പരം പദം വൈഷ്ണവമാമനന്തി തദ്
യന്നേതി നേതീത്യതദുത്സിസൃക്ഷവഃ
വിസൃജ്യ ദൗരാത്മ്യമനന്യസൗഹൃദാ
ഹൃദോപഗുഹ്യാർഹപദം പദേ പദേ
വിവർത്തനം
എല്ലാം പരമപുരുഷനായ പരമോന്നത ഭഗവാൻ വിഷ്ണുവുമായി ബന്ധപ്പെട്ട, ആ പരമ അവസ്ഥയെക്കുറിച്ച് ശരിക്കും അറിയാവുന്നവനാകയാൽ, നിരീശ്വരമായ സർവതിനെയും ഒഴിവാക്കാൻ അതീന്ദ്രിയവാദി ആഗ്രഹിക്കുന്നു. ആകയാൽ, ഭഗവാനുമായി പരിപൂർണ സ്വരൈക്യത്തിലുള്ള ഒരു പരിശുദ്ധ ഭക്തൻ ചിന്താകുഴപ്പങ്ങൾക്ക് ഹേതുവായിരിക്കുകയില്ല. ഭഗവദ് പാദപത്മങ്ങളെ സ്വഹൃദയത്തിനുള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഭഗവദ്പാദാംബുജങ്ങളെ ആരാധിക്കുന്നു.
ഭാവാർഥം
ഭഗവദ്ഗീതയിൽ ‘മദ്-ധാര’ – എന്റെ ധാമം എന്ന് നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ട്. പരമദിവ്യോത്തമപുരുഷൻ ഭഗവാൻ ശ്രീകൃഷ്ണന്റെ വീക്ഷണത്തിൽ, അനന്തമായ ആത്മീയാകാശം സ്ഥിതിചെയ്യുന്ന അവിടത്തെ ലോകങ്ങളെ വൈകുണ്ഠങ്ങൾ അഥവാ പരമദിവ്യോത്തമപുരുഷന്റെ ധാമമെന്ന് വിശേഷിപ്പിക്കുന്നു. ഭൗതികാകാശത്തിനും, അതിന്റെ ഏഴുവിധ ആവരണങ്ങൾക്കും വളരെയധികം ദൂരെയുള്ള ആ ആകാശത്ത് പ്രകാശത്തിന് സൂര്യന്റെയോ, ചന്ദ്രന്റെയോ, വൈദ്യുതിയുടെയോ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ, ഗ്രഹങ്ങളെല്ലാം സ്വയം പ്രകാശിതവും, ഭൗതിക സൂര്യന്മാരേക്കാൾ അത്യന്തം തേജസ്സുള്ളവയുമാകുന്നു. ഭഗവാന്റെ പരിശുദ്ധ ഭക്തർ പരമദിവ്യോത്തമപുരുഷനുമായി സർവഥാ ഐക്യത്തിലാണ്. ഭഗവദ്ഭക്തർ ഭഗവാനെ അവരുടെ ഏക ആശ്രയിക്കാവുന്ന മിത്രവും, അഭ്യുദയകാംക്ഷിയുമായി സർവഥാ സ്മരിക്കുന്നു. അവർ ഒരു ഐഹിക ജീവസൃഷ്ടിയെക്കുറിച്ചും, പ്രപഞ്ചനാഥനായ ബ്രഹ്മദേവനെപ്പോലും, അല്ലെങ്കിൽ ബ്രഹ്മപദവിയിലുള്ളവരെക്കുറിച്ചു പോലും ചിന്തിക്കുന്നില്ല. (ശ്രദ്ധിക്കുന്നതേയില്ല.) വൈകുണ്ഠ ലോകങ്ങളെ കാണാൻ കഴിയുന്ന അചിന്ത്യമായ ചക്ഷുരിന്ദ്രീയം (കണ്ണ്) പ്രാപ്തമാക്കാൻ അവർക്ക് (ഭഗവദ്ഭക്തർക്ക്) മാത്രമേ കഴിയൂ.
അത്തരം പരിശുദ്ധ ഭക്തർ പരമപുരുഷനായ ഭഗവാനാൽ പരിപൂർണമായി നയിക്കപ്പെടുന്നവരാകയാൽ, ബ്രഹ്മമെന്തെന്നും, ബ്രഹ്മമല്ലാത്തതെന്തെന്നുമുള്ള സംവാദത്തിൽ സമയം പാഴാക്കുന്നതിലൂടെയോ, ഭഗവാനുമായി ഏകത്വം പ്രാപിച്ചുവെന്ന് സ്വയം തെറ്റായി ധരിക്കുന്നതിലൂടേയോ, ഭഗവാന് വേറിട്ടൊരു അസ്തിത്വമില്ലെന്ന് വാദിക്കുന്നതിലൂടെയോ, ഈശ്വരനേയില്ലെന്നോ, ജീവസത്തകളെല്ലാം സ്വയം ഭഗവാനാണെന്നോ, ഭഗവാൻ സ്വയം അവതരിക്കുമ്പോൾ അദ്ദേഹം ഒരു ഭൗതിക ശരീരം കൈക്കൊള്ളുന്നുവെന്നോ ഉള്ള ആത്മജ്ഞാനപരമായ ഗ്രഹണശക്തിയെക്കുറിച്ചുള്ള കാര്യങ്ങളിൽ യാതൊരുവിധ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നില്ല. മാത്രവുമല്ല, പല അവ്യക്തമായ കാൽപ്പനിക സിദ്ധാന്തങ്ങളെയും അവർ സ്വയം ആശ്രയിക്കുകയുമില്ല. യഥാർഥത്തിൽ, അവ്യക്തമായ കാൽപ്പനിക സിദ്ധാന്തങ്ങളൊക്കെയും, അതീന്ദ്രിയ ജ്ഞാനശക്തിയിലേക്കുള്ള പ്രവർത്തനപഥത്തിലെ പലവിധ പ്രതിബന്ധങ്ങളാകുന്നു.
അവ്യക്തിഗതവാദികൾ, അല്ലെങ്കിൽ അഭക്തരുടെ സമൂഹം ഒഴികെ, സ്വയം തമെന്ന് ഭാവിക്കുന്നവരും, എന്നാൽ നിരാകാരനിൽ വിലയം പ്രാപിച്ച് മുക്തി പ്രാപിക്കാമെന്നുള്ള ആശയം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരുമായ മറ്റൊരു ഗണവുമുണ്ട്. തുറന്ന വിഷയാസക്തിയിലൂടെ അവരുടേതായ ഭക്തിയുതസേവനമാർഗം നിയമവിരുദ്ധമായി സൃഷ്ടിക്കുകയും, അവരെപ്പോലെ വിഷയികളായ, അഥവാ ദുഷ്ടചരിതരായ മറ്റുള്ളവരെ തെറ്റായി നയിക്കുകയും ചെയ്യുന്നു. വിശ്വനാഥ ചക്രവർത്തിയുടെ അഭിപ്രായത്തിൽ, ഈ എല്ലാ അഭക്തരും വിഷയികളും (കാമാസക്തരും) ദുരാത്മാക്കളുമാകുന്നു. അത്തരം അഭക്തരെയും, ക്ലിബന്മാരെയും (വിഷയികളെയും) അതീന്ദ്രിയവാദികളുടെ ശ്രേണിയിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് ശ്രീ ശുകദേവ ഗോസ്വാമിയുടെ ഈ വിശിഷ്ട ശ്ലോകം പ്രതിപാദിക്കുന്നു.
ആകയാൽ, വൈകുണ്ഠ ലോകങ്ങൾ യഥാർഥത്തിൽ, ‘പരംപദം’ എന്ന് വിശേഷിപ്പിക്കുന്ന പരമവാസസ്ഥാനമാകുന്നു. സൂര്യരശ്മികൾ സൂര്യന്റെ കിരണങ്ങളെന്നപോലെ, നിരാകാരബ്രഹ്മജ്യോതി വൈകുണ്ഠ ലോകത്തിന്റെ പ്രഭയാകയാൽ അതിനെ ‘പരംപദ’മെന്നും വിശേഷിപ്പിക്കുന്നു. ഭഗവദ്ഗീത (14.27)യിൽ ഇപ്രകാരം വ്യക്തമായി പറഞ്ഞിരിക്കുന്നു. “ഭഗവാന്റെ വ്യക്തിഗതഭാവത്തിൽ നിരാകാര ബ്രഹ്മജ്യോതി വിലയിക്കുന്നു. തന്നിമിത്തം പ്രത്യക്ഷമായും പരോക്ഷമായും സർവതും ഭഗവാനിൽ സംവേശിക്കുന്നു”. സകലതും വാനിൽനിന്നും ഉത്ഭവിക്കുന്നു. സർവം അദ്ദേഹത്തിൽ വർത്തിക്കുന്നു. മാത്രവുമല്ല, ഉന്മൂലനത്തിനു ശേഷം സകലതും അദ്ദേഹത്തിൽ മാത്രം വിലയിക്കുകയും ചെയ്യുന്നു. ആകയാൽ, അദ്ദേഹത്തിൽനിന്ന് യാതൊന്നും സ്വതന്ത്രമല്ല.
ബ്രഹ്മത്തെ ബ്രഹ്മമല്ലാത്തതിൽ നിന്നും (മായ) വേർതിരിക്കുവാൻ ഒരു ശുദ്ധഭക്തൻ, തന്റെ വിലപ്പെട്ട സമയം പാഴാക്കിക്കളയുകയില്ല. എന്തുകൊണ്ടെന്നാൽ, പരബ്രഹ്മമായ ഭഗവാൻ അദ്ദേഹത്തിന്റെ ബ്രഹ്മശക്തി സകലതിലും ഇഴചേർത്തിരിക്കുന്നുവെന്ന് ഭക്തന് നല്ലവണ്ണം അറിയാം. ആകയാൽ, സർവം ഭഗവദ് വിഭവമാണെന്ന്, അഥവാ ഭഗവാന് അധികാരപ്പെട്ടതാണെന്ന് ഭക്തൻ നോക്കിക്കാണുന്നു. എല്ലാം ഭഗവദ്സേവനത്തിൽ നിരതമാക്കാൻ ഭക്തൻ ശ്രമിക്കുന്നു. മാത്രവുമല്ല, ഭഗവദ്സൃഷ്ടിയെ കുടിലമായി അടക്കിഭരിക്കുന്നതിന് യാതൊരു പരിഭ്രമങ്ങളുമുണ്ടാക്കുന്നില്ല. ഭഗവാന്റെ അതീന്ദ്രിയപ്രേമസേവനത്തിൽ താൻ സ്വയവും, അതേപോലെ മറ്റുള്ളവരെയും വ്യാപൃതനാക്കുന്നവിധം ഭഗവദ്ഭക്തൻ ശ്രദ്ധാലുവാണ്. സകലതിലും ഭഗവാനെയും, ഭഗവാനിൽ അഖിലവും ഭക്തൻ ദർശിക്കുന്നു. ഭഗവാന്റെ അതീന്ദ്രിയ രൂപത്തെ ലൗകികമായ ഒന്നായി ധരിക്കുന്നതാണ് ദുരാത്മാക്കളുടെ കുഴപ്പങ്ങൾക്കു കാരണം.
ശ്രീമദ് ഭാഗവതം (2/2/18)
പരമപുരുഷനായ പരമോന്നത ഭഗവാൻ വിഷ്ണുവിന്റെ പരമമായ അവസ്ഥയെക്കുറിച്ചും അവിടുത്തെ ധാമമായ വൈകുണ്ഠത്തെക്കുറിച്ചുമുള്ള അതീന്ദ്രിയ ജ്ഞാനമാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്. ഭൗതികമായ എല്ലാറ്റിനെയും ഉപേക്ഷിച്ച് ഭഗവാൻ വിഷ്ണുവുമായി പരിപൂർണ സ്വരൈക്യത്തിലാകുന്ന ഒരു പരിശുദ്ധ ഭക്തൻ ചിന്താകുഴപ്പങ്ങൾക്കതീതമായി ഭഗവാന്റെ പാദപത്മങ്ങളെ സ്വന്തം ഹൃദയത്തിൽ പ്രതിഷ്ഠിച്ച് നിരന്തരം ആരാധിക്കുന്നു.
ശ്ലോക സന്ദർഭം
ഈ ശ്ലോകത്തിൽ ശ്രീ ശുകദേവ ഗോസ്വാമി പരീക്ഷിത്ത് മഹാരാജാവിനോട് സംസാരിക്കുന്നു. പരമപദത്തെക്കുറിച്ചും അതീന്ദ്രിയ ജ്ഞാനത്തെക്കുറിച്ചുമുള്ള ജ്ഞാനോദയം വിവരിക്കുന്ന സന്ദർഭത്തിൽ, ഭഗവാൻ ഹരിയുടെ പരമമായ ധാമത്തിന്റെ മഹിമകളെക്കുറിച്ചും, ഒരു പരിശുദ്ധ ഭക്തൻ ഭൗതിക ചിന്തകളെയും നിരീശ്വരവാദങ്ങളെയും പൂർണമായി വെടിഞ്ഞ് ഭഗവദ്പാദങ്ങളെ എങ്ങനെ അഭയം പ്രാപിക്കുന്നുവെന്നും ശ്രീ ശുകദേവ ഗോസ്വാമി വിശദീകരിക്കുന്നു.
വിഷയം
▪️വൈകുണ്ഠ ധാമത്തിന്റെ മഹിമ: ഭഗവാൻ ശ്രീകൃഷ്ണന്റെ ധാമമായ വൈകുണ്ഠ ലോകങ്ങൾ അനന്തമായ ആത്മീയാകാശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൗതികാകാശത്തിനും അതിന്റെ ഏഴുവിധ ആവരണങ്ങൾക്കും അപ്പുറത്തുള്ള ഈ ലോകങ്ങൾ സ്വയം പ്രകാശിതമാണ്; ഇവിടെ സൂര്യന്റെയോ, ചന്ദ്രന്റെയോ, വൈദ്യുതിയുടെയോ ആവശ്യമില്ല.
▪️ഭഗവാന്റെ പരിശുദ്ധ ഭക്തർ ഭഗവാനെ തങ്ങളുടെ ഏക മിത്രമായും അഭ്യുദയകാംക്ഷിയായും കാണുന്നു. അവർ പ്രപഞ്ചനാഥനായ ബ്രഹ്മദേവനെപ്പോലെയുള്ള ഉന്നത പദവികളിലുള്ളവരെപ്പോലും ഭഗവാന് പകരമായി ചിന്തിക്കുന്നില്ല. വൈകുണ്ഠ ലോകങ്ങളെ ദർശിക്കാനുള്ള അചിന്ത്യമായ അതീന്ദ്രിയ ദൃഷ്ടി ഇങ്ങനെയുള്ള ഭക്തർക്ക് മാത്രമാണ് സിദ്ധിക്കുന്നത്.
▪️ഭഗവാനാൽ നയിക്കപ്പെടുന്ന ഭക്തർ ബ്രഹ്മം ഏത്, ബ്രഹ്മമല്ലാത്തത് ഏത് എന്ന തർക്കങ്ങളിൽ സമയം കളയുന്നില്ല. ഭഗവാനുമായി ഭേദമില്ലെന്ന് സ്വയം തെറ്റായി ധരിക്കുകയോ, ഭഗവാന് വേറിട്ടൊരു അസ്തിത്വമില്ലെന്ന് വാദിക്കുകയോ, ജീവനത്രയും ഭഗവാനാണെന്ന് കരുതുകയോ ചെയ്യാത്തതിനാൽ അവർക്ക് യാതൊരുവിധ ആശയക്കുഴപ്പങ്ങളുമില്ല.
▪️നിരാകാര ബ്രഹ്മത്തിൽ വിലയം പ്രാപിക്കാൻ ആഗ്രഹിക്കുന്നവരും, സ്വന്തം താല്പര്യപ്രകാരം ഭക്തിയുതസേവനമാർഗം കൃത്രിമമായി നിർമ്മിച്ച് കാമാസക്തരായി ജീവിക്കുന്നവരുമായ അഭക്തരെ വിശ്വനാഥ ചക്രത്തിയുടെ അഭിപ്രായത്തിൽ ‘ദുരാത്മാക്കൾ’ എന്ന് വിശേഷിപ്പിക്കുന്നു. ഇത്തരം കാമാസക്തരെ അതീന്ദ്രിയവാദികളുടെ ശ്രേണിയിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് ശ്ലോകം വ്യക്തമാക്കുന്നു.
▪️നിരാകാര ബ്രഹ്മജ്യോതി എന്നത് വൈകുണ്ഠ ലോകത്തിന്റെ പ്രഭ മാത്രമാണ്. ഭഗവാന്റെ വ്യക്തിഗത രൂപത്തിലാണ് ഈ ബ്രഹ്മജ്യോതി നിലകൊള്ളുന്നത്. ഭൗതിക പ്രപഞ്ചത്തിലെ സകലതും ഭഗവാനിൽ നിന്ന് ഉത്ഭവിക്കുകയും അതിൽ നിലനിൽക്കുകയും പ്രളയകാലത്ത് ഭഗവാനിൽ തന്നെ വിലയിക്കുകയും ചെയ്യുന്നു.
▪️ഭഗവാൻ വിഷ്ണുവിന്റെ ബ്രഹ്മശക്തി എല്ലാറ്റിലും ഇഴചേർന്നിട്ടുണ്ടെന്ന് അറിയുന്ന ഭക്തൻ, ജഗത്തിലുള്ള സർവതും ഭഗവാന്റെ വിഭവമായി ദർശിക്കുകയും അവയെല്ലാം ഭഗവദ്സേവനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു. സർവത്തിലും ഭഗവാനെയും ഭഗവാനിൽ സകലതിനെയും ദർശിക്കുന്ന ഭക്തന് ഭൗതികമായ കുഴപ്പങ്ങളുണ്ടാകുന്നില്ല.
ഭഗവാന്റെ അതീന്ദ്രിയ രൂപത്തെ ലൗകികമായ ഒന്നായി തെറ്റായി ധരിക്കുന്നതാണ് ദുരാത്മാക്കളുടെ എല്ലാ ആശയക്കുഴപ്പങ്ങൾക്കും തകർച്ചയ്ക്കും കാരണം. എന്നാൽ ഭഗവാൻ വിഷ്ണുവിലും അവിടുത്തെ പരമപദത്തിലും പൂർണമായി അർപ്പണം ചെയ്ത ശുദ്ധ ഭക്തർ കാൽപ്പനിക സിദ്ധാന്തങ്ങളുടെ പ്രതിബന്ധങ്ങളെ മറികടന്ന് അതീന്ദ്രിയ പ്രേമസേവനത്തിലൂടെ പരമമായ ശാന്തിയും പരമപദവും കൈവരിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
