മായയെ നേരിടാനുള്ള ഔഷധം
“മായയുടെ ഓളങ്ങളിൽ പെട്ട് നാം ശരീരമാണെന്നും തെറ്റിദ്ധരിച്ച് ഇന്ദ്രിയസുഖങ്ങളിൽ മുഴുകുന്നു. സ്വയം തിരിച്ചറിഞ്ഞ ആത്മാവിന് ഈ രോഗത്തിൽ നിന്നു നമ്മെ മുക്തരാക്കാൻ കഴിയും.”
അന്താരാഷ്ട്ര കൃഷ്ണാവബോധസമിതിയുടെ സ്ഥാപകാചാര്യൻ എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദർ 1968 ൽ വെസ്റ്റ് വെർജീനിയയിൽ ന്യൂ വൃന്ദാവനത്തിൽ നടത്തിയ പ്രഭാഷണം.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
നൂനം പ്രമത്തഃ കുരുതേ വിക്രമ യദ് ഇന്ദ്രിയപ്രീതയ ആപൃണോതി ന സാധുമന്യേ യത ആത്മനോടയം അസൻ അപി ക്ലേശദ ആസ ദേഹഃ
വിവർത്തനം: ഇന്ദ്രിയപ്രീണനമാണ് തൻ്റെ ലക്ഷ്യമെന്ന് ഒരുവൻ കരുതുമ്പോൾ അയാൾ ഭൗതികജീവിതസുഖങ്ങളിൽ ഉന്മത്തനാവുകയും അതോടെ അയാൾ എല്ലാവിധത്തിലുമുള്ള പാപപ്രപ്രവൃത്തികളിലും ഏർപ്പെടുകയും ചെയ്യുന്നു. തൻ്റെ പൂർവ്വജന്മദുഷ്കർമ്മങ്ങളാലാണ് തനിക്ക് ശാശ്വതമല്ലാത്ത ഈ ശരീരം ലഭിച്ചതെന്നും അതാണ് തൻ്റെ എല്ലാ ദുഃഖങ്ങൾക്കും കാരണമെന്നും അയാൾ അറിയുന്നില്ല. യഥാർത്ഥത്തിൽ ജീവസത്തക്ക് ഒരു ഭൗതികശരീരം എടുക്കേണ്ടതില്ല. എന്നാൽ, ഇന്ദ്രിയപ്രീണനത്തിനായിട്ടാണ് അയാൾക്ക് ആ ശരീരം നൽകിയിരിക്കുന്നത്. അതിനാൽത്തന്നെ, വിവേകമുള്ളവർ പിന്നെയും പിന്നെയും ഇന്ദ്രിയപ്രീണനത്തിൽ മുഴുകരുതെന്നാണ് എൻ്റെ പക്ഷം. കാരണം, ആ പ്രവൃത്തിയാൽ അവർക്ക് പിന്നെയും പിന്നെയും പുതിയ ഭൗതിക ശരീരങ്ങൾ സ്വീകരിക്കേണ്ടതായി വരുന്നു. (ശ്രീമദ് ഭാഗവതം 5.5.4)
ഇന്ദ്രിയസുഖങ്ങൾക്കു പിന്നാലെ മദോന്മത്തരായി പരക്കം പായുന്ന മനുഷ്യരെക്കുറിച്ചാണ് ഋഷഭദേവൻ ഈ ശ്ലോകത്തിൽ പരാമർശിക്കുന്നത്. ഇന്ദ്രിയസുഖത്തിനായുള്ള ആഗ്രഹം മൂത്ത് മത്തരായിത്തീരുകയെന്നതാണ് ഭൗതികരോഗം. ആ സുഖം നേടാൻ എന്തു വിഡ്ഢിത്തവും ചെയ്യാൻ അവർ തയ്യാറാകുന്നു. മോഷണം തെറ്റാണെന്നറിയുന്ന ഒരാൾ ലൗകികസുഖങ്ങൾ നേടാനായി അതിനൊരുമ്പെടുന്നത് ഉദാഹരണം. പിടിക്കപ്പെട്ടാൽ വൻശിക്ഷ കിട്ടുമെന്ന് അവനറിയാം. എന്നിട്ടും അവനാ പാപം ചെയ്യുന്നു. അത് ഉന്മാദം തന്നെയല്ലേ?
ഇന്ദ്രിയസുഖങ്ങൾക്കായി നാമിത്രയും പാടുപെടണോ എന്ന് താത്ത്വികമായി ചിന്തിച്ചുനോക്കുക. “എനിക്ക് സുഖിക്കാനായി നിങ്ങൾ അല്പം പണി ചെയ്യാമോ” എന്നു ഞാൻ ആവശ്യപ്പെട്ടാൽ “നിങ്ങൾക്കു വേണ്ടി ഞാനെന്തിനു പണി ചെയ്യണം? നിങ്ങൾക്കു വേണ്ടി നിങ്ങൾ തന്നെ കഷ്ടപ്പെട്ടോളൂ.” എന്നാവില്ലേ നിങ്ങളുടെ മറുപടി? മറ്റൊരാളുടെ സുഖഭോഗങ്ങൾക്കായി ആരും ജോലി ചെയ്യാൻ തയ്യാറാവില്ല. എൻ്റെ സുഖത്തിനു വേണ്ടി മാത്രമേ ഞാൻ അദ്ധ്വാനിക്കൂ എന്നാവും ഓരോരുത്തരും ചിന്തിക്കുക.
പക്ഷേ, അപ്പോൾ നിങ്ങൾ മറ്റൊരു കാര്യം ചിന്തിക്കേണ്ടതുണ്ട്. “ഈ ശരീരത്തിലെ ഇന്ദ്രിയങ്ങൾ എൻ്റേതാണോ?” അതൊരിക്കലും ആളുകൾ ചിന്തിക്കുകയില്ല. ഇന്ദ്രിയങ്ങൾ ശരീരത്തിൻ്റെ ഭാഗമാണ്. ശരീരം യഥാർത്ഥത്തിൽ എൻ്റെ സ്വന്തമാണെങ്കിൽ ഇതിലെ ഇന്ദ്രിയങ്ങളെ ആനന്ദിപ്പിക്കാൻ ശ്രമിക്കുന്നതിൽ കുറച്ചൊക്കെ അർത്ഥമുണ്ടെന്നു വയ്ക്കാം. പക്ഷേ, ശരീരം യഥാർത്ഥത്തിൽ നമ്മുടെ സ്വന്തമാണോ? എൻ്റെ മാതാപിതാക്കളിൽ നിന്ന് എനിക്കു ലഭിച്ച ശരീരം അവരുടേതല്ലേ? അഥവാ ഞാനൊരു അടിമയാണെന്നു വയ്ക്കുക. അപ്പോൾ ഈ ശരീരം എൻ്റെ ഉടമയുടേതാണ്. ഞാനൊരു രാഷ്ട്രത്തിൻ്റെ ഭാഗമായ പൗരനാണെങ്കിൽ ഇത് രാഷ്ട്രത്തിൻ്റെ സ്വന്തവുമാവാം. “വരൂ, ഈ യുദ്ധത്തിൽ രാജ്യത്തിനായി ശരീരം വെടിയൂ” എന്ന് രാജ്യം ആവശ്യപ്പെട്ടാൽ എനിക്കത് ചെയ്യേണ്ടിവരും.
ഇങ്ങനെ അപഗ്രഥിക്കുകയാണെങ്കിൽ നമ്മുടെ ശരീരം നമ്മുടേതല്ലെന്നു വെളിപ്പെടും. പിന്നെന്തിന് ഇതിന്റെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താൻ ഇങ്ങനെ വേവലാതിപ്പെടണം? ഒന്നുകൂടി തറപ്പിച്ചു പറയട്ടെ. എനിക്കു നിങ്ങളുടെ ശരീരസുഖാസക്തികൾക്കു തൃപ്തി നൽകാൻ താല്പര്യമില്ല. എൻ്റെ ശരീരത്തിൻ്റെ സുഖം നേടുന്നതിലേ എനിക്കു താല്പര്യമുള്ളൂ. പക്ഷേ, ഈ ശരീരം എൻ്റേതല്ലായെങ്കിൽ പിന്നെന്തിനു ഞാൻ ഇന്ദ്രിയസുഖങ്ങൾ തേടി പരക്കം പായണം?
അതിനാൽ ഇന്ദ്രിയതൃപ്തിക്കായി മാത്രം നടക്കുന്നവരെ ശ്രീമദ് ഭാഗവതം ‘പ്രമത്തഃ’ എന്ന് അഥവാ ‘ഉന്മാദി’, ‘തീവ്രമായി മത്തുപിടിച്ചവൻ’, എന്നു വിശേഷിപ്പിക്കുന്നു. ഈ ഉന്മാദത്തിൻ്റെ ഫലമായി ഒരുവന് പലതരം ശരീരങ്ങൾ ലഭിക്കുന്നു. ഒന്നും അവൻ്റെ സ്വന്തമല്ല താനും. വിവിധ വാടകക്കു വിവിധ ഭവനങ്ങൾ ലഭിക്കുന്നതുപോലെയാണത്. നന്നായി വാടക കൊടുക്കാൻ കഴിപ്പുള്ളവന് സമ്പന്നർ വസിക്കുന്ന കോളനികളിൽ വലിയ ഭവനങ്ങൾ ലഭിക്കും. അത്ര ചെലവാക്കാൻ വകയില്ലെങ്കിൽ ചെലവു കുറഞ്ഞ വീട്ടിൽ വസിക്കേണ്ടിവരും. അതുപോലെ ഈ ‘ഭവനം’, ഈ ശരീരം, കഴിഞ്ഞ ജന്മത്തിൽ ചെയ്ത പ്രവൃത്തികളുടെ ഫലമായാണ് ലഭിക്കുന്നത്.
തുടർന്നും ശരീരങ്ങൾ സ്വീകരിക്കേണ്ടിവരാത്ത വിധമുള്ള ഒരു ശരീരം നേടിയെടുക്കുക എന്നതായിരിക്കണം ജീവിതലക്ഷ്യം. അതിലേക്കാണ് നാം മുന്നേറി എത്തേണ്ടത്. പക്ഷേ ജനത്തിന് അതറിയില്ല. അതുകൊണ്ടാണ് നാം ഈ കൃഷ്ണാവബോധ പ്രസ്ഥാനം സ്ഥാപിച്ചത് – വിഭ്രാന്തിയിലലയുന്ന മനുഷ്യസമൂഹത്തിന് ജീവിതലക്ഷ്യമെന്തെന്നു വ്യക്തമാക്കിക്കൊടുക്കാൻ.
വൈദികസാഹിത്യത്തിലുടനീളം ഈ ജീവിതലക്ഷ്യം വർണ്ണിക്കപ്പെട്ടിട്ടുള്ളതു കാണാം. ഉദാഹരണത്തിനു ഭഗവദ്ഗീത (8.15) കൃഷ്ണഭഗവാൻ പറയുന്നു.
മാമുപേത്യ പുനർജന്മ ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാഃ
“ഭക്തിയോഗംകൊണ്ട് എന്നെ പ്രാപിച്ച മഹാത്മാക്കൾ പരിപൂർണ്ണത നേടിയവരാകയാൽ, ദുഃഖപൂർണ്ണവും അസ്ഥിരവുമായ ഈ ലോകത്തിലേക്ക് പിന്നീട് തിരിച്ചുവരുന്നില്ല.” ഈ ശരീരം അത്യന്തം ദയനീയമാണെന്നു നാം തിരിച്ചറിയുന്നില്ല. ഒരു രാജകുമാരൻ്റെ ശരീരമാകട്ടെ, ഒരു നായുടെ ശരീരമാകട്ടെ, ഭൗതികശരീരം സ്വീകരിച്ചാൽ നിങ്ങൾക്കു കഷ്ടപ്പെടേണ്ടിവരും. ഒരു രക്ഷയുമില്ല.
ഇന്ത്യ പട്ടിണി കിടക്കുന്നവരുടെ രാജ്യമാണെന്നു നിങ്ങൾ കരുതുന്നു. അമേരിക്കക്കാരെ ഞാൻ ധാരാളം കാണാറുണ്ട്. അതു സത്യമല്ല. ഇനിയതു സത്യമാണെന്നു തന്നെ വയ്ക്കുക. അതുകൊണ്ട് അമേരിക്ക വളരെ സന്തോഷിക്കുന്നവരുടെ രാജ്യമാണെന്ന് അർത്ഥമുണ്ടോ? ധാരാളം പണമുണ്ടെന്നുവെച്ച് തങ്ങൾ സന്തുഷ്ടരാണെന്ന് അമേരിക്കക്കാർ കരുതുന്നു. അതവരുടെ തെറ്റ്. ഇവിടെ അത്രയധികം സന്തോഷമുണ്ടെങ്കിൽ എന്തുകൊണ്ടാണീ യുവതീയുവാക്കൾ ഹിപ്പികളാകുന്നത്? സന്തോഷമെന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ്. അമേരിക്കക്കാരൻ്റെയായാലും ഇന്ത്യക്കാരന്റെയായാലും ഈ ഭൗതികശരീരത്തിൽ കഴിയുന്നിടത്തോളം നിങ്ങൾക്കു സന്തോഷമുണ്ടാകാൻ പോകുന്നില്ല. ശ്രീമദ് ഭാഗവതത്തിൽ (5.5.6) ഋഷഭദേവൻ ഇങ്ങനെ പറയുന്നു, പ്രീതിർ ന യാവാൻ മയി വാസുദേവേ ന മുച്യതേ ദേഹയോഗേന താവത്. “कृഷ്ണാവബോധം അഥവാ ഭഗവദ്പ്രേമം വളർത്തിയെടുക്കും വരെ ഈ ഭൗതികശരീരത്തിൽ നിന്നു രക്ഷപ്പെടുന്ന പ്രശ്നമില്ല.” കൃഷ്ണാവബോധം ഉണ്ടാകുംവരെ നിങ്ങൾ കഷ്ടപ്പെടേണ്ടിവരുമെന്നർത്ഥം.
ഈ കഷ്ടപ്പാടിന്റെ യഥാർത്ഥകാരണമെന്തെന്ന് ശാസ്ത്രജ്ഞന്മാരോ തത്ത്വചിന്തകരോ പഠിക്കുന്നില്ല. കഷ്ടപ്പാടുകളിൽ നിന്നു രക്ഷപ്പെടാൻ എല്ലാവരും പരിശ്രമിക്കുന്നു. പക്ഷേ, അവയുടെ കാരണം മാത്രം ആർക്കുമറിയില്ല. ശരീരമാണ് യഥാർത്ഥകാരണം. ഈ ശരീരം എന്താണ്, എങ്ങനെയാണിതു പ്രവർത്തിക്കുന്നത്, എന്താണ് ആത്മാവ്, എന്തുകൊണ്ടാണു ശരീരം വീണ്ടും ശരീരത്തിലേയ്ക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഇതൊന്നും ആർക്കുമറിയില്ല. അവരൊക്കെ മന്ദന്മാരും വിഡ്ഢികളുമാണ്. യാതൊരറിവുമില്ലാതെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നവർ.
ഇതു വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. പണ്ടൊക്കെ ആരെങ്കിലും പ്രേതബാധിതരായാൽ സമർത്ഥനായൊരു മന്ത്രവാദിയെക്കൊണ്ട് മന്ത്രം ചൊല്ലിച്ച് പ്രേതബാധയൊഴിക്കുന്ന പതിവുണ്ടായിരുന്നു. അയാൾ മന്ത്രം ചൊല്ലി പ്രേതബാധിതൻ്റെ മേൽ കടുകെറിഞ്ഞ് പ്രേതത്തെ ഓടിക്കും. പക്ഷേ, ഒരിക്കൽ പ്രേതം കുടിയേറിയവന്റെ മേൽ ഒരു മന്ത്രവാദി കടുകെറിഞ്ഞപ്പോൾ പ്രശ്നം വഷളായി. കാരണം പ്രേതം ആ കടുകുകളിൽ പ്രവേശിച്ചിരുന്നു!! അതുപോലെ ശരീരത്തെ പലതരത്തിൽ പ്രവർത്തിപ്പിച്ച് നാം പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിക്കുന്നു. പക്ഷേ ശരീരം തന്നെയാണ് പ്രശ്നം, പ്രേതം. ശരീരത്തിനുള്ളിൽ ആയിരിക്കുമ്പോൾ നാം പ്രശ്നങ്ങളെ രൂക്ഷമാക്കുകയേയുള്ളൂ.
കൃഷ്ണാവബോധപ്രസ്ഥാനത്തിൻ്റെ ആകെത്തുകയെന്നത് നമുക്കു കൃഷ്ണനിലേയ്ക്കു മടങ്ങണമെന്നതാണ്. ഈ ഭൗതികലോകത്തിനപ്പുറത്ത് മറ്റൊരു പ്രകൃതിയുണ്ട്. ഈ ലോകത്തിൻ്റെ ഘടകങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുമൊക്കെ പഠിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നമുക്കിതിനെക്കുറിച്ച് വളരെ കുറച്ചു മാത്രമേ അറിവുള്ളൂ. വൈദികസാഹിത്യം നമുക്കു തരുന്ന അറിവനുസരിച്ച് ഈ ഭൗതികപ്രപഞ്ചമെന്നത് ഭഗവദ്സൃഷ്ടിയുടെ നാലിലൊന്നേ ആകുന്നുള്ളൂ. ആത്മീയലോകമെന്ന മറ്റൊന്നുണ്ട്. അവിടെ അനേകം ആത്മീയഗ്രഹങ്ങളുണ്ട്. അതിലേറ്റവും ഉന്നതമായ ഗ്രഹം കൃഷ്ണലോകമാണ്.
ഈ കൃഷ്ണലോകത്തിലേയ്ക്കു നമ്മെ എത്തിക്കാൻ സഹായിക്കുക എന്നതാണ് കൃഷ്ണാവബോധ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഈ യുഗത്തിൽ അതേറ്റവും എളുപ്പമാണ്. ഹരേ കൃഷ്ണ മന്ത്രം ജപിച്ചാൽ മാത്രം മതി. കലഹവും വെറുപ്പും നിറഞ്ഞ ഈ യുഗത്തിൽ ഹരേകൃഷ്ണമന്ത്രം ജപിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലതാനും. ധ്യാനമോ യാഗമോ ക്ഷേത്രാരാധനയോ ഒന്നും ഇക്കാലത്ത് വേണ്ടുംവിധം അനുഷ്ഠിക്കാൻ നമുക്കു കഴിയില്ല. ഈ യുഗത്തിലെ അന്തരീക്ഷം വളരെ വ്യത്യസ്തമാണ് എന്നതാണുകാരണം. അതിനാൽ കലൗ നാസ്ത്യേവ നാസ്ത്യേവ നാസ്ത്യേവ ഗതിരന്യഥാഃ “ഭൗതികതയുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ ഭഗവന്നാമമുച്ചരിക്കുകയല്ലാതെ ഈ കലിയുഗത്തിൽ മറ്റൊരു വഴിയുമില്ലെന്നു തീർച്ച.”
ഹരേ കൃഷ്ണസങ്കീർത്തനം നമുക്കു നിർദ്ദേശിച്ചത് ശ്രീ ചൈതന്യമഹാപ്രഭുവാണ്. അതദ്ദേഹം സ്വയം കണ്ടുപിടിച്ചതല്ല. വേദശാസ്ത്രങ്ങൾ അതു നിർദ്ദേശിക്കുന്നു. ഈ ഹരേകൃഷ്ണമന്ത്രോച്ചാരണത്തിലൂടെ നമുക്ക് ആത്മസാക്ഷാത്കാരം നേടി ഈ മനുഷ്യജന്മത്തിൽ നമ്മുടെ ദൗത്യവും ലക്ഷ്യവും എന്തെന്ന് തിരിച്ചറിയാൻ പറ്റും.
ഇന്ന് ഇവിടെ ഈ ചടങ്ങിൽ നാം ചില ശിഷ്യന്മാർക്ക് ഹരേകൃഷ്ണ മഹാമന്ത്ര ദീക്ഷ നൽകുകയാണ്. ദീക്ഷയെന്നുവെച്ചാൽ ആരംഭം. ദീക്ഷ നേടിയതോടെ എല്ലാമായി എന്നു വിചാരിക്കരുത്. പക്ഷേ, പടിപടിയായി പരിശീലനത്തിലൂടെ ഒരാൾക്ക് പരിപൂർണ്ണതയിൽ എത്തിച്ചേരാൻ സാധിക്കും.
ദീക്ഷയുടെ ഒപ്പംതന്നെ വിവാഹച്ചടങ്ങും നടത്തുക എന്നത് ഞാൻ തുടങ്ങിവച്ച ഒരു പുതിയ പരിപാടിയാണ്. സന്യാസിയായ ഞാൻതന്നെ ശിഷ്യരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുക! എൻ്റെ ശിഷ്യർക്ക് യാതൊരു വിധ ഉത്കണ്ഠകളും ആകുലതകളും ഉണ്ടാവരുതെന്ന് കരുതിയാണ് ഞാനിതു ചെയ്യുന്നത്. ഉത്കണ്ഠയും ആകുലതയും ഉണ്ടാകുന്നിടത്തോളം കാലം വേണ്ടപോലെ കൃഷ്ണാവബോധം പരിശീലിക്കാൻ കഴിയില്ല. നിങ്ങളിൽ ഏതെങ്കിലും യുവതീയുവാക്കൾക്ക് ജീവിതം മുഴുവനും ബ്രഹ്മചാരികളായിക്കഴിയണമെന്നുണ്ടെങ്കിൽ അങ്ങനെയാവാം. പക്ഷേ, അതത്ര എളുപ്പമല്ല. അതുകൊണ്ടാണ് നാം ഈ വിവാഹച്ചടങ്ങ് സംഘടിപ്പിക്കുന്നത്.
ചൈതന്യമഹാപ്രഭുവും വിവാഹിതനായിരുന്നു. ആദ്യഭാര്യ ദിവംഗതയായപ്പോൾ അദ്ദേഹം രണ്ടാമതും വിവാഹം കഴിച്ചു. അതിനാൽ വിവാഹം നമ്മുടെ പ്രസ്ഥാനത്തിനെതിരല്ല. നമ്മുടെ ഗുരുപരമ്പരയിലെ ഒരു മഹാവൈഷ്ണവകവിയായ നരോത്തമദാസ ഠാക്കൂർ പാടിയിട്ടുണ്ട്: “ഗൃഹസ്ഥനോ സന്ന്യാസിയോ ആകട്ടെ, ഭഗവാന്റെ നാമം ഉച്ചത്തിൽ ആലപിക്കുക.” കൃഷ്ണാവബോധം നിലനിർത്തണമെന്നതാണ് പ്രധാനം.
ഇതു മനസ്സിൽ വെച്ചുകൊണ്ട് നിയാമകതത്ത്വങ്ങൾ (അവിഹിതബന്ധങ്ങൾ പാടില്ല, ലഹരി ഉപയോഗിക്കരുത്, മാംസം ഭക്ഷിക്കരുത്, ചൂതുകളിക്കരുത്) പാലിച്ച് സന്തുഷ്ടരായി ജീവിക്കണം. അങ്ങനെയാണെങ്കിൽ സമാധാനത്തോടെയും സന്തോഷത്തോടെയും കൃഷ്ണാവബോധം നിലനിർത്തി അടുത്ത ജന്മത്തിൽ നമുക്കു കൃഷ്ണലോകത്തിലെത്താം.
യന്ത്രങ്ങളുടെ സഹായത്തോടെ നമുക്കങ്ങോട്ടു പോകാനാവില്ല. ഈ ഭൗതികലോകത്തിലെ മറ്റു ഗ്രഹങ്ങളിലേയ്ക്കു പോലും നമുക്ക് യന്ത്രങ്ങൾ ഉപയോഗിച്ച് ചെന്നെത്താൻ കഴിയില്ല. ആദ്യം നമ്മെ നാം അതിനായി ഒരുക്കണം. ഇപ്പോൾ നമ്മൾ ബദ്ധാത്മാക്കളാണ്. ഈ ബദ്ധാവസ്ഥയിൽ നിന്നു മുക്തരായാൽ ഇഷ്ടമുള്ള ഗ്രഹത്തിലേയ്ക്കു ചെല്ലാം. ഭഗവദ്ഗീതയിൽ കൃഷ്ണൻ പറയുന്നു (9.25):
യാന്തി ദേവവ്രതാ ദേവാൻ പിതൃൻ യാന്തി പിതൃവ്രതാഃ ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോളപി മാം
“ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാരേയും പിതൃപൂജകർ പിതൃക്കളേയും പ്രാപിക്കുന്നു. ഭൂതപ്രേതാദികളെ ഉപാസിക്കുന്നവരാകട്ടെ, അവരെ പ്രാപിക്കുന്നു. എന്നെ ആരാധിക്കുന്നവർ എന്നെ പ്രാപിക്കുന്നു.”
വരും ജന്മത്തിൽ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലെത്താൻ സ്വയം ഒരുങ്ങുകയെന്നതാണ് ശരിയായ വിദ്യാഭ്യാസം. യോഗാഭ്യാസം പരിശീലിക്കുന്നതും ജ്ഞാനമാർജ്ജിക്കുന്നതും ഭക്തിയോഗം പിന്തുടരുന്നതുമൊക്കെ മെച്ചപ്പെട്ട ജീവിതം ലഭിക്കാനാണ്. ഏറ്റവും നല്ല ജീവിതം കൃഷ്ണലോകത്തിലാണുള്ളത്. കൃഷ്ണൻ പറയുന്നതുപോലെ ‘യദ് ഗത്വാ ന നിവർത്തന്തേ തദ്ധാമ പരമം മമ’ – എൻ്റെ ധാമത്തിൽ വന്ന് എന്നെ പ്രാപിച്ചാൽ പിന്നെ അവനൊരിക്കലും ജനനമരണചക്രത്തിലേക്ക് മടങ്ങേണ്ടിവരില്ല.
അങ്ങനെ ഏറ്റവും പരമപദമായ കൃഷ്ണലോകത്തിൽ എല്ലാവർക്കും എത്തിച്ചേരാൻ വഴിയുണ്ടാക്കുകയെന്നതാണ് കൃഷ്ണണാവബോധപ്രസ്ഥാനത്തിൻ്റെ ലക്ഷ്യം. അപ്പോൾപ്പിന്നെ ഈ പ്രപഞ്ചത്തിലെ ഈ ഭൂമിയിലോ മറ്റൊരു ഗ്രഹത്തിലോ തിരിച്ചുവരേണ്ടിവരില്ല. യന്ത്രസഹായത്താലോ, തപം ചെയ്തോ ഏതു ഭൗതിക ഗ്രഹത്തിൽ ചെന്നാലും ജനനമരണരോഗവാർദ്ധക്യങ്ങൾ എന്ന നാലു ദുരിതങ്ങളിൽ നിന്നു നമുക്കു മോചനമില്ല. കൃഷ്ണലോകത്തിൽ, പക്ഷേ, അവയില്ല.
ഈ വിവാഹച്ചടങ്ങ് ഭോഗസുഖങ്ങൾക്കായിട്ടല്ല നടത്തുന്നത്. കൃഷ്ണാവബോധത്തിൽ പരസ്പരം സഹായമാകാനാണ് നാമിതു നടത്തുന്നത്. ഭർത്താവ് ഭാര്യയേയും മറിച്ചും സഹായിക്കണം. അങ്ങനെ വന്നാൽ ഇരുവരും കൃഷ്ണാവബോധത്തിൽ മുന്നേറുകയും അവരുടെ ജന്മം പരിപൂർണ്ണമാവുകയും ചെയ്യും. വിവാഹമോചനമോ വേർപിരിയലോ അവിടെയുണ്ടാവില്ല. ഇന്ദ്രിയസുഖാനുഭവത്തിനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. ആധുനിക പരിഷ്കൃതസമൂഹത്തിൽ സുഖാനുഭവത്തിന് എന്തെങ്കിലുമൊരു തടസ്സമുണ്ടായാൽ അവിടെ ഉടനെ വേർപിരിയലായി, വിവാഹമോചനമായി.
വധുവും വരനും ഓർക്കേണ്ട ഒരു കാര്യമുണ്ട്. ജീവിതത്തിൻ്റെ ഏതവസ്ഥയിലും അവർ ഒന്നിച്ചായിരിക്കണം. കൃഷ്ണാവബോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് സാധിക്കും. അല്ലെങ്കിൽ മായ പലവിധത്തിൽ ആക്രമിക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇരുവർക്കും വെവ്വേറെ ചെയ്യാൻ വേണ്ടത്ര കടമകൾ ഉണ്ട്. വേണ്ടതുപോലെ അവ നിർവ്വഹിച്ചാൽ ഈ ജന്മത്തിൽ മാത്രമല്ല വരുംജന്മത്തിലും സന്തോഷമുണ്ടാവും. എല്ലാവരും സുഖമായിരിക്കട്ടെ എന്നാണ് വൈദികദൗത്യം. സന്തോഷമില്ലെങ്കിൽ നമുക്കു കൃഷ്ണാവബോധം പരിശീലിക്കാൻ സാധിക്കില്ല.
ദീക്ഷാപ്രക്രിയ ആരംഭിക്കുമ്പോൾ നമ്മൾ ഈ മന്ത്രം ജപിക്കണം.
ഓം അപവിത്രോ പവിത്രോ വാ സർവ്വാവസ്ഥാം ഗതോപി വാ യഃ സ്മരേത് പുണ്ഡരീകാക്ഷം സ ബാഹ്യാഭ്യന്തരഃ ശുചിഃ ശ്രീ വിഷ്ണുഃ ശ്രീവിഷ്ണുഃ ശ്രീവിഷ്ണു
ഇതൊരു പവിത്രീകരണ മന്ത്രമാണ്. ഭൗതികലോകത്തിൽ നാമൊക്കെയും അശുദ്ധരാണ് (അപവിത്രഃ). പക്ഷേ, കൃഷ്ണനെ സ്മരിക്കൽ കൊണ്ടു മാത്രം നമുക്ക് ശുദ്ധരാവാം (ശുചിഃ). അതിനാൽ ഈ ദീക്ഷാസ്വീകാരം നിങ്ങളെ സദാ കൃഷ്ണസ്മരണ പുലർത്താൻ പഠിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഏറ്റവും നല്ല വഴി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്നു ജപിക്കലാണ്. ഇതു ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുമ്പോൾ നാം ഉടനടി കൃഷ്ണനെ സ്മരിക്കുന്നു. അദ്ദേഹം ഗീതയിലൂടെ തന്ന നിർദ്ദേശങ്ങൾ ഓർക്കുന്നു. അദ്ദേഹത്തിൻ്റെ രൂപം, നാമം, ഗുണങ്ങൾ, ലീലകൾ എല്ലാമെല്ലാം ഓർക്കുന്നു.
ഹരേകൃഷ്ണമന്ത്രജപത്തിലൂടെ കൃഷ്ണനെ സ്മരിക്കാൻ നാം പരിശീലിക്കണം. അപ്പോൾ നാം സദാ പരിശുദ്ധരായി ഭവിക്കും. കൃഷ്ണനെ മറക്കുന്ന നിമിഷം നാം മലിനരായിത്തീരാൻ സാദ്ധ്യതയുണ്ടാകും. മഹാവ്യാധികൾ പരക്കുമ്പോൾ ആരോഗ്യപ്രവർത്തകർ വന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകാറില്ലേ? അത് ലഭിച്ചാൽ നമുക്കു രോഗം പിടിപെടുകയില്ല.
ഈ ലോകം മുഴുവൻ മഹാവ്യാധി പരന്നിരിക്കുകയാണ്. മായ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു. അതിനാൽ നാം ഹരേകൃഷ്ണമന്ത്രജപമെന്ന പ്രതിരോധകുത്തിവെയ്പ്പ് എടുക്കണം. ഭക്തിവിനോദഠാക്കൂർ എഴുതിയ ഒരു ഗാനത്തിൽ ശ്രീചൈതന്യമഹാപ്രഭു പറയുന്നു,
ഏനേച്ചി ഔഷധി മായാ നാശിബാരോ ലാഗി ഹരിനാമ മഹാമന്ത്ര ലാവോ തുമി മാഗി
“മായയുടെ രോഗം മാറ്റാനുള്ള ഔഷധം, ഈ ഹരേ കൃഷ്ണമഹാമന്ത്രം, ഞാനിതാ കൊണ്ടുവന്നിരിക്കുന്നു. സ്വീകരിച്ചാലും.” മായയുടെ ആക്രമണത്തെ ചെറുക്കാനും എതിർക്കാനും നമ്മെ സഹായിക്കാൻ ചൈതന്യമഹാപ്രഭു തന്ന ഏറ്റവും വലിയ സംഭാവനയാണ് ഹരേകൃഷ്ണ ജപം.
എല്ലാവരും മായയുടെ സ്വാധീനത്തിൽ പെട്ടുപോകുന്നവരാണ്. “ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാഃ”. ത്രിവിധ പ്രകൃതിഗുണങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ് ജനങ്ങൾ. ആവർത്തിച്ച് ജന്മങ്ങൾ സ്വീകരിക്കാനിടയാക്കുന്ന ഈ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ കൃഷ്ണസ്മരണയാണ് ആവശ്യം (യഃ സ്മരേത് പുണ്ഡരീകാക്ഷം). ഹരേകൃഷ്ണ മന്ത്രം ജപിച്ചാൽ നിങ്ങൾ കൃഷ്ണനെ സ്മരിക്കാൻ നിർബന്ധിതരാകും. എത്രത്തോളം ഭഗവാനെ സാക്ഷാത്കരിക്കാം. മെല്ലെ മെല്ലെ കൃഷ്ണനെന്ന വാക്ക് ഉച്ചരിക്കുമ്പോഴേ നിങ്ങൾ കൃഷ്ണനെയല്ലാതെ മറ്റൊന്നും കാണുകയില്ല. കൃഷ്ണജ്ഞാനം നേടിയ ഒരുവന് കൃഷ്ണന്റെ ശക്തി പല മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്നുവെന്നറിയാം. അതിനാൽ അവന് പ്രപഞ്ചദർശനവും പ്രപഞ്ചസ്നേഹവും ലഭിക്കുന്നു. കൃഷ്ണനെ സ്നേഹിക്കുന്നവന് പ്രപഞ്ചത്തോടു മുഴുവൻ സ്നേഹമുണ്ടാകുന്നു. അല്ലാതെയുള്ള പ്രപഞ്ചസ്നേഹം അധരവ്യായാമം മാത്രമാണ്.
കൃഷ്ണനെ സ്മരിക്കുന്നവൻ ഏതവസ്ഥയിലും പരിശുദ്ധനായി നിലകൊള്ളും. അതെത്ര നല്ല കാര്യമാണ്! ഗൗരവത്തോടെ കൃഷ്ണാവബോധം ഉൾക്കൊള്ളാൻ ശ്രമിക്കുക. ജീവിതം തന്നെ ഉദാത്തമായിത്തീരും. ഇപ്പോഴത്തെ അവസ്ഥ എന്തുമായിക്കോട്ടേ, കൃഷ്ണാവബോധം സ്വീകരിക്കൂ. ജീവിതം ഉദാത്തതയിലേയ്ക്ക് ഉയരും.
നന്ദി, ഹരേകൃഷ്ണ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆