ഭഗവാൻ സർവഭൂതേഷു
ലക്ഷിതഃ സ്വാത്മനാ ഹരിഃ
ദൃശൈർ ബുദ്ധ്യാദിഭിർ ദ്രഷ്ടാ
ലക്ഷണൈർ അനുമാപകൈഃ
വിവർത്തനം
പരമദിവ്യോത്തമ പുരുഷൻ ഭഗവാൻ ശ്രീകൃഷ്ണൻ വ്യക്തിഗത ആത്മാവിനോടൊപ്പം ഓരോ ജീവസത്തയിലും സ്ഥിതിചെയ്യുന്നു. നാം ഈ പരമാർഥത്തെ കാണുകയും; ബുദ്ധിയുടെ സഹായത്താൽ സങ്കൽപ്പിക്കുകയും ഉണരുകയും ചെയ്യുന്നു.
ഭാവാർഥം
ഭഗവാൻ നമ്മുടെ നഗ്നനേത്രങ്ങൾക്ക് ദൃശ്യനല്ലാത്തതിനാൽ ഒരുവന് അദ്ദേഹത്തെ ശരണം പ്രാപിക്കാനും, അദ്ദേഹത്തിന് അതീന്ദ്രിയപ്രേമയുതസേവനസമർപ്പണത്തിനും കഴിയുന്നതെങ്ങനെയെന്നാണ് സാമാന്യജനത്തിന്റെ സാർവജനീനമായ വിതർക്കം. അത്തരമൊരു സാമാന്യവ്യക്തിക്ക് സാമാന്യജ്ഞാനത്താലും, അനുഭവത്താലും ഉണരുവാൻ കഴിയുന്നതെങ്ങനെയെന്നതിന് ശ്രീ ശുകദേവ ഗോസ്വാമി ഒരു പ്രായോഗിക നിർദേശം നൽകുന്നു. യഥാർഥത്തിൽ ഭഗവാനെ നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങളാൽ നിരൂപിക്കുവാൻ കഴിയുകയില്ല. എന്നാൽ, പ്രായോഗികമായ സേവനമനോഭാവത്താൽ ഭഗവദ്സാന്നിധ്യത്തെ ഒരുവന് ബോധ്യപ്പെടുത്തിക്കൊടുത്താൽ, ഭഗവദ്കൃപയാൽ വെളിപാടുണ്ടാവുകയും, അത്തരമൊരു ശുദ്ധഭഗവദ്ഭക്തന് ഭഗവദ്സാന്നിധ്യം സർവഥാ എല്ലായിടത്തും അനുഭവിക്കാൻ കഴിയുകയും ചെയ്യും. ‘ബുദ്ധി’ പരമദിവ്യോത്തമ പുരുഷന്റെ പരമാത്മാംശത്തിന്റെ രൂപ-മാർഗനിർദേശമാണെന്ന് അവന് നിരൂപിക്കാൻ കഴിയും. ഒരു സാധാരണ മനുഷ്യനുപോലും ഏവരുടെയും സംസർഗത്തിലുള്ള പരമദിവ്യോത്തമ പുരുഷന്റെ സാന്നിധ്യം മനസ്സിലാക്കുവാൻ വലിയ പ്രയാസമൊന്നുമില്ല. അതിനുള്ള മാർഗം താഴെ പറയുന്ന രീതിയിലാണ്. ഒരുവന് സ്വന്തം അസ്തിത്വം ഗ്രഹിക്കാനും, അവൻ വർത്തിക്കുന്നുവെന്ന് സാക്ഷാത്ഭവിച്ചറിയാനും കഴിയും. ഒരുപക്ഷേ, വളരെപ്പെട്ടെന്ന് അത് അനുഭവിച്ചറിയാൻ അവന് കഴിഞ്ഞില്ലെങ്കിലും, അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ, ദേഹമല്ലെന്ന സത്യം അനുഭവിച്ചറിയാൻ അവന് കഴിയും. കൈ, കാൽ, തല, രോമം, അവയവങ്ങൾ എന്നിവയെല്ലാം അവന്റെ ശരീരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് അവന് സ്പർശിച്ചറിയാൻ കഴിയും. എന്നാൽ, കൈ, കാൽ, തല തുടങ്ങിയവയൊന്നും അവന്റെ ആത്മാവായി പ്രതിപാദിക്കാൻ കഴിയുകയില്ല. ആകയാൽ, ബുദ്ധി ഉപയോഗിച്ചാൽ അവന്റെ ആത്മാവിനെ, അവൻ കാണുന്ന മറ്റു വസ്തുക്കളിൽനിന്നും വിശ്ലേഷിപ്പിക്കാനും, വിവേചിച്ചറിയാനും അവന് കഴിയും. അതിനാൽ, സ്വാഭാവികമായ നിർണയമെന്തെന്നാൽ, ജീവസത്ത മനുഷ്യനായാലും, മൃഗമായാലും ദ്രഷ്ടാവാണെന്നും, അവൻ അവനെയൊഴികെ മറ്റെല്ലാ വസ്തുക്കളെയും കാണുന്നുവെന്നുമാണ്. ആകയാൽ, ദ്രഷ്ടാവും, ദൃഷ്ടിവിഷയവും തമ്മിൽ അന്തരമുണ്ട്. ഇപ്പോൾ, സ്വന്തം പരിധികൾക്കപ്പുറമുള്ള കാര്യങ്ങളെ സാധാരണ ദൃഷ്ടിയുപയോഗിച്ച് വീക്ഷിക്കുന്ന ജീവസത്തയ്ക്ക് സ്വതന്ത്രമായി കാണാനോ, ചലിക്കാനോ ഉള്ള ശക്തിയില്ലെന്ന്, അൽപ്പം ബുദ്ധിയുപയോഗിച്ചാൽ നമുക്ക് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. സാധാരണമായ നമ്മുടെ പ്രവൃത്തികളും അനുഭവങ്ങളും, നാനാവിധമായ സംശ്ലേഷങ്ങളാൽ പ്രകൃതി നമുക്ക് നൽകിയ ശക്തിയുടെ വിവിധ രൂപങ്ങളെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ കർമേന്ദ്രിയങ്ങളും, ജ്ഞാനേന്ദ്രിയങ്ങളും, അതായത്, (1) കേൾവി (2) സ്പർശം (3) കാഴ്ച (4) രുചി (5) മണം എന്നീ ഗ്രഹണക്ഷമമായ അഞ്ച് ഇന്ദ്രിയങ്ങളും; (1) കൈകൾ (2) കാലുകൾ (3) സംഭാഷണം (4) വിസർജന അവയവങ്ങൾ, അഥവാ വിരേചന അന്തരേന്ദ്രിയങ്ങൾ (5) പ്രത്യുല്പാദന അവയവങ്ങൾ എന്നീ അഞ്ച് കർമേന്ദ്രിയങ്ങളും; (1) മനസ്സ് (2) ബുദ്ധി (3) അഹംബോധം എന്നീ നമ്മുടെ മൂന്ന് ജ്ഞാനേന്ദ്രിയങ്ങളും (അങ്ങനെ മൊത്തം പതിമൂന്ന് ഇന്ദ്രിയങ്ങൾ) പ്രകൃതിശക്തിയുടെ സ്ഥലവും സൂക്ഷ്മവുമായ രൂപങ്ങളുടെ വൈവിധ്യമാർന്ന രചനകളാൽ നമുക്ക് നൽകപ്പെട്ടവയാണ്. അതുപോലെതന്നെ തെളിവായതാണ് ഗ്രഹണസമർഥമായ നമ്മുടെ ദ്രവ്യങ്ങളെല്ലാംതന്നെ. അതായത്, ദൃശ്യവിഷയങ്ങളെല്ലാംതന്നെ പ്രകൃതിശക്തിയാൽ ആവിഷ്കരിക്കപ്പെട്ട അക്ഷയമായ മാറ്റങ്ങളുടെയും സംശ്ലേഷങ്ങളുടെയും, രൂപങ്ങളുടെ ഉൽപ്പന്നങ്ങളല്ലാതെ മറ്റൊന്നുമല്ല. സാമാന്യ ജീവസത്തയ്ക്ക് സ്വതന്ത്രമായ ഗ്രഹണശക്തിയോ, ചലനശക്തിയോ ഇല്ലെന്ന് ഇത് നിർണായകമായി തെളിയിക്കുന്നു. പ്രകൃതിശക്തിയാൽ നമ്മുടെ അസ്തിത്വത്തെ, അഥവാ വർത്തനത്തെ വ്യവസ്ഥീകൃതമാക്കപ്പെട്ടിരിക്കുന്നത് നമുക്ക് നിസ്സന്ദേഹം അനുഭവപ്പെടുന്നതുപോലെ, കാണുന്നവൻ (ആരാണോ കാണുന്നത്, അവൻ: ദ്രഷ്ടാവ്) ആത്മാവും; ഇന്ദ്രിയങ്ങളും, ദൃശ്യവിഷയങ്ങളും ഭൗതികവുമാണെന്ന് നാം പര്യവസാനിപ്പിക്കുകയും ചെയ്യുന്നു. ദ്രഷ്ടാവിന്റെ ആത്മീയ ഗുണം, ഭൗതികമായ ബദ്ധ അസ്തിത്വത്തിന്റെ നിയന്ത്രിതാവസ്ഥയിലുള്ള നമ്മുടെ അസംതൃപ്തിയിൽ പ്രകടമാകുന്നു. ആത്മാവും ദ്രവ്യവും തമ്മിലുള്ള അന്തരമാണത്. നിശ്ചിതമായതും, എന്നാൽ വ്യക്തമായി പറയേണ്ടതില്ലാത്തതുമായ സാംഗോപാംഗ വികാസമെന്നപോലെ, ദ്രവ്യത്തിന് ദൃശ്യശക്തിയും ചലനശക്തിയും വികസിച്ചുവെന്ന് അൽപ്പജ്ഞാനപരമായ ചില വിതർക്കങ്ങളുണ്ട്. എങ്കിലും, അത്തരം വാദങ്ങളെ അംഗീകരിക്കുവാൻ കഴിയുകയില്ല. എന്തുകൊണ്ടെന്നാൽ, ദ്രവ്യം എവിടെയെങ്കിലും ജീവൻ സൃഷ്ടിച്ചുവെന്നതിന് പരീക്ഷണാർഥമുള്ള യാതൊരു തെളിവുമില്ല. എത്രതന്നെ കാമ്യമായാലും, ഭാവിയെ വിശ്വസിക്കരുത്. ഭാവിയിൽ ദ്രവ്യത്തെ ആത്മാവായി മാറ്റാമെന്ന, അഥവാ ജീവനില്ലാത്ത ദ്രവ്യത്തിൽനിന്നും ജീവനുള്ളവയെ വികസിപ്പിക്കാമെന്ന നിരർഥകമായ സംഭാഷണങ്ങൾ യഥാർഥത്തിൽ വിഡ്ഢിത്തമാണ്. എന്തെന്നാൽ, ഒരു ദ്രവ്യവും ലോകത്തിന്റെ ഒരു ഭാഗത്തും ദൃശ്യശക്തിയുള്ളതായോ, ചലനശക്തിയുള്ളതായോ ഒരിക്കലും വികസിച്ചിട്ടില്ല. ആകയാൽ, ദ്രവ്യവും, ആത്മാവും ഇരു വ്യത്യസ്ത സ്വത്വങ്ങളാണെന്ന് വ്യക്തമാണ്. അനന്തരം, യഥാവണ്ണം ബുദ്ധി ഉപയോഗിക്കുകവഴി ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ബുദ്ധിയുടെ അനുശാസകനായോ, ഉപഭോക്താവായോ നാം ആരെയെങ്കിലും അംഗീകരിക്കാത്തപക്ഷം, ബുദ്ധിയുടെ അൽപ്പമാത്രമായ വിനിയോഗത്താൽ, ദൃഷ്ടിഗോചരമായ വസ്തുക്കളെയൊന്നിനെയും സചേതനമാക്കുവാൻ കഴിയുകയില്ലെന്ന ആശയത്തിലെത്തുന്നു. ഏതോ ഉന്നത അധികാരിയെപ്പോലെ, ബുദ്ധി ഏകശാസനം നടത്തുന്നു. അപ്രകാരം, ബുദ്ധിയുടെ വിനിമയം കൂടാതെ ജീവസത്തയ്ക്ക് കാണാനോ, ചലിക്കാനോ, ഭുജിക്കാനോ, അല്ലെങ്കിൽ യാതൊന്നുംതന്നെ പ്രവർത്തിക്കാനോ കഴിയുകയില്ല. ബുദ്ധിയുടെ ആനുകൂല്യം മുതലെടുക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഒരുവൻ ബുദ്ധിഭ്രമം സംഭവിച്ചവനായിത്തീരുന്നു. ആകയാൽ ജീവസത്ത ബുദ്ധിയുടെ ആശ്രിതനും, അല്ലെങ്കിൽ പരമസത്തയുടെ ആജ്ഞാനുവർത്തിയുമാകുന്നു. അത്തരം ബുദ്ധി സർവവ്യാപിയാണ്. ഓരോ ജീവസത്തയ്ക്കും അവന്റേതായ ബുദ്ധിയുണ്ട്. മാത്രവുമല്ല, പിതാവ്, പുത്രന് നിർദേശം നൽകുന്നതുപോലെ, ഈ ബുദ്ധി ഏതോ ഉന്നത അധികാരിയുടെ നിർദേശത്തിലുള്ളതാകുന്നു. ഓരോ വ്യക്തിഗത ജീവസത്തയുടെയും അന്തരംഗസ്ഥനായി വസിക്കുന്ന ഉന്നത അധികാരി പരമാത്മാവാകുന്നു.
( ശ്രീമദ് ഭാഗവതം 2.2.35 ഭാവാർത്ഥം )
ചോദ്യങ്ങളും ഉത്തരങ്ങളും:
ചോദ്യം 1: പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്? ഉത്തരം: വ്യക്തിഗത ആത്മാവിനോടൊപ്പം ഓരോ ജീവസത്തയിലും ഭഗവാൻ സ്ഥിതിചെയ്യുന്നു.
ചോദ്യം 2: ഭഗവദ്സാന്നിധ്യം എങ്ങനെയൊക്കെയാണ് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയുന്നത്? ഉത്തരം: ബുദ്ധിയുടെ സഹായത്താൽ സാമാന്യജ്ഞാനത്തിലൂടെയും അനുഭവത്തിലൂടെയും സങ്കൽപ്പിച്ചും, പ്രായോഗികമായ സേവനമനോഭാവത്തിലൂടെ ഭഗവദ്കൃപയാൽ ലഭിക്കുന്ന വെളിപാടിലൂടെയും ഭഗവദ്സാന്നിധ്യം അനുഭവിക്കാൻ കഴിയുന്നു.
ചോദ്യം 3: ഭൗതിക ഇന്ദ്രിയങ്ങളാൽ ഭഗവാനെ നിരൂപിക്കാൻ കഴിയുമോ? ഉത്തരം: ഇല്ല, യഥാർത്ഥത്തിൽ ഭഗവാനെ നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങളാൽ നിരൂപിക്കുവാൻ കഴിയുകയില്ല.
ചോദ്യം 4: ആത്മാവും ശരീരവും ഒന്നല്ല എന്ന് ഒരാൾക്ക് എങ്ങനെ മനസ്സിലാക്കാം? ഉത്തരം: കൈ, കാൽ, തല തുടങ്ങിയവ ശരീരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെങ്കിലും അവയൊന്നും ആത്മാവല്ല. അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ കാണുന്ന മറ്റു വസ്തുക്കളിൽനിന്ന് സ്വന്തം ആത്മാവിനെ വിവേചിച്ചറിയാനും, താൻ ദേഹമല്ലെന്ന സത്യം സാക്ഷാത്കരിക്കാനും സാധിക്കും.
ചോദ്യം 5: ജീവസത്തകളുടെ പതിമൂന്ന് ഇന്ദ്രിയങ്ങൾ ഏതൊക്കെയാണ്?
ഉത്തരം:
🔹 അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ (ഗ്രഹണക്ഷമമായവ): കേൾവി, സ്പർശം, കാഴ്ച, രുചി, മണം.
🔹 അഞ്ച് കർമേന്ദ്രിയങ്ങൾ: കൈകൾ, കാലുകൾ, സംഭാഷണം, വിസർജന അവയവങ്ങൾ, പ്രത്യുല്പാദന അവയവങ്ങൾ.
🔹 മറ്റ് മൂന്ന് അന്തരേന്ദ്രിയങ്ങൾ (ജ്ഞാനേന്ദ്രിയങ്ങൾ): മനസ്സ്, ബുദ്ധി, അഹംബോധം.
ചോദ്യം 6: സാധാരണ ജീവസത്തയ്ക്ക് സ്വതന്ത്രമായ ഗ്രഹണശക്തിയോ ചലനശക്തിയോ ഉണ്ടോ?
ഉത്തരം: ഇല്ല. പ്രകൃതിശക്തി നൽകിയ വിവിധ രൂപങ്ങളെയും സംശ്ലേഷങ്ങളെയുമാണ് നമ്മുടെ പ്രവൃത്തികളും അനുഭവങ്ങളും ആശ്രയിച്ചിരിക്കുന്നത്. അതിനാൽ സാമാന്യ ജീവസത്തയ്ക്ക് സ്വതന്ത്രമായ ഗ്രഹണശക്തിയോ ചലനശക്തിയോ ഇല്ല.
ചോദ്യം 7: ദ്രഷ്ടാവും ദൃശ്യവിഷയങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഉത്തരം: കാണുന്നവനായ ജീവസത്ത (ദ്രഷ്ടാവ്) ആത്മാവാണ്; ഇന്ദ്രിയങ്ങളും ദൃശ്യവിഷയങ്ങളും ഭൗതികവുമാണ്.
ചോദ്യം 8: ദ്രവ്യത്തിൽനിന്ന് (matter) ജീവൻ ഉണ്ടാകുമെന്ന വാദം തെറ്റാണെന്ന് പറയുന്നത് എന്തുകൊണ്ട്?
ഉത്തരം: ദ്രവ്യം എവിടെയെങ്കിലും ജീവൻ സൃഷ്ടിച്ചുവെന്നതിന് പരീക്ഷണാർഥമുള്ള യാതൊരു തെളിവുമില്ല. ഒരു ദ്രവ്യവും ലോകത്തിന്റെ ഒരു ഭാഗത്തും ദൃശ്യശക്തിയുള്ളതായോ ചലനശക്തിയുള്ളതായോ ഒരിക്കലും വികസിച്ചിട്ടില്ല. അതിനാൽ ദ്രവ്യവും ആത്മാവും രണ്ട് വ്യത്യസ്ത സ്വത്വങ്ങളാണ്.
ചോദ്യം 9: ബുദ്ധി കൂടാതെ ജീവസത്തയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ഉത്തരം: ഇല്ല. ബുദ്ധിയുടെ വിനിമയം കൂടാതെ ജീവസത്തയ്ക്ക് കാണാനോ, ചലിക്കാനോ, ഭുജിക്കാനോ, യാതൊന്നും പ്രവർത്തിക്കാനോ കഴിയുകയില്ല.
ചോദ്യം 10: ഓരോ ജീവസത്തയുടെയും അന്തരംഗസ്ഥനായി വസിക്കുന്ന ഉന്നത അധികാരി ആരാണ്?
ഉത്തരം: പരമാത്മാവാണ് ഓരോ വ്യക്തിഗത ജീവസത്തയുടെയും അന്തരംഗസ്ഥനായി വസിക്കുന്ന ഉന്നത അധികാരി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆