യച്ഛൗചനിഃസൃതസരിത്പ്രവരോദകേന തീർത്ഥന
മൂർധ്ന്യധികൃതേന ശിവശ്ശിവോഭൂത്
ധ്യാതൂർമ്മനശ്ശമലശൈലനിസൃഷ്വജം
ധ്യായേച്ചിരം ഭഗവതശ്ചരണാരവിന്ദം
വിവർത്തനം
സ്വതേ അനുഗ്രഹീതനായ ഭഗവാൻ ശിവൻ, ഭഗവാന്റെ പാദപങ്കജങ്ങൾ കഴുകി ഉത്ഭവിക്കുന്ന ഗംഗയെ ശിരസ്സിൽ വഹിക്കുന്നതിനാൽ അങ്ങേയറ്റം അനുഗ്രഹീതനാകുന്നു. ഭഗവാന്റെ പാദങ്ങൾ, തന്നെ ധ്യാനിക്കുന്ന ഭക്തന്റെ മനസ്സിലെ പാപത്തിന്റെ പർവതങ്ങളെ തരിപ്പണമാക്കുന്ന മിന്നൽപിണരുകൾ കണക്ക് വർത്തിക്കുന്നു. അതിനാൽ ഒരുവൻ ഭഗവാന്റെ പാദാരവിന്ദങ്ങളെ ചിരകാലം ധ്യാനിക്കണം.
ഭാവാർത്ഥം
ഈ ശ്ലോകത്തിൽ ഭഗവാൻ ശിവന്റെ സ്ഥിതി എടുത്തു സൂചിപ്പിച്ചിരിക്കുന്നു. പരമോന്നത പരമാർത്ഥം രൂപരഹിതമാണെന്ന് നിർദ്ദേശിക്കുന്ന നിർവ്യക്തികവാദികൾ അതുകൊണ്ട്, വിഷ്ണുവിനെയും, ശിവനെയും, ദുർഗാദേവിയെയും, അവരുടെ പുത്രൻ ഗണേശനെയും തുല്യമായി വിഭാവന ചെയ്യുന്നു. വാസ്തവത്തിൽ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ സകലരുടെയും പരമോന്നതനായ യജമാനനാകുന്നു. ചൈതന്യ ചരിതാമൃതം (ആദി 5.142) ത്തിൽ പറഞ്ഞിരിക്കുന്നു, ‘ഏകലേ ഈശ്വര കൃഷ്ണ, ആര സബ ഭൃത്യ’: പരമോന്നതനായ ഭഗവാൻ കൃഷ്ണനാകുന്നു, മറ്റുള്ളവരെല്ലാം, ശിവ ഭഗവാനും ബ്രഹ്മ ഭഗവാനും ഉൾപ്പെടെ – ഇതര ദേവന്മാരുടെ കാര്യം സൂചിപ്പിക്കേണ്ടതില്ല – കൃഷ്ണന്റെ സേവകരാകുന്നു. അതേ തത്ത്വമാണ് ഇവിടെയും വിവരിച്ചിട്ടുള്ളത്. വിഷ്ണുവിന്റെ പാദങ്ങൾ കഴുകിക്കൊണ്ടുത്ഭവിക്കുന്ന ഗംഗയുടെ വിശുദ്ധജലം ശിരസ്സിൽ വഹിക്കുന്നതിനാൽ ശിവഭഗവാന് പ്രാധാന്യമുണ്ട്. പരമോന്നതനായ ഭഗവാനെയും, ശിവഭഗവാനും ബ്രഹ്മഭഗവാനും ഉൾപ്പെടെയുള്ള ദേവന്മാരെയും ഒരേ നിലവാരത്തിൽ കാണുന്നവൻ തൽക്ഷണം പാഷാണ്ഡി, അഥവാ നാസ്തികൻ ആയിത്തീരുമെന്ന് ഹരി-ഭക്തി-വിലാസം എന്ന തന്റെ വിശ്രുത ഗ്രന്ഥത്തിൽ സനാതന ഗോസ്വാമി പറയുന്നു. നാം പരമോന്നതനായ ഭഗവാനെയും ദേവന്മാരെയും ഒരിക്കലും ഒരേ നിലയിൽ പരിഗണിക്കരുത്.
ചരിത്രാതീത കാലം മുതൽ ഭൗതിക ശക്തിയുമായുള്ള സഹവാസം നിമിത്തം ബദ്ധാത്മാവിൽ, ഭൗതിക പ്രകൃതിക്കുമേൽ ഉടമസ്ഥത സ്ഥാപിക്കാനുള്ള ആഗ്രഹത്തിന്റെ അഴുക്കുകൾ കൂമ്പാരം കൂടിയിട്ടുണ്ടെന്നതാണ് ഈ ശ്ലോകം തുറന്നു കാട്ടുന്ന നിർണായകമായ മറ്റൊരു വസ്തുത. ഒരു പർവതം പോലെയാണ് ഈ അഴുക്ക്. പക്ഷേ ഒരു പർവതത്തെ ഇടിച്ചു പൊളിച്ചു താറുമാറാക്കാൻ ഇടിമിന്നലിന് കഴിയും. ഭഗവാന്റെ പാദാരവിന്ദങ്ങളിന്മേലുള്ള ധ്യാനം യോഗിയുടെ ഉള്ളിലെ അഴുക്കു കൂമ്പാരത്തിന്റെ പർവതത്തിന്മേൽ ഇടിമിന്നൽ പോലെ വർത്തിക്കും. യോഗി തന്റെ മനസ്സിലെ മാലിന്യപർവതം തകർക്കുവാൻ ആഗ്രഹിക്കുന്ന പക്ഷം ഭഗവാന്റെ ചരണാംബുജങ്ങളിൽ ഏകാഗ്രചിത്തനാവുകയും, നിർവ്യക്തികവും ശൂന്യവുമായ എന്തിനെയെങ്കിലും വിഭാവന ചെയ്യാതിരിക്കുകയും വേണം. മാലിന്യം, ഒരുറച്ച പർവതം പോലെ കുന്നു കൂടിയിട്ടുള്ളതിനാൽ ഒരുവൻ ഭഗവാന്റെ ചരണകമലങ്ങളിൽ ദീർഘകാലം ധ്യാനിക്കണം. ഒരുവൻ ഭഗവാന്റെ പാദകമലങ്ങളെ നിരന്തരം സ്മരിക്കാൻ അഭ്യസിക്കുകയെന്നത്, എങ്ങനെ തന്നെയായാലും വ്യത്യസ്തമായൊരു കാര്യം തന്നെ. ഭക്തന്മാർ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കുകയില്ലാത്തതിനാൽ അവർ ഭഗവാന്റെ പാദകമലങ്ങളിൽ വളരെ ഉറപ്പുള്ളവരാണ്. യോഗ പരിശീലിക്കുന്നവർ ക്രമബദ്ധമായ തത്ത്വങ്ങൾ പാലിച്ച് ഇന്ദ്രിയ സംയമനം സാധ്യമാക്കിയ ശേഷം നിർബന്ധമായും ഭഗവാന്റെ പാദാരവിന്ദങ്ങളെ ദീർഘകാലം ധ്യാനിക്കണം.
ഭഗവതശ് ചരണാരവിന്ദം എന്ന് ഇവിടെ പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു; ഒരുവൻ ഭഗവാന്റെ പങ്കജ പാദങ്ങൾ സ്മരിക്കണമെന്ന്. ശിവഭഗവാന്റെയോ, ബ്രഹ്മഭഗവാന്റെയോ, ദുർഗാദേവിയുടെയോ പാദാംബുജങ്ങൾ വിഭാവന ചെയ്താൽ മോക്ഷം നേടാൻ സാധിക്കുമെന്ന് മായാവാദികൾ വിചാരിക്കുന്നു. പക്ഷേ അങ്ങനെയല്ല. ഭഗവത: എന്ന് പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു. ഭഗവത: എന്നാൽ “പരമദിവ്യോത്തമപുരുഷനായ ഭഗവാൻ വിഷ്ണുവിന്റെ” എന്നാണർത്ഥം. ‘ശിവ: ശിവോ ഭൂത്’ എന്നാണ് ഇവിടെ കൊടുത്തിട്ടുള്ള മറ്റൊരു പദാവിഷ്കാരം. ഭഗവാൻ ശിവൻ തന്റെ വ്യവസ്ഥാപിതമായ പദവിയാൽ സദാ മഹാനും മംഗളകാരകനുമാണെങ്കിലും, ഭഗവാന്റെ പങ്കജ പാദങ്ങളിൽ നിന്നുത്ഭവിക്കുന്ന ഗംഗാജലം ശിരസ്സിൽ വഹിക്കുന്നതിനാലാണ് അദ്ദേഹം കൂടുതൽ മംഗളകാരകനും പ്രധാനിയുമായിത്തീരുന്നത്. ഭഗവാന്റെ പങ്കജപാദങ്ങൾക്കാണ് ഇവിടെ ഊന്നൽ. ഭഗവാന്റെ പാദാരവിന്ദങ്ങളുമായുള്ള ബന്ധം ശിവഭഗവാന്റെ പോലും പ്രാധാന്യം വർദ്ധിപ്പിക്കുമെങ്കിൽ സാധാരണ ജീവസത്തകളുടെ കാര്യം എന്തു പറയാൻ?
(ശ്രീമദ് ഭാഗവതം 3.28.22)
ഭൗതിക കന്മഷങ്ങളെ ഇല്ലാതാക്കി ആത്മീയ ഔന്നത്യം പ്രാപിക്കാൻ ഭഗവാൻ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളെ എങ്ങനെ ധ്യാനിക്കണമെന്നും, ആ പാദങ്ങളുടെ പരമമായ ശ്രേഷ്ഠത എന്തെന്നും ഈ ഭാഗവത ശ്ലോകം വ്യക്തമാക്കിത്തരുന്നു. ദേവതാ സങ്കൽപ്പങ്ങളിലെ പരമാർത്ഥവും ഭക്തിയുടെ പ്രായോഗിക രീതിയും ഇവിടെ ദൃഢമായി വിവരിക്കുന്നു.
ശ്ലോക സന്ദർഭം
ഈ ഭാഗത്തിൽ, ഭഗവാൻ കപിലദേവൻ തന്റെ മാതാവായ ദേവഹൂതിക്ക് യോഗസാധനയുടെ ഉത്കൃഷ്ടതയെക്കുറിച്ച് ഉപദേശിക്കുന്നത് തുടരുകയാണ്. ഭഗവാന്റെ പാദങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗാജലത്തിന്റെ പവിത്രതയെക്കുറിച്ചും, ആ പാദപങ്കജങ്ങളെ ധ്യാനിക്കുന്നതിലൂടെ ഒരു യോഗിയുടെ മനസ്സിലെ പാപക്കൂട്ടങ്ങൾ എങ്ങനെ ഇല്ലാതാകുന്നുവെന്നും പരമശിവന്റെ ഉദാഹരണത്തിലൂടെ ഭഗവാൻ കപിലദേവൻ ഇവിടെ സ്ഥാപിക്കുന്നു.
വിഷയം
മഹാദേവന്റെ മംഗളാവസ്ഥ: സ്വതേ മംഗളസ്വരൂപനായ മഹാദേവൻ (പരമശിവൻ), ഭഗവാൻ വിഷ്ണുവിന്റെ പാദങ്ങൾ കഴുകി ഒഴുകുന്ന ഗംഗാജലത്തെ തന്റെ ശിരസ്സിൽ വഹിക്കുന്നതിനാലാണ് കൂടുതൽ മംഗളകാരകനും അങ്ങേയറ്റം അനുഗ്രഹീതനുമായിത്തീരുന്നത്.
പാപപർവ്വതങ്ങളെ തകർക്കുന്ന മിന്നൽപിണർ: ചരിത്രാതീത കാലം മുതൽ ഭൗതിക പ്രകൃതിയെ ഭരിക്കാനുള്ള ആഗ്രഹത്താൽ ജീവാത്മാവിന്റെ മനസ്സിൽ അടിഞ്ഞുകൂടിയ പാപ മാലിന്യങ്ങൾ ഒരു പർവ്വതം പോലെയാണ്. എന്നാൽ ഭഗവാന്റെ പാദങ്ങളിന്മേലുള്ള ധ്യാനം ഈ പാപപർവ്വതത്തെ തരിപ്പണമാക്കുന്ന ഇടിമിന്നൽ പോലെ വർത്തിക്കുന്നു.
കൃഷ്ണൻ മാത്രമാണ് ഏക ഈശ്വരൻ: വിഷ്ണു, ശിവൻ, ദുർഗ്ഗ, ഗണേശൻ തുടങ്ങിയവരെയെല്ലാം തുല്യമായി കാണുന്ന മായാവാദികളുടെ (നിർവ്യക്തികവാദികളുടെ) വീക്ഷണം തെറ്റാണ്. ഭഗവാൻ ശ്രീകൃഷ്ണൻ മാത്രമാണ് ഏക യജമാനൻ; ബ്രഹ്മദേവനും മഹാദേവനും ഉൾപ്പെടെയുള്ള മറ്റെല്ലാ ദേവന്മാരും അവിടുത്തെ നിത്യ സേവകരാണ്.
ദേവന്മാരെ തുല്യമായി കാണുന്നതിലെ അപാകത: ഭഗവാൻ വിഷ്ണുവിനെയും മഹാദേവൻ ഉൾപ്പെടെയുള്ള മറ്റ് ദേവന്മാരെയും ഒരേ നിലവാരത്തിൽ കാണുന്നവൻ തൽക്ഷണം പാഷാണ്ഡി അഥവാ നാസ്തികൻ ആയിത്തീരുമെന്ന് സനാതന ഗോസ്വാമി തന്റെ ‘ഹരി-ഭക്തി-വിലാസം’ എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്.
ശൂന്യതയെയല്ല ധ്യാനിക്കേണ്ടത്: യോഗി തന്റെ മനസ്സിലെ മാലിന്യങ്ങളെ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർവ്യക്തികമോ ശൂന്യമോ ആയ ഭാവനകൾക്ക് പിന്നാലെ പോകാതെ, ഭഗവാന്റെ ചരണകമലങ്ങളിൽ ദീർഘകാലം നിരന്തരമായി മനസ്സ് ഏകാഗ്രമാക്കണം.
ഭഗവദ് പദത്തിന്റെ സവിശേഷത: ‘ഭഗവത:’ എന്ന പദത്തിലൂടെ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ വിഷ്ണുവിന്റെ പാദങ്ങളെ മാത്രമേ ധ്യാനിക്കേണ്ടതുള്ളൂ എന്ന് അടിവരയിടുന്നു. മറ്റ് ദേവതകളുടെ പാദങ്ങളെ ധ്യാനിച്ചാൽ മോക്ഷം കിട്ടുമെന്ന മായാവാദ ചിന്ത അബദ്ധമാണ്.
ഭക്തന്മാരുടെ അചഞ്ചലമായ സ്ഥിതി: ഇന്ദ്രിയ സംയമനത്തിലൂടെ ക്രമബദ്ധമായി യോഗികൾ ഭഗവത് പാദങ്ങളെ ധ്യാനിക്കുമ്പോൾ, ഭഗവാന്റെ ശുദ്ധഭക്തന്മാർ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വാഭാവികമായിത്തന്നെ അവിടുത്തെ പാദകമലങ്ങളിൽ എപ്പോഴും ഉറച്ചുനിൽക്കുന്നു.
ഭഗവാൻ വിഷ്ണുവിന്റെ പാദസ്പർശത്താൽ വിശുദ്ധമായ ഗംഗാജലം ശിരസ്സിൽ ഏറ്റുന്നതിലൂടെയാണ് മഹാദേവന്റെ പോലും പ്രാധാന്യം വർദ്ധിക്കുന്നത് എന്ന പരമ സത്യം മനസ്സിലാക്കുമ്പോൾ, ഭൗതിക പ്രകൃതിയുടെ കെണിയിൽ പെട്ട സാധാരണ ജീവജാലങ്ങൾക്ക് മോക്ഷം നേടാൻ ഭഗവാൻ ശ്രീകൃഷ്ണന്റെ പാദാരവിന്ദങ്ങളിൽ ദീർഘകാലം അഭയം പ്രാപിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല എന്ന് സിദ്ധിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
