പ്രഹ്ലാദൻ അസുരസഹപാഠികളെ ഉപദേശിക്കുന്നു
അസുരപുത്രന്മാരായ തന്റെ മിത്രങ്ങളോട് സംസാരിച്ചപ്പോഴൊക്കെ, ഓരോ ജീവസത്തയും, പ്രത്യേകിച്ച് മനുഷ്യ സമൂഹത്തിലുള്ളവർ ജീവിതത്തിന്റെ ആരംഭം മുതലേ ആദ്ധ്യാത്മിക സാക്ഷാത്കാരത്തിൽ താത്പര്യമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകത പ്രഹ്ലാദൻ ഊന്നിപ്പറഞ്ഞു. മനുഷ്യജീവികൾ കുട്ടികളായിരിക്കുമ്പോഴേ ഭഗവാനാണ് എല്ലാവരുടെയും ആരാധ്യാർഹനായ മൂർത്തിയെന്ന് പഠിപ്പിക്കപ്പെടണം. ഒരുവൻ ഭൗതികാസ്വാദനത്തിൽ വളരെയധികം തത്പരനാകരുത്, മറിച്ച് അനായാസം കൈവരുന്ന ഭൗതിക ലാഭങ്ങളാൽ സംതൃപ്തനാകണം. ആയുസ്സ് വളരെ ഹ്രസ്വമാകയാൽ ലഭ്യമാകുന്ന ഓരോ നിമിഷവും അദ്ധ്യാത്മികമായ ഉന്നതിക്കു വേണ്ടി ഉപയോഗിക്കണം. ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ ഭൗതിക സൗകര്യങ്ങൾ പരമാവധി ആസ്വദിക്കാമെന്നും, വാർദ്ധക്യത്തിൽ കൃഷ്ണാവബോധം സ്വീകരിക്കാമെന്നും ഒരുവൻ തെറ്റായി ചിന്തിച്ചേക്കാം. അവ്വിധത്തിലുള്ള ഭൗതിക വിചാരങ്ങൾ നിരർത്ഥകങ്ങളാണ്. കാരണം, വാർദ്ധക്യത്തിൽ ഒരുവനെ ആദ്ധ്യാത്മിക രീതിയിലുള്ള ജീവിതം പരിശീലിപ്പിക്കുക ദുഷ്കരമാണ്. അതുകൊണ്ട് ജീവിതത്തിന്റെ പ്രാരംഭത്തിൽ തന്നെ ഭക്തിയുതസേവനത്തിൽ (ശ്രവണം കീർത്തനം വിഷ്ണോഃ) മുഴുകണം. എല്ലാ ജീവസത്തകളുടെയും കർത്തവ്യമാണിത്. ഭൗതിക വിദ്യാഭ്യാസം പ്രകൃതിയുടെ ത്രിഗുണങ്ങളാൽ ബാധിതമാണ്. അതേസമയം മനുഷ്യ സമൂഹത്തിന് അത്യന്താപേക്ഷിതമായ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതീന്ദ്രിയമാണ്. തനിക്ക് നാരദമുനിയിൽ നിന്ന് എങ്ങനെയാണ് ഉപദേശങ്ങൾ ലഭിച്ചതെന്ന രഹസ്യം പ്രഹ്ലാദൻ വെളിപ്പെടുത്തി. ഗുരുശിഷ്യ പരമ്പരയിലുള്ള പ്രഹ്ലാദമഹാരാജാവിന്റെ പാദപങ്കജങ്ങൾ സ്വീകരിക്കുന്നതിലൂടെ ഒരുവന് ആദ്ധ്യാത്മിക ജീവിതത്തിന്റെ രീതികൾ മനസിലാക്കാൻ സാധിക്കും. ഈ ജീവിത രീതി സ്വീകരിക്കുന്നതിന് ഭൗതിക യോഗ്യതകളുടെ ആവശ്യമില്ല.
പ്രഹ്ലാദ മഹാരാജാവിൽ നിന്നും ശ്രവിച്ചശേഷം, അദ്ദേഹം എങ്ങനെയാണ് ഇത്രയും അറിവും ആദ്ധ്യാത്മികോന്നതിയും നേടിയതെന്ന് അദ്ദേഹത്തിന്റെ സഹപാഠികൾ ആരാഞ്ഞു.



പ്രഹ്ലാദൻ ഗർഭത്തിൽ വച്ച് എന്തു പഠിച്ചു
മാതാവിന്റെ ഗർഭത്തിലായിരുന്നപ്പോൾ തനിക്കെങ്ങനെയാണ് നാരദമുനിയിൽ നിന്ന് ഭാഗവതധർമം ശ്രവിക്കാൻ സാധിച്ചതെന്ന് ഈ അദ്ധ്യായത്തിൽ പ്രഹ്ലാദൻ, ദൈത്യപുത്രന്മാരായ തന്റെ സഹപാഠികളുടെ സംശയമകറ്റാൻ അവർക്ക് വിശദീകരിച്ചു കൊടുക്കുന്നു. ഹിരണ്യകശിപു കഠിനതപസ്സനുഷ്ഠിക്കുന്നതിന് തന്റെ രാജ്യം വിട്ട് മന്ദരാചല പർവതത്തിലേക്ക് പോയപ്പോൾ അസുരന്മാരെല്ലാം നാനാവഴിക്ക് ചിതറിപ്പോയിരുന്നു. ഹിരണ്യകശിപുവിന്റെ പത്നി കയാതു ആ സമയത്ത് ഗർഭവതിയായിരുന്നു. അവൾ മറ്റൊരു അസുരനു കൂടി ജന്മം കൊടുക്കാൻ പോകുന്നുവെന്ന് തെറ്റായി ചിന്തിച്ച് ദേവന്മാർ അവളെ തടവിലാക്കി. അവൾ പ്രസവിച്ചാലുടൻ ആ കുഞ്ഞിനെ വധിക്കാനായിരുന്നു അവരുടെ പദ്ധതി. അവർ കയാതുവിനെ സ്വർഗലോകത്തേക്ക് കൊണ്ടുപോകവെ, മാർഗമദ്ധ്യത്തിൽ നാരദ മുനിയെ സന്ധിച്ചു. കയാതുവിനെ കൊണ്ടുപോകുന്നത് തടഞ്ഞ നാരദൻ, ഹിരണ്യകശിപു തപസ്സ് കഴിഞ്ഞ് മടങ്ങി വരുന്നതു വരെ സംരക്ഷിക്കാൻ അവളെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടുപോയി. നാരദമുനിയുടെ ആശ്രമത്തിൽ, തന്റെ ഗർഭത്തിലെ ശിശുവിന് സംരക്ഷണം നൽകണമെന്ന് കയാതു നാരദനോട് പ്രാർത്ഥിച്ചു. കുട്ടിയെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകിയ നാരദൻ അവൾക്ക് ആദ്ധ്യാത്മിക ജ്ഞാനം ഉപദേശിച്ചു. മാതാവിന്റെ ഗർഭത്തിലായിരിക്കുമ്പോൾത്തന്നെ പ്രഹ്ലാദൻ നാരദമുനിയുടെ ഉപദേശങ്ങൾ വളരെ ശ്രദ്ധാപൂർവം ശ്രവിച്ചു. ആത്മാവ് എപ്പോഴും ഭൗതിക ശരീരത്തിൽ നിന്ന് വേറിട്ടതാണ്. ജീവസത്തയുടെ ആത്മീയ രൂപത്തിന് യാതൊരു വ്യതിയാനവും സംഭവിക്കുന്നില്ല. ശരീര സങ്കൽപത്തിന് അതീതനായ ഏതു വ്യക്തിയും നിർമലനാകയാൽ ആ വ്യക്തിക്ക് അതീന്ദ്രിയ ജ്ഞാനം സ്വീകരിക്കാൻ കഴിയും. ഈ അതീന്ദ്രിയ ജ്ഞാനം ഭക്തിയുതസേവനമാണ്, പ്രഹ്ലാദൻ മാതാവിന്റെ ഗർഭത്തിലായിരുന്നപ്പോൾത്തന്നെ നാരദമുനിയിൽ നിന്ന് ഭക്തിയുതസേവനത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചു. ഒരു യഥാർത്ഥ ആദ്ധ്യാത്മിക ഗുരുവിന്റെ ഉപദേശ പ്രകാരം ഭഗവദ് സേവനത്തിൽ വ്യാപൃതനാകുന്ന ഏതു വ്യക്തിയും വളരെപ്പെട്ടെന്ന് മോചിതനാവുകയും, മായയുടെ പിടിയിൽ നിന്ന് സ്വതന്ത്രനായി അജ്ഞതകളിൽ നിന്നും ഭൗതികാഭിലാഷങ്ങളിൽ നിന്നും വിടുതൽ നേടുകയും ചെയ്യും. ഭഗവാനെ ശരണം പ്രാപിക്കുകയും, ഭൗതികാഭിലാഷങ്ങളിൽ നിന്ന് മോചനം നേടുകയുമാണ് എല്ലാവരുടെയും കർത്തവ്യം. ഏതവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഒരുവന് ഈ പരിപൂർണത കൈവരിക്കാവുന്നതാണ്. ഭക്തിയുതസേവനം ഭൗതിക കർമ്മങ്ങളായ വ്രതം, തപസ്സ്, നിഗൂഢയോഗം, പുണ്യകർമങ്ങൾ എന്നിവയെയൊന്നും ആശ്രയിക്കുന്നില്ല. അത്തരം ആസ്തികളൊന്നുമില്ലാതെ തന്നെ ഒരുവന് ഒരു വിശുദ്ധ ഭക്തന്റെ കാരുണ്യത്തിലൂടെ ഭക്തിയുതസേവനം നേടാൻ കഴിയും.

