സുകാരനായ ശ്റവൺ തലമുടി വെട്ടുന്നതിനായി ബാബു എന്ന ക്ഷുരകന്റെ അടുത്തുചെന്നു. ആ കടയിൽ വേറെയും ആളുകൾ ഉണ്ടായിരുന്നു; എല്ലാവരും നീണ്ട മുടിയും താടിയുമായി ആകെ അലങ്കോലപ്പെട്ട രൂപത്തിലായിരുന്നു. എന്നാൽ ബാബു അവരുടെ മുടി മുറിക്കുകയും താടി വടിക്കുകയും ചെയ്തതോടെ അവരെല്ലാം സുമുഖന്മാരും വൃത്തിയുള്ളവരുമായി മാറി.
ശ്റവൺ കസേരയിൽ ഇരുന്നപ്പോൾ ബാബു മൂർച്ചയുള്ള കത്രിക ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ അവന്റെ മുടി വെട്ടാൻ തുടങ്ങി. പല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ബാബു പറഞ്ഞു: “ദൈവം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
“എന്തുകൊണ്ടാണ് അപ്പൂപ്പാ അങ്ങനെ പറയുന്നത്?” ശ്റവൺ വിനയപൂർവ്വം ചോദിച്ചു.
ബാബു തന്റെ ജോലി തുടർന്നുകൊണ്ട് മറുപടി നൽകി: “ദൈവം ഉണ്ടായിരുന്നെങ്കിൽ ഈ ലോകത്ത് ഇത്രയധികം ദുരിതങ്ങൾ ഉണ്ടാകില്ലായിരുന്നു. പുറത്തിറങ്ങി നോക്കിയാൽ രോഗം ബാധിച്ച് കഷ്ടപ്പെടുന്ന എത്രയോ പേരെ കാണാം. അഗതികളായ കുഞ്ഞുങ്ങളെ കാണാം. ദൈവം ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള സങ്കടങ്ങൾ അദ്ദേഹം അനുവദിക്കില്ലായിരുന്നു.”
ബാബുവിന്റെ കയ്യിലുള്ള മൂർച്ചയുള്ള കത്രികയെക്കുറിച്ച് ശ്റവണ് ബോധ്യമുണ്ടായിരുന്നു. ബാബുവിന്റെ ശ്രദ്ധ തെറ്റിക്കാൻ അവൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് പെട്ടെന്ന് മറുപടി പറയാതെ, ദൈവം ഉണ്ടെന്ന് എങ്ങനെ ബാബുവിനെ ബോധ്യപ്പെടുത്താം എന്ന് അവൻ ചിന്തിച്ചു.
മുടിവെട്ട് കഴിഞ്ഞപ്പോൾ ശ്റവൺ ഏറെ സുന്ദരനായി മാറി. കടയിൽ നിന്നും ഇറങ്ങാൻ നേരം ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയ ശ്റവന്റെ കണ്ണുകൾ തിളങ്ങി. അവനൊരു ബുദ്ധി തോന്നി! അവൻ പറഞ്ഞു: “അപ്പൂപ്പാ, ഈ ലോകത്ത് മുടി വെട്ടുന്നവർ (ക്ഷുരകന്മാർ) ആരും തന്നെ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്!”
ബാബു അമ്പരന്നുപോയി. അയാൾ തല ചൊറിഞ്ഞുകൊണ്ട് അല്പം നീരസത്തോടെ ചോദിച്ചു: “ഞാൻ ഇപ്പോൾ നിന്റെ മുടി എത്ര ഭംഗിയായി വെട്ടിത്തന്നു, എന്നിട്ടും ഇവിടെ ക്ഷുരകന്മാർ ഇല്ലെന്നാണോ നീ പറയുന്നത്? പിന്നെ ഞാൻ ആരാണ്?”
പുറത്തുനിന്ന ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്റവൺ പറഞ്ഞു: “അതാ, ആ മനുഷ്യനെ നോക്കൂ! അയാളുടെ താടി എത്ര നീളമുള്ളതാണ്, മുടിയും ആകെ കെട്ടുപിണഞ്ഞ് വൃത്തികേടായി കിടക്കുന്നു. ഈ ലോകത്ത് മുടി വെട്ടുന്നവർ ഉണ്ടായിരുന്നെങ്കിൽ ആ മനുഷ്യൻ എന്നെപ്പോലെ വൃത്തിയുള്ളവനായി ഇരിക്കില്ലായിരുന്നോ? ഇതിൽ നിന്നും മനസ്സിലാകുന്നത് മുടി വെട്ടുന്നവർ ആരും ഇല്ലെന്നാണ്.”
അപ്പോൾ ബാബു തിരുത്തി: “അല്ല ശ്റവണാ, നീ പറയുന്നത് തെറ്റാണ്. ആ മനുഷ്യൻ ഒരു ക്ഷുരകന്റെ അടുത്തേക്ക് വന്നിട്ടില്ല. അതുകൊണ്ടാണ് അയാൾ ആകെ അലങ്കോലമായി ഇരിക്കുന്നത്. അയാൾ ഒരിക്കലെങ്കിലും എന്റെ അടുത്ത് വന്നാൽ അയാൾക്കും നല്ല രൂപം ലഭിക്കും.”
ഉടൻ തന്നെ ശ്റവൺ മറുപടി നൽകി: “അതുതന്നെയാണ് എനിക്കും പറയാനുള്ളത്! ലോകത്ത് ദുരിതങ്ങൾ കാണുന്നു എന്നതുകൊണ്ട് ദൈവം ഇല്ല എന്ന് അർത്ഥമില്ല. ജനങ്ങൾ ദൈവത്തെ അറിയാനോ ദൈവത്തോട് പ്രാർത്ഥിക്കാനോ മറന്നുപോയിരിക്കുന്നു എന്നതാണ് സത്യം. അവർ ദൈവത്തെ സ്നേഹിക്കാനും സേവിക്കാനും തുടങ്ങുന്നതോടെ അവരുടെ സങ്കടങ്ങളെല്ലാം ഇല്ലാതാകും.”
ബാബു അൽപ്പനേരം നിശബ്ദനായി നിന്നു. പിന്നെ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: “മിടുക്കനായ ശ്റവണാ, നീ പറഞ്ഞതാണ് ശരി. എന്റെ കണ്ണുകൾ നീ ഇന്ന് തുറപ്പിച്ചു. ദൈവം ഇല്ലെന്ന് ഇനി ഞാൻ ഒരിക്കലും പറയില്ല.”
നമ്മൾ സൂര്യന് അഭിമുഖമായി നിൽക്കുമ്പോൾ നമ്മുടെ നിഴൽ അപ്രത്യക്ഷമാകുന്നു. എന്നാൽ സൂര്യനിൽ നിന്നും മുഖം തിരിക്കുമ്പോൾ നിഴൽ നമ്മളെ പിന്തുടരുന്നു. അതുപോലെ, നമ്മൾ ദൈവത്തിൽ നിന്നും അകലുമ്പോൾ അജ്ഞാനമാകുന്ന ഇരുട്ടിൽ പെട്ടുപോവുകയും അവിടുത്തെ നിയമങ്ങൾ ലംഘിച്ച് ദുരിതങ്ങൾ വരുത്തിവെക്കുകയും ചെയ്യുന്നു. എന്നാൽ ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം, പുരാണം ഉപനിഷത്തുകളും ഇദിഹാസവും മറ്റ് വേദഗ്രന്ഥങ്ങളും തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിച്ചുകൊണ്ട് ദൈവത്തിലേക്ക് തിരിഞ്ഞാൽ നമ്മളിലെ തിന്മകളും അനുസരണക്കേടും ഇല്ലാതാകും. തൽഫലമായി എല്ലാ ദുർഗുണങ്ങളും ദുരിതങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും പാടെ നീങ്ങിപ്പോകുകയും ചെയ്യും.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
