ശ്രീ ബുദ്ധാവതാരം
അസുരന്മാർ ഒരിക്കൽ ഇന്ദ്രനോട് തങ്ങളുടെ രാജ്യം എങ്ങനെ സുരക്ഷിതമായും സുസ്ഥിരമായും നിലനിർത്താമെന്ന് ആരാഞ്ഞു. വേദവിധിപ്രകാരം യജ്ഞാദികർമ്മങ്ങൾ അനുഷ്ഠിക്കാനായിരുന്നു ഇന്ദ്രന്റെ മറുപടി. ഇതനുസരിച്ച് അസുരന്മാർ യാഗങ്ങൾ ആരംഭിച്ചുവെങ്കിലും, സ്വഭാവേന തമോഗുണപ്രധാനികളായതുകൊണ്ട് അവരുടെ പുണ്യപ്രവൃത്തികളും വ്രതാനുഷ്ഠാനങ്ങളും ദാനധർമ്മങ്ങളുമെല്ലാം തമോഗുണത്തിന് അധീനപ്പെട്ടവയായിരുന്നു.
മറ്റു പലരും ഈ ആസുരിക ധർമ്മപദ്ധതി പിന്തുടരാൻ തുടങ്ങിയപ്പോൾ, അത്തരത്തിലുള്ള അധർമ്മങ്ങളിൽ നിന്നും അവരെ പിന്തിരിപ്പിക്കാനായി ദ്വാപരയുഗാന്ത്യത്തിൽ ഭഗവാൻ ശ്രീബുദ്ധനായി അവതരിച്ചു. ശുദ്ധോദനന്റെ പത്നിയായ മായാദേവിയുടെ ഗർഭപാത്രത്തിലാണ് ഭഗവാൻ അവതരിച്ചത്. ഗൗതമവംശത്തിൽ ജനിച്ചതിനാൽ ഭഗവാൻ ഗൗതമബുദ്ധൻ എന്ന് അറിയപ്പെട്ടു. ഭഗവാൻ ബുദ്ധന്റെ അവതാരലീലകൾ ശ്രീമദ് ഭാഗവതത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
അസുരന്മാരെ മോഹിപ്പിക്കുന്നവൻ എന്നാണ് അക്രൂരൻ ശ്രീബുദ്ധനെ വിശേഷിപ്പിച്ചത്. സിദ്ധാർത്ഥൻ എന്നായിരുന്നു അവിടുത്തെ ബാല്യകാലനാമം. അതീവ ദയാലുവായ സിദ്ധാർത്ഥന് മറ്റുള്ളവരുടെ ദുഃഖം ദർശിക്കുന്നത് അസഹനീയമായിരുന്നു. അതിനാൽ, ദുഃഖകരമായ യാതൊന്നും സിദ്ധാർത്ഥന്റെ ദൃഷ്ടിയിൽപ്പെടാതിരിക്കാൻ പിതാവായ ശുദ്ധോദനൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും ദൈവേച്ഛയാൽ ഒരു ദിവസം അദ്ദേഹം രോഗബാധിതനായ ഒരാളെ കാണാനിടയായി. ഏതാനും ദിവസങ്ങൾക്കുശേഷം ഒരു വൃദ്ധനെയും, പിന്നീട് ഒരു ശവശരീരവും അദ്ദേഹം ദർശിച്ചു. ഈ കാഴ്ചകൾ അദ്ദേഹത്തെ വിറകൊള്ളിച്ചു. അന്നുമുതൽ ഐഹികലോകത്തോടും അതിന്റെ ദ്വന്ദ്വങ്ങളോടും സിദ്ധാർത്ഥന് വിരക്തി തോന്നിത്തുടങ്ങി.
പുത്രന്റെ ഈ നിസ്സംഗത കണ്ട് വ്യാകുലനായ ശുദ്ധോദനൻ, സിദ്ധാർത്ഥനെ സംസാരജീവിതത്തിൽ തളച്ചിടാനായി യശോധര എന്ന അതിസുന്ദരിയായ യുവതിയുമായി അദ്ദേഹത്തിന്റെ വിവാഹം നടത്തി. കാലക്രമത്തിൽ രാഹുൽ എന്ന പുത്രനും ജനിച്ചു. എന്നാൽ വിവാഹവും പുത്രലാഭവും സിദ്ധാർത്ഥന്റെ വൈരാഗ്യത്തിന് മാറ്റുകൂട്ടിയില്ല; മറിച്ച് അത് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ, യൗവനത്തിന്റെ ഉത്തുംഗശൃംഗത്തിൽ നിൽക്കെ അദ്ദേഹം തന്റെ പ്രിയപത്നിയെയും നവജാതശിശുവിനെയും പിതാവിനെയും സമൃദ്ധമായ രാജപദവിയെയും ഉപേക്ഷിച്ചു.
ജനനം, മരണം, ജര, വ്യാധി എന്നീ ദുഃഖചക്രങ്ങളിൽ നിന്നും മോചനം നേടി അമരത്വം പ്രാപിക്കാനുള്ള മാർഗ്ഗം കണ്ടെത്തുകയായിരുന്നു സിദ്ധാർത്ഥന്റെ ലക്ഷ്യം. അനേകം പണ്ഡിതന്മാരെ കണ്ടുമുട്ടിയെങ്കിലും അദ്ദേഹത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. ഒടുവിൽ ഗയയ്ക്കടുത്തുള്ള വനത്തിൽ അദ്ദേഹം കഠിനമായ തപസ്സാരംഭിച്ചു. ഗ്രീഷ്മത്തിലും വർഷത്തിലും ശിശിരത്തിലും അദ്ദേഹം ഒരേയിടത്ത് അചഞ്ചലനായി ഇരുന്നു. ആഹാരമുപേക്ഷിച്ച് ദീർഘകാലം അനുഷ്ഠിച്ച തപസ്സിനാൽ ശരീരം മെലിഞ്ഞുണങ്ങിയെങ്കിലും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം അചഞ്ചലമായിരുന്നു. ചുറ്റുമുള്ള ലോകത്തിന്റെ ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം വിസ്മൃതനായി.
ഒരു ദിവസം സിദ്ധാർത്ഥൻ തപസ്സിലിരിക്കുമ്പോൾ ഒരു സംഘം ഗായികമാർ അവിടം കടന്നുപോയി. സിദ്ധാർത്ഥന്റെ ആശ്രമപരിസരത്തെത്തിയപ്പോൾ അവർ പാടിയ പാട്ടിന്റെ സാരം ഇതായിരുന്നു: “വീണയുടെ തന്ത്രികൾ അമിതമായി മുറുക്കരുത്, എന്നാൽ അവ പൊട്ടിപ്പോകും; അധികമായി അയയ്ക്കുകയും ചെയ്യരുത്, എന്നാൽ സംഗീതം പൊഴിയുകയുമില്ല.”
ഈ വരികൾ ശ്രവിച്ച മാത്രയിൽ സിദ്ധാർത്ഥ ഗൗതമന്റെ ഉള്ളിൽ ജ്ഞാനോദയമുണ്ടായി. സാധനാചര്യയിൽ കഠിനമായ ദേഹപീഡനത്തിന്റെ ആവശ്യമില്ലെന്നും, മിതമായ ആഹാരവും വിശ്രമവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഇപ്രകാരം പരമമായ ‘ബോധം’ അഥവാ ജ്ഞാനം ലഭിച്ചതുകൊണ്ട് അദ്ദേഹം ‘ബുദ്ധൻ’ എന്നറിയപ്പെട്ടു. ആത്മസാക്ഷാത്കാരത്തിന് ശേഷം ഭഗവാൻ ബുദ്ധൻ വാരാണസിയിലേക്ക് തിരിക്കുകയും സാരനാഥിൽ വെച്ച് തന്റെ പ്രഥമ ഉപദേശങ്ങൾ നൽകുകയും ചെയ്തു. സത്യം, അഹിംസ, പുണ്യം, അപരന്റെ വസ്തുക്കൾ സ്വീകരിക്കാതിരിക്കുക, ബ്രഹ്മചര്യം, നൃത്തഗീതങ്ങൾ വർജ്ജിക്കുക, മിതാഹാരം, മൃദുവായ ശയ്യയും സ്ത്രീസംഗവും സ്വർണ്ണവും ഉപേക്ഷിക്കുക എന്നിവയാണ് ജീവിതത്തിലെ ദുരിതങ്ങൾ വേരറുക്കാനും നിർവാണം അഥവാ മോക്ഷം പ്രാപിക്കാനുമുള്ള മാർഗ്ഗങ്ങളെന്ന് അദ്ദേഹം പഠിപ്പിച്ചു.
‘ധർമ്മം ശരണം ഗച്ഛാമി, ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി’ എന്നതായിരുന്നു ഭഗവാൻ ബുദ്ധന്റെ സന്ദേശം. അദ്ദേഹം ശാന്തിയുടെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും മൂർത്തീഭാവമായിരുന്നു.

ഒരിക്കൽ ഭരദ്വാജൻ എന്ന ബ്രാഹ്മണൻ അദ്ദേഹത്തിൽ നിന്ന് ദീക്ഷ സ്വീകരിച്ച് ഒരു സന്യാസിയായി മാറി. ഇതിൽ ക്രുദ്ധനായ അദ്ദേഹത്തിന്റെ ഒരു ബന്ധു ഭഗവാൻ ബുദ്ധനെ തേടിയെത്തുകയും അവിടുത്തെ നിന്ദ്യമായ വാക്കുകളാൽ അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ ഭഗവാൻ ശാന്തനായി മൗനം പാലിച്ചു. എത്ര നേരം ആ ബ്രാഹ്മണന് ആക്രോശിക്കാനാകും?
അല്പസമയത്തിനുശേഷം ആ വ്യക്തി ശാന്തനായപ്പോൾ ഭഗവാൻ ബുദ്ധൻ ചോദിച്ചു: “സഹോദരാ, അങ്ങയുടെ ഗൃഹത്തിൽ അതിഥികൾ വരാറുണ്ടോ?”
“തീർച്ചയായും വരാറുണ്ട്,” ബ്രാഹ്മണൻ മറുപടി നൽകി. “അങ്ങ് അവരെ സൽക്കരിക്കാറുണ്ടോ?” എന്ന് ബുദ്ധൻ വീണ്ടും ചോദിച്ചു. “അതിഥികളെ സൽക്കരിക്കാത്തവൻ മൂഢനല്ലേ,” ബ്രാഹ്മണൻ കോപത്തോടെ പറഞ്ഞു. അപ്പോൾ ബുദ്ധൻ ചോദിച്ചു: “അങ്ങ് നൽകുന്ന സൽക്കാരങ്ങൾ അതിഥികൾ സ്വീകരിച്ചില്ലെങ്കിൽ ആ വസ്തുക്കൾക്ക് എന്ത് സംഭവിക്കും? അവ എങ്ങോട്ട് പോകും?” ബ്രാഹ്മണൻ പറഞ്ഞു: “ഇതെന്ത് മണ്ടൻ ചോദ്യമാണ്! അവർ സ്വീകരിച്ചില്ലെങ്കിൽ അത് തിരികെ എനിക്ക് തന്നെ ലഭിക്കും.” അപ്പോൾ ഭഗവാൻ ബുദ്ധൻ വിനയപൂർവ്വം ഇപ്രകാരം അരുളിച്ചെയ്തു: “ഹേ ബ്രാഹ്മണാ, അങ്ങ് ചൊരിഞ്ഞ അധിക്ഷേപ വാക്കുകൾ ഞാൻ സ്വീകരിച്ചിട്ടില്ല. അങ്ങനെയെങ്കിൽ അവ എങ്ങോട്ട് പോകും? ആർക്കാണ് അത് ലഭിക്കുക?” ഇതുകേട്ട ബ്രാഹ്മണൻ ലജ്ജയാൽ തല താഴ്ത്തുകയും ഉടൻതന്നെ ഭഗവാനോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ഒരിക്കൽ പൂർണ്ണൻ എന്ന ശിഷ്യൻ ഭഗവാൻ ബുദ്ധനെ സമീപിച്ചു. ഭഗവാനിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ച ശേഷം ‘സുനാപരാന്തം’ എന്ന സ്ഥലത്ത് ധർമ്മപ്രചാരണത്തിന് പോകാൻ അദ്ദേഹം അനുവാദം ചോദിച്ചു. ഭഗവാൻ ബുദ്ധൻ പറഞ്ഞു: “ആ നാട്ടുകാർ പൊതുവേ ഭൗതികവാദികളും ക്രൂരന്മാരുമാണ്. അവർ നിന്നോട് മോശമായി പെരുമാറുകയും നിന്ദിക്കുകയും ചെയ്താൽ നിനക്ക് എന്ത് തോന്നും?”
ശിഷ്യനായ പൂർണ്ണൻ മറുപടി നൽകി: “ഭഗവാനേ, അവർ എന്നെ തല്ലുകയോ വടികൊണ്ട് അടിക്കുകയോ ചെയ്യാത്തടത്തോളം കാലം അവർ നല്ലവരാണെന്ന് ഞാൻ കരുതും.”
“അവർ നിന്നെ തല്ലുകയും വടികൊണ്ട് അടിക്കുകയും ചെയ്താലോ?” ബുദ്ധൻ വീണ്ടും ചോദിച്ചു. പൂർണ്ണൻ പറഞ്ഞു: “അവർ എന്റെ നേർക്ക് കല്ലെറിയുകയോ ആയുധം കൊണ്ട് പരിക്കേൽപ്പിക്കുകയോ ചെയ്യാത്തതിനാൽ അവർ പുണ്യശാലികളാണെന്ന് ഞാൻ വിചാരിക്കും.” ഭഗവാൻ തുടർന്നു: “അവർ നിന്റെ നേർക്ക് കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്തേക്കാം, അപ്പോൾ നീ എന്ത് ചെയ്യും?” പൂർണ്ണൻ മറുപടി നൽകി: “അവർ എന്റെ നേർക്ക് മാരകായുധങ്ങൾ പ്രയോഗിക്കാത്തതിനാൽ അവർ അതീവ ദയാലുക്കളാണെന്ന് ഞാൻ കരുതും.” വീണ്ടും ബുദ്ധൻ ചോദിച്ചു: “അവർ ആയുധങ്ങൾ ഉപയോഗിച്ചാലോ?” പൂർണ്ണൻ പറഞ്ഞു: “അവർ എന്നെ വധിക്കാത്തതുകൊണ്ട് അവർ നല്ല മനുഷ്യരാണെന്ന് ഞാൻ വിശ്വസിക്കും.”

