നിഗമകൽപതരോർ ഗളിതം ഫലം
ശുകമുഖാദ് അമൃതദ്രവ സംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാ ഭുവി ഭാവുകാഃ
വിവർത്തനം
“അല്ലയോ ചിന്താശേഷിയുള്ള വ്യക്തികളേ, ശ്രീമദ് ഭാഗവതം വൈദികസാഹിത്യമാകുന്ന വൃക്ഷത്തിൻ്റെ പരിപക്വമായ ഫലമാണ് എന്നറിഞ്ഞാലും. അത് ശുകദേവ ഗോസ്വാമിയുടെ അധരങ്ങളിൽ നിന്നാണ് ബഹിർഗമിച്ചത്. ആകയാൽ ഈ അമൃതു നിറഞ്ഞ ഫലം മുക്താത്മാക്കൾക്ക് കൂടുതൽ ആസ്വാദ്യമാണ്.” (ശ്രീമദ് ഭാഗവതം 1.1.3)
ശ്രീല പ്രഭുപാദർ :
അതായത് ശ്രീമദ് ഭാഗവതം വൈദികസാഹിത്യത്തിന്റെ പരിപക്വമായ ഫലമാണ്. നിഗമകൽപതരു. കൽപതരു. ഈ ഭൗതികലോകത്തിൽ കൽപതരുവിന്റെ അനുഭവം നമുക്കില്ല, പക്ഷേ ആത്മീയലോകത്തിൽ കൽപതരുവുണ്ട്. ‘കൽപ’ എന്നാൽ ആഗ്രഹം, ‘തരു’ എന്നാൽ വൃക്ഷം. ഇവിടെ മാവിൽ നിന്ന് മാമ്പഴം മാത്രമേ ലഭിക്കുകയുള്ളൂ, മറ്റൊന്നും ലഭിക്കുകയില്ല. പക്ഷേ കൽപതരുവിൽ…. കൽപതരുവിന്റെ വർണന ബ്രഹ്മസംഹിതയിലുണ്ട്.
ചിന്താമണി പ്രകര സദ്മസു കൽപവൃക്ഷ
ലക്ഷാവ്യതേഷു സുരഭീർ അഭിപാലയന്തം
ലക്ഷ്മീസഹസ്ര ശത സംഭ്രമ സേവ്യമാനം
ഗോവിന്ദം ആദിപുരുഷം തമഹം ഭജാമി
(ബ്രഹ്മസംഹിത 5.29)
ഇതാണ് കൃഷ്ണൻ്റെ ലോകം. ആഗ്രഹം ചിന്താമണിരത്നം കൊണ്ടു നിർമ്മിതമാണ്. നമുക്ക് ഈ ചിന്താമണിരത്നത്തെക്കുറിച്ചുള്ള അറിവില്ല, പക്ഷേ ആ രത്നം കൊണ്ട് ഇരുമ്പിനെ സ്പർശിച്ചാൽ അത് സ്വർണമാകും. അതായത് ആത്മീയലോകത്തിലും ഇതുപോലെയുള്ള വീടുകളുണ്ട്, മരങ്ങളുണ്ട്, പശുക്കളുണ്ട്, ഗോപികളുണ്ട്, കൃഷ്ണനുണ്ട്. അവരുടെ വർണനകൾ ബ്രഹ്മസംഹിതയിൽ നൽകപ്പെട്ടിരിക്കുന്നു. നാമെന്തോ കലാപരമായി സങ്കൽപ്പിച്ച് കൃഷ്ണനെ സൃഷ്ടിച്ചു എന്ന് ചിന്തിക്കരുത്. അല്ല. അതിന് ശാസ്ത്രീയമായ ആധികാരികതയുണ്ട്, അതാണ് ബ്രഹ്മസംഹിത.
ബ്രഹ്മസംഹിതയിൽ കൃഷ്ണൻ്റെ യഥാർത്ഥധാമത്തെക്കുറിച്ചുള്ള വ്യക്തമായ പ്രതിപാദ്യമുണ്ട്. ഇതും കൃഷ്ണൻ്റെ ധാമമാണ്. പക്ഷേ ഇവിടെ നാം കൃഷ്ണനെ വിസ്മരിച്ചിരിക്കുന്നതിനാൽ ഈ സ്ഥലത്തെ ഭൗതികമായി കാണുന്നു. രാജാവ് എല്ലായിടത്തിൻ്റേയും അധിപനാണ് എന്നതുപോലെതന്നെ കൃഷ്ണൻ ഉടമസ്ഥനാണ്. ‘സർവലോകമഹേശ്വരം’ എന്ന് കൃഷ്ണൻ ഭഗവദ് ഗീതയിൽ പറയുന്നു.
ഭോക്താരം യജ്ഞതപസാം സർവലോകമഹേശ്വരം
സുഹൃദം സർവഭൂതാനാം ജ്ഞാത്വാ മാം ശാന്തിമച്ഛതി
(ഭഗവദ് ഗീത 5.29)
സുഖവും ശാന്തിയും വേണമെന്നാഗ്രഹിക്കുന്നവർ ഈ മൂന്നു കാര്യങ്ങൾ അറിഞ്ഞിരിക്കണം. എന്താണത്? കൃഷ്ണൻ എല്ലാറ്റിൻ്റേയും ആസ്വാദകനാണ് എന്ന്. ഭോക്താരം യജ്ഞതപസാം സർവലോകമഹേശ്വരം എന്ന് കൃഷ്ണൻ പറയുന്നു. നിങ്ങൾക്ക് യജ്ഞം നടത്താം, തപസ്യ ചെയ്യാം, വ്രതമനുഷ്ഠിക്കാം, പക്ഷേ അവയുടെ ഫലം ആസ്വദിക്കുന്നത് കൃഷ്ണനായിരിക്കണം. അതാണ് കൃഷ്ണാവബോധം. “ഞാൻ കഠിനാദ്ധ്വാനം ചെയ്യുന്നു. ധാരാളം പണം സമ്പാദിക്കുന്നു” എന്ന അവബോധം ഉണ്ടാകുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് “എനിക്ക് ആസ്വദിക്കണം. മറ്റുള്ളവർ എന്തിനാസ്വദിക്കണം?” എന്നാണ്.
അത് വളരെ ഭൗതികമായ ചിന്താഗതിയാണ്. പക്ഷേ നാം അവബോധത്തെ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ്. കൃഷ്ണാവബോധപ്രസ്ഥാനമെന്നാൽ, നിങ്ങൾ എത്ര വേണമെങ്കിലും സമ്പാദിച്ചുകൊള്ളുക, പക്ഷേ അതാസ്വദിക്കുന്നത് കൃഷ്ണനായിരിക്കണം, നിങ്ങളല്ല. അതാണ് കൃഷ്ണാവബോധം. കൃഷ്ണാവബോധം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നല്ല. മാറ്റേണ്ടത് അക്കൗണ്ട് മാത്രമാണ്. കർമികൾ രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യുന്നു. ആത്യന്തികമായ ലക്ഷ്യം ആസ്വാദനമാണ്, തൻ്റെ ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്തുക. അതിനാണവർ കഠിനാദ്ധ്വാനം ചെയ്യുന്നത്. ആകയാൽ ഭാഗവതം പറയുന്നു:
നായം ദേഹോ ദേഹ ഭാജാം നൃലോകേ
കഷ്ടാൻ കാമാൻ അർഹതേ വിദ്ഭുജാം യേ
തപോ ദിവ്യം പുത്രകാ യേന സത്ത്വം
ശുദ്ധദ് യസ്മാദ് ബ്രഹ്മസൗഖ്യം ഹ്യനന്തം
(ശ്രീമദ് ഭാഗവതം 5.5.1)
“ഇന്ദ്രിയപ്രീതിക്ക് മാത്രമായി അവർ കഠിനാദ്ധ്വാനം ചെയ്യരുത്, കാരണം അത് നായകൾക്കും പന്നികൾക്കും പോലും ലഭ്യമാണ്.”
കൃഷ്ണനാണ് ഭോക്താവ്
ആകയാൽ കൃഷ്ണാവബോധമെന്നാൽ അക്കൗണ്ട് മാറ്റുക എന്നതാണ്. ഇന്ദ്രിയപ്രീതിക്കല്ല. കാരണം യഥാർത്ഥ ഉടമസ്ഥൻ കൃഷ്ണനാണ്. ഞാനാണ് ഉടമസ്ഥൻ, ഞാനാണ് ആസ്വാദകൻ എന്ന് ചിന്തിക്കുന്നത് മായയാണ്. അതാണ് മായ. ജനസ്യ മോഹോ/യം അഹം മമേതി (ശ്രീമദ് ഭാഗവതം 5.5.8) ചിന്താമണിധാമത്തിൽ, കൃഷ്ണന്റെ ധാമത്തിൽ എല്ലാമുണ്ട്, പക്ഷേ അക്കൗണ്ട് വ്യത്യസ്തമാണ്. അതാണ് ആത്മീയലോകം. ഇവിടെ അക്കൗണ്ട് വേറെയാണ്. എല്ലാം ഇവിടെയുണ്ട്, പക്ഷേ എല്ലാവരും സ്വന്തം ആസ്വാദനമാണ് ലക്ഷ്യമിടുന്നത്. ഇവിടെ മത്സരമാണ്. ഞാൻ ആസ്വാദകനാണ്, നിങ്ങൾ ആസ്വാദകനാണ്. അതുകൊണ്ട് മത്സരമുണ്ട്. വ്യക്തിതലത്തിൽ, ഒരാളും മറ്റൊരാളും തമ്മിൽ, കുടുംബവും കുടുംബവും തമ്മിൽ, സമൂഹവും സമൂഹവും തമ്മിൽ, രാജ്യവും രാജ്യവും തമ്മിൽ, എപ്പോഴും മത്സരമാണ്. പക്ഷേ കൃഷ്ണാവബോധമുണ്ടാകുമ്പോൾ ഈ മത്സരം ഉടൻ ഇല്ലാതാകും. “ഉടമസ്ഥൻ ഞാനല്ല, ഞങ്ങളല്ല, കൃഷ്ണനാണ് ഉടമസ്ഥൻ, അത്രമാത്രം.” അതാണ് ശാന്തിയുടെ അർത്ഥം.
മനസ്സിലാക്കേണ്ട മൂന്നു കാര്യങ്ങൾ
ഭോക്താരം യജ്ഞതപസാം സർവലോകമഹേശ്വരം – സുഹൃദം സർവഭൂതാനാം….
ഈ മൂന്നു കാര്യങ്ങൾ നാം യഥാവിധി മനസ്സിലാക്കണം, കൃഷ്ണനാണ് പരമാസ്വാദകൻ, ‘ഭോക്താ’. അദ്ദേഹം സുഹൃത്തുമാണ്. ‘ഈശ്വരസർവഭൂതാനാം ഹൃദ്ദേശ അർജ്ജുനതിഷ്ഠതി’ – കൃഷ്ണൻ അത്രയും നല്ല സുഹൃത്താണ്. (ഭഗവദ് ഗീത 18.61) കൃഷ്ണൻ അഥവാ പരമപുരുഷഭഗവാൻ സുഹൃത്തായി എല്ലാവരുടേയും ഹൃദയത്തിൽ വിരാജിക്കുന്നു. അത് ഉപനിഷത്തുക്കളിൽ പറഞ്ഞിരിക്കുന്നു. ഒരു വൃക്ഷത്തിൽ സുഹൃത്തുക്കളായ രണ്ടു പക്ഷികൾ ഇരിക്കുന്നു. ഒരു പക്ഷി വൃക്ഷത്തിൻ്റെ ഫലം ഭക്ഷിക്കുന്നു, മറ്റേ പക്ഷി സാക്ഷിയായി മാത്രം നിലകൊള്ളുന്നു. അവിടുന്ന് സുഹൃത്താണ്, ഏറ്റവും ഉന്നതനായ സുഹൃത്താണ്, അല്ലാതെ സുഹൃത്തെന്നു വിശേഷിപ്പിക്കപ്പെടുന്ന ആളല്ല. യഥാർത്ഥത്തിൽ അവിടുന്നാണ് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത്. അവിടുന്ന് എപ്പോഴും നമ്മെ സ്വഗൃഹത്തിലേക്ക്, ഭഗവദ്ധാമത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. അദ്ദേഹം നമ്മുടെ ഹൃദയത്തിൽ വിരാജിക്കുക മാത്രമല്ല, കൃഷ്ണനായും അവതരിക്കുന്നു.
യദാ യദാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം
(ഭഗവദ് ഗീത 4.7)
ഭഗവാൻ വരുന്നു, പരസ്യം ചെയ്യുന്നു. എന്താണ് ആ പരസ്യം? സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ “എന്തിനാണ് നിങ്ങൾ ഇത്രയധികം കർമങ്ങളിലേർപ്പെടുന്നത്? എന്നെ ശരണം പ്രാപിച്ചാൽ മാത്രം മതി.” അഹം ത്വാം സർവപാപേഭോ മോക്ഷയിഷ്യാമി.
പക്ഷേ നാമെല്ലാവരും ഭൗതികതയിൽ അത്യധികം വ്യാപൃതരായിരിക്കുന്നതിനാൽ കൃഷ്ണൻ്റെ ഉപദേശം സ്വീകരിക്കുന്നില്ല. ആകയാൽ കൃഷ്ണൻ മഹദ്ഭക്തനായി, ചൈതന്യമഹാപ്രഭുവായി വീണ്ടും വരുന്നു. “എന്നെ ശരണം പ്രാപിക്കുക” എന്ന് കൃഷ്ണൻ പറഞ്ഞു. അതേ കൃഷ്ണൻ ഭക്തനായി വന്നു. ഭക്താഖ്യാം ഭക്താവതാരം നമാമി ഭക്തശക്തികം.
പഞ്ചതത്ത്വാത്മകം കൃഷ്ണം ഭക്ത രൂപ സ്വരൂപകം
ഭക്താവതാരം ഭക്താഖ്യാം നമാമി ഭക്തശക്തികം
ഇതു ചൈതന്യമഹാപ്രഭുവിനെ പ്രാർത്ഥിക്കുന്ന ശ്ലോകമാണ്.
അതായത് കൃഷ്ണണൻ എപ്പോഴും പരിശ്രമിക്കുകയാണ്. അവിടുന്ന് സ്വയം ഭഗവാനാണ്, പരമപുരുഷനാണ്, അവിടുന്ന് സ്വയം ഭക്തനായി അവതരിക്കുന്നു. സദാ ആനന്ദം നിറഞ്ഞുനിൽക്കുന്ന, കൽപവൃക്ഷങ്ങളുള്ള ‘ചിന്താമണിപ്രകരസദ്മസു കൽപവൃക്ഷ’ത്തിലേക്ക് നാം ചെല്ലുന്നതിനായി ഭഗവാൻ തൻ്റെ പ്രതിനിധികളെ അയക്കുന്നു. അവർ പ്രചാരണം നടത്തുന്നു. ആകയാൽ വൈദികസാഹിത്യം…
വേദാന്തത്തിന്റെ പൊരുൾ
വൈദികസാഹിത്യത്തിൻ്റെ ഉദ്ദേശ്യമെന്താണ്? വേദമെന്നാൽ ജ്ഞാനം എന്നർത്ഥം. വേത്തി വേദ വിദോ ജ്ഞാനം. എന്തിൽ നിന്ന് ജ്ഞാനം ലഭിക്കുന്നുവോ അതാണ് വേദം. ആകയാൽ വേദങ്ങളിൽ നിന്ന് പരമമായ ജ്ഞാനം ആർജ്ജിക്കണം. അതിനെ വേദാന്തമെന്ന് പറയുന്നു. വേദാന്തമെന്നാൽ…. പലവിധത്തിലുള്ള ജ്ഞാനമുണ്ട്, പക്ഷേ പരമമായ ജ്ഞാനം എന്താണ്? അതാണ് വേദാന്തം. പരമമായ ജ്ഞാനമെന്നാൽ പരമപുരുഷനെക്കുറിച്ച് ആരായുക എന്നതാണ്.
നമുക്ക് അറിവു ലഭിക്കുന്നുണ്ട്….നാം അന്വേഷിക്കാറുണ്ട്, “ഇന്നത്തെ പത്രമെവിടെ? എന്തെല്ലാം സംഭവങ്ങളുണ്ടായി?” അതും അറിവു തന്നെയാണ്. പക്ഷേ അത് പരമമായ അറിവല്ല. പരമമായ അറിവ് കൃഷ്ണനാണ്. ആകയാൽ കൃഷ്ണൻ ഭഗവദ് ഗീതയിൽ പറയുന്നു, ‘വേദൈസ് ച സർവൈർ അഹമേവ വേദ്യഃ’ (ഭഗവദ് ഗീത 15.15) പരമമായത്…..വേദാന്തമെന്നാൽ പരമോന്നതമായ നിരപേക്ഷ തത്ത്വത്തെ മനസ്സിലാക്കുന്നതാണ്. വേദൈസ് ച സർവൈർ അഹം ഏവ വേദ്യഃ.
സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ മത്തഃ സ്മൃതിർ ജ്ഞാനം അപോഹനം ച
വേദൈസ് ച സർവൈർ അഹം ഏവ വേദ്യോ വേദാന്തകൃത്വേദവിദേവ ചാഹം
(ഭഗവദ് ഗീത 15.15)
വേദാന്തികളെന്ന് പറയപ്പെടുന്നവരുടെ പുറകേ ആളുകൾ പോകുന്നു, പക്ഷേ വേദാന്തികൾക്ക് കൃഷ്ണനെ അറിയില്ല. പക്ഷേ യഥാർത്ഥ വേദാന്തിക്ക് കൃഷ്ണനെ അറിയാം. ആകയാൽ കുറച്ചു കാലങ്ങൾക്ക് മുൻപ് ചില വൈഷ്ണവർ എനിക്ക് ‘ഭക്തിവേദാന്ത’ എന്ന സ്ഥാനപ്പേർ നൽകി. ഭക്തിവേദാന്തമെന്നാൽ വേദാന്തത്തിൻ്റെ പരമസാക്ഷാത്ക്കാരം ഭക്തിയാണ് എന്നാണ്, അല്ലാതെ അവ്യക്തിഗതവാദമല്ല.
നിഗമകൽപതരോർ ഗളിതം ഫലം എന്നിവിടെ പ്രതിപാദിച്ചിരിക്കുന്നു. വേദങ്ങളുടെ രത്നച്ചുരുക്കമാണ് വേദാന്തസൂത്രം. നിങ്ങൾ വേദാന്തസൂത്രമെന്ന് കേട്ടിട്ടുണ്ടാകും. ശ്രീമദ് ഭാഗവതം വേദാന്തസൂത്രത്തിൻ്റെ വിശദീകരണമാണ്. ആകയാൽ ശ്രീമദ് ഭാഗവതത്തിൻ്റെ തുടക്കത്തിൽ തന്നെ, വേദാന്തസൂത്രത്തിൻ്റെ ആദ്യത്തെ സൂത്രം ‘ജന്മാദ്യസ്യ യഥാ’ ഉൾപ്പെടുത്തിയിരിക്കുന്നു. (ശ്രീമദ് ഭാഗവതം 1.1.1)
വേദാന്തസൂത്രത്തിൽ ആദ്യം ഉദ്ധരിക്കുന്നത്, അഥാതോ ബ്രഹ്മജിജ്ഞാസ എന്നാണ്. “ഇപ്പോൾ ബ്രഹ്മത്തെക്കുറിച്ച്, പരമസത്യത്തെക്കുറിച്ച് ആരായുക.” ഇതാണ് മനുഷ്യൻ്റെ നിർദ്ദിഷ്ടദൗത്യം. കാരണം മനുഷ്യശരീരമല്ലാത്ത മറ്റു തരം ശരീരങ്ങളിൽ നാം ശാരീരികാവശ്യങ്ങൾക്കായി മാത്രം വെറുതെ സമയം കളയുകയായിരുന്നു, ആഹാരനിദ്രാഭയമൈഥുനം.
ആഹാരനിദ്രാഭയമൈഥുനം ച സാമാന്യം ഏതത് പശുഭിർ നരാണാം
ശാരീരികമായ ആവശ്യങ്ങൾ – മൃഗങ്ങൾക്കും ശാരീരികമായ ആവശ്യങ്ങളുണ്ട്. ആഹാരം, നിദ്ര, ഭയം അഥവാ ആത്മരക്ഷ, പിന്നെ മൈഥുനം. നായകൾക്കും പൂച്ചകൾക്കുമെല്ലാം മേൽപ്പറഞ്ഞ അതേ ആവശ്യങ്ങളുണ്ട്, മനുഷ്യർക്കുമുണ്ട്. അൽപം പരിഷ്ക്കാരമുണ്ടായിരിക്കാം, പക്ഷേ പ്രക്രിയ ഒന്നുതന്നെയാണ്. അപ്പോൾ മനുഷ്യജീവിതത്തിന്റെ അധികദൗത്യമെന്താണ്? ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നീ നാലു കാര്യങ്ങളിൽ മാത്രം മുഴുകിയിരുന്നാൽ മനുഷ്യനും നായയും തമ്മിലെന്താണ് വ്യത്യാസം? ഒരു വ്യത്യാസവുമില്ല. ‘അഥാതോ ബ്രഹ്മജിജ്ഞാസ’ മാത്രമാണ് വ്യത്യാസം. മനുഷ്യന് ഈ ക്ഷേത്രത്തിൽ വന്ന് കൃഷ്ണനെക്കുറിച്ചോ നിരപേക്ഷസത്യത്തെക്കുറിച്ചോ ആരായാം. അതാണ് വ്യത്യാസം.
അതുകൊണ്ട് ഈ കൃഷ്ണാവബോധപ്രസ്ഥാനം എല്ലാവർക്കും ബ്രഹ്മത്തെക്കുറിച്ച് ആരായാനുള്ള അവസരം നൽകുകയാണ്. അഥാതോ ബ്രഹ്മജിജ്ഞാസ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൃഷ്ണാവബോധത്തിലെ എല്ലാ പ്രവർത്തനങ്ങളും ‘വേദാന്ത’ ജീവിതമാണ്. വേദാന്തജീവിതം. കൃഷ്ണനെക്കുറിച്ച്, നിരപേക്ഷസത്യത്തെക്കുറിച്ച് ആരായുന്ന എല്ലാവരും…..നിരപേക്ഷസത്യത്തെക്കുറിച്ച് ആരായുന്നതിൻ്റെ വ്യത്യസ്ത തലങ്ങളുണ്ട്. അതും ശ്രീമദ് ഭാഗവതത്തിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.
വദന്തി തത് തത്ത്വ വിദസ് തത്ത്വം യജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി ഭഗവാൻ ഇതി ശബ്ദ്യതേ
(ശ്രീമദ് ഭാഗവതം 1.2.11)
നിരപേക്ഷസത്യം ഒന്നാണ്, പക്ഷേ നമ്മുടെ സാക്ഷാത്ക്കാരമനുസരിച്ച് ചിലർ നിരപേക്ഷസത്യത്തെ അവ്യക്തിഗതബ്രഹ്മമായും, മറ്റു ചിലർ പരമാത്മാവായും, ചിലർ നിരപേക്ഷസത്യത്തെ പരമപുരുഷഭഗവാനായും, കൃഷ്ണൻ അഥവാ വിഷ്ണുവായും കാണുന്നു. അതായത് കൃഷ്ണാവബോധപ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം നിരപേക്ഷ സത്യത്തെ ആത്യന്തികമായി മനസ്സിലാക്കുക എന്നതാണ്. നിരപേക്ഷസത്യം പരമപുരുഷനാണെന്ന് മനസ്സിലാക്കണം.
ശുദ്ധസത്വം – വാസുദേവനെ മനസ്സിലാക്കാം
ആകയാൽ ശ്രീമദ് ഭാഗവതം പരമസത്യത്തെക്കുറിച്ച് മംഗളസ്ഥിതിയിൽ തന്നെ വർണിക്കുന്നു: ‘ഓം നമോ ഭഗവതേ വാസുദേവായ’. വാസുദേവ എന്നാൽ വസുദേവപുത്രനായ കൃഷ്ണനാണ്. അവിടുന്ന് വസുദേവപുത്രനായി അവതരിച്ചു. പക്ഷേ ആത്മീയതയിൽ വസുദേവതലത്തിലെത്താതെ വാസുദേവനെ മനസ്സിലാക്കാൻ കഴിയുകയില്ല. ‘വസുദേവ’ എന്നത് ശുദ്ധസത്വത്തിന്റെ പേരാണ്. പരിശുദ്ധമായ സത്വഗുണം. മലീമസമായ സത്വമല്ല. ഭൗതിക ലോകത്തിൽ മൂന്നു തലങ്ങളുണ്ട്: സത്വം, രജസ്സ്, തമസ്സ്. തമസ്സും രജസ്സും തികച്ചും ഭൗതികമാണ്. രജസ്സിന്റേയും തമസ്സിന്റേയും ലക്ഷണം ആർത്തിയും കാമവുമാണ്. ആർത്തിക്കും കാമത്തിനും മുകളിൽ മറ്റൊരു തലമുണ്ട്, അതു വേദാന്തത്തിന്റെ തലമാണ് – എല്ലാം യഥാവിധി മനസ്സിലാകുന്ന അവസ്ഥ. അതിനെ സത്വഗുണമെന്ന് പറയുന്നു.
ശുദ്ധസത്വമെന്നാൽ ഭൗതികമായ സത്വഗുണത്തിനേയും അതിജീവിക്കണം, കാരണം ഭൗതികമായ സത്വഗുണത്തിൽ അതു രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാൽ മലിനീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ അവ ഒന്നിലൊന്ന് കലരുന്നു. ഭൗതികമായ സത്വഗുണം ശുദ്ധ ബ്രാഹ്മണനെപ്പോലെയാണ് – സത്യം ശമോ ദമസ് തിതീക്ഷ – എല്ലാ സദ്ഗുണങ്ങളോടും കൂടി: സത്യസന്ധത, ഇന്ദ്രിയനിയന്ത്രണം, മനോനിയന്ത്രണം, നിറഞ്ഞ ജ്ഞാനം, സഹനശീലത. ജ്ഞാനമെന്നാൽ പരമപുരുഷനെക്കുറിച്ചുള്ള ജ്ഞാനം. ഇവയെല്ലാം ബ്രാഹ്മണഗുണങ്ങളാണ്. പക്ഷേ ചിലയവസരങ്ങളിൽ ഈ ബ്രാഹ്മണഗുണങ്ങൾ രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാൽ മലിനീകരിക്കപ്പെടുന്നു. അതിന്റെ അനുഭവമുണ്ട്. ഇന്നത്തെ അവസ്ഥയിൽ ബ്രാഹ്മണകുടുംബത്തിലുള്ള എത്രയോ പേർ രജോതമോഗുണങ്ങളാൽ മലീമസമാക്കപ്പെട്ടിരിക്കുന്നതു കാണാൻ കഴിയും. അതായത് അതിനുള്ള സാധ്യതയുണ്ട്.
ഭൗതികമായ സത്വഗുണത്തിൽ നിന്ന് രജോതമോഗുണങ്ങളുടെ സമ്പർക്കം മൂലം വീഴ്ചയുണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ ഭൗതികതലത്തെ അതിജീവിച്ച് ആത്മീയമായ ശുദ്ധസത്വത്തിന്റെ തലത്തിലെത്തിയാൽ പിന്നീട് വീഴ്ചയുണ്ടാവുകയില്ല. അതിനെ ‘സത്വം വിശുദ്ധം വസുദേവ ശബ്ദിതം’ എന്ന് പറയുന്നു. പരിശുദ്ധമായ സത്വത്തെ ‘വസുദേവ’ എന്ന് പറയുന്നു. ആത്മീയമായ ആ തലത്തിൽ വാസുദേവനെ മനസ്സിലാക്കാം. അതായത് ആ ജീവിതാവസ്ഥയിലാണ് വാസുദേവൻ ജനിക്കുന്നത്. പക്ഷേ വാസുദേവൻ സദാ നിലകൊള്ളുന്നതിനാൽ അവിടുന്നിനെ സാക്ഷാത്ക്കരിച്ചാൽ മാത്രം മതി.
വാസുദേവ…. ഈശ്വരസർവഭൂതാനാം ഹൃദ്ദേശേ അർജ്ജുനതിഷ്ഠതി (ഭഗവദ് ഗീത 18.61) വാസുദേവൻ നിങ്ങളുടെ ഹൃദയത്തിലുണ്ട്. പരിശുദ്ധമായ അവബോധത്തിൽ, പരിശുദ്ധമായ തലത്തിൽ എത്തി അവിടുന്നിനെ സാക്ഷാത്ക്കരിക്കുകയേ വേണ്ടു.
പരിപക്വമായ ഫലം ശ്രീമദ് ഭാഗവതം
അത് ശ്രീമദ് ഭാഗവതം ചർച്ച ചെയ്യുന്നതിലൂടെ തന്നെ സാധ്യമാകും. ആകയാൽ ഇവിടെ പറഞ്ഞിരിക്കുന്നു, ‘നിഗമകൽപതരോർ ഗളിതം ഫലം ഇദം’. ഇതു വൈദികജ്ഞാനത്തിന്റെ പരിപക്വമായ ഫലമാണ്. മാത്രമല്ല, ശുകമുഖാദ് അമൃതദ്രവസംയുതം. ഈ ശ്രീമദ് ഭാഗവതം രചിച്ചത് വ്യാസദേവനാണ്. അത് ആദ്യമായി പ്രഭാഷണം ചെയ്തത് അദ്ദേഹത്തിന്റെ പുത്രനായ ശുകദേവഗോസ്വാമിയാണ്. വ്യാസദേവൻ തന്റെ ഗുരുവായ നാരദമുനിയുടെ നിർദ്ദേശപ്രകാരം ശ്രീമദ് ഭാഗവതം രചിക്കുകയും അത് തന്റെ പ്രിയപുത്രന് ഉപദേശിക്കുകയും ചെയ്തു, “ഞാൻ എഴുതുന്നു, നീ പ്രചരിപ്പിക്കുക” എന്ന്. അതാണ് വിദ്യാർത്ഥിയുടെ ചുമതല. ആദ്ധ്യാത്മികഗുരു എഴുതുന്നു, শিষ্যൻ പ്രചരിപ്പിക്കുന്നു. വിദ്യാർത്ഥിയും ഗുരുവിനെപ്പോലെ തന്നെ പരിശുദ്ധനായാൽ ഇനിയും നന്ന്. ശുകമുഖാത്. ശുകമുഖാദ് അമൃതദ്രവസംയുതം.
മറ്റൊരു വിശദീകരണം ഇങ്ങനെയാണ്. മരത്തിൽ നിന്ന് തന്നെ പഴുക്കുന്ന പഴം കൂടുതൽ മധുരമുള്ളതാണ്. പഴുക്കാത്ത പഴം മരത്തിൽ നിന്ന് പറിച്ച് വീട്ടിൽ വെച്ചു പഴുപ്പിക്കാം, പക്ഷേ അതിന് അത്ര മധുരമുണ്ടാവുകയില്ല. പക്ഷേ മരത്തിൽ നിന്ന് പഴുത്ത പഴമാണെങ്കിൽ അതു സ്വാദേറിയതായിരിക്കും. നിങ്ങൾ തീർച്ചയായും ഇതു രുചിച്ചറിഞ്ഞിട്ടുണ്ടായിരിക്കും. മാത്രമല്ല, അതൊരു തത്ത (ശുകം) കൊത്തിയതാണെങ്കിൽ വീണ്ടും സ്വാദു കൂടുന്നു. അതുപോലെ തന്നെ ഈ പഴം, വൈദികസാഹിത്യത്തിന്റെ പരിപക്വമായ പഴമാകുന്ന ശ്രീമദ് ഭാഗവതം വളരെ സ്വാദേറിയതാണ്, പക്ഷേ ശുകദേവഗോസ്വാമിയുടെ അധരങ്ങളാൽ രുചിക്കപ്പെട്ടതുകൊണ്ട് കൂടുതൽ രുചിയുള്ളതാകുന്നു. ദ്രവസംയുതം. ആകയാൽ ‘പിബത ഭാഗവതം’ എന്ന് പറയപ്പെട്ടിരിക്കുന്നു. “ഇതാ പരിപക്വമായ പഴം, ഇതു രുചിക്കുക.”, പിബത – പാനം ചെയ്യുക. പിബത ഭഗവതം രസം.
നാം ഭക്ഷിക്കുമ്പോൾ ഭക്ഷ്യവസ്തുവിന്റെ രസം അഥവാ ചാറ് രുചിക്കുന്നു. രസോഹം അപ്സു കൗന്തേയ (ഭഗവദ് ഗീത 7.8) ഭഗവദ് ഗീതയിൽ അർജുനനോട് കൃഷ്ണൻ പറയുന്നു, “അല്ലയോ കൗന്തേയ, പ്രിയപ്പെട്ട അർജുനാ, ജലത്തിന്റെ രുചി ഞാനാണ്” ദാഹിക്കുമ്പോൾ എല്ലാവരും “വെള്ളം, വെള്ളം” എന്ന് മുറവിളി കൂട്ടും. കാരണം ജലത്തിലെ രുചി നമ്മുടെ ദാഹത്തെ ഉടനടി ശമിപ്പിക്കും. നാം വസ്തുക്കളെ ആസ്വദിക്കുന്നതിന്റെ കാരണം അവയുടെ രുചിയാണ്. അതിനെയാണ് ‘രസം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. നാം ചെയ്യുന്ന എന്തിലും. ഉദാഹരണത്തിന് രാപ്പകൽ അദ്ധ്വാനിക്കുന്ന ഒരു മനുഷ്യൻ. എന്തിനാണയാൾ അദ്ധ്വാനിക്കുന്നത്? തന്റെ കുടുംബത്തെ, ഭാര്യയേയും കുഞ്ഞുങ്ങളേയും പരിപാലിക്കുന്നതിന്.
അതായത് എന്തെങ്കിലും ഒരു രുചിയില്ലെങ്കിൽ ആർക്കും രാപ്പകൽ അദ്ധ്വാനിക്കാൻ കഴിയുകയില്ല. കഠിനാദ്ധ്വാനത്തിലൂടെ കുടുംബത്തെ പരിപാലിക്കുന്നതിനും ഒരു സ്വാദുണ്ട്.
കുടുംബമില്ലാത്തവർ, കുടുംബത്തോട് സ്നേഹമില്ലാത്തവർ, കൂടുതൽ കഠിനാദ്ധ്വാനം ചെയ്യാറില്ല. അവർ ജോലി ചെയ്യാൻ താത്പര്യപ്പെടുകയില്ല. അതു സ്വാഭാവികമാണ്. ആകയാൽ വൈദികസംസ്കാരത്തിൽ കുടുംബജീവിതം ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാത്ത പക്ഷം വ്യക്തി ആശയക്കുഴപ്പത്തിലായേക്കാം, കാരണം അയാൾക്ക് കുടുംബജീവിതത്തിൽ താത്പര്യമില്ല. ആകയാൽ എല്ലാറ്റിനും അതിന്റേതായ രുചിയുണ്ട്. അതില്ലാതെ ആർക്കും ജീവിക്കാൻ കഴിയുകയില്ല.
ശ്രീമദ് ഭാഗവതം – രസമാലയം
ഇവിടെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് ശ്രീമദ് ഭാഗവതം രസമാലയം എന്നാണ്. ഈ രസം നിങ്ങൾക്ക് ജീവിതാന്ത്യം വരെ അഥവാ മോക്ഷപ്രാപ്തി വരെ ആസ്വദിക്കാവുന്ന ഒന്നാണ്. കാരണം ഈ ജീവിതം വേദനാജനകമായ ഭൗതികാസ്തിത്ത്വം ത്യജിച്ച് മുക്തി നേടുവാനുള്ളതാണ്. അതാണ് ജീവിതം. എല്ലാവരും വേദനാപൂർണമായ ഈയവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പക്ഷേ പരമോന്നതമായ ജീവിതം, വേദനകളിൽ നിന്ന് മുക്തമായ ജീവിതമെന്താണെന്ന് അവർക്കറിയില്ല. അത് മോക്ഷമാണ്. വൈദികസംസ്കാരം പൂർണമായും ഈ തത്ത്വത്തിലധിഷ്ഠിതമാണ്, എപ്രകാരം മോക്ഷം നേടി ശാശ്വതമായ ആനന്ദം അനുഭവിക്കാമെന്ന്.
രാമന്തേ യോഗിനോനന്തേ സത്യാനന്ദേ ചിദാത്മനി
ഇതി രാമ പദേനാസൗ പരം ബ്രഹ്മാഭിദീയതേ
(ചൈതന്യ ചരിതാമൃതം മദ്ധ്യലീല 9.29)
രാമ എന്ന വാക്ക് രമണ, രാം എന്ന ധാതുവിൽ നിന്ന് വരുന്നു, അതായത് ‘ആസ്വാദനം’. ഈ ഭൗതിക ലോകത്തിലും ആളുകൾ ‘രമണ’ത്തിലേർപ്പെടുന്നു, പക്ഷേ അതു മൈഥുനം മാത്രമാണ്. അത്രയേയുള്ളൂ. അതും ‘രമണം’ തന്നെ, പക്ഷേ മറ്റൊരു രമണമുണ്ട്, ‘രാമ’. നിങ്ങൾ രാമനെ ആശ്രയിച്ചാൽ, അതാണ് യഥാർത്ഥ ആനന്ദം. രമന്തേ യോഗിനഃ അനന്തേ, യോഗികളായ വ്യക്തികൾ……. ആത്മീയപരിപൂർണത കാംക്ഷിക്കുന്നവരെയാണ് യോഗികളെന്നു പറയുന്നത്. പ്രാഥമികമായ യോഗപരിശീലനമാണ് ഹഠയോഗം, അഷ്ടാംഗയോഗം. അതു പ്രാഥമികമാണ്. പ്രാഥമികമായ യോഗപ്രക്രിയയിൽ പോലും ആളുകൾക്ക് പരിപൂർണതയിലെത്താൻ കഴിയുന്നില്ല. പിന്നെ മുന്നോട്ടുള്ള പുരോഗതിയെക്കുറിച്ചെന്തു പറയാൻ. പക്ഷേ ഭക്തിയോഗപ്രക്രിയയിലേർപ്പെട്ടിരിക്കുന്ന ഭക്തിയോഗികൾ….. മാം ച യോഽവ്യഭിചാരേണ ഭക്തിയോഗേന സേവതേ. അതാണ് യോഗി. ഈ യോഗചര്യയെക്കുറിച്ച്
മാം ച യോഽവ്യഭിചാരേണ ഭക്തിയോഗേന സേവതേ
സ ഗുണാൻ സമതീതൈതാൻ ബ്രഹ്മഭൂയായ കൽപതേ
(ഭഗവദ് ഗീത 14.26)
“ഈ യോഗചര്യ നിങ്ങൾ പിൻതുടർന്നാൽ…” എന്ന് കൃഷ്ണൻ പറയുകയാണ്. എന്താണ് ഭക്തിയോഗ പ്രക്രിയ?
ശ്രവണം കീർത്തനം വിഷ്ണോഃ സ്മരണം പാദസേവനം
അർച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനം
(ആയി നൽകിയ ‘വനം’ എന്ന ഭാഗം പാദസേവനം എന്ന വാക്കിന്റെ ബാക്കിയായതിനാലും, ‘സാഖ്യം’ എന്നത് ‘സഖ്യം’ എന്നതിന്റെ അക്ഷരത്തെറ്റായതിനാലും ഇവിടെ ശരിയായി ചേർത്തിട്ടുണ്ട് – ശ്രീമദ് ഭാഗവതം 7.5.23)
ആകയാൽ, നിങ്ങൾ ഈ ഭക്തിയോഗപ്രക്രിയ പിൻപറ്റിയാൽ, അവ്യഭിചാരേണ…. അതായത് വ്യതിചലനങ്ങളില്ലാതെ, കൃത്യമായ തത്ത്വങ്ങളിൽ ഊന്നിക്കൊണ്ട്. മാം ച യ അവ്യഭിചാരേണ ഭക്തിയോഗേന സേവതേ. ഭക്തിയോഗപ്രക്രിയയെ സ്വീകരിച്ചുകൊണ്ട്, ഭഗവദ് സേവനത്തിലേർപ്പെടുന്നവർക്ക്, സഗുണാൻ സമതീതൈതാൻ ബ്രഹ്മഭൂയായ കൽപതേ (ഭഗവദ് ഗീത 14.26) ആ വ്യക്തി ഉടൻ തന്നെ ഭൗതികപ്രകൃതിയുടെ സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളെ അതിജീവിക്കുന്നു. അതിനെയാണ് മുക്തിയെന്നു പറയുന്നത്. അല്ലാതെ മുക്തിയെന്നാൽ നിങ്ങൾക്ക് അസംഖ്യം ശിരസ്സുകളും ഭുജങ്ങളും മുളയ്ക്കുമെന്നല്ല. മുക്തിയെന്നാൽ ‘സ്വരൂപേണ വ്യവസ്ഥിതി’ (ശ്രീമദ് ഭാഗവതം 2.10.6) വ്യക്തി തന്റെ യഥാർത്ഥമായ വ്യവസ്ഥാപിതനിലയിലെത്തുന്നതിനെയാണ് മുക്തിയെന്നു പറയുന്നത്. അതാണ് കൃഷ്ണാവബോധവും.
അതുകൊണ്ട് ഈ ശ്ലോകം നിർദ്ദേശിക്കുകയാണ്: ‘പിബത ഭാഗവതം രസമാലയം’ രസം ആലയം. ആലയം, ലയ, ലയ എന്നാൽ ലയിക്കുക. നാമും ഈ ഭൗതികലോകത്തിൽ ലയിച്ചിരിക്കുകയാണ്. നിങ്ങളുടെയും എന്റെയുമെല്ലാം ശരീരങ്ങൾ ഭൗതികമാണ്. പക്ഷേ ഞാൻ ആത്മാവാണ്. നിങ്ങളും ആത്മാവാണ്. നാം ഭൗതികതയിൽ ലയിച്ചിരിക്കുന്നു. പക്ഷേ ഞാൻ ആത്മാവായതിനാൽ, ഭൗതികതയിൽ ലയിച്ചിരിക്കുന്ന അവസ്ഥ എന്നെ സന്തുഷ്ടനാക്കുന്നില്ല.
ഉദാഹരണത്തിന് നിങ്ങളെ അറ്റ്ലാന്റിക് സമുദ്രത്തിൽ എടുത്തിട്ടാൽ, നിങ്ങൾ ലയിക്കും, പക്ഷേ നിങ്ങൾ ജലജീവിയല്ലാത്തതിനാൽ നിങ്ങൾക്ക് സന്തോഷമുണ്ടാവുകയില്ല. നിങ്ങൾക്ക് സന്തുഷ്ടനാകാൻ കഴിയുകയില്ല. ലയിക്കുന്നുണ്ട്. പക്ഷേ ആത്മീയജീവിതത്തിൽ ലയിക്കണം. അതാണ് ഭാഗവതം രസമാലയം.
വളരെ നന്ദി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
