കീർത്തന്യതീർത്ഥയശസം പുണ്യശ്ലോകയശസ്കരം
ധ്യായേദ്ദേവം സമഗ്രാംഗം യാവന്ന ച്യവതേ മനഃ
▪️ഭഗവാന്റെ മാഹാത്മ്യങ്ങളും ഗുണഗീതങ്ങളും എല്ലായ്പോഴും കീർത്തിക്കപ്പെടേണ്ടവയാണ് [കീർത്തന്യതീർത്ഥയശസം].
▪️ഭഗവാന്റെ ലീലകളും മഹിമകളും അവിടുത്തെ ഭക്തന്മാരുടെ മഹത്വത്തെയും വർദ്ധിപ്പിക്കുന്നവയാണ് [പുണ്യശ്ലോകയശസ്കരം].
▪️അതിനാൽ ഒരുവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനുമേലും അവിടുത്തെ ഭക്തന്മാരിലും മനസ്സ് അർപ്പിച്ച് ധ്യാനിക്കേണ്ടതുണ്ട് [ധ്യായേദ്ദേവം].
▪️ഭഗവാന്റെ ദിവ്യമായ ശാശ്വത രൂപത്തിന്റെ എല്ലാ അവയവങ്ങളിലും (സമഗ്രാംഗങ്ങളിൽ) ശ്രദ്ധ കേന്ദ്രീകരിച്ച് വേണം ധ്യാനിക്കുവാൻ [സമഗ്രാംഗം].
▪️ഭൗതിക ചിന്തകളിലേക്ക് മനസ്സ് വ്യതിചലിക്കാതെ പൂർണ്ണമായും ഭഗവാനിൽ ഉറയ്ക്കുന്നതുവരെ ഈ ധ്യാനം തുടരേണ്ടതാണ് [യാവന്ന ച്യവതേ മനഃ].
വിവർത്തനം
ഭഗവാന്റെ മഹത്വങ്ങൾ എല്ലായ്പോഴും ഗുണഗീതങ്ങളാണ്. അദ്ദേഹത്തിന്റെ മഹത്വങ്ങൾ അദ്ദേഹത്തിന്റെ ഭക്തന്മാരുടെ മഹത്വങ്ങളും വർദ്ധിപ്പിക്കും. അതിനാൽ ഒരുവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനെയും അദ്ദേഹത്തിന്റെ ഭക്തന്മാരെയും ധ്യാനിക്കണം. ഭഗവാനിൽ മനസുറയ്ക്കുന്നതുവരെ ഒരുവൻ അദ്ദേഹത്തിന്റെ ശാശ്വത രൂപത്തെ ധ്യാനിക്കണം.
ഭാവാർത്ഥം
ഒരുവൻ തന്റെ മനസിനെ പരമദിവ്യോത്തമപുരുഷനായ ഭഗവാനിൽ നിരന്തരം ഉറപ്പിക്കണം. ഒരുവൻ, വിഷ്ണു, രാമൻ, നാരായണൻ മുതലായ കൃഷ്ണന്റെ എണ്ണമറ്റ രൂപങ്ങളെപ്പറ്റി ചിന്തിക്കാൻ ശീലിക്കുമ്പോഴേ യോഗയുടെ പരിപൂർണതയിൽ എത്തിക്കഴിഞ്ഞിരിക്കും. ബ്രഹ്മസംഹിതയിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഭഗവാനുവേണ്ടിയുള്ള പരിശുദ്ധമായ പ്രേമം വളർത്തിയിട്ടുള്ള, അതീന്ദ്രിയ ഭക്തി വിനിമയത്തിന്റെ ലേപനം മിഴികളിൽ പുരണ്ടിട്ടുള്ള ഒരു വ്യക്തി പരമദിവ്യോത്തമപുരുഷനായ ഭഗവാനെ എപ്പോഴും തന്റെ ഹൃദയത്തിൽ ദർശിക്കും. ഭക്തന്മാർ പ്രത്യേകിച്ചും ഭഗവാനെ അദ്ദേഹത്തിന്റെ ശ്യാമസുന്ദര രൂപത്തിൽ ദർശിക്കും. അതാണ് യോഗയുടെ പരിപൂർണത. മനസ് ഒരു നിമിഷത്തേക്ക് പോലും ചാഞ്ചല്യപ്പെടാത്തിടത്തോളം യോഗയുടെ ഈ പരിപൂർണത തുടരും. ഓം തത് വിഷ്ണോഃ പരമം പദം സദാ പശ്യന്തി സുരയ: മുനിമാർക്കും വിശുദ്ധ വ്യക്തികൾക്കും സർവഥാ ദർശനീയമായ വിഷ്ണുവിന്റെ രൂപമാകുന്നു, പരമോന്നതമായ വ്യക്തിത്വം.
ഒരു ഭക്തൻ ക്ഷേത്രത്തിൽ ഭഗവാന്റെ വിഗ്രഹത്തെ ആരാധിക്കുമ്പോഴും ഇതേ ലക്ഷ്യം തന്നെയാണ് നിറവേറപ്പെടുന്നത്. മനസിനുള്ളിൽ ആവിർഭവിക്കുമ്പോഴായാലും, ഏതെങ്കിലും ലോഹത്തിലോ ശിലയിലോ പ്രത്യക്ഷപ്പെടുമ്പോഴായാലും ഭഗവാൻ ഒന്നു തന്നെയാകയാൽ ഭക്തിയുത സേവനത്തിൽ ധ്യാനവും ക്ഷേത്രാരാധനയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഭക്തന്മാർക്ക് ദർശനത്തിന് ഭഗവാന്റെ എട്ടു വിധത്തിലുള്ള രൂപങ്ങൾ ശിപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. അവ മണ്ണിലോ, കളിമണ്ണിലോ, തടിയിലോ, കല്ലിലോ, മനസിലോ, ആഭരണങ്ങളിലോ, ലോഹങ്ങളിലോ രൂപപ്പെടുത്തിയതാവാം, നിറങ്ങൾ കൊടുത്തവയാവാം; എന്തു തന്നെയായാലും, എങ്ങനെതന്നെയായാലും അവയ്ക്കെയെല്ലാം ഒരേ മൂല്യമാണ്. ഒരുവൻ തന്റെ മനസിനുള്ളിലെ രൂപത്തെ ധ്യാനിക്കുന്നതും, മറ്റൊരുവൻ ക്ഷേത്രത്തിലെ രൂപത്തെ ധ്യാനിക്കുന്നതും തമ്മിൽ വ്യത്യാസമേതുമില്ല. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ആത്യന്തികനാകയാൽ രണ്ടും തമ്മിൽ യാതൊരു ഭേദവുമില്ല. ഭഗവാന്റെ ശാശ്വത രൂപത്തെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്ത നിർവ്യക്തികവാദികളുടെ ഭാവനയിൽ വൃത്തത്തിലുള്ള ഏതോ രൂപമാണുള്ളത്. അവർ വിശേഷാൽ പരിഗണന നൽകുന്നത് ഓംകാര രൂപത്തിനാണ്. ഓംകാരം ഭഗവാന്റെ അക്ഷരരൂപമാണെന്ന് ഭഗവദ്ഗീത പറയുന്നു. അതുപോലെ ഭഗവാന് പ്രതിമാരൂപങ്ങളും ചിത്രരൂപങ്ങളുമുണ്ട്.
പുണ്യ-ശ്ലോക-യശസ്കരം എന്നതാണ് ഈ ശ്ലോകത്തിലും അർത്ഥവത്തായ മറ്റൊരു വാക്ക്. ഭഗവാന്റെ നാമജപത്തിലൂടെ പരിശുദ്ധനായിത്തീരുന്നതുപോലെ, ഭഗവാന്റെ ഒരു വിശുദ്ധ ഭക്തന്റെ നാമജപത്തിലൂടെയും ഒരുവന് പരിശുദ്ധനായിത്തീരാൻ കഴിയും. ഭഗവാനും ഭഗവാന്റെ പരിശുദ്ധ ഭക്തനും വ്യത്യസ്തമല്ല. ഒരു വിശുദ്ധ ഭക്തന്റെ നാമം ജപിക്കുക എളുപ്പമായിരിക്കും. വളരെ പരിശുദ്ധമായൊരു പ്രക്രിയയാണിത്. ഒരിക്കൽ ചൈതന്യ ഭഗവാൻ ഗോപികമാരുടെ നാമം ജപിച്ചപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ വിമർശിച്ചു. “അങ്ങ് കൃഷ്ണന്റെ നാമം ജപിക്കാതെ എന്തുകൊണ്ടാണ് ഗോപികമാരുടെ നാമം ജപിക്കുന്നത്?” ചൈതന്യ ഭഗവാൻ ഇതുമൂലം ഈർഷ്യാലുവാകുകയും, അദ്ദേഹത്തിനും ശിഷ്യന്മാർക്കുമിടയിൽ തെറ്റിദ്ധാരണ ഉളവാകുകയും ചെയ്തു. ജപത്തിന്റെ അതീന്ദ്രിയ പ്രക്രിയ തനിക്ക് ഉപദേശിക്കുവാൻ തുനിഞ്ഞ അവരെ ശിക്ഷിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു.
തന്റെ പ്രവർത്തനങ്ങളോട് ബന്ധപ്പെട്ട ഭക്തന്മാരും മഹത്വവൽക്കരിക്കപ്പെടണമെന്നതാണ് ഭഗവാന്റെ സൗന്ദര്യം. അർജുനൻ, പ്രഹ്ലാദൻ, ജനകമഹാരാജാവ്, ബലിമഹാരാജാവ് തുടങ്ങി അനേകം ഭക്തന്മാർ ജീവിതത്തിന്റെ പരിത്യാഗ ക്രമത്തിൽപ്പോലുമായിരുന്നില്ല, അവർ ഗൃഹസ്ഥന്മാരായിരുന്നു. അവരിൽ ചിലർ, പ്രഹ്ലാദ മഹാരാജാവിനെയും ബലി മഹാരാജാവിനെയും പോലുള്ളവർ രാക്ഷസകുടുംബങ്ങളിൽപ്പോലുമാണ് ജനിച്ചത്. പ്രഹ്ലാദ മഹാരാജാവിന്റെ പിതാവ് ഒരു രാക്ഷസനായിരുന്നു, ബലി മഹാരാജാവ് പ്രഹ്ലാദ മഹാരാജാവിന്റെ ചെറുമകനുമായിരുന്നു, എന്നിട്ടും ഭഗവാനുമായുള്ള സഹവാസം നിമിത്തം അവർ പ്രശസ്തരായിത്തീർന്നു. ഭഗവാനുമായി ശാശ്വത സഹവാസമുള്ള ഏതൊരുവനും ഭഗവാനൊപ്പം മഹത്വവൽക്കരിക്കപ്പെടും. ഒരു പരിപൂർണ യോഗി ഭഗവദ് രൂപദർശനം പതിവാക്കണമെന്നും, മനസ് ആ രീതിയിൽ ഉറപ്പാകാത്തപക്ഷം അവൻ യോഗ പരിശീലനം തുടരണമെന്നും ചുരുക്കം.
(ശ്രീമദ് ഭാഗവതം 3.28.18)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆