ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ഗൗരലീലകൾക്ക് അടിത്തറ പാകിയ മഹദ്വ്യക്തിത്വവും ചൈതന്യ സമ്പ്രദായത്തിന്റെ മുഖ്യസ്തംഭവുമാണ് അദ്വൈത ആചാര്യർ. പ്രായം കൊണ്ടും ജ്ഞാനം കൊണ്ടും അറിവുകൊണ്ടും ശ്രേഷ്ഠനായിരുന്നിട്ടും ബാലനായ ശ്രീ ഗൗരാംഗപ്രഭുവിന്റെ പാദധൂളിയെ ശിരോഭൂഷണമായി കരുതിയ ഭക്തശിരോമണിയാണദ്ദേഹം. മഹാപ്രഭുവിന്റെ അവതാരത്തിന് മുമ്പേ ധരണിയിൽ അവതരിക്കുകയും ഭഗവാന്റെ ലീലകൾക്കായി വഴിയൊരുക്കുകയും ചെയ്ത ഇദ്ദേഹം സിൽഹട്ട് ജില്ലയിലെ നവഗ്രാമം എന്ന ഗ്രാമത്തിലാണ് ജനിച്ചത്.
അക്കാലത്ത് ‘ലാവുഡ്’ എന്ന ചെറിയ രാജ്യം ഭരിച്ചിരുന്നത് ധർമ്മിഷ്ഠനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ സദസ്സിലെ രാജപണ്ഡിതനായിരുന്നു അദ്വൈത ആചാര്യരുടെ പിതാവായ കുബേര തർക്ക പഞ്ചാനൻ. മികച്ച ന്യായശാസ്ത്ര പണ്ഡിതനും നീതിമാനും ധനികനുമായിരുന്ന അദ്ദേഹത്തിന് കുഞ്ഞുങ്ങളില്ലാത്തത് വലിയ ദുഃഖമായിരുന്നു. ജനിച്ച കുട്ടികളെല്ലാം അകാലത്തിൽ മൃതിയടഞ്ഞതോടെ ആ ദമ്പതികൾ ഭഗവാനിൽ അഭയം പ്രാപിച്ചു. ഒടുവിൽ ഭഗവദ് കൃപയാൽ ലാഭാദേവി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ‘കമലാക്ഷൻ’ എന്ന് അവർ ആ പൈതലിന് പേരിട്ടു. ഈ ബാലനാണ് പിൽക്കാലത്ത് വിശ്വപ്രസിദ്ധനായ അദ്വൈത ആചാര്യരായി മാറിയത്.
കുട്ടിക്കാലം മുതലേ അസാമാന്യ ബുദ്ധിശക്തിയും വിനയവും ഭക്തിയും കമലാക്ഷനിൽ പ്രകടമായിരുന്നു. അക്കാലത്ത് ബംഗാളിൽ ശാക്തേയ മാർഗ്ഗങ്ങൾക്കും വാമാചാരങ്ങൾക്കുമായിരുന്നു പ്രചാരം. ധർമ്മത്തിന്റെ പേരിൽ മിണ്ടാപ്രാണികളെ ബലികൊടുക്കുന്നത് വലിയ പണ്ഡിതന്മാർ പോലും അംഗീകരിച്ചിരുന്ന കാലമായിരുന്നു അത്. അറിവില്ലായ്മ മൂലം ജനങ്ങൾ ചെയ്യുന്ന ഈ ക്രൂരതകൾ കണ്ട് മനസ്സുനൊന്ത ബാലനായ കമലാക്ഷൻ, അവർക്ക് സദ്ബുദ്ധി നൽകണമേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുമായിരുന്നു. സത്യമെന്നു തോന്നുന്ന കാര്യങ്ങൾ ആരുടെ മുന്നിലും ഭയമില്ലാതെ തുറന്നുപറയാനുള്ള ആർജ്ജവം അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരിക്കൽ രാജ്യത്ത് നടന്ന വലിയൊരു കാളിപൂജയിൽ പങ്കെടുക്കാൻ കമലാക്ഷനും പോയി. അവിടെ നൂറുകണക്കിന് ആടുകളെയും പോത്തുകളെയും ബലികൊടുക്കുന്നത് അദ്ദേഹം നേരിൽ കണ്ടു. പൂജയ്ക്കിടെ ദേവിക്ക് പ്രണാമം അർപ്പിക്കാതെ മാറിനിന്ന കമലാക്ഷന്റെ പ്രവൃത്തി രാജാവായ ദിവ്യസിംഹനെ അത്ഭുതപ്പെടുത്തി. രാജപണ്ഡിതന്റെ പുത്രൻ ഇത്തരത്തിൽ പെരുമാറുന്നത് കണ്ട് അല്പം ക്രോധത്തോടെ രാജാവ് ചോദിച്ചു: “കമലാക്ഷാ, നീ എന്തുകൊണ്ടാണ് ദേവിയെ വന്ദിക്കാത്തത്?”
രോഷാകുലനായി ആ ബാലൻ മറുപടി നൽകി: “ദേവി ലോകമാതാവാണ്. എല്ലാ ജീവജാലങ്ങളും ആ അമ്മയുടെ മക്കളാണ്. സ്വന്തം മക്കളെ ഭക്ഷിക്കുന്നവൾ അമ്മയല്ല, രാക്ഷസിയാണ്. മക്കൾ തെറ്റുകാരയാലും അമ്മയ്ക്ക് ഒരിക്കലും ദുഷ്ടയാകാൻ കഴിയില്ല. ആനന്ദസ്വരൂപനായ ഭഗവാനാണ് യഥാർത്ഥത്തിൽ ആരാധനയ്ക്ക് അർഹൻ. അവിടുത്തെ വന്ദിക്കുന്നതിലൂടെ സകല ചരാചരങ്ങളെയും വന്ദിക്കുന്നതിന് തുല്യമാകും. നിങ്ങളെല്ലാവരും ദൈവത്തിന്റെ പേരിൽ സ്വന്തം കാമവാസനകളെ തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.”
ബാലന്റെ വാക്കുകൾ കേട്ട് രാജാവ് നിശബ്ദനായി. ആ സമയം പിതാവ് ഇടപെട്ടുകൊണ്ട് മകനെ തിരുത്താൻ ശ്രമിച്ചു: “എല്ലാ ദേവതകളും നാരായണന്റെ തന്നെ രൂപങ്ങളാണ്, അതിനാൽ ദേവിയെ അവഹേളിക്കുന്നത് മഹാപാപമാണ്.” എന്നാൽ അതിനും കമലാക്ഷന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. “ഭഗവാൻ ജനാർദ്ദനനെ പൂജിക്കുന്നതിലൂടെ മറ്റെല്ലാ പൂജകളും അതിൽ ലയിക്കുന്നു. ജീവഹിംസ നടക്കുന്ന ഒരിടവും ദേവസ്ഥാനമല്ല, അതിനാൽ ആ പൂജയെ ദൈവപൂജയായി കാണാൻ കഴിയില്ല.”
ചെറുപ്രായത്തിലെ ഇത്രയും ധീരവും അർത്ഥവത്തുമായ വാക്കുകൾ കേട്ട് സദസ്സ് മുഴുവൻ വിസ്മയിച്ചു. കരുണയും വൈഷ്ണവഭക്തിയും ആ ബാലനിൽ അത്രമേൽ പ്രകാശിച്ചിരുന്നു.
പന്ത്രണ്ട് വയസ്സായപ്പോൾ ഉപരിപഠനത്തിനായി കമലാക്ഷൻ ശാന്തിപൂരിലെത്തി. അവിടെ താമസിച്ച് വേദവേദാന്തങ്ങളിലും ന്യായശാസ്ത്രത്തിലും അദ്ദേഹം അഗാധമായ പാണ്ഡിത്യം നേടി. മകന്റെ കൂടെ മാതാപിതാക്കളും ശാന്തിപൂരിലേക്ക് താമസം മാറ്റി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം പ്രഗത്ഭനായ പണ്ഡിതനായി അറിയപ്പെട്ടു. ഏതാനും വർഷങ്ങൾക്കുള്ളിൽ മാതാപിതാക്കൾ ദേഹത്യാഗം ചെയ്തു. പിതാവിന്റെ അന്ത്യേച്ഛ പ്രകാരം അദ്ദേഹം ഗയയിലെത്തി ശ്രീ ഗദാധരനെ ദർശിക്കുകയും ഭക്തിപുരസ്സരം പിതൃതർപ്പണം നടത്തുകയും ചെയ്തു.
അദ്വൈത ആചാര്യരുടെ കുടുംബം
അദ്വൈത ആചാര്യർക്ക് സീതാ താകൂറാണി, ശ്രീദേവി എന്നിങ്ങനെ രണ്ട് പത്നിമാരാണുണ്ടായിരുന്നത്. സീതാ താകൂറാണിയിൽ അച്യുതാനന്ദൻ, കൃഷ്ണദാസൻ, ഗോപാലൻ, ബലരാമൻ, സ്വരൂപൻ, ജഗദീശ മിശ്രൻ എന്നിങ്ങനെ ആറ് പുത്രന്മാരും, ശ്രീദേവിയിൽ ശ്യാമദാസൻ എന്നൊരു പുത്രനും ജനിച്ചു. ഇവരിൽ അച്യുതാനന്ദൻ, കൃഷ്ണദാസൻ, ഗോപാലൻ എന്നിവർ ശ്രീചൈതന്യ മഹാപ്രഭുവിന്റെ പരമഭക്തരായിരുന്നു.
മാധവേന്ദ്ര പുരിയിൽ നിന്നുള്ള ദീക്ഷ
കുട്ടിക്കാലം മുതലേ അദ്വൈത ആചാര്യരിൽ നിറഞ്ഞുനിന്നിരുന്ന ഭക്തിയും പാണ്ഡിത്യവും വളർന്നുവന്നതോടെ, ലോകനന്മയ്ക്കായി അദ്ദേഹം സദാ പ്രാർത്ഥിക്കുമായിരുന്നു. മാതാപിതാക്കളുടെ വേർപാട് അദ്ദേഹത്തിലെ വൈരാഗ്യത്തെ കൂടുതൽ ദൃഢമാക്കി. ഭാരതം മുഴുവൻ തീർത്ഥാടനം നടത്തിയ അദ്ദേഹം രാമേശ്വരം, ശിവകാഞ്ചി, മധുര തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ശേഷം മധ്വാചാര്യരുടെ ആശ്രമത്തിലെത്തി.
അവിടെ വെച്ച് അദ്ദേഹം ശ്രീമദ് മാധവേന്ദ്രപുരി സ്വാമികളെ കണ്ടുമുട്ടി. സന്ന്യാസിമാർക്കിടയിൽ ഭക്തിഭാവത്തിനും മധുര ഉപാസനയ്ക്കും ആദ്യമായി തുടക്കം കുറിച്ചത് ഇദ്ദേഹമായിരുന്നു. ശ്രീ ഈശ്വരപുരി, പരമാനന്ദപുരി, ബ്രഹ്മാനന്ദപുരി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഇതിൽ ഈശ്വരപുരിയാണ് പിന്നീട് ഗൗരാംഗ മഹാപ്രഭുവിന്റെ ദീക്ഷാഗുരുവായി മാറിയത്. അദ്വൈത ആചാര്യരുടെ വിനയത്തിലും ഭക്തിയിലും ആകൃഷ്ടനായ മാധവേന്ദ്രപുരി അദ്ദേഹത്തിന് കൃഷ്ണ മന്ത്രം ഉപദേശിച്ചു നൽകി. “ലോകനാഥനായ ഭഗവാൻ വൈകാതെ തന്നെ അവതരിക്കുകയും ഭക്തിയെ പുനഃസ്ഥാപിക്കുകയും ചെയ്യും” എന്ന ഗുരുവിന്റെ വാക്കുകൾ അദ്വൈത ആചാര്യർക്ക് വലിയ ആശ്വാസമായി. ആ ഉറച്ച വിശ്വാസത്തോടെ അദ്ദേഹം ശാന്തിപൂരിലേക്ക് മടങ്ങി.
പാണ്ഡിത്യവും വിജയങ്ങളും
അദ്വൈത ആചാര്യർ ശാന്തിപൂരിലെ വൈഷ്ണവരുടെ ഏക ആശ്രയമായി മാറി. അക്കാലത്ത് പാണ്ഡിത്യം തെളിയിക്കാൻ മറ്റ് വിദ്വാന്മാരെ വാദപ്രതിവാദത്തിൽ തോൽപ്പിക്കുന്നത് പതിവായിരുന്നു. ‘ദിഗ്വിജയികൾ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പല പണ്ഡിതന്മാരും അദ്വൈത ആചാര്യരോട് വാദത്തിൽ തോറ്റ് അദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറി. അദ്ദേഹത്തിന്റെ കീർത്തി കേട്ടറിഞ്ഞ ദിവ്യസിംഹ രാജാവ് അദ്ദേഹത്തെ ദർശിക്കാൻ വരികയും, ആ ഭക്തിപ്രഭാവത്തിൽ ആകൃഷ്ടനായി ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പിൽക്കാലത്ത് രാജ്യം ഉപേക്ഷിച്ച അദ്ദേഹം കൃഷ്ണകീർത്തനങ്ങളുമായി ശിഷ്ടകാലം ചിലവഴിച്ചു. അദ്വൈത ആചാര്യരുടെ ബാലലീലകൾ സംസ്കൃതത്തിൽ രേഖപ്പെടുത്തിയത് ഈ രാജാവാണ്.
ഹരിദാസനെന്ന പ്രിയശിഷ്യൻ
ജാതിമത ഭേദങ്ങൾ കൃഷ്ണഭക്തിക്ക് തടസ്സമാണെന്ന് വിശ്വസിച്ചിരുന്ന അദ്വൈത ആചാര്യർക്ക് അതീവ കരുണയുള്ള ഹൃദയമായിരുന്നു. അക്കാലത്ത് മുസ്ലിം വിഭാഗത്തിൽപ്പെട്ട ഹരിദാസൻ എന്ന യുവാവ് അദ്ദേഹത്തിന്റെ അടുത്തെത്തി. ഹരിദാസന്റെ ബുദ്ധിശക്തിയിലും ഭക്തിയിലും ആകൃഷ്ടനായ ആചാര്യർ അദ്ദേഹത്തിന് വ്യാകരണം, ഗീത, ഭാഗവതം എന്നിവ പഠിപ്പിച്ചു നൽകുകയും സ്വന്തം മകനെപ്പോലെ സ്നേഹിക്കുകയും ചെയ്തു.
ഒരു മുസ്ലിം യുവാവിന് തന്റെ വീട്ടിൽ ആഹാരം നൽകുന്നതിനെ മറ്റ് ബ്രാഹ്മണ പണ്ഡിതന്മാർ എതിർത്തുവെങ്കിലും ആചാര്യർ അത് വകവെച്ചില്ല. പിതാവിന്റെ ശ്രാദ്ധദിവസം ആചാര്യർ ആദ്യത്തെ പിണ്ഡം ഹരിദാസനാണ് നൽകിയത്. ഇത് വലിയ വിവാദമായപ്പോൾ, “കോടി ബ്രാഹ്മണർക്ക് ആഹാരം നൽകുന്നതിന് തുല്യമാണ് ഹരിദാസന് നൽകുന്ന ഈ ഭോജനം” എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പണ്ഡിതന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല.
കേവലം പുസ്തക വിജ്ഞാനത്തിലോ വെറും വാദപ്രതിവാദങ്ങളിലോ ഒതുങ്ങിനിൽക്കാതെ, വേദാന്തപഠനത്തോടൊപ്പം ഹരികീർത്തനത്തിലും ഭക്തിയിലുമാണ് ജീവിതത്തിന്റെ സാരമെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു.