യസ്യാം വൈ ശ്രയമാണായാം കൃഷ്ണേ പരമപൂരുഷേ
ഭക്തിരുല്പദ്യതേ പുംസഃ ശോകമോഹഭയാപഹാ
വിവർത്തനം
വേദസാഹിത്യശ്രവണത്തിലൂടെ പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാനോടുള്ള പ്രേമയുതസേവനവികാരം നാമ്പെടുക്കുകയും, തൽക്ഷണം ശോകം, മായ, ഭയം എന്നീ വികാരാഗ്നികൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഭാവാർത്ഥം
വ്യത്യസ്ത ഇന്ദ്രിയങ്ങളിൽ അധികം ഫലപ്രദമായത് ശ്രവണേന്ദ്രിയമാകുന്നു. ഒരു വ്യക്തി ഗാഢനിദ്രയിലാണെങ്കിൽപ്പോലും ഈ ഇന്ദ്രിയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഉണർന്നിരിക്കുമ്പോൾ ശത്രുകരങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഒരാളാൽ സ്വയം സാധ്യമാകുന്നു. അതേപോലെ, ഗാഢനിദ്രയിലായിരിക്കുമ്പോൾ ഒരാൾ സംരക്ഷിക്കപ്പെടുന്നതും ശ്രവണേന്ദ്രിയം മുഖാന്തരം മാത്രമാകുന്നു. ത്രിവിധ ഭൗതിക യാതനകളിൽ നിന്നുള്ള മോചനമെന്ന ആത്യന്തികമായ ജീവിതപരിപൂർണതയെ പ്രാപ്തമാക്കുക എന്നതുമായി ബന്ധപ്പെടുത്തി ശ്രവണത്തിന്റെ പ്രാധാന്യത്തെ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഏവരും അനുനിമിഷവും ശോകപൂർണരാണ്. അവൻ മായാവിഷയങ്ങളുടെ മരുപ്പച്ചയുടെ പിന്നാലെയാണെന്നു മാത്രമല്ല, സദാ അവന്റെ കാൽപനിക പ്രതിയോഗിയെ ഭയപ്പെടുകയും ചെയ്യുന്നു. ഭൗതിക രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണിവ. ആകയാൽ ശ്രീമദ് ഭാഗവത ശ്രവണത്തിലൂടെ ഒരാൾക്ക് പരമദിവ്യോത്തമ പുരുഷനുമായി സംബന്ധപ്പെട്ട അഭിനിവേശം പ്രാപ്തമാകുമെന്നും, അപ്രകാരം ഇത് ഫലവത്താകുമ്പോൾ ഭൗതിക രോഗങ്ങളുടെ ലക്ഷണങ്ങൾ തൽക്ഷണം അപ്രത്യക്ഷമാകുമെന്നും ഈ ഗ്രന്ഥത്തിൽ സുവ്യക്തമായി നിർദേശിച്ചിരിക്കുന്നു. സർവഥാ പരിപൂർണനായ പരമദിവ്യോത്തമപുരുഷനെ വ്യാസദേവൻ ദർശിച്ചുവെന്നുമാത്രമല്ല, ഈ പ്രസ്താവനയിൽ, സർവഥാ പരിപൂർണനായ പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ സുവ്യക്തമായി സ്ഥിരീകരിച്ചിരിക്കുകയും ചെയ്യുന്നു. പരമ വ്യക്തിത്വത്തോടുള്ള ഹൃദയംഗമമായ സ്വാഭാവിക പ്രേമം വളർത്തിയെടുക്കുകയാണ് ഭക്തിയുതസേവനത്തിന്റെ പരമപരിണാമം. ‘പ്രേമം’ എന്ന പദം, സാധാരണ സ്ത്രീ-പുരുഷനെ ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. അനന്തരം ശ്രീകൃഷ്ണ ഭഗവാനും ജീവസത്തകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതിന് അത്യന്തം ഉചിതമായ ഏക പദം ‘പ്രേമം’ മാത്രമാകുന്നു. ഭഗവദ്ഗീതയിൽ, ജീവസത്തകളെ ‘പ്രകൃതി’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. സംസ്കൃതത്തിൽ പ്രകൃതി സ്ത്രീലിംഗമാണ്. ഭഗവാനെ സദാ പരമപുരുഷൻ, അഥവാ ശ്രേഷ്ഠ പുരുഷവ്യക്തിത്വമായി വർണിച്ചിരിക്കുന്നു. ഭഗവാനും ജീവസത്തകളും തമ്മിലുള്ള അഭിനിവേശം, ഏകദേശം സ്ത്രീയും പുരുഷനും തമ്മിലുള്ളതുപോലെതന്നെയാണ്. ആകയാൽ, ‘ഭഗവാനോടുള്ള പ്രേമം’ എന്ന പദം തികച്ചും ഉചിതമാകുന്നു.
പ്രേമയുത ഭഗവദ്ഭക്തിയുതസേവനം ആരംഭിക്കുന്നത് ഭഗവദ്ശ്രവണത്തിലൂടെയാണ്. ഭഗവാനും, ഭഗവദ്സംബന്ധ വിഷയശ്രവണങ്ങളും തമ്മിൽ ഭേദമില്ല. ഭഗവാൻ സർവ പ്രകാരത്തിലും പരിപൂർണനാണ്. ആകയാൽ ഭഗവാനും, ഭഗവദ്സംബന്ധ ശ്രവണവിഷയങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ആകയാൽ ഭഗവദ്ശ്രവണമെന്നത് അർത്ഥമാക്കുന്നത് അതീന്ദ്രിയ ശബ്ദസ്പന്ദനപ്രക്രിയയാൽ ഭഗവാനുമായുള്ള തൽക്ഷണ സമ്പർക്കത്തെയാകുന്നു. മാത്രമല്ല, മുകളിൽ പ്രസ്താവിച്ച സകല ഭൗതിക അനർത്ഥങ്ങളെയും തൽക്ഷണം ദൂരീകരിക്കുന്നവിധം ഫലവത്താണ് അതീന്ദ്രിയ പ്രവർത്തനം. മുമ്പ് പ്രസ്താവിച്ചതുപോലെ, ജീവസത്ത ഭൗതിക സംസർഗത്താൽ ഒരുതരം സങ്കീർണാവസ്ഥ വളർത്തിയെടുക്കുന്നു. അങ്ങനെ മിഥ്യാപഞ്ജരബദ്ധമായ ഭൗതിക ശരീരത്തെ യഥാർത്ഥ വസ്തുതയായി അംഗീകരിക്കുന്നു. അത്തരം മിഥ്യാഗഹനതയ്ക്ക് വിധേയമായി വിഭിന്ന ജീവവിഭാഗങ്ങളിലുള്ള ജീവാത്മാക്കൾ വിവിധ രീതിയിൽ വ്യാമോഹിതരായിത്തീരുന്നു. വികാസം പ്രാപിച്ച മനുഷ്യജീവിതാവസ്ഥയിൽപ്പോലും അതേ മിഥ്യ നിരവധി ഇസങ്ങളുടെ രൂപത്തിൽ മുൻകൈ ആർജിച്ചിരിക്കുകയും, അപ്രകാരം ഭഗവാനുമായുള്ള പ്രേമബന്ധത്തെ വിഭജിക്കുകയും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധത്തെ ച്ഛേദിക്കുകയും ചെയ്തിരിക്കുന്നു. ശ്രീമദ് ഭാഗവത വിഷയ ശ്രവണത്തിലൂടെ ഭൗതികതയുടെ ഈ മിഥ്യാഗഹനത ദൂരീകരിക്കപ്പെടുന്നു. അപ്രകാരം നിരവധി രാഷ്ട്രീയ സാഹചര്യങ്ങളിൽ അത്യധികം വ്യഗ്രതയോടെ രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്ന യഥാർത്ഥ സമാധാനം സമൂഹത്തിൽ കൈവരിക്കാൻ പ്രാരംഭം കുറിക്കപ്പെടുന്നു. മനുഷ്യർ തമ്മിലും, രാഷ്ട്രങ്ങൾ തമ്മിലുമുള്ള സമാധാനപരമായ അന്തരീക്ഷം രാഷ്ട്രീയക്കാരൻ ആഗ്രഹിക്കുന്നുവെങ്കിലും, അതേസമയം ഭൗതിക അധീശാധികാരത്തിനായുള്ള അഭിനിവേശാധിക്യത്താൽ ഭയവും, മിഥ്യയും അവിടെ സംജാതമാകുന്നു. ആകയാൽ രാഷ്ട്രീയക്കാരുടെ സമാധാന സമ്മേളനങ്ങൾ സമൂഹത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ പര്യാപ്തമല്ല. അത് സാധ്യമാകണമെങ്കിൽ, ശ്രീമദ് ഭാഗവതത്തിൽ പരാമർശിക്കുന്ന പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ സംബന്ധ ശ്രദ്ധാവിഷയവർണനകളെ ശ്രവിക്കുകയാണ് ഏക പോംവഴി. സമാധാനം എന്ന മുദ്രാവാക്യവുമായി നൂറായിരം വർഷങ്ങൾ സമ്മേളനങ്ങൾ സംഘടിപ്പിച്ച് മുന്നേറുന്ന വിഡ്ഢികളായ രാഷ്ട്രീയക്കാർ വിജയം പ്രാപ്തമാക്കുന്നതിൽ പരാജയപ്പെടുന്നു. ഭഗവാനുമായുള്ള നമ്മുടെ നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിക്കുന്ന അവസ്ഥയിൽ നാം എത്തിച്ചേരുംവരെ, സ്വയം ശരീരമാണെന്ന് ധരിക്കുന്ന ‘മിഥ്യ’ പ്രബലമായിരിക്കുന്നു. അപ്രകാരമാകയാൽ ഭയവും മുൻകൈ ആർജിക്കുന്നു. പരമദിവ്യോത്തമപുരുഷൻ ശ്രീകൃഷ്ണനാണെന്ന വാസ്തവ ദൃഷ്ടാന്തത്തിന് ധർമശാസ്ത്രത്തിൽ ശതസഹസ്ര തെളിവുകളുണ്ട്. മാത്രവുമല്ല, വൃന്ദാവനം, നവദ്വീപ്, പുരി തുടങ്ങിയ നിരവധി സ്ഥലങ്ങളിലുള്ള ഭക്തന്മാരുടെ സ്വന്തം അനുഭവങ്ങളിലും ഇത്തരം അനേകം തെളിവുകളുണ്ട്. കൗമുദി നിഘണ്ടുവിൽപ്പോലും, കൃഷ്ണന്റെ പര്യായങ്ങളായി യശോദാപുത്രനെന്നും, പരമദിവ്യോത്തമപുരുഷനായ പരബ്രഹ്മമെന്നുമാണ് കൊടുത്തിരിക്കുന്നത്. നിർണയമെന്തെന്നാൽ, ശ്രീമദ് ഭാഗവത വേദസാഹിത്യശ്രവണമെന്ന ലഘു പ്രക്രിയയിലൂടെ പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാനുമായി നേരിട്ട് ബന്ധപ്പെടാൻ ഒരാൾക്ക് സാധ്യമാകുന്നു. അതിന്റെ ഫലമായി പ്രാപഞ്ചിക ക്ലേശങ്ങൾ, മായ, ഭയം എന്നിവയെ അധഃകരിച്ച്, ജീവിതത്തിന്റെ നിയാമകമായ പരിപൂർണതയെ ഒരാൾ പ്രാപിക്കുന്നു. ശ്രീമദ് ഭാഗവത പാരായണങ്ങൾ വിനയപൂർവം ശ്രവിക്കുന്ന ഒരാളെ സംബന്ധിച്ച പ്രായോഗിക പരിശോധനകളാണിവ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.